Monday, 25 Nov 2024

സുബ്രഹ്മണ്യൻ, കാവടിയേന്തുന്ന ഭക്തർക്ക് അഭീഷ്ടസിദ്ധിയേകും

സുജാത പ്രകാശൻ, ജ്യോതിഷി

ശ്രീപാർവതിയുടെയും ശ്രീപരമേശ്വരന്റെയും പുത്രനായ സുബ്രഹ്മണ്യനാണ് ജ്യോതിഷം രചിച്ചതെന്ന് വിശ്വസിക്കുന്നു. കൊടിയടയാളം കോഴിയും വാഹനം മയിലുമാക്കിയ ശ്രീമുരുകന് കാവടി ഇഷ്ടപ്പെട്ട വഴിപാടാണ്. കാവടി സുബ്രഹ്മണ്യന്റെ പ്രധാന വഴിപാട് ആയതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.

ഒരിക്കൽ മഹാമുനിയായ അഗസ്ത്യൻ മഹാദേവനെ ദർശിക്കാൻ കൈലാസത്തിൽ എത്തി. മടങ്ങുമ്പോൾ അവിടെ നിന്നും രണ്ടു പർവതങ്ങൾ കുടി കൊണ്ടുവരാൻ ആഗ്രഹം ജനിച്ചു. ഇത് മനസിലാക്കിയ ശിവഭഗവാൻ രണ്ട് പർവതങ്ങൾ അഗസ്ത്യമുനിക്ക് സമ്മാനിച്ചു. ഹിഡുംബൻ എന്ന അസുരനായ അനുചരന്റെ തോളിൽ ഒരു ദണ്ഡിന്റെ രണ്ടറ്റങ്ങളിലായി മലകൾ എടുത്ത് തന്റെ ആശ്രമത്തിൽ എത്തിക്കാൻ പറഞ്ഞതിന് ശേഷം മുനി കൈലാസത്തിൽ നിന്നും മടങ്ങി. പഴനിക്ക് സമീപം എത്തിയപ്പോൾ ക്ഷീണിതനായ ഹിഡുംബൻ അല്പം വിശ്രമിക്കാൻ ഈ മലകൾ തോളിൽ നിന്നും താഴെ ഇറക്കി വച്ചു. എന്നാൽ ക്ഷീണം മാറിയ ശേഷം മലകൾ ഉയർത്താൻ ശ്രമിച്ചപ്പോൾ അതിന് സാധിച്ചില്ല. വിശ്വസിക്കാൻ കഴിയാതെ നിരാശനായി ചുറ്റം നോക്കിയപ്പോൾ ഹിഡുംബൻ കണ്ടത് വടിയും പിടിച്ച് നിൽക്കുന്ന ഒരു ബാലനെയാണ്. കൈലാസ പർവ്വതനിരയുടെ ഭാഗമായ ഹിമഗിരി എന്ന ഈ മല തന്റേതാണെന്ന് ബാലൻ വാദിക്കുകയും വാക്കുതർക്ക ശേഷമുണ്ടായ ഘോര യുദ്ധത്തിൽ ബാലൻ ഹിഡുംബനെ വധിക്കുകയും ചെയ്തു.

ദിവ്യദൃഷ്ടിയാൽ ബാലൻ സാക്ഷാൽ സുബ്രഹ്മണ്യൻ ആണെന്ന് മനസിലാക്കിയ അഗസ്ത്യമുനി ഉടൻ അവിടെ എത്തുകയും സുബ്രഹ്മണ്യനെ സ്തുതിച്ച് ക്ഷമയാചിക്കുകയും ചെയ്തു. മുനിയുടെ സ്തുതിയിൽ സംപ്രീതനായ സുബ്രഹ്മണ്യൻ ഹിഡുംബന് ജീവൻ നൽകി. പുനർജനിച്ച ഹിഡുംബൻ താൻ മലകൾ ചുമലിൽ ഏറ്റി വന്നതു പോലെ ഭഗവാനെ ദർശിക്കാൻ പൂജാദ്രവ്യങ്ങൾ കൊണ്ടുവരുന്ന ഭക്തരെ അനുഗ്രഹിക്കണം എന്നും തന്നെ ദ്വാരപാലകനാക്കണം എന്നും സുബ്രഹ്മണ്യനോട് അപേക്ഷിച്ചു. അങ്ങനെയാണ് മുരുക ഭക്തർ കാവടി എടുത്തു തുടങ്ങിയതെന്നാണ് വിശ്വാസം. കാവടിയിൽ ചുമക്കുന്ന ദ്രവ്യങ്ങൾ അനുസരിച്ച് വിവിധ കാവടികൾ ഉണ്ട്. താരകാസുരനെ നിഗ്രഹിച്ച് സുബ്രഹ്മണ്യന്‍ വിജയം വരിച്ച മകരമാസത്തിലെ പൂയം നാളിൽ ലക്ഷക്കണക്കിന് ഭക്തരാണ് വ്രതം നോറ്റ് കാവടിയേന്തി ഭഗവാനെ വണങ്ങാൻ എല്ലാ മുരുക ക്ഷേത്രങ്ങളിലും എത്തുന്നത്. തൈപ്പൂയ നാളിൽ ഭസ്മക്കാവടി, പാൽക്കാവടി, പീലിക്കാവടി, പൂക്കാവടി, അന്നക്കാവടി, കളഭക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിങ്ങനെ പല തരത്തിലുള്ള കാവടികൾ ഭക്തർ സമർപ്പിക്കുന്നു. പഞ്ചാമൃതം, പാൽ എന്നിവയാണ് മുരുകന്റെ പ്രധാന നിവേദ്യങ്ങൾ. ഭസ്മാഭിഷേകവും നാരങ്ങാമാല സമർപ്പണവും ഭഗവാന് പ്രിയങ്കരമാണ്.


സുബ്രഹ്മണ്യ പ്രീതിക്ക് ഭക്ത ജനങ്ങളെ സഹായിക്കുന്ന ധാരാളം മന്ത്രങ്ങളുണ്ട്. ഓം വചത്ഭുവേ നമ: എന്നതാണ് മൂലമന്ത്രം. ക്ഷേത്ര ദർശനേ വേളയിൽ ഇത് കുറഞ്ഞത് 2 തവണ ജപിക്കണം. ഏതൊരു സുബ്രഹ്മണ്യ മന്ത്രവും 21 തവണ ജപിക്കുന്നതാണ് ഉത്തമം. ഓം ശരവണ ഭവ: എന്ന മന്ത്രം സുബ്രഹ്മണ്യരായം എന്ന് അറിയപ്പെടുന്നു. നമ്മെ അജ്ഞാനാന്ധകാരത്തിൽ നിന്നും മോചിപ്പിക്കുന്ന ദിവ്യ മന്ത്രമാണിത്. ഈ മന്ത്രം പതിവായി ജപിക്കുന്നവരുടെ ജീവിതത്തിൽ ജ്ഞാനമാകുന്ന പ്രകാശം നിറയും. എന്നും സുബ്രഹ്മണ്യ ഗായത്രി ഭക്തിയോടെ ജപിച്ചാൽ ചൊവ്വാ ഗ്രഹദോഷങ്ങൾ നീങ്ങും. അതി രാവിലെ കുളിച്ച് ശരീര ശുദ്ധി വരുത്തി വേണം ഗായത്രി മന്ത്ര ജപം.

സുബ്രമണ്യ സ്‌തോത്രം
ഷഡാനനം ചന്ദന ലേപിതാംഗം
മഹാദ്ഭുതം ദിവ്യ മയൂര വാഹനം രുദ്രസ്യ സൂനും സുരസൈന്യനാഥം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ

സുബ്രഹ്മണ്യ ഗായത്രി
സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ തന്വോ സ്കന്ദ: പ്രചോദയാത്

സുജാത പ്രകാശൻ, ജ്യോതിഷി ,
+91 9995960923
(എടക്കാട് റോഡ്, പി ഒ കാടാച്ചിറ, കണ്ണൂർ – 670621 email: sp3263975@gmail.com )

Story Summary: Significance and Myth of the kavadi that Hindu devotees carry for the Thaipusam procession


error: Content is protected !!
Exit mobile version