Saturday, 23 Nov 2024

സാമ്പത്തിക അഭിവൃദ്ധിക്കും ദാരിദ്ര്യം മാറാനും ഇതാ ഒരു എളുപ്പവഴി

ജ്യോതിഷരത്നം വേണു മഹാദേവ്

ഐശ്വത്തിന്റെയും സമ്പത്തിന്റെയും ദേവതയായ മഹാലക്ഷ്മിയെ പ്രകീർത്തിക്കുന്ന സ്തുതിയാണ്
ശ്രീ മഹാലക്ഷ്മ്യഷ്ടകം. പ്രപഞ്ചമാതാവായും ഊർജ്ജ ദായിനിയായും വിശ്വസിക്കുന്ന മഹാലക്ഷ്മിയെ ഈ സ്തോത്ര ജപത്തിലൂടെ പ്രീതിപ്പെടുത്താൻ കഴിയും. ഈ സ്തോത്ര ജപം നമ്മുടെ ഉള്ളിൽ ഉറങ്ങുന്ന ദിവ്യ ഗുണങ്ങൾ ഉദ്ദീപിപ്പിക്കും. ജീവിതം പ്രകാശമാനവും ഐശ്വര്യ പൂർണ്ണവുമാക്കും. നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിലും സന്തോഷം നിറയ്ക്കും. ക്ഷേമം, സൗഹാർദ്ദം, അനുകമ്പ തുടങ്ങിയ സദ്ഗുണങ്ങൾ മഹാലക്ഷ്മ്യഷ്ടക ജപത്തിലൂടെ പരിപോഷിപ്പിക്കാൻ കഴിയും. അഷ്ട ലക്ഷ്മിമാരെ ഉപാസിക്കുന്ന ഈ സ്തോത്ര ജപം വിശേഷാവസരങ്ങളിലും പൗർണ്ണമി, വെള്ളിയാഴ്ച തുടങ്ങിയ ദിവസങ്ങളിലും ഒഴിവാക്കാൻ പാടില്ല. പത്മപുരാണത്തിലുള്ള ഈ സ്തുതി ഇന്ദ്രദേവൻ ലക്ഷ്മീ ഭഗവതിയെ കീർത്തിക്കുവാൻ ജപിച്ചതാണ് എന്ന് പറയുന്നു. ലക്ഷ്മിയെ സൗഭാഗ്യ ദേവത എന്നാണ് കണക്കാക്കുന്നത്. ലക്ഷ്യ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ലക്ഷ്മി എന്ന വാക്കിന്റെ ഉത്ഭവം. ആത്മീയവും ഭൗതികവുമായ എല്ലാ സമ്പത്തും ലക്ഷ്മി ഭഗവതിയിൽ കുടികൊള്ളുന്നു. ശ്രീ എന്നും ദേവിയെ വിളിക്കുന്നു. ഓം ശ്രീം നമ: എന്നാണ് ലക്ഷ്മീ ദേവിയുടെ മൂലമന്ത്രം. ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ ഉയർന്നു വന്ന ദേവി ശ്രീമഹാവിഷ്ണുവിനൊപ്പം പാലാഴിയിൽ പാമ്പിന്റെ മുകളിൽ പള്ളി കൊള്ളുന്നു എന്ന് പുരാണങ്ങൾ പറയുന്നു. ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന ഏവരും ദേവിയെ എട്ടു ഭാവങ്ങളിൽ ആരാധിക്കുന്ന മഹാലക്ഷ്മി അഷ്ടകം എല്ലാ ദിവസവും ജപിക്കണം. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തി ലക്ഷ്മി, രാജലക്ഷ്മി എന്നിവരാണ് അഷ്ട ലക്ഷ്മിമാർ. ധനലക്ഷ്മി ഐശ്വര്യം നൽകും. ധാന്യലക്ഷ്മി ദാരിദ്ര്യമുക്തിയേകും. ശൗര്യലക്ഷ്മി ആത്മവിശ്വാസം പ്രദാനം ചെയ്യും. വിദ്യാലക്ഷ്മി അറിവ് സമ്മാനിക്കും. കീർത്തി ലക്ഷ്മി സമൃദ്ധിയേകും. ധൈര്യലക്ഷ്മി അംഗീകാരം തരും. വിജയലക്ഷ്മി ലക്ഷ്യപ്രാപ്തി നൽകും. രാജലക്ഷ്മി സ്ഥാനമാനങ്ങൾ തരും.

മഹാലക്ഷ്മി അഷ്ടകം

ധനലക്ഷ്മി
നമസ്‌തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ
ശംഖചക്രഗദാ ഹസ്‌തേ
മഹാലക്ഷ്മി നമോസ്തുതേ

ധാന്യലക്ഷ്മി
നമസ്‌തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സർവപാപഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

ശൗര്യലക്ഷ്മി
സിദ്ധിബുദ്ധി പ്രദേ ദേവി
ഭക്തിമുക്തി പ്രദായിനി
മന്ത്രമൂർത്തേ മഹാദേവി
മഹാലക്ഷ്മീ നമോസ്തുതേ

വിദ്യാലക്ഷ്മി
ആദ്യന്ത രഹിതേ ദേവി
ആദ്യശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മീ നമോസ്തുതേ

കീർത്തിലക്ഷ്മി
സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി
മഹാലക്ഷ്മീ നമോസ്തുതേ

ധൈര്യലക്ഷ്മി
സർവ്വജ്‌ഞേ സർവവരദേ
സർവദുഷ്ട ഭയങ്കരി
സർവദു:ഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

വിജയലക്ഷ്മി
പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മ സ്വരൂപിണി
പരമേശി ജഗന്മാത
മഹാലക്ഷ്മി നമോസ്തുതേ

രാജലക്ഷ്മി
ശ്വേതാംബരധരേ ദേവി
നാനാലങ്കാര ഭൂഷിതേ
ജഗൽ സ്ഥിതേ ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ

ജോതിഷരത്നം വേണുമഹാദേവ്

  • 91 9847475559

Story Summary: Maha Lakshmi Ashtakam: Benifits of Recitation and Lyrics


error: Content is protected !!
Exit mobile version