Thursday, 21 Nov 2024

സന്നിധാനത്ത് വിഷുക്കണി തൊഴാൻ ഇവർക്ക് മാത്രം ഭാഗ്യം; നെയ്യഭിഷേകമില്ല

എല്ലാ വർഷവും പതിനായിരങ്ങൾ വിഷുക്കണി കണ്ട് തൊഴുന്ന ശബരിമല സന്നിധാനത്ത് ഇത്തവണ അതിന് ഭാഗ്യം ചുരുക്കം ചില ദേവസ്വം അധികൃതർക്കും ജീവനക്കാർക്കും 30 പൊലീസുകാർക്കും മാത്രം. വിഷുവിനും മേടമാസ പൂജകൾക്കുമായി  തിങ്കളാഴ്ച വൈകിട്ടാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി  ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന്  ഉപദേവതകളുടെ  നടകളും തുറന്ന് വിളക്ക് തെളിച്ചു.  ഈ സമയത്ത്  ശ്രീകോവിലിന് മുന്നിലുണ്ടായിരുന്നവർക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്തു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദ്, അസിസ്റ്റൻ്റ്  എക്സിക്യൂട്ടീവ് ഓഫീസർ ജയപ്രകാശ്, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ , , തിരുവിതാംകൂർ ദേവസ്വം ബോർഡ് പി ആർ ഒ സുനിൽ അരുമാനൂർ, ജൂനിയർ സൂപ്രണ്ട് വാസുപ്പോറ്റി തുടങ്ങിയവരാണ് നട തുറന്ന സമയത്ത് ഡ്യൂട്ടിയുടെ ഭാഗമായി സന്നിധാനത്ത്  ഉണ്ടായിരുന്നത്. മേൽശാന്തി പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ അഗ്നി പകർന്നു. 

കൊവിഡ് 19 പകർച്ചവ്യാധിയെ തുടർന്നുള്ള  ലോക്ഡൗൺ  കാരണമാണ്  മാസ പൂജാ സമയത്ത് ഭക്തർക്ക്  സന്നിധാനത്ത്   പ്രവേശനംഅനുവദിക്കാത്തത്. മേടവിഷു ദിനമായ ഏപ്രിൽ 14 ന് പുലർച്ചെ 5 മണിക്ക് നട തുറക്കുമ്പോൾ കലിയുഗവരദനായ അയ്യപ്പനെ വിഷുക്കണി കാണിക്കുന്ന ചടങ്ങ് നടക്കും. തുടർന്ന് തന്ത്രി കൈനീട്ടം വിതരണം ചെയ്യും. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ദേവസ്വം ബോർഡിലെ  ഏതാനും ജീവനക്കാരും 30 പൊലീസുകാരും ഇനിയുള്ള അഞ്ച് ദിവസങ്ങളിൽ സന്നിധാനത്ത് ഉണ്ടാകും. നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ഇവർക്ക് മാത്രം അയ്യപ്പ സന്നിധിയിൽ വിഷുക്കണി കാണാൻ കഴിയും.

മേടമാസ പൂജകൾക്ക്  ശബരിമല നട തുറന്നപ്പോൾ

വിഷുക്കണിക്ക് ശേഷം പതിവ് അഭിഷേകം നടക്കും. തുടർന്ന് മണ്ഡപത്തിൽ ഗണപതിഹോമവും ഉണ്ടാകും. ഭക്തർക്ക് ആർക്കും  പ്രവേശനം ഇല്ലാത്ത സാഹചര്യത്തിൽ ക്ഷേത്ര തിരുനട അടയ്ക്കുന്ന സമയത്തിലും തുറക്കുന്ന സമയത്തിലും ചില ക്രമീകരണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് വരുത്തിയിട്ടുണ്ട്. പുലർച്ചെ 5 മണിക്ക് നടതുറന്നാൽ ഉഷപൂജയും ഉച്ചപൂജ കഴിഞ്ഞ് രാവിലെ 10 മണിക്ക്  നട അടയ്ക്കും. വൈകുന്നേരം 5 മണിക്ക് നട വീണ്ടും തുറക്കും. 6.30ന് ദീപാരാധന. 7.15ന് അത്താഴപൂജയും കഴിഞ്ഞ് 7 .30 ന് ഹരിവരാസനം പാടി നട അടയ്ക്കും. നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിൽ പ്രത്യേക പൂജകളായ നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ , പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം, അഷ്ടാഭിഷേകം എന്നിവ ഉണ്ടാകില്ല. ഏപ്രിൽ 18 ന് രാത്രി 7.30 ന് ഹരിവരാസനം പാടി  ശ്രീകോവിൽ നട അടയ്ക്കും

error: Content is protected !!
Exit mobile version