Friday, 22 Nov 2024

സഹോദരങ്ങളുടെ പിണക്കം തീർക്കാം

കാലം: ത്രേതായുഗം. ശ്രീരാമചന്ദ്ര ദേവന്റെ സ്വർഗ്ഗാരോഹണം അടുത്ത സമയം.  മഹാമുനിയായി വേഷം മാറി  യമധർമ്മരാജാവ് അയോദ്ധ്യാപുരിയിലെത്തി ശ്രീരാമനെ കണ്ടു. മര്യാദാ പുരുഷോത്തമനായ  രാമൻ മുനിയെ ആദരിച്ചിരുത്തി.

അപ്പോൾ മുനി ആവശ്യപ്പെട്ടു:   നമ്മൾ സംസാരിച്ചിരിക്കുന്ന നേരത്ത് ഈ മുറിയിലേക്ക് ആരും കടന്നു വരരുത്. അഥവാ ആരെങ്കിലും കടന്നു വന്നാൽ  അവരെ അങ്ങ് നിർദാക്ഷണ്യം വധിക്കണം. മഹർഷിയുടെ ആവശ്യം  ശ്രീരാമൻ സമ്മതിച്ചു. ഈ സമയത്ത് പെട്ടെന്ന്  ദുർവാസാവ് അയോദ്ധ്യാ പുരിയിൽ പ്രത്യക്ഷപ്പെട്ടു. ക്ഷിപ്രകോപിയായ ദുർവാസാവിനെ ഉടൻശ്രീരാമ സവിധത്തിലേക്ക്  കടത്തിവിട്ടില്ലെങ്കിൽ എന്ത് പറ്റുമെന്ന് ലക്ഷ്മണന് അറിയാമായിരുന്നു. അതിനാൽ എന്തും വരട്ടെയെന്ന് കരുതി  അകത്തേക്ക് ചെന്ന് കാര്യം പറഞ്ഞു.  ലക്ഷ്മണൻ മുറിയിൽ വന്ന് കയറിയത് കണ്ട് ശ്രീരാമൻ പരിഭ്രാന്തനായി. യമധർമ്മനു നൽകിയ വാക്ക് പാലിക്കണമെങ്കിൽ സ്വന്തം പ്രാണനിലുപരി സ്‌നേഹിക്കുന്ന സഹോദരൻ ലക്ഷ്മണനെ വധിക്കേണ്ടി വരും. ഇത് ആലോചിച്ച്  മുഖം കുനിച്ച് ദുഃഖിതനായിരുന്ന ജ്യേഷ്ഠനോട്  ലക്ഷ്മണൻ  പറഞ്ഞു: എന്നെപ്പറ്റി വിചാരിച്ച് ജ്യേഷ്ഠൻ ദുഃഖിക്കരുത്. എന്നെ  വധിച്ച് ജ്യേഷ്ഠൻ വാക്ക് പാലിക്കണം;  സത്യത്തെ രക്ഷിക്കണം. എന്നോട് മനസിൽ ഒട്ടും കാരുണ്യം തോന്നരുത്. ആ കേട്ടപ്പോൾ   ശ്രീരാമന്റെ ദുഃഖം ഇരട്ടിച്ചു. ഉടൻ തന്നെ അയോദ്ധ്യ പതി മന്ത്രിമാരെയും കുലഗുരു വസിഷ്ഠമഹർഷിയെയും വിളിച്ചുവരുത്തി കാര്യം പറഞ്ഞു. വസിഷ്ഠ മഹർഷി പറഞ്ഞു:  നീ ലക്ഷ്മണനെ കൊന്ന് സത്യം പരിപാലിക്കണം; ഇല്ലെങ്കിൽ ധർമ്മം നശിക്കും. ധർമ്മനാശം കൊണ്ട് മൂന്നു ലോകവും മുടിയും. നിന്റെ അച്ഛൻ ദശരഥൻ പുത്രസ്‌നേഹം മറന്ന് സത്യത്തെ രക്ഷിച്ച ചരിത്രം നിറക്കറിയാമല്ലോ.

സത്യപരിപാലനത്തിന് വേണ്ടിയാണ് ദശരഥ മഹാരാജൻ ജീവൻ വെടിഞ്ഞത്.  ഓർമ്മിക്കുക, രാജ ധർമ്മമാണ്   സത്യം പരിപാലനം. ഇതും കൂടി കേട്ട് കൂടുതൽ ദുഃഖത്തിലായ ശ്രീരാമൻ  പറഞ്ഞു: ലക്ഷ്മണാ നീ പൊയ്‌ക്കൊള്ളുക. നിന്നെ ഞാൻ ഉപേക്ഷിക്കുന്നു. എന്നെന്നേക്കുമായി ത്യജിക്കുന്നതും വധിച്ചു കളയുന്നതും ഒരുപോലെ തന്നെ. എന്റെ ജീവനാണ് നീ; അങ്ങനെയുള്ള നിന്നെ ഞാനിന്ന് ഉപേക്ഷിച്ചിരിക്കുന്നു. പക്ഷേ  നീയില്ലാതെ എനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല. ശ്രീരാമന്റെ അടക്കാനാവാത്ത ദുഃഖം കണ്ടു നിന്നവരെയും സങ്കടപ്പെടുത്തി. ജ്യേഷ്ഠന്മാരെയും ആചാര്യൻ വസിഷ്ഠമഹർഷിയെയും നമസ്‌കരിച്ചിട്ട് ലക്ഷ്മണൻ സരയുനദിയുടെ തീരത്തു പോയി യോഗനിഷ്ഠയോടെ ബ്രഹ്മധ്യാനത്തിൽ ലയിച്ചു. ദേവന്മാർ പുഷ്പവൃഷ്ടി ചെയ്ത്  ലക്ഷ്മണനെ സ്തുതിച്ചു. വൈകാതെ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമനും ഭൂലോക വാസം വെടിഞ്ഞ്  വൈകുണ്ഠത്തിലേക്ക് മടങ്ങി.

മഹനീയമാണ് ശ്രീരാമനും സഹോദരങ്ങളും തമ്മിലുളള സ്നേഹ ബന്ധം. തനിക്കു ലഭിച്ച അധികാരം  ത്യജിച്ച്  ശ്രീരാമന്റെ മെതിയടി പൂജിച്ച് 14 വർഷം രാജ്യം ഭരിച്ച് കാത്തിരുന്ന മഹാത്മാവാണ്  ഭരതൻ. ഭരതനോടൊപ്പം ശത്രുഘ്നനും വ്രതമെടുത്ത് നന്ദി ഗ്രാമത്തിൽ കഴിഞ്ഞു. ലക്ഷ്മണനാകട്ടെ പത്നിയെ കൊട്ടാരത്തിലാക്കി 14 വർഷമാണ് സഹോദരനൊപ്പം വനത്തിൻ കഴിഞ്ഞത്.അനിർവചനീയമാണ് യഥാർത്ഥ സഹോദര സ്നേഹം എന്നതിന് ശ്രീരാമന്റെയും സഹോദരങ്ങളുടെയും ബന്ധത്തിനപ്പുറം വേറെ ഉദാഹരണം  വേണ്ട. കാരണം മാതൃ പിതൃ ബന്ധം  പോലെയാണ് സഹോദര ബന്ധവും. ഒരിക്കലും ഒന്നുകൊണ്ടും അറുത്ത് മാറ്റാനാകാത്തതാണത്.

എന്നാൽ  ബന്ധങ്ങൾ മറന്ന് പണത്തിനും പൊന്നിനും ഭൂമിക്കും വേണ്ടി  സഹോദരങ്ങൾ  പരസ്പരം ചതിക്കുന്നത് ഇപ്പോൾ എവിടെയും പതിവാണ്. തമ്മിൽ സംസാരിക്കുക പോലും ചെയ്യാതെ എത്രയോ സഹോദരങ്ങളാണ് പിണങ്ങിക്കഴിയുന്നത്. ഇത് ശരിയല്ല. ധർമ്മത്തിനും ഈശ്വരനും വിരുദ്ധമാണിത്. അതു കൊണ്ട് ഇത് ഒരിക്കലും പാടില്ല. അഥവാ തമ്മിൽ അകന്നാൽത്തന്നെ ആരെങ്കിലും  ഒരാൾ മുൻകൈ എടുത്ത് പിണക്കം മാറ്റണം. സഹോദരങ്ങൾ തമ്മിലുള്ള അകൽച്ചയും പിണക്കവും മാറ്റാൻ ചില മാർഗ്ഗങ്ങളുണ്ട്. ശ്രീരാമനെ പൂജിക്കുകയാണ് ഒരു വഴി; ശിവപാർവതീ പുത്രന്മാരായ  ഗണേശനെയും മുരുകനെയും പ്രാർത്ഥിച്ച്‌ പ്രീതിപ്പെടുത്തുകയാണ് മറ്റൊരു മാർഗ്ഗം. ഈ ദേവതകളെ പതിവായി ആരാധിച്ചാൽ സഹോദര, സഹോദരീ ബന്ധം കൂടുതൽ ദൃഢമാക്കാനും  നിലനിർത്തുന്നതിനും കഴിയും. 

ഓം രാം രാമായ നമ: എന്ന മന്ത്രം നിത്യവും രാവിലെയും വൈകിട്ടും പൂജാമുറിയിൽ വിളക്കു കൊളുത്തി വച്ച്  കഴിയുന്നത്ര തവണ ജപിക്കുക. 

ഓം ഗം ഗണപതയെ നമഃ  ജപിക്കുക

ഗണപതിക്ക്  എള്ളുണ്ട നേദിക്കുക

ഗണപതിക്ക് മുന്നിൽ കറുക സമർപ്പിക്കുക

ഗണപതിക്ക് മഞ്ഞപ്പൂക്കളാൽ – ജമന്തി, മല്ലിക, കറുക മാല ചാർത്തുക

സുബ്രഹ്മണ്യന് മഞ്ഞപ്പട്ട് ചാർത്തി നാരങ്ങാ മാല അണിയിക്കുക

ഗണേശന്റയും സുബ്രഹ്മണ്യന്റയും സന്നിധികളിൽ ഒരേ ദിവസം തന്നെ തൊഴുത് പ്രാർത്ഥിക്കുക;വഴിപാടുകൾ നടത്തുക

സുബ്രഹ്മണ്യന് ഭസ്മാഭിഷേകം നടത്തുക

മക്കളാൽ ദുരിതവും ദുഃഖവും അനുഭവിക്കുന്ന അച്ഛനമ്മമാർക്കും സുബ്രഹ്മണ്യ ഭജനം ഗുണകരമാണ്.  മക്കൾക്ക് നന്മയും, സന്താനഭാഗ്യവും ലഭിക്കാൻ ഗണപതിയെയും, മുരുകനെയും ഒരേസമയം പ്രാർത്ഥിക്കുക.

സരസ്വതി ജെ.കുറുപ്പ്,

Mobile#: +91 90745 80476

error: Content is protected !!
Exit mobile version