സന്താനഭാഗ്യത്തിന് പാപം തീർക്കണം
ജോതിഷി പ്രഭാ സീന സി.പി
സന്താനമില്ലായ്മ ഒട്ടേറെ ദമ്പതികൾ നേരിടുന്ന വലിയ വിഷമമാണ്. വിവാഹങ്ങൾ മിക്കതും നടക്കുന്നത് ജാതകചേർച്ച നോക്കിയിട്ടാണ്. വിവാഹ ലക്ഷ്യം പരമ്പരയുടെ തുടർച്ച കൂടിയാണ്. അതുകൊണ്ടു തന്നെ ജാതക ചേർച്ച നോക്കുമ്പോൾ സന്താന ഭാഗ്യമുള്ള ജാതകങ്ങളാണോ എന്ന് കൂടി പരിശോധിക്കണം. ഒരു ജാതകത്തിൽ സന്താന തടസം കണ്ടാൽ മറ്റേ ജാതകത്തിൽ അതിന് പരിഹാരമുണ്ടെങ്കിൽ മാത്രമേ ആ ജാതകങ്ങൾ തമ്മിൽ ചേർക്കാവൂ. എന്നാൽ ഒരു ജാതകത്തിലെ ദോഷം കാരണം ആ ദമ്പതികൾക്ക് സന്താനലാഭം ഉണ്ടാവുകയില്ലെങ്കിൽ അവ തമ്മിൽ ചേർക്കുന്നത് ഉത്തമമല്ല. ഇരു ജാതകങ്ങളിലും ദോഷം ഉണ്ടെങ്കിൽ തന്നെയും പരിഹാര കർമ്മങ്ങളിലൂടെ ദോഷം അകറ്റാൻ കഴിയുമെങ്കിൽ അക്കാര്യം ദൈവജ്ഞൻ അവരെ പറഞ്ഞു മനസ്സിലാക്കുകയും അതോടൊപ്പം തന്നെ ചികിത്സ ആവശ്യ ഘടകം തന്നെയാണെന്ന് ധരിപ്പിക്കുകയും വേണം.
വിവാഹശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും സന്താന ഭാഗ്യം ലഭിക്കാതെ നിരാശരും ദുഃഖിതരുമായി കഴിയുന്ന ദമ്പതികളുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന് പോലും പലരുടെയും സന്താനമില്ലായ്മയ്ക്ക് പരിഹാരം കാണാൻ കഴിയുന്നില്ല. അങ്ങനെയുള്ളവരിൽ നിരവധി പേർ ഈശ്വരാനുഗ്രഹത്തിലൂടെ സന്താനഭാഗ്യം നേടാറുണ്ട്. അതിന് ആദ്യം വേണ്ടത് ഭാര്യാ ഭർത്താക്കന്മാരുടെ ജാതകങ്ങൾ പരിശോധിച്ച് അവരുടെ സന്താന ഭാവങ്ങൾ നിരൂപണം ചെയ്യുകയാണ്. തുടർന്ന് ബീജ സ്ഫുടം, ക്ഷേത്ര സ്ഫുടം എന്നിങ്ങനെയുള്ള ഗണിത ക്രിയകൾ ചെയ്ത് ചിന്തിച്ചാൽ സന്താനമില്ലായ്മയ്ക്കുള്ള കാരണങ്ങൾ തെളിഞ്ഞു കിട്ടും. അതിനോടൊപ്പം സന്തതി പ്രശ്നം കൂടി ചിന്തിച്ച് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തണം. പൂർവ്വപുണ്യത്തിന്റെ ഫലമായാണ് ഈ ജന്മത്തിൽ സന്താനത്തെ ലഭിക്കുന്നത്. ഏതെങ്കിലും കാലത്ത് ചെയ്ത പാപത്തിന്റെ ഫലം പിൽക്കാലത്ത് ദുഃഖാനുഭവങ്ങളായി വരുന്നു. അവ കണ്ടറിഞ്ഞ് സത്കർമ്മങ്ങൾ അനുഷ്ഠിച്ച് ശാന്തി വരുത്തിയാൽ ദുഃഖശമനവും അഭീഷ്ടസിദ്ധിയും ഉണ്ടാകും. മരണാന്തരം പിതൃ പ്രീതി കർമ്മങ്ങൾക്ക് അധികാരി സന്താനങ്ങൾ മാത്രമാണ്. സന്താനങ്ങളുടെ ഭക്തിപൂർവ്വമുള്ള ബലിതർപ്പണ ക്രിയകളിലൂടെയാണ് മരണാനന്തരം പ്രേതാത്മാവിന് സായൂജ്യം ലഭിക്കുന്നത . അതിനാൽ സത്സന്താന ലബ്ദിക്ക് പിത്യ പ്രീതി കുറവാണോ കാരണം എന്ന് ജാതകാലും പ്രശ്നാലും ചിന്തി ക്കണം. ശേഷം അതിന് പ്രായശ്ചിത്തം ചെയ്യണം.
വന്ധ്യതാകാരണം ജ്യോതിഷദൃഷ്ടിയിൽ
ലഗ്നാൽ അഞ്ചാം ഭാവം, അഞ്ചാം ഭാവാധിപൻ, അഞ്ചാം ഭാവകാരകനും സന്താനകാരകനുമായ വ്യാഴം ചന്ദ്രനിൽ നിന്നും അഞ്ചാം ഭാവം, അഞ്ചിൽ നിൽക്കുന്ന ഗ്രഹങ്ങൾ, നോക്കുന്ന ഗ്രഹങ്ങൾ, അഞ്ചാം ഭാവാധിപതി നിൽക്കുന്ന രാശി, ഭാവം കിട്ടുന്ന ദൃഷ്ടികൾ, ഗുരുവിന്റെ അഞ്ചാം ഭാവം ഈ പറഞ്ഞ ഭാവങ്ങളുമായി ശുഭഗ്രഹങ്ങൾ ബന്ധപ്പെട്ടാൽ ശുഭഫലം. പാപഗ്രഹങ്ങൾ ബന്ധപ്പെട്ടാൽ അശുഭഫലം. മറ്റ് പല കാര്യങ്ങളും കൂടി ഇതിന്റെ കൂടെ പരിഗണിക്കണം. ഗ്രഹഭാവങ്ങൾക്ക് ക്ലേശങ്ങൾ ഉണ്ടെന്നാൽ സാധ്യത മിശ്രഫലമായി അനുഭവപ്പെടും. അങ്ങനെ വരുമ്പോൾ ശുഭസാധ്യതയ്ക്കാണോ അശുഭ സാധ്യതയ്ക്കാണോ മുൻതൂക്കം എന്ന് ചിന്തിച്ച് എടുക്കുന്ന തീരുമാനത്തിന്റെ വിജയം ഉത്തമനായ ജ്യോതിഷിയുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.
ഗർഭാശയ മുഴയുടെ ജ്യോതിഷ കാരണം
ചിലർക്ക് ജനിച്ച ശിശുക്കൾ മരണപ്പെടുന്നു. മറ്റു ചിലർക്ക് ഗർഭം ഉണ്ടായാലും അലസിപ്പോകുന്നു. വേറെ ചിലർക്ക് ഉണ്ടാവുന്നതേയില്ല. പലർക്കും ഗർഭധാരണത്തിന് വിഷമമാകുന്നത് ഗർഭാശയ മുഴയാണ്. ഗർഭാശയ മുഴയുടെ കാരണം സ്ത്രീ ജാതകത്തിൽ അഞ്ചാം ഭാവത്തിൽ ചന്ദ്രനും രാഹുവും അഥവാ ചന്ദ്രനും കേതുവും നിൽക്കുന്നതാണ . അല്ലെങ്കിൽ ഏഴിൽ പാപയോഗമോ പാപ ദൃഷ്ടിയോ ഉള്ള ചന്ദ്രനോട് ശനി നിൽക്കുന്നതാണ്.
സ്ഥാനം തെറ്റിയ ഗർഭത്തിന് സാധ്യത
സ്ത്രീ ജാതകത്തിൽ ചന്ദ്രനെ പാപഗ്രഹങ്ങൾ വീക്ഷിക്കുകയോ ചന്ദ്രന് പാപമദ്ധ്യസ്ഥിതിയോ ഉണ്ടാകുക ചെയ്താൽ അണ്ഡവാഹിനി കുഴലിൽ പഴുപ്പ് ഉണ്ടാവാം. ചന്ദ്രന് പാപമദ്ധ്യസ്ഥിതിയും ആദിത്യന്റെയോ രാഹുവിന്റെയോ ദൃഷ്ടിയോ യോഗമോ ഉണ്ടായാൽ സ്ഥാനം തെറ്റിയ ഗർഭം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. സ്ത്രീ ജാതകത്തിൽ ചൊവ്വയും ചന്ദ്രനും ബലഹീനരായി ഓജരാശിയിൽ ഓജ നവാംശകത്തിൽ നിന്നാൽ ഹോർമോൺ ഏറ്റ കുറച്ചിലിലൂടെ വന്ധ്യതയുണ്ടാകും. രാഹു പാപയോഗം ചെയ്ത് അഞ്ചിൽ നിൽക്കുകയോ ശുഭദ്യഷ്ടിയില്ലാതെ അഞ്ചാം ഭാവാധിപനോട് ചേരുകയോ ചെയ്താൽ സർപ്പശാപം മൂലം ആണ് വന്ധ്യത
പിതൃക്കളുടെ ശാപം, ദൈവശാപം
ലഗ്നത്തിലോ , അഞ്ചിലോ, ഒമ്പതിലോ ശുഭദൃഷ്ടി ഇല്ലാതെ ശനി – ഗുളികയോഗം ചെയ്താൽ പിതൃക്കളുടെ ശാപം മൂലവും അഞ്ചാം ഭാവാധിപൻ അഞ്ചിൽ ശുഭദൃഷ്ടിയില്ലാതെ പാപഗ്രഹ ദൃഷ്ടിയിലും ഒൻപതാം ഭാവാധിപന് മൗഡ്യവും പാപമദ്ധ്യസ്ഥിതിയും, ഉണ്ടായാൽ ദൈവശാപം മൂലവും, അഞ്ചാം ഭാവാധിപന് ശനിയോഗവും അഞ്ചിലോ ഒൻപതിലോ ഗുളികനും നിന്നാൻ പിത്യ ദോഷവും നാലിലും പന്ത്രണ്ടിലും പാപനും അഞ്ചാം ഭാവധിപന് ശനിയോഗവും ഉണ്ടായാൽ മാതൃശാപവും ശുഭദൃഷ്ടിയില്ലാതെ അഞ്ചാം ഭാവാധിപന് കുജയോഗം അഥവാ അഞ്ചാം ഭാവാധിപൻ ശുഭദൃഷ്ടിയില്ലാതെ ആറാം ഭാവാധിപനോട് ചേർന്നാൽ ശത്രു ദോഷവും, ക്ഷേത്ര ബീജ സ്ഫുടങ്ങൾക്ക് ശനിയോഗം വന്നാൽ പൂർവ്വ ജന്മ ദുരിതവും ലഗ്നാധിപൻ, അഞ്ചാം ഭാവാധിപൻ , വ്യാഴം എന്നിവർ ബലഹീനരും കർമ്മത്തിൽ പാപ സ്ഥിതിയും കർമ്മാധിപൻ പാപയോഗ ദൃഷ്ടികളോട് കൂടി ദു:സ്ഥാനത്ത് നിന്നാൽ ദുഷ്കർമ്മ ദോഷവും. ഒമ്പതാം ഭാവാധിപൻ അഞ്ചിലും അഞ്ചാം ഭാവാധിപനും വ്യാഴവും, രാഹുവും അഷ്ടമത്തിലും വന്നാൽ ബ്രാഹ്മണശാപം മൂലവും ആണ് വന്ധ്യതയ്ക്ക് കാരണമെന്ന് ചിന്തിച്ചു കൊള്ളണം. വേറെയും അനേകം കാരണങ്ങൾ ഉണ്ട്. അവ യോഗ ലക്ഷണങ്ങളിലൂടെ കണ്ടെത്താവുന്നതാണ്.
സർപ്പശാപം കണ്ടാൽ സർപ്പപ്രീതി വരുത്തണം
ചുരുക്കത്തിൽ ഒരാളുടെ വന്ധ്യതയുടെ യഥാർത്ഥ കാരണം ജാതകത്തിൽ കാണും. അതിനാൽ സന്താന ദുഃഖം അനുഭവിക്കുന്ന ദമ്പതികൾ ദോഷകാരണങ്ങൾ കണ്ടെത്തണം. പൂർവ്വപുണ്യനാശം, മുജ്ജന്മ ദുരിതം ഇവ കണ്ടാൽ അവയ്ക്കുള്ള പ്രതിവിധി യഥാവിധി നടത്തി ദുരിത ശമനം വരുത്തണം. സർപ്പശാപം കണ്ടാൽ സർപ്പപ്രീതി വരുത്തണം. പിതൃദോഷമുണ്ടെങ്കിൽ പിതൃപ്രീതി വരുത്തണം. ബാധാവേശമോ ദേവകോപമോ മറ്റു ശാപങ്ങളോ കണ്ടാൽ ഉചിതമായ കർമ്മങ്ങൾ നടത്തണം. സഹസ്രനാമജപം, പൂർവ്വ ജന്മ ദോഷശാന്തിക്കായി വൈദിക ധർമ്മാനുഷ്ഠാനങ്ങൾ, മൃത്യുഞ്ജയ ഹവനം, അന്നദാനം, വസ്ത്രദാനം തീർത്ഥാടനം, വ്രതം , യന്ത്ര ധാരാണം, പുത്രകാമേഷ്ടി ഹോമം ഇങ്ങനെ അതാത് ദോഷകാഠിന്യം അനുസരിച്ച് കർമ്മങ്ങൾ നടത്തുകയും ഒപ്പം ശാരിരികമായ വൈകല്യത്തിന്റെയോ സന്താനോത്പാദനത്തിനുള്ള ശേഷിക്കുറവിന്റെയോ ലക്ഷണങ്ങൾ കണ്ടാൽ തക്കതായ വൈദ്യ ചികിത്സയും നടത്തുക. എങ്കിൽ ക്രമേണ ഫലപ്രാപ്തിയുണ്ടാകും.
ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)
Story Summary: Astrological Remedies for Childless Couples to Have a Baby