സുബ്രഹ്മണ്യനെ ആരാധിക്കാൻഈ 6 ദിവസങ്ങൾ അത്യുത്തമം
ഡോ.രാജേഷ്
സന്താനഭാഗ്യത്തിനും ദാമ്പത്യഐക്യത്തിനും ശത്രുനാശത്തിനും രോഗശാന്തിക്കും സുബ്രഹ്മണ്യസ്വാമിയെ ആരാധിക്കുന്നത് വളരെ നല്ലതാണ്. അതിവേഗം ഫലം ലഭിക്കുന്ന ഈ ആരാധനയ്ക്ക് 6 ദിവസങ്ങൾ അത്യുത്തമമാണെന്ന് ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്. എല്ലാ മാസത്തിലെയും വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് പരമപ്രധാനം. അതു കഴിഞ്ഞാൽ കാര്‍ത്തിക, വിശാഖം, പൂയം എന്നീ നക്ഷത്രങ്ങളും വെള്ളി, ചൊവ്വ ദിനങ്ങളുമാണ് സുബ്രഹ്മണ്യ ആരാധനയ്ക്ക് ഉത്തമം. പാപഗ്രഹമായ ചൊവ്വ കാരണമുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാകുന്നതിന് ആരാധിക്കേണ്ടത് സുബ്രഹ്മണ്യനെയാണ്. ദാമ്പത്യത്തിലെ താളപ്പിഴകളും അകൽച്ചകളും പരിഹരിക്കുന്നതിനും മുരുകനെ പ്രാർത്ഥിച്ചാൽ മതി. സന്താനഭാഗ്യം ആഗ്രഹിക്കുന്നവരും ശത്രുക്കളെക്കൊണ്ട് പൊറുതിമുട്ടിയവരും സുബ്രഹ്മണ്യനെയാണ് അഭയം പ്രാപിക്കേണ്ടത്. എല്ലാ ദിവസവും ആരാധിക്കാൻ പറ്റുമെങ്കിലും മുരുകക്ഷേത്ര ദർശനം നടത്താനും വ്രതമെടുക്കാനും പലർക്കും പറ്റിയെന്ന് വരില്ല. ഇഷ്ട കാര്യസിദ്ധിക്ക് പ്രാർത്ഥിക്കുമ്പോൾ ഓരോ ആവശ്യത്തിനും ഒരോ ദിവസം പ്രധാനമാണ്. അതായത് സന്താനഭാഗ്യം, ദാമ്പത്യക്ഷേമം, ശത്രുനാശം, മുതലായവ സാധിക്കുന്നതിന് വെള്ളിയാഴ്ചയും, രോഗശാന്തി, ചൊവ്വാ ദോഷമുക്തി, വിവാഹ തടസമോചനം എന്നിവയ്ക്ക് ചൊവ്വാഴ്ചയും സുബ്രഹ്മണ്യനെ ആരാധിക്കണം. മുരുകനെ ആരാധിക്കുന്നവർ ഭഗവാന്റെ മൂല മന്ത്രമായ ഓം ഷൺമുഖായ നമ: , ഓം വചത്ഭുവേ നമ: തുടങ്ങിയവ കഴിയുന്നത്ര തവണ ജപിക്കണം. സുബ്രഹ്മണ്യപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുന്നതും ഉത്തമമാണ്. ക്ഷേത്ര പ്രദക്ഷിണ വേളയിൽ ഇനി പറയുന്ന ഭഗവാന്റെ ആറു മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം.
ഓം ശരവണഭവായ നമ:
ഓം വചത്ഭുവേ നമ:
ഓം സ്കന്ദായ നമ:ഓം മുരുകായ നമ:ഓം സുബ്രഹ്മണ്യായ നമ:ഓം ഷൺമുഖായ നമ:
ഷഷ്ഠിവ്രതം അനുഷ്ഠിച്ചാല്‍ സുബ്രഹ്മണ്യന്റെ അനുഗ്രഹത്തിന് പുറമെ ശിവപാര്‍വ്വതിമാരുടെയും കടാക്ഷവും സിദ്ധിക്കും. തുലാം മാസം മുതൽ തുലാം മാസം വരെ വാര്‍ഷിക ഷഷ്ഠി വ്രതം അനുഷ്ഠിച്ചു വരുന്നവര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ ഒരുമാസം വ്രതാനുഷ്ഠാനത്തിന് തടസം നേരിട്ടാല്‍ അടുത്ത വരുന്ന കാര്‍ത്തികനാളില്‍ വ്രതം അനുഷ്ഠിച്ചാല്‍ പരിഹാരമാകും.
അഭിഷേകപ്രിയനാണ് സുബ്രഹ്മണ്യൻ. പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം എന്നിവകൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തുന്നത്. പഴം, കല്‍ക്കണ്ടം, നെയ്യ്, ശര്‍ക്കര, മുന്തിരി എന്നിവ ചേർത്ത് ഒരുക്കുന്ന വിശിഷ്ടമായ പഞ്ചാമൃതമാണ് പ്രിയങ്കരമായ നിവേദ്യം. ഈ അഞ്ചു വസ്തുക്കള്‍ പഞ്ചഭൂത തത്ത്വങ്ങളെ പ്രതിനിധീകരിക്കുന്നു. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതാഭിഷേക ഫലം. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖം, പാല്‍, നെയ്, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകം നടത്തിയാല്‍ ശരീരസുഖം, എണ്ണ കൊണ്ട് അഭിഷേകം നടത്തിയാല്‍ രോഗനാശം, ഭസ്മം കൊണ്ടായാൽ പാപനാശം, തൈര് കൊണ്ട് നടത്തിയാല്‍ സന്താനലാഭം എന്നിവ ഫലം. അഗ്‌നിസ്വരൂപനാണ് കുജന്‍. അതുകൊണ്ട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപം തെളിക്കുന്നതും എണ്ണസമര്‍പ്പിക്കുന്നതും നെയ്‌വിളക്ക് നടത്തുന്നതും മികച്ച കുജദോഷ പരിഹാര മാര്‍ഗ്ഗങ്ങളാണ്.
– ഡോ.രാജേഷ്, കഴക്കൂട്ടം
+91 98 955 0 2025