സൂര്യഗ്രഹണം ഞായറാഴ്ച; ഈ നക്ഷത്രക്കാർ ശിവനെ ഭജിക്കുക
2020 ജൂൺ 21 ന് , 1195 മിഥുനം 7 ന് ഞായറാഴ്ച സംഭവിക്കുന്ന സൂര്യഗ്രഹണം കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, കന്നിക്കൂറിലെ ഉത്രം, അത്തം, ചിത്തിര, ചോതി, തുലാക്കൂറിലെ വിശാഖം, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, കുംഭക്കൂറിലെ പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ശുഭകരമല്ല. ഈ നക്ഷത്രക്കാർ ഗ്രഹണ സമയത്തിന് മുമ്പ് കുളിച്ച് ഭസ്മം ധരിച്ച് ഓം നമ:ശിവായ മന്ത്രം ഗ്രഹണം കഴിയുന്നതുവരെ ജപിക്കുകയും, ദോഷശാന്തിക്ക്
ശിവ, ആദിത്യഭജനം പതിവാക്കുകയും ഈ വർഷം തന്നെ മൃത്യുഞ്ജയ ഹോമവും അന്നദാനവും നടത്തുകയും വേണം. ഞായറാഴ്ച പകൽ 10: 04 ന് ഗ്രഹണം ആരംഭിച്ച് 1:22 ന് ഗ്രഹണ മോചനം സംഭവിക്കുന്നു. മകയിരം, തിരുവാതിര നക്ഷത്രങ്ങളിലാണ് രാഹുഗ്രസ്തത്താൽ ഗ്രഹണം സംഭവിക്കുന്നത്.
ഈ സൂര്യഗ്രഹണം മിഥുനം രാശിയിലായതിനാൽ പ്രശസ്തരായ സ്ത്രീകൾക്കും ഭരണാധികാരികൾക്കും കായിക രംഗത്തും കലാരംഗത്തും തിളങ്ങുന്നവർക്കും ആപത്തുകളും, ജീവഹാനിയുമുണ്ടാക്കാം. കേരളം, പഞ്ചാബ്, രാജസ്ഥാൻ, ശ്രീലങ്ക, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പ്രകൃതിക്ഷോഭം, പതിവിലും കൂടുതൽ ജീവഹാനി, അഗ്നിഭയം, സ്ഫോടനം എന്നിവ സംഭവിക്കാമെന്നതിനാൽ ജാഗ്രത പുലർത്തണം.
ഗ്രഹണത്തിന് വടക്ക് കിഴക്ക് ഭാഗത്താണ് ഗ്രഹണമോചനം ഉണ്ടാകുന്നത്. അതിനാൽ ഇതിനെ “വാമഹനുഭേദം” എന്ന് പറയും. മുഖരോഗം, ആയുധഭയം, ഭരണാധികാരികളുടെ മക്കൾക്ക് ഭയവും അപവാദങ്ങളും ആപത്തുകളും സംഭവിക്കാതെ നോക്കണം. നൃപകുമാര ഭയദായി… എന്നാണ് ഫലം കാണുന്നത്.
2019 ഡിസമ്പർ 26 ന് ,1195 ധനു 10 നായിരുന്നു കഴിഞ്ഞ സൂര്യഗ്രഹണം കേതുഗ്രസ്തത്താൽ ഉണ്ടായത്. ആ ഗ്രഹണം മൂലം നക്ഷത്രത്തിൽ സംഭവിച്ചത് ദോഷകരമായിരുന്നു. ഗ്രഹണലക്ഷണങ്ങളും വളരെ ദോഷകരമായിരുന്നു. അതിനൊപ്പം കാളസർപ്പയോഗം, വസുന്ധരായോഗം തുടങ്ങിയ ഏറ്റവും ദോഷകരമായ യോഗങ്ങളുമുണ്ടായിരുന്നു. അതേത്തുടർന്നാണ് ലോകത്ത് മഹാമാരിയും ലക്ഷക്കണക്കിന് മരണങ്ങളും ദുർഭിക്ഷതയും മരണഭീതിയും സംഭവിച്ചത്. പ്രസ്തുത ഭീതിയും മഹാമാരിയും ഭയാനകമായിത്തന്നെ നിലനിൽക്കുന്ന അവസരത്തിലാണ് വീണ്ടും ഒരു സൂര്യഗ്രഹണം സംഭവിക്കുന്നത്. ആഗസ്റ്റ് മാസം ഒന്നിനാണ് മിഥുനം രാശിയിൽ നിന്ന് ബുധൻ കർക്കടകത്തിലേക്ക് പകരുന്നത്. അതുവരെ ഈ മഹാമാരി ലോകത്തെ വേട്ടയാടും. ബുധന്റെ കർക്കടക പകർച്ചയോടെ കാളസർപ്പയോഗം അവസാനിക്കും. അപ്പോൾ ഈ മഹാമാരിയെ ചെറുക്കാൻ ഫലപ്രദമായ ചികിത്സകൾ കണ്ടെത്തും എന്ന ശുഭപ്രതീക്ഷ പുലർത്താം.
ജ്യോതിഷരത്നം വേണു മഹാദേവ്
91 9847475559