സുബ്രഹ്മണ്യപ്രീതി ചൊവ്വാദോഷം ശമിപ്പിക്കും; ദുരിതമകറ്റി ജീവിതവിജയം സമ്മാനിക്കും
ജ്യോതിഷരത്നം വേണു മഹാദേവ്
ചൊവ്വാദോഷങ്ങൾ കാരണം വിഷമിക്കുന്നവരും ചൊവ്വദശയുടെ ക്ലേശങ്ങളാൽ കഷ്ടതകൾ നേരിടുന്ന
വ്യക്തികളും അഭയം തേടേണ്ടത് സുബ്രഹ്മണ്യസ്വാമിയുടെ പാദാരവിന്ദങ്ങളിലാണ്. ചൊവ്വാഴ്ച തോറും ശ്രീമുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഷഷ്ഠി വ്രതവും പൂയം നാളിലെ സുബ്രഹ്മണ്യ ഉപാസനയും നാമജപവും ചൊവ്വാദശയുടെ കാഠിന്യം കുറയ്ക്കും.
രോഗ ദുരിതമുക്തി, കുടുംബഭദ്രത, സാമ്പത്തിക അഭിവൃദ്ധി, കലാ വിജയം, ബുദ്ധിശക്തി, മംഗല്യപ്രാപ്തി, സന്താനലബ്ധി, ജീവിതവിജയം എന്നിങ്ങനെ വിവിധ തരത്തിലെ ഐശ്വര്യത്തിനും മുരുകനെ ഭജിച്ചാൽ മതി.
സുബ്രഹ്മണ്യസ്വാമിയുടെ അടയാളങ്ങൾ സമ്മാനമായി കിട്ടിയതാണ്. പറക്കുന്ന മയിലിനെ നൽകിയത് ഗരുഡ ഭഗവാനാണ്. ആകാശത്തിൻ്റെ പ്രതീകമാണിത്. വേൽ അമ്മ പാർവ്വതി ദേവിയും കോഴിയെ അരുണ ഭഗവാനും നൽകിയതാണ്. അച്ഛൻ മഹാദേവൻ പതക്കവും ഇന്ദ്രൻ മുത്തുമാലയും നൽകി അദ്രിജ വസ്ത്രവും ബൃഹസ്പതി ദണ്ഡും നൽകി.
കാവടിയാട്ടവും ഷഷ്ഠി വ്രതവുമാണ് മുരുക പ്രീതിക്കുള്ള മുഖ്യ അനുഷ്ഠാനങ്ങൾ. ഇതിൽ തന്നെ തുലാം / വൃശ്ചികം മാസത്തിലെ സ്കന്ദഷഷ്ഠിയാണ് ഏറ്റവും പ്രധാനം. പ്രണവ മന്ത്രത്തിന്റെ അര്‍ത്ഥമറിയാത്ത ബ്രഹ്മദേവനെ കാരാഗ്രഹത്തിലടച്ച പാപത്തിന് പ്രായശ്ചിത്തം ചെയ്യാൻ ബാല മുരുകൻ സര്‍പ്പരൂപിയായി മാറി. അമ്മ പാര്‍വതി ഒൻപത് വർഷം 108 ഷഷ്ഠിവ്രതം നോറ്റ് മകനെ ഈ പാപത്തിൽ നിന്നും വിഷ്ണു സ്പര്‍ശത്താൽ മോചിപ്പിച്ചു. അതോടെയാണ് ഷഷ്ഠി മഹാവ്രതമായി മാറിയത്രേ.ശൂരപത്മനുമായി മുരുകൻ യുദ്ധം ചെയ്തപ്പോൾ മാതാവ് പാർവ്വതി ദേവി അനുഷ്ഠിച്ച വ്രതമാണ് ഷഷ്ഠിയെന്നും ഐതിഹ്യമുണ്ട്. അരളിപ്പൂവാണ് മുരുകന് പ്രിയങ്കരം. മഞ്ഞ, ചുവപ്പ് അരളികൾ മഞ്ഞച്ചെമ്പകം എന്നിവകൾ മുരുക പ്രീതിക്ക് വളരെ പ്രധാനമാണ്. സ്വാമിക്ക് ആറു തവണയാണ് പ്രദക്ഷിണം. ചൊവ്വാദോഷം നേരിടുന്നവർ ചൊവ്വാഴ്ച ദിവസങ്ങളിൽ സുബ്രഹ്മണ്യ സ്വാമിയെ ദർശിക്കുന്നത് നല്ലതാണ്. വള്ളിസമേതനായ സ്വാമിയെ കണ്ടാൽ വിവാഹ തടസ്സം നീങ്ങുമെന്ന് വിശ്വസിക്കുന്നു. ഗ്രഹദോഷങ്ങൾ അകലാനും ജീവിതത്തിൽ പുരോഗതി നേടാനും നിത്യവും സുബ്രഹ്മണ്യ പഞ്ചരത്നം ജപിക്കുന്നത് ഉത്തമമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച സുബ്രഹ്മണ്യ പഞ്ചരത്നം കേൾക്കാം:
അഭിഷേക ഫലങ്ങൾ
- ജലാഭിഷേകം : മന:ശാന്തിക്ക്
- മഞ്ഞളാഭിഷേകം : തിന്മ അകറ്റാൻ
- വാസനദ്രവ്യഭിഷേകം : ആയുസ്സിന്.
- ചന്ദനാഭിഷേകം : ധനത്തിന്
- പാലഭിഷേകം : ദീർഘായുസ്സിന്
- തൈരാഭിഷേകം : സന്താനലബ്ധിക്ക്
- ശർക്കരാഭിഷേകം : ശത്രുവിജയത്തിന്.
- എള്ളെണ്ണ അഭിഷേകം : ജീവിത സൗഖ്യത്തിന്.
പ്രധാന മുരുക സന്നിധികൾ
- പഴനി: പഴനി ആണ്ടവൻ സന്ന്യാസി ബാലന്റെ രൂപത്തിലാണ്. മൂന്നടിയോളം പൊക്കമുള്ള പ്രതിഷ്ഠയിൽ വലത് കൈയ്യിൽ ദണ്ഡ് ഉണ്ട്. കൗപീനമാണ് വേഷം. ആടയാഭരണങ്ങൾ, കിരീടം, വർണ്ണമാലകൾ എന്നിവയൊന്നും തന്നെ ഈ വിഗ്രഹത്തിലില്ല. പഴനിയിലെ പഞ്ചാമൃതം പ്രസിദ്ധമാണ്. മുണ്ഡിത ശിരസ്സുള്ള പഴനി മുരുകനെ ദർശിച്ചാൽ ആയുരാരോഗ്യമാണ് ഫലം.
- പയ്യന്നൂർ: പയ്യന്നൂരിലെ സുബ്രഹ്മണ്യ സ്വാമി രാജ ഭാവത്തിലാണ്. താരകാസുരനെ നിഗ്രഹിച്ച പെരുമാൾ
ഭാവത്തിലാണ് ഭഗവാൻ ഇവിടെ കുടികൊള്ളുന്നത്. ശത്രുസംഹാരത്തിനും ജീവിത വിജയത്തിനും പെരുമാൾ ദർശനം ഉത്തമമാകുന്നു. - ഹരിപ്പാട് : തന്ത്രസമുച്ചയപ്രകാരമുള്ള വർണ്ണനയ്ക്ക് യോജിച്ച തരത്തിലാണ് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ചതുർബാഹു പ്രതിഷ്ഠ. ഒരു കൈയ്യിൽ ചക്രായുധവും മറ്റേക്കെയ്യിൽ വേലുമുണ്ട്. ഇടതു കൈ താഴെ തുടയിൽ വിശ്രമിക്കുന്നു. ഹരിപ്പാട്ടെ ശ്രീമുരുകനെ പ്രാർത്ഥിച്ചാൽ ശിവന്റെയും മഹാവിഷ്ണുവിന്റെയും പ്രീതി ലഭിക്കും. അലങ്കാര പ്രിയനായ സുബ്രഹ്മണ്യ സ്വാമി
മന:സന്തോഷം നൽകും. - ഉദയനാപുരം: വൈക്കത്തപ്പന്റെ മടിയിലിക്കുന്ന സങ്കൽപ്പമാണ് ഉദയനാപുരത്തപ്പന്. പിതാവും പുത്രനും തമ്മിലുള്ള അഗാധവും ഊഷ്മളവും പവിത്രവുമായ ബന്ധത്തിന്റെ സത്തയാണ് ഇവിടെ കുടികൊള്ളുന്നത്. പിതൃ പുത്ര ബന്ധം ദൃഢമാകാൻ ഉദയനാപുരത്തപ്പൻ്റെ ദർശനം നേടുന്നത് ഉത്തമമാണ്.
- ഉള്ളൂർ, പന്മന : ഈ രണ്ട് സ്ഥലത്തും മുരുക ഭഗവാൻ ബാലസ്വരൂപത്തിലാണ് കുടി കൊള്ളുന്നത്. ഗുരുത്വവും ബുദ്ധിയും വർദ്ധിക്കാൻ ഈ ക്ഷേത്രങ്ങളിലെ ദർശനം ഉത്തമം.
- പെരളശ്ശേരി : നാഗാരാധനയ്ക്കാണ് ഇവിടെ പ്രാധാന്യം. സർപ്പദോഷങ്ങൾ അകലാൻ പെരളശ്ശേരി മുരുകനെ ദർശിച്ചാൽ മതി. ത്വക്ക് രോഗം മാറാരോഗം എന്നിവ മാറാൻ പെരളശ്ശേരി സ്വമിയെ ഭജിക്കുന്നത് നല്ലതാണ്.
- കിടങ്ങൂർ, കൊടുമ്പിൽ: കൊടുമ്പിലെ സ്വാമിയെ കണ്ടാൽ പഴനിയിൽ പോയതിന്റെ പാതി ഫലം ലഭിക്കും എന്നാണ് വിശ്വാസം.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559
Story Summary: Significance and Benefits Subramaniaya Worshipping for removing