Sunday, 6 Oct 2024

സെപ്തംബർ 23 ലെ രാഹു കേതു മാറ്റം ബാധിക്കുക ഏതെല്ലാം നക്ഷത്രജാതരെ ?

ജ്യോതിഷരത്നം വേണു മഹാദേവ്

ഏതൊരാളെയും ഏറ്റവും പ്രതികൂലമായി ബാധിക്കാവുന്ന പാപഗ്രഹങ്ങളായ രാഹുവും കേതുവും 2020 സെപ്തംബർ 23 ന് രാശി മാറുന്നു. രാഹു ചാര വശാൽ മിഥുനത്തിൽ നിന്ന് ഇടവം രാശിയിലേക്കും കേതു ധനുരാശിയിൽ നിന്ന് വൃശ്ചികത്തിലേക്കും ആണ് സംക്രമിക്കുന്നത്. നവഗ്രഹങ്ങളിൽ ശനി പോലും രാഹുവിന്റെയും കേതുവിന്റെയും അത്ര ദോഷം ചെയ്യില്ല. ഗ്രഹനില പ്രകാരം എന്തൊക്കെ യോഗങ്ങളും ഭാഗ്യങ്ങളും ഉണ്ടായാലും അവ നിർവീര്യമാക്കി അനുഭവയോഗം ഇല്ലാതാക്കാൻ തമോഗ്രഹങ്ങളായ രാഹുവിനും കേതുവിനും കഴിയും. 3, 6, 11 സ്ഥാനങ്ങൾ ഒഴികെ എല്ലാ ഭാവങ്ങളും ചാരവശാൽ രാഹുകേതുക്കൾക്ക് അനിഷ്ടമാണ്.

അതിനാൽ കർക്കടകം, ധനു, മീനം രാശിക്കാതെ ഇപ്പോഴത്തെ രാഹു മാറ്റം ദോഷകരമായി ബാധിക്കില്ല. പുണർതം അന്ത്യപാദം, പൂയം, ആയില്യം, മൂലം, പൂരാടം, ഉത്രാടം 1,2 പാദങ്ങൾ, പുരൂരുട്ടാതി അന്ത്യപാദം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് ഒന്നര വർഷത്തേക്ക് ചാരവശാൽ രാഹുദോഷമില്ല. മറ്റെല്ലാ കൂറുകാർക്കും അതായത് മേടം, ഇടവം, മിഥുനം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, മകരം, കുംഭം കൂറുകാർക്ക് രാഹുദോഷമുണ്ട്. അവരെല്ലാം പരിഹാരം ചെയ്യണം.

മിഥുനം, കന്നി, മകരം രാശിക്കാർക്കാണ് ഇപ്പോഴത്തെ മാറ്റം കാരണം കേതുദോഷം ഇല്ലാത്തത്. മകയിരം 3,4 പാദം, തിരുവാതിര, പുണർതം 1, 2, 3 പാദം, ഉത്രം 2, 3, 4, പാദം , അത്തം, ചിത്തിര 1, 2 പാദം, ഉത്രാടം 2, 3, 4 പാദം, തിരുവോണം, അവിട്ടം 1,2 പാദം എന്നീ നക്ഷത്രക്കാരെയാണ് ഒന്നര വർഷം കേതു ദോഷം ബാധിക്കാത്തത്. മറ്റെല്ലാ കൂറുകാർക്കും അതായത് മേടം, ഇടവം, കർക്കടകം, ചിങ്ങം, തുലാം, വൃശ്ചികം, ധനു, കുംഭം, മീനം കൂറുകാർക്ക് കേതു ദോഷമുണ്ട്. അവർ പരിഹാരം ചെയ്യണം.

ദോഷങ്ങൾ എങ്ങനെ ബാധിക്കും?

രാഹു – കേതുക്കൾ ധൂമ്ര ഗ്രഹങ്ങളാകയാൽ അവ ഭാവത്തെയും അവയുമായി ബന്ധം വരുന്ന ഗ്രഹങ്ങളെയും കൊണ്ടുള്ള ഗുണങ്ങൾ ഇല്ലാതാക്കും. ഉദാഹരണത്തിന് രണ്ടാം ഭാവ ബന്ധം വന്നാൽ ധനം, പഠനം, കുടുംബം ഇവയിൽ തടസ്സം വരുത്തും. രാഹു ദോഷം പ്രധാനമായും ദു:ശീലങ്ങൾ, ത്വക് രോഗം, അലർജി, ഞരമ്പ് സംബന്ധമായ രോഗങ്ങൾ, മാനസിക പ്രശ്നങ്ങൾ, വിവാഹ തടസം, ജോലിയിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ, പ്രണയ ഭംഗം , രഹസ്യബന്ധങ്ങൾ, ബിസിനസിൽ പ്രതിസന്ധി ഇവ സൃഷ്ടിക്കാം.

കേതു ദോഷമാണ് കഠിനം. എല്ലാ കാര്യങ്ങൾക്കും തടസം, മുറിവ്, ചതവ്, ശസ്ത്രക്രിയ, കച്ചവടത്തിൽ പരാജയം, ധനനഷ്ടം തുടങ്ങിയവക്ക് സാദ്ധ്യത. വിവാഹം, പ്രണയം, പഠനം, സ്വപ്ന പദ്ധതികൾ ഇവ പകുതിയിൽ മുടക്കം വരികയും ഫലം. ജാതക പ്രകാരം രാഹു – കേതു ദശകളോ മറ്റ് ദശകളിൽ രാഹു – കേതു അപഹാരമോ നടക്കുകയാണെങ്കിൽ ദോഷഫലം ഇരട്ടിക്കാം.

പരിഹാരങ്ങൾ

രാഹുദോഷമുള്ളവർ നക്ഷത്ര ദിവസം സർപ്പം
പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ അഭിഷേകം, നൂറുംപാലും, നാഗരൂട്ട് ഇവ നടത്തണം. കവുങ്ങിൻ പൂക്കുല ചാർത്തിച്ച് മഞ്ഞൾ തൂവിക്കുന്നതും പുള്ളുനെകൊണ്ട് പാടിക്കുന്നതും ഗുണകരമാണ്. ഇത്തവണ രാഹു കേതു സംക്രമം യുഗ്മ(സ്ത്രീ) രാശിയിലാകയാൽ നാഗരാജ്ഞി,നാഗയക്ഷി നാഗചാമുണ്ഡി എന്നീ ദേവതമാരെക്കൂടി
പ്രീതിപ്പെടുത്തണം. കേതു യുഗ്മരാശിയിലാകയാൽ ചാമുണ്ഡിപ്രീതി, ഗണപതി ഹോമം, ഇവയും
ഗുണകരമാകും.

ജപമന്ത്രങ്ങൾ, വ്രതം

ദശമഹാവിദ്യയിൽ ഛിന്നമസ്ത രാഹുവിനെയും , ധൂമാവതി കേതുവിനെയും പ്രതിനിധീകരിക്കുന്നു. ഇവരുടെ യന്ത്ര ധാരണം, മന്ത്രജപം ദോഷശാന്തി നൽകും .

ഗരുഢയന്ത്ര ധാരണം, ഗരുഢപഞ്ചാക്ഷരിജപം.
മനസാ ദേവി മന്ത്രജപം

ഓം ഐം ശ്രീം ഹ്രീം മനസ്സാ ദേവ്യേ നമ: എന്ന നാഗ മാതാ മന്ത്രം 108 ഉരു ജപം.

കേതു ദോഷം നന്നായിട്ടുള്ളവർ ഗണപതി സ്തുതി, ഗണേശ കവചം, പിള്ളയാർ ഗണപതി മന്ത്രം, നവാക്ഷരി മന്ത്രം ഇവ ജപിക്കുന്നതും പഞ്ചാക്ഷര ഗണപതി യന്ത്രം ധരിക്കുന്നതും ക്ഷിപ്രഫലം നൽകും.

ചാമുണ്ഡി ക്ഷേത്ര ദർശനം നടത്തി കുടുംബ ഗുരുസി നടത്തുക, ചണ്ഡികാ യന്ത്ര ധാരണം ഇവ കടുത്ത കേതു ദോഷത്തെ പ്രതിരോധിക്കും.

ചെമ്മനാട്, വെള്ളാമശ്ശേരി തുടങ്ങിയ ഗരുഢ ക്ഷേത്ര ദർശനം.

അനന്തൻകാട് നാഗരാജ ക്ഷേത്രത്തിൽ അഷ്ടനാഗ പൂജ നടത്തുക.

നവനാഗസ്തുതി, ആർത്തിമാൻ മന്ത്രം, സുനീഥി മന്ത്രം തുടങ്ങി സർപ്പദോഷ നിവാരണ മന്ത്രജപം

ഇതൊക്കെ ആചരിക്കുമ്പോഴും ഒരു ഉത്തമ ജ്യോതിഷനെ കൊണ്ട് ഗ്രഹനില പരിശോധിപ്പിച്ച് രാഹു – കേതു സ്ഥിതി, നിലവിൽ ചാരവശാലുള്ള അവസ്ഥ, ദശാപഹാരാദി ഗുണദോഷം ഇവ കൂടി തിരിച്ചറിഞ്ഞ് പരിഹാരം നിശ്ചയിക്കണം.

ആയില്യവ്രതം, പഞ്ചമി വ്രതം, ജന്മനക്ഷത്ര ദിനവ്രതം,
ഇവയും ഗുണപ്രദം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

error: Content is protected !!
Exit mobile version