Friday, 5 Jul 2024

സൂര്യഗ്രഹണദോഷം ജനുവരി 15 വരെ മാത്രം

2019 ഡിസംബർ 26 വ്യാഴാഴ്ച നടക്കുന്ന സൂര്യഗ്രഹണത്തിന്റെ ദോഷങ്ങൾ സൂര്യൻ മകരം രാശിയിലേക്ക് മാറുന്ന 2020 ജനുവരി 15 കഴിഞ്ഞാൽ  പൂർണ്ണമായും നീങ്ങുന്നതായിരിക്കും. അതായത് 
സൂര്യഗ്രഹണ ദോഷം ബാധിക്കുന്ന നക്ഷത്രക്കാർ ഈ ധനുമാസം മുഴുവനും  പ്രത്യേക പ്രാർത്ഥന, വഴിപാടുകൾ എന്നിവ മുടങ്ങാതെ ചെയ്യണം എന്ന് സാരം.

ഇവർക്ക് ദോഷകരം

ഈ സൂര്യഗ്രഹണം ഇനി പറയുന്ന കുറുകാർക്ക് ദോഷകരമാണ്:

(1) ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം)

(2) മകരക്കൂറ് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

(3) മീനക്കൂറ് (പൂരുരുട്ടാതി നാലാംപാദം, ഉത്തൃട്ടാതി, രേവതി)

(4)മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ഒന്നാംപാദം)

(5)മിഥുനക്കൂറ് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

(6)കർക്കടകക്കൂറ് (പുണർതം നാലാംപാദം, പൂയം, ആയില്യം)

(7)ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാംപാദം)

(8)വൃശ്ചികക്കൂറ് (വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട)

ഈ എട്ട് കൂറുകാർക്ക് സൂര്യഗ്രഹണത്താൽ ധനനാശം, അനാവശ്യമായ സഞ്ചാരം, രോഗാദിക്ലേശങ്ങൾ, വഴക്ക്, ചതി, കടം, കുടുംബപ്രശ്നങ്ങൾ, ശത്രുശല്യം, അപമാനം, സ്‌ഥാനഭ്രംശം എന്നിവയുണ്ടാകാം.  ഗ്രഹണം നടക്കുന്നത് ധനുക്കൂറിൽ ആകയാൽ മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം എന്നിവർക്ക് ദോഷം കൂടുതലായി അനുഭപ്പെടും. ദോഷപരിഹാരമായി സൂര്യഗ്രഹണം ആരംഭിക്കുന്ന ദിവസം പുലർച്ചെ മുതൽ ആദിത്യഹൃദയം, , ശിവാഷ്ടോത്തരം, മൃത്യുഞ്ജയ മന്ത്രം തുടങ്ങിയവ ജപിക്കാം. 

ഇവർക്ക്  ഗുണകരം

ഈ സൂര്യഗ്രഹണം ഇനി പറയുന്ന നാല് കൂറുകാർക്ക്  ഗുണകരമാണ്:
1) കുംഭക്കൂറ് (അവിട്ടം  3,4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1,2,3 പാദങ്ങൾ)

2) ഇടവക്കൂറ് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)

3) കന്നിക്കൂറ് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

4) തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

മുകളിൽ വിവരിച്ച കൂറുകാർക്ക്ഈ സൂര്യഗ്രഹണം ശുഭഫലങ്ങൾ നൽകും. സ്‌ഥാനമാനലാഭം, ധനപരമായ സന്തോഷവാർത്തകൾ, ശത്രുനാശം, ആരോഗ്യം, തൊഴിൽവിജയം, സജ്ജന സംസർഗ്ഗം, കുടുംബസുഖം എന്നിവയ്ക്ക് യോഗമുണ്ടാകും. ഈ കുറുകളിൽ ജനിച്ചവർ പ്രത്യേകിച്ച് ഗ്രഹണ ദോഷ പരിഹാരകർമ്മങ്ങൾ ചെയ്യേണ്ടതില്ല. എന്നാലും ഈ നക്ഷത്രജാതർ സൂര്യഗ്രഹണദിവസം പ്രഭാതം മുതൽ മദ്ധ്യാഹ്നം വരെ ഇഷ്ടമന്ത്രങ്ങൾ ജപിക്കുന്നത് അത്യുത്തമം ആയിരിക്കും. ഈ ധനുമാസം കഴിഞ്ഞാൽ ഈ സൂര്യഗ്രഹണത്തിന്റെ ഫലദോഷങ്ങൾ പൂർണ്ണമായും അവസാനിക്കും.

ഗ്രഹണം മൂന്ന്‍ തരം

1) വലയം/മോതിരാകൃതി/വര്‍ത്തുളം: അതായത് ഒരു വലിയ നാണയത്തിന്‍റെ മുകളില്‍ ചെറിയ നാണയം വെച്ച് അത്രയും ഭാഗം മുറിച്ചുനീക്കിയാല്‍ ലഭിക്കുന്ന ബാക്കി ഭാഗം

2) പരിപൂര്‍ണ്ണം: ഒരു ചെറിയ നാണയത്തിന്‍റെ മുകളില്‍ വലിയൊരു നാണയം വെയ്ക്കുന്ന പ്രതീതി

3) ഭാഗികം: ഒരു നാണയത്തിന്‍റെ ഏതെങ്കിലുമൊരു വശത്തുകൂടി മറ്റൊരു നാണയം ചലിപ്പിച്ചാല്‍ ലഭിക്കുന്ന പ്രതീതി
ഈ വ്യാഴാഴ്ച നടക്കുന്ന സൂര്യഗ്രഹണം വര്‍ത്തുളം/മോതിരാകൃതി/വലയം ആകുന്നു. അതായത്, സൂര്യന്‍റെ ഉള്ളിലായി ചന്ദ്രഗ്രഹം കുറച്ചുസമയം സ്‌ഥിതിചെയ്യുമെന്ന് സാരം. 

പ്രത്യേകം ശ്രദ്ധിക്കുക

വലയ രീതിയിലുള്ള സൂര്യഗ്രഹണം കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രമേ ഇത്തവണ  ദൃശ്യമാകൂ. കേരളത്തിന്റെ ബാക്കി ഭാഗങ്ങളിൽ ഈ സൂര്യഗ്രഹണം ഭാഗികമായിരിക്കും. ഭാഗികം എന്നാൽ ഒരു നാണയത്തിന്‍റെ ഏതെങ്കിലുമൊരു വശത്തുകൂടി മറ്റൊരു നാണയം ചലിപ്പിച്ചാല്‍ കാണുന്ന പ്രതീതി. ഈ വ്യാഴാഴ്ചത്തെ സൂര്യഗ്രഹണം ആദ്യമായി സംഭവിക്കുന്നത് (ഗണനം: കൊല്ലം ജില്ല) രാവിലെ 8 മണി 6.37 സെക്കന്റിനാണ്. സൂര്യഗ്രഹണം പൂർണ്ണതയിലെത്തുന്നത് രാവിലെ 9 മണി 29.32  സെക്കന്റിനാണ്. അവസാനം പകൽ 11 മണി 4.09 സെക്കന്റിനും ആകുന്നു.നമുക്ക് ദൃശ്യമാകുന്ന സൂര്യഗ്രഹണം രാവിലെ 9 മണി 24 സെക്കന്‍റ്  മുതൽ 9 മണി 27.04  സെക്കന്‍റ് വരെയായിരിക്കും.ഗ്രഹണത്തിന്‍റെ മൂന്ന്‍ ദിവസം മുമ്പും മൂന്ന്‍ ദിവസം ശേഷവും ശുഭകര്‍മ്മങ്ങള്‍ പാടില്ലെന്നാണ് ആചാര്യമതം.

ഗ്രഹണദോഷം ബാധിക്കാത്ത ക്ഷേത്രങ്ങൾ

1) തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

2) ആലപ്പുഴ ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ബാക്കി എല്ലാ ക്ഷേത്രങ്ങളും ബിംബങ്ങൾക്ക് കൂർച്ചം കെട്ടിയശേഷം ഡിസംബർ 26 വ്യാഴാഴ്ച രാവിലെ 7.30 മുതൽ 11.30 വരെ അടച്ചിടും. ശേഷം നടതുറന്ന് അഭിഷേകം ചെയ്ത് മലർനിവേദ്യം നൽകും. 

എന്നാണ് അടുത്ത സൂര്യഗ്രഹണം?

അടുത്ത സൂര്യഗ്രഹണം (ഗണനം: കൊല്ലം ജില്ല) 25-10-2022 ഒക്ടോബർ 25 ന്  (1198 തുലാം 08) ചോതി നക്ഷത്രത്തിലായിരിക്കും. അതും ഭാഗികമായ സൂര്യഗ്രഹണം തന്നെയാണ്.

– അനിൽ വെളിച്ചപ്പാടൻ,  ഉത്തര ജ്യോതിഷ ഗവേഷണ കേന്ദ്രം,  കരുനാഗപ്പള്ളി.  + 91 9497 134 134
www.uthara.in

error: Content is protected !!
Exit mobile version