Saturday, 23 Nov 2024

സന്താനലബ്ധിക്ക് 16 ബുധനാഴ്ച പാൽപ്പായസവും അർച്ചനയും

ജ്യോതിഷരത്നം വേണു മഹാദേവ്
പതിനാറ് ബുധനാഴ്ച തുടർച്ചയായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അർച്ചന നടത്തി പാൽപായസം നേദിച്ച് പ്രാർത്ഥിച്ചാൽ സന്താന ലാഭമുണ്ടാകും. കുഞ്ഞിക്കാൽ കാണാൻ കഴിയാതെ സങ്കടപ്പെടുന്ന ദമ്പതികൾ നടത്തേണ്ട വഴിപാടാണ് പാൽപ്പായസ നൈവേദ്യവും സന്താനഗോപാലാർച്ചനയും. ശ്രീകൃഷ്ണസ്വാമി പ്രധാന മൂർത്തിയായ ക്ഷേത്രത്തിൽ സന്താനലാഭം ആഗ്രഹിക്കുന്ന ദമ്പതികൾ ഒന്നിച്ചു പോയി പ്രാർത്ഥിച്ച ശേഷം വേണം ബുധനാഴ്ചകളിൽ ഈ വഴിപാട് നടത്തേണ്ടത്. ശ്രീകൃഷ്ണസ്വാമിക്ക് വഴിപാട് നടത്തുന്നതിന് മുൻപ് തടസങ്ങൾ എല്ലാം അകലാൻ ഒരോ തവണയും ഗണപതി ഹോമം നടത്തുന്നത് നല്ലതാണ്. സന്താനഗോപാല മൂർത്തിയുടെ പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ വേണം വഴിപാട് നടത്തേണ്ടത്. അവിടെ കൃഷ്ണൻ ഉപദേവത മാത്രം ആകരുത്.

ദമ്പതികൾ ഇരുവരുടെയും പേരും നാളും പറഞ്ഞ് ആദ്യം പാൽ പായസം നേദിക്കണം. തുടർന്ന് സന്താന ഗോപാലാർച്ചന നടത്തണം. ഈ സമയത്ത് ദമ്പതികൾ സന്താനലാഭത്തിന് ആഗ്രഹിച്ചു കൊണ്ട് സന്താനഗോപാല മന്ത്രം നിരന്തരം ജപിക്കണം. പാൽപ്പായസ നിവേദ്യവും സന്താനഗോപാലാർച്ചനയും കഴിഞ്ഞ ശേഷം ലഭിക്കുന്ന പ്രസാദമായ പാൽ പായസം രണ്ടു പേരും കഴിക്കണം. സാധാരണ 16 ബുധനാഴ്ച കഴിയുന്ന മുറയ്ക്ക് ഫലം ലഭിക്കേണ്ടതാണ്. അങ്ങനെ ഫലം ലഭിച്ചാലും ഇല്ലെങ്കിലും ഒരുവർഷം മുഴുവൻ സന്താനഗോപാലഅർച്ചന തുടർന്ന് നടത്തുന്നത് ഉത്തമം. കഴിയുമെങ്കിൽ ബുധനാഴ്ചകളിൽ വൈകുന്നേരവും ദമ്പതികൾ ക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണ്.

സന്താനദായകനും സന്താനരക്ഷകനും സന്താനപാലകനുമായ ശ്രീകൃഷ്ണസ്വാമിയെ പ്രീതിപ്പെടുത്താൻ തൃക്കൈവെണ്ണ നിവേദിക്കുകയും ബുധനാഴ്ച വ്രതമെടുക്കുകയും ചെയ്യാവുന്നതാണ്.
ജാതകത്തിൽ അഞ്ചാം ഭാവം കൊണ്ടാണ് സന്താന ഭാഗ്യം നോക്കുന്നത്. സന്താനകാരകനായ വ്യാഴ ഗ്രഹത്തിന് ബലമില്ലാത്തതു കൊണ്ടാണ് പലർക്കും സന്താന ലബ്ധിയുണ്ടാകാത്തത്. വ്യാഴദോഷ പരിഹാരത്തിന് ശ്രേഷ്ഠം വിഷ്ണു, ശ്രീകൃഷ്ണ പ്രീതി നേടുകയാണ്. ഇത് പ്രാർത്ഥനയിലൂടെയും വഴിപാടുകളിലൂടെയും പരിഹരിക്കുന്നതിനൊപ്പം ഉത്തമമായ ചികിത്സകൾ കൂടി നടത്തിയാൽ സന്താനഭാഗ്യമുണ്ടാകും.

പ്രസിദ്ധമായ തൂപ്പൂണിത്തുറ ക്ഷേത്രത്തിലെ മൂർത്തിയെ സന്താനഗോപാല സങ്കല്പത്തിലാണ് ആരാധിക്കുന്നത്. വടക്കുംനാഥ ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലും സന്താന ഗോപാലനെ ചുവർ ചിത്രമായി ചിത്രീകരിച്ചിരിച്ചിരിക്കുന്നു. അഷ്ടമിരോഹിണി ദിവസം 41 തവണ സന്താന ഗോപാല മന്ത്രം ജപിച്ചാൽ സൽസന്താന ലബ്ധി പറയുന്നു. ജന്മ നക്ഷത്ര ദിവസം ശ്രീകൃഷ്ണ സന്നിധിയിൽ സന്താന ഗോപാല മന്ത്രാർച്ചന നടത്തുന്നത് സന്താന ക്ഷേമത്തിന് നല്ലതാണ്

ശ്രീകൃഷ്ണ മൂലമന്ത്രം
ഓം ക്ലീം കൃഷ്ണായ നമ:

സന്താന ഗോപാല മന്ത്രം
ദേവകീ സുത ഗോവിന്ദ വാസുദേവ ജഗത്പതേ
ദേഹി മേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത:

(ദേവകിയുടെയും വസുദേവരുടെയും പുത്രനുമായ അല്ലയോ ഗോവിന്ദ ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. എനിക്ക് സന്താനത്തെ നൽകിയാലും)

ജ്യോതിഷരത്നം വേണു മഹാദേവ്,
+91 89217 09017

error: Content is protected !!
Exit mobile version