Monday, 1 Jul 2024

സന്തോഷം, സമൃദ്ധി, മോഹസാഫല്യം തരും മോഹിനി ഏകാദശി ഈ തിങ്കളാഴ്ച

ജ്യോതിഷരത്നം വേണു മഹാദേവ്
സന്തോഷം, സമൃദ്ധി, മോഹസാഫല്യം, പാപമോചനം എന്നിവ സമ്മാനിക്കുന്ന ഏകാദശി വ്രതമാണ് വൈശാഖ മാസം വെളുത്ത പക്ഷത്തിലെ മോഹിനി ഏകാദശി. എല്ലാ പാപങ്ങളിൽ നിന്നും ഭക്തരെ മോചിപ്പിക്കുന്ന ഈ ഏകാദശി നാളിലാണത്രേ പാലാഴിമഥന വേളയിൽ ഭഗവാന്‍ ശ്രീ നാരായണൻ മോഹിനി രൂപമെടുത്തത്. അതിനാൽ ഇത് മോഹിനി ഏകാദശിയായി. 2023 മേയ് 1 തിങ്കളാഴ്ചയാണ് ഇത്തവണ മോഹിനി ഏകാദശി വ്രതം.
സീതാവിരഹത്താല്‍ ദു:ഖിതനായ ശ്രീരാമ ഭഗവാന്‍ വസിഷ്ഠമഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം വൈശാഖ മാസത്തിലെ മോഹിനി ഏകാദശി നോറ്റ് ദു:ഖനിവൃത്തി നേടി എന്നും മേടത്തിലെ ശുക്ലപക്ഷ ഏകാദശിയെപ്പറ്റി ഐതിഹ്യമുണ്ട്. അതിനാൽ ദുഃഖശാന്തിയും മോഹിനി ഏകാദശി ഫലമായി പറയുന്നു.

എല്ലാ വ്രതങ്ങളിലും ശ്രേ‌ഷ്ഠം ഏകാദശി എന്നാണ് പ്രമാണം. ഇഹലോകത്തും പരലോകത്തും സുഖം തരുന്ന വ്രതമാണിത്. മുരൻ എന്ന അസുര നിഗ്രഹത്തിന് വിഷ്ണുവിൽ നിന്നും ഉത്ഭവിച്ച ദേവിയാണ് ഏകാദശി. ദേവി ആവിർഭവിച്ച ദിവസം ഏകാദശിയായതിനാൽ ആ പേരു സ്വീകരിച്ചു. മുരനെ നിഗ്രഹിച്ചതിന് വരം ചോദിച്ച ദേവിക്ക് വിഷ്ണു ഭഗവാനാണ് ആ തിഥികളിൽ സ്വന്തം പേരിൽ ഏകാദശിവ്രതം അനുവദിച്ചത്. മുരാസുരനെ നിഗ്രഹിച്ചതിനാലാണ് മഹാവിഷ്ണു ഭഗവാനെ മുരാരി എന്ന് അറിയപ്പെടുന്നത്.

ചാന്ദ്രമാസത്തിലെ ഇരുപക്ഷങ്ങളിലെയും പതിനൊന്നാം തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം ഇത് വരും. വെളുപക്ഷത്തിലേത് ശുക്ലപക്ഷ ഏകാദശി; ഗൃഹസ്ഥർ വെളുപക്ഷത്തിലെ ഏകാദശി നോൽക്കുന്നത് ശ്രേഷ്ഠമാണ്. കറുത്ത പക്ഷത്തിലുള്ളത് കൃഷ്ണപക്ഷ ഏകാദശി. ഒരു വർഷത്തിൽ 24 ഏകാദശി വരും. ചിലപ്പോൾ ഇത് 25 എണ്ണവുമാകാം. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് ഏകാദശിയിലാണെന്ന് വിശ്വസിക്കുന്നു. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയാണ് ഭൂരിപക്ഷ ഏകാദശി,
ദ്വാദശി ബന്ധമുള്ളത് ആനന്ദപക്ഷം ഏകാദശി.
ധനു, മകരം, മീനം, മേടം മാസങ്ങളിൽ ഒരു മാസം വേണം തുടർച്ചയായുള്ള ഏകാദശിവ്രതം തുടങ്ങാൻ .

ഏകാദശിയുടെ അവസാന 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ ഹരിവാസര വേളയിൽ ഉണ്ണാതെ ഉറങ്ങാതെ വിഷ്ണു ചിന്തയും ഭജനയുമായി കഴിയുന്നത് ശ്രേഷ്ഠമാണ്. ഹരിയുടെ അതായത് മഹാവിഷ്ണുവിന്റെ സാമീപ്യം ഈ സമയത്ത് ഭൂമിയിൽ നിറയും എന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനത്തിന് പൂര്‍ണ്ണ ഫലസിദ്ധി ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. മേയ് 1 ന് പകൽ 3: 42 മിനിട്ടു മുതൽ മേയ് 2 വെളുപ്പിന് 4:24 വരെയാണ് ഹരിവാസര നേരം. ദശമി, ഏകാദശി, ദ്വാദശി ദിനങ്ങള്‍ ഏകാദശി വ്രതത്തിന് പ്രാധാനമാണ്. ഈ ദിവസങ്ങളില്‍ ഒരുനേരം അരിയാഹാരം കഴിക്കാം. മറ്റ് സമയത്ത് ഗോതമ്പിൽ ഉണ്ടാക്കിയ ലളിത വിഭവങ്ങളും പയര്‍, പുഴുക്ക്, പഴങ്ങള്‍, ഫലം എന്നിവ കഴിക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് നല്ലത്. ഈ ദിവസം തുളസീതീര്‍ത്ഥം മാത്രം കുടിച്ച് വ്രതമെടുക്കുന്നവരുണ്ട്. അതിന് കഴിയില്ല
എങ്കിൽ ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം
നോൽക്കാം. അടുത്ത ദിവസം തുളസീതീര്‍ത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കും.
വ്രതദിനങ്ങളി വിഷ്ണു പ്രീതികരമായ മന്ത്രജപങ്ങൾ പ്രധാനമാണ്. കഴിയുന്നത്ര ഓം നമോ നാരായണായ , ഓം നമോ ഭഗവതേ വാസുദേവായ ജപിക്കണം. മഹാവിഷ്ണു അഷ്ടോത്തരം, സഹസ്രനാമം എന്നിവ കേൾക്കുന്നതും ജപിക്കുന്നതും വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. ക്ഷേത്ര ദര്‍ശനത്തിന് കഴിയാത്തവർ വീട്ടിൽ പൂജാമുറിയിൽ മഹാവിഷ്ണുവിന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. ശ്രീരാമ, ശ്രീകൃഷ്ണപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതിനും ഏകാദശി ദിനം ഉത്തമമാണ്. മൗനം ഭജിക്കുന്നതും നല്ലതാണ്. മത്സ്യ മാംസ ഭക്ഷണം, മദ്യ സേവ, ശാരീരിക ബന്ധം, പകലുറക്കം ഇതൊന്നും പാടില്ല. രണ്ടു നേരം കുളിക്കണം.

ഭഗവാന് ഏറെ പ്രിയപ്പെട്ട തുളസിയില ഏകാദശി ദിവസം ക്ഷേത്രത്തിൽ സമര്‍പ്പിക്കുന്നത് സുകൃതകരമാണ്.
വിഷ്ണുസൂക്ത പുഷ്പാഞ്ജലി, മുഴുക്കാപ്പ് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. മേടം, കർക്കടകം രാശിയിൽ പിറന്ന അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, പുണർതം അവസാന കാൽ, പൂയം, ആയില്യം നക്ഷത്രക്കാർ ഏകാദശി നാൾ വ്രതമെടുക്കുന്നത് വളരെ നല്ലതാണ്

ഭദ്രാവതിയിലെ രാജാവായ ദ്യുതിമാൻ വഴിതെറ്റി ജീവിച്ച തന്റെ ഇളയ മകൻ ധൃഷ്ടബുദ്ധിയെ രാജ്യത്തുനിന്നും നിഷ്കാസനം ചെയ്തു. വനത്തിൽ കഴിഞ്ഞ കാലത്ത് പശ്ചാത്താപ വിവശനായി അവൻ കൗണ്ഡിന്യമുനിയുടെ ഉപദേശപ്രകാരം മോഹിനി വ്രതമെടുത്ത് പാപമോചനം നേടി അച്ഛന്റെ അടുത്തെത്തി ഇഹ ലോക സുഖങ്ങൾ അനുഭവിച്ച ശേഷം വിഷ്ണു പദം പ്രാപിച്ചു എന്ന് കൂർമ്മ പുരാണത്തിൽ ഒരു ഐതിഹ്യമുണ്ട്.

ജ്യോതിഷ രത്നം വേണു മഹാദേവ്,
+91 8921709017

Story Summary: Significance of Mohini Ekadashi in
Vishaka Shukla Paksha

error: Content is protected !!
Exit mobile version