Saturday, 23 Nov 2024

സുബ്രഹ്മണ്യ ധ്യാനവും ഗായത്രിയും
പതിവായി ജപിച്ചാൽ സർവാനുഗ്രഹം

ജോതിഷരത്നം വേണുമഹാദേവ്
അത്ഭുതകരമായ സിദ്ധിയുള്ള സുബ്രഹ്മണ്യമന്ത്രങ്ങൾ ജപിക്കുന്നത് ഇഷ്ടകാര്യസിദ്ധിക്ക് ഗുണകരമാണ്. ഭക്തിപൂർവ്വം വിളിച്ചാൽ അതിവേഗം പ്രസാദിക്കുന്ന മൂർത്തിയാണ് സുബ്രഹ്മണ്യസ്വാമി. ദുരിതം അകറ്റാനും എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കുന്നതിനും സുബ്രഹ്മണ്യഭജനം അത്യാവശ്യമാണ്. സുബ്രഹ്മണ്യ ഭഗവാന്റെ ധ്യാനരൂപം നിത്യേന രാവിലെയും വൈകിട്ടും സങ്കല്പിച്ചാൽ ജീവിതദുഃഖനിവാരണവും, കാര്യസിദ്ധിയും, അതിലുപരിയായി മന:ശാന്തിയും ലഭിക്കും. തിളങ്ങുന്ന കിരീടവും കാതിലോലയും കൊണ്ട് അലങ്കരിക്കപ്പെട്ട് കഴുത്തിൽ ചമ്പകമാല അണിഞ്ഞവനും, കൈകളിൽ വേലും വജ്രായുധവും ധരിച്ചവനും ഇടതുകൈ അരയിൽ ചേർത്ത് വലതുകൈയിൽ വരദമുദ്ര ധരിച്ചവനും, കുങ്കുമം പോലെ ചുവന്ന നിറത്തോടു കൂടിയവനും, മഞ്ഞ പട്ടുടുത്തവനുമായ രൂപത്തിലുമുള്ള ഭഗവാനെയാണ് ധ്യാനിക്കേണ്ടത്.
സുബ്രഹ്മണ്യ ധ്യാനം
സ്ഫുരന്മകുടപത്രകുണ്ഡലവിഭൂഷിതം ചമ്പക–
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവീം
ദധാനമഥവാ കടീകലിതവാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം

സുബ്രഹ്മണ്യ ഗായത്രി
മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ക്കും, ഒരു ജാതകത്തില്‍ ചൊവ്വ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം, രണ്ട്, ഏഴ്, എട്ട് എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും സുബ്രഹ്മണ്യ ഗായത്രി സ്ഥിരമായി ജപിക്കാം. രാഹു ദശയില്‍ ചൊവ്വയുടെ അപഹാരകാലം അതായത് രാഹു ദശയുടെ അവസാനകാലം അഥവാ ദശാസന്ധിക്കാലം ഉള്ളവര്‍ സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് അതീവ ഗുണപ്രദം ആയിരിക്കും. സന്താനങ്ങളുടെ ഇഷ്ടം ലഭിക്കാനായും അവരുടെ ഉയര്‍ച്ചയ്ക്കായും സുബ്രഹ്മണ്യ ഗായത്രി ജപിക്കാം. വളരെയധികം ശക്തിയുള്ളതാണ് ബ്രഹ്മണ്യ ഗായത്രി. ഇത് 36 വീതം രണ്ട് നേരം ജപിക്കണം. നിത്യേന ജപിക്കാം. മനോദുഃഖമകലാനും, അതിശക്തമായ മുൻജന്മദോഷങ്ങളും പാപദോഷങ്ങളും മാറുന്നതിനും ഇത് ഫലപ്രദമാണ്.
സുബ്രഹ്മണ്യ ഗായത്രി
സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചദ്ഭുവേ നമഃ
സുബ്രഹ്മണ്യ രായം
ഓം ശരവണ ഭവ:
സുബ്രഹ്മണ്യ മന്ത്രങ്ങൾ ഒരു ചൊവ്വാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ചൊവ്വയുടെ കാലഹോരയില്‍ ജപിച്ചുതുടങ്ങണം. പൊതുവേ സുബ്രഹ്മണ്യമന്ത്രങ്ങളും മറ്റ് ജപങ്ങളും 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. അതില്‍ സുബ്രഹ്മണ്യ രായം എന്നാണോ 21,000 സംഖ്യ പൂര്‍ത്തിയാകുന്നത്, അന്നുമുതല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍റെ അനുഗ്രഹം ലഭിച്ചുതുടങ്ങുമെന്ന് അനുഭവസാക്ഷ്യം.

ജോതിഷരത്നം വേണുമഹാദേവ്

+91 9847475559

Story Summary: Significance of Powerful Subramaniya Dhayanam, Moola Mantram, Gayatri and Subramaniya Rayam


error: Content is protected !!
Exit mobile version