Monday, 7 Oct 2024

സന്താന സൗഭാഗ്യത്തിനും സുഖപ്രസവത്തിനും തുണ ശ്രീഗര്‍ഭരക്ഷാംബിക

മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് സന്താനഭാഗ്യമേകുന്ന ഒരു ക്ഷേത്രം തമിഴകത്തുണ്ട്. തഞ്ചാവൂര്‍ ജില്ലയില്‍ കുംഭകോണത്ത് നിന്ന് 20 കിലോമീറ്റര്‍ തെക്ക് കിഴക്ക് തിരു കരു ക വൂര്‍ എന്ന സ്ഥലത്താണ് സന്താനഭാഗ്യം ചൊരിയുന്ന ശ്രീഗര്‍ഭരക്ഷാംബിക ക്ഷേത്രമുള്ളത്. കരു എന്നാല്‍ ഗര്‍ഭപാത്രമെന്നും ക എന്നാല്‍ രക്ഷിക്കുക എന്നും ഊര് എന്നാല്‍ ഗ്രാമം എന്നുമാണ് അര്‍ത്ഥം. ഈ പേരില്‍ നിന്നു തന്നെ ഇവിടുത്തെ ശിവഭഗവാന്റെയും പാര്‍വ്വതീദേവിയുടെയും പ്രത്യേകത മനസ്സിലാക്കാം. സന്താനമില്ലാത്ത ദമ്പതികള്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ സന്താനം ലഭിക്കുമെന്നു മാത്രമല്ല സുഖപ്രസവവുമായിരിക്കും. 
ഇവിടുത്തെ ശിവഭഗവാന്‍ ശ്രീമൂലവനനാദര്‍ എന്ന പേരിലും ശ്രീ പാര്‍വ്വതി ഗര്‍ഭരക്ഷാംബികയമ്മൻ എന്ന പേരിലുമാണറിയപ്പെടുന്നത്. ശിവഭഗവാനെ പ്രാര്‍ത്ഥിക്കുക വഴി ദമ്പതികള്‍ക്ക് പൂര്‍ണ്ണ ആരോഗ്യമുണ്ടാകും. ഗര്‍ഭിണിക്ക് സുഖപ്രസവത്തോടൊപ്പം ആരോഗ്യമുള്ള കുഞ്ഞിനെയും ലഭിക്കും.  സന്താനലബ്ധിക്കുറവുള്ള ദമ്പതികൾക്ക് വിശ്വാസപൂര്‍വ്വമുള്ള പ്രാര്‍ത്ഥനയിലൂടെ  അമ്മയുടെ അനുഗ്രഹത്താല്‍ സൽ സന്താനങ്ങളെയും ലഭിക്കും.

ഈ  ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്: ഒരു നാള്‍ വേദികായ് എന്ന ഭക്ത സന്താനലബ്ധിക്ക് വേണ്ടി അമ്മയെ പ്രാര്‍ത്ഥിച്ച് ഗര്‍ഭിണിയായി. എന്നാൽ  അപകടകരമായ ഒരു സാഹചര്യത്തിൽ പെട്ട് ഗർഭം അലസിയേക്കും എന്ന അവസ്ഥ സംജാതമായി.  പക്ഷേ  അമ്മ അവരെ കൈവിട്ടില്ല. ഗർഭ രക്ഷാംബികയുടെ അനുഗ്രഹം കൊണ്ട് പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു കുട്ടിയെ അവര്‍ മാസം തികഞ്ഞ് പ്രസവിച്ചു. ദേശ, ഭാഷ വ്യത്യാസമില്ലാതെ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുക വഴി  അമ്മയുടെ അനുഗ്രഹത്താല്‍ സത്‌സന്താനങ്ങള്‍ ഉണ്ടായിട്ടുള്ളളവർ അനവധിയാണ്. സ്വയംഭൂ വിഗ്രഹമാണ് ഇവിടെയുള്ളത്. ശിവഭഗവാന് അഭിഷേകം ഇല്ല എന്നതും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.  ഇതിനു പകരമായി വാളര്‍പിറൈ പ്രദോഷ ദിവസം (വെളുത്ത പക്ഷ പ്രദോഷ ദിവസം) പുനുകുസത്തം എന്ന നിവേദ്യം  ഭഗവാന് കൊടുക്കുന്നു. ഈ പ്രസാദത്തിന് ത്വക്,  ഹൃദയരോഗങ്ങള്‍ മാറ്റുവാനുള്ള ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

460 അടി നീളവും 284 അടി വീതിയുമുള്ള ഈ ക്ഷേത്രത്തിന് അഞ്ചു നിലയുള്ള രാജഗോപുരമുണ്ട്. ഇവിടെ  4 ജലാശയങ്ങള്‍ ഉണ്ട്. ഇതിലൊന്ന് ക്ഷേത്രക്കുളമാണ്. ക്ഷേത്രത്തിന്റെ എതിര്‍വശത്തുള്ള ഈ കുളം കാമധേനു എന്ന പശുവിന്റെ പാലില്‍ നിന്നും ഉണ്ടായതാണെന്നാണ് വിശ്വാസം. ഈ ക്ഷേത്രക്കുളം ക്ഷീരകുണ്ഡമെന്നറിയപ്പെടുന്നു. രണ്ടാമത്തേത് സത്യകൂപം. മൂന്നാമത്തേത് ബ്രഹ്മതീര്‍ത്ഥം നാലാമത്തേത് വൃത്തകാവേരി. വിശുദ്ധമായ ഒരു മരവും ഈ ക്ഷേത്രത്തിലുണ്ട്.

ഈ ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ 

1. നെയ്യ് പ്രസാദ പൂജ – ഗര്‍ഭിണിയാകുന്നതിന് വേണ്ടി
2. ആവണക്കെണ്ണ പ്രസാദ പൂജ – ഗര്‍ഭരക്ഷയ്ക്കും സുഖപ്രസവത്തിനും വേണ്ടി
3. പുനുകുസത്തം പൂജ – അനാരോഗ്യം മാറുന്നതിന്
മറ്റു പ്രധാന വഴിപാടുകള്‍: അഭിഷേകം, അന്നദാനം, കടല അര്‍ച്ചന, നെയ്യ് ദീപം, ചന്ദനച്ചാര്‍ത്ത്, തങ്കതൊട്ടില്‍, തുലാഭാരം, കാതുകുത്ത്, മൊട്ടയടിക്കല്‍ തുടങ്ങിയവ

ദര്‍ശന സമയം: 
രാവിലെ 5.30 മുതല്‍ 12.30 വരെയും വൈകുന്നേരം 4 മുതല്‍ 8 വരെയും. 

ക്ഷേത്രത്തിലെത്താൻ
തഞ്ചാവൂര്‍ കുംഭകോണത്തു നിന്നും 20 കിലോമീറ്റര്‍ തെക്ക്- കിഴക്കാണ്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ പാപനാശമാണ്. എയര്‍പോര്‍ട്ട് തിരുച്ചിറപ്പള്ളി. 

– ഡോ.ആർ.ശ്രീദേവൻ, പ്രീതാ സൂരജ്
(Dr. R. Sreedevan, CARD Ernakulam
Phone : 9446 006 470
Preetha Suraj, Sree Narasimha Swamy
Jyothishalayam, Thuravoor
Cherthala – 688 532
Phone : 9446 857 460)

error: Content is protected !!
Exit mobile version