Friday, 22 Nov 2024

സുബ്രഹ്മണ്യ സ്വാമിക്ക് 6 അതിവിശേഷം; ഭജിക്കാൻ 6 ദിവസം; ജപിക്കാൻ 6 മന്ത്രം

മംഗള ഗൗരി

ആറ് എന്ന സംഖ്യ സുബ്രഹ്മണ്യ ഭഗവാന് വളരെയധികം പ്രധാനമാണ്. ആറുമുഖത്തോടെ ജനിച്ചതിനാലാണ് സ്വാമി അറുമുഖനായത്. ആറു കൃത്തികകളുടെ വളർത്തു പുത്രനാകയാൽ കാർത്തികേയനായി. സർപ്പരൂപം പൂണ്ട് ആരോടും മിണ്ടാതെ തപസ്സിനു പോയ പുത്രനെ ഷഷ്ഠി വ്രതം നോറ്റ് പാർവ്വതി കണ്ടെത്തിയതോടെ ഷഷ്ഠി വ്രതം മഹത്തായ വ്രതമായി.

സന്താനഭാഗ്യം, ദാമ്പത്യഭദ്രത, രോഗശാന്തി, ശത്രുനാശം, എന്നിവയ്ക്ക് സുബ്രഹ്മണ്യനെ ആരാധിക്കുന്നതിന്
ആറു ദിവസങ്ങൾ അത്യുത്തമമാണെന്ന് ആചാര്യന്മാർ കല്പിച്ചു. ഇതിൽ എല്ലാ മാസത്തിലെയും വെളുത്തപക്ഷ ഷഷ്ഠിയാണ് പരമപ്രധാനം. അതു കഴിഞ്ഞ് കാര്‍ത്തിക, വിശാഖം, പൂയം എന്നീ നക്ഷത്രങ്ങൾ ചൊവ്വ, വെള്ളി ദിവസങ്ങൾ ഇവയാണ് സുബ്രഹ്മണ്യസ്വാമിയെ ഭജിക്കാൻ ഏറ്റവും ഉത്തമം.

അതിവേഗം അനുഗ്രഹം ചൊരിയുന്ന മുർത്തിയാണ് വേലായുധൻ. പാപഗ്രഹമായ ചൊവ്വ കാരണമുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാക്കാൻ ആരാധിക്കേണ്ടത് ഭഗവാനെയാണ്. ദാമ്പത്യബന്ധത്തിലെ താളപ്പിഴകളും അകൽച്ചകളും പരിഹരിക്കാനും സ്വാമിയെ ഭജിച്ചാൽ മതി. സന്താനഭാഗ്യം ആഗ്രഹിക്കുന്നവരും ശത്രുക്കൾ കാരണം പൊറുതി മുട്ടിയവരും സുബ്രഹ്മണ്യനെ അഭയം പ്രാപിക്കണം. സുബ്രഹ്മണ്യനെ ഭജിക്കുമ്പോൾ ഓരോ ആവശ്യത്തിനും ഒരോ ദിവസമാണ് ഫലപ്രദം. അതായത് സന്താനഭാഗ്യം, ദാമ്പത്യക്ഷേമം, ശത്രുനാശം, മുതലായവ സാധിക്കാൻ വെള്ളിയാഴ്ചയും രോഗശാന്തി, ചൊവ്വാ ദോഷമുക്തി, മംഗല്യ തടസ മോചനം എന്നിവയ്ക്ക് ചൊവ്വാഴ്ചയും ആരാധിക്കുന്നത് ശ്രേഷ്ഠം. സുബ്രഹ്മണ്യ ഉപാസനയ്ക്ക് ഭഗവാന്റെ മൂല മന്ത്രമായ ഓം വചത്ഭുവേ നമഃ, ഓം ശരവണ ഭവഃ , ഓം ഷൺമുഖായ നമഃ എന്നിവ കഴിയുന്നത്ര തവണ ജപിക്കണം.

സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ഇനി പറയുന്ന ആറു മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം.

ഓം ശരവണഭവായ നമഃ
ഓം വചത്ഭുവേ നമഃ
ഓം സ്കന്ദായ നമഃ
ഓം മുരുകായ നമഃ
ഓം സുബ്രഹ്മണ്യായ നമഃ
ഓം ഷൺമുഖായ നമഃ

ഷഷ്ഠിവ്രതം അനുഷ്ഠിച്ചാല്‍ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹത്തിന് പുറമെ ശിവപാര്‍വ്വതിമാരുടെയും കടാക്ഷം സിദ്ധിക്കും. അഭിഷേകപ്രിയനാണ് ഭഗവാൻ പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം എന്നിവകൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തുന്നത്. പഴം, കല്‍ക്കണ്ടം, നെയ്യ്, ശര്‍ക്കര, മുന്തിരി ഇവ ചേർത്ത് ഒരുക്കുന്ന വിശിഷ്ടമായ പഞ്ചാമൃതമാണ് പ്രിയങ്കരമായ നിവേദ്യം. ഈ 5 വസ്തുക്കള്‍ പഞ്ചഭൂത തത്ത്വങ്ങളുടെ പ്രതീകമാണ്. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതാഭിഷേക ഫലം. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖം, പാല്‍, നെയ്, ഇളനീര്‍ എന്നിവ കൊണ്ട് അഭിഷേകം നടത്തിയാല്‍ ശരീരസുഖം, എണ്ണ കൊണ്ട് അഭിഷേകം നടത്തിയാല്‍ രോഗനാശം, ഭസ്മം കൊണ്ടായാൽ പാപനാശം, തൈര് കൊണ്ട് നടത്തിയാല്‍ സന്താനലാഭം എന്നിവ ഫലം. അഗ്‌നിസ്വരൂപനാണ് കുജന്‍. അതുകൊണ്ട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപം തെളിക്കുന്നതും എണ്ണസമര്‍പ്പിക്കുന്നതും നെയ്‌വിളക്ക് നടത്തുന്നതും മികച്ച കുജദോഷ പരിഹാര മാര്‍ഗ്ഗങ്ങളാണ്.

Story Summary: Significance and Benefits of worshipping Subramaniaya Swami

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version