Friday, 20 Sep 2024

സ്നേഹാമൃതം പകർന്ന് അമൃതോത്സവം 66

അനന്തമായ  കാരുണ്യത്തിന്റെയും ഉപാധികളില്ലാത്ത സ്നേഹത്തിന്റെയും മഹാസാഗരമായ അമ്മയുടെ തിരു അവതാരത്തിന് സെപ്തംബർ 27ന് 66 സംവത്സരങ്ങൾ തികയുന്നു.  കലിയുഗത്തിൽ ഭാരതത്തിലുണ്ടായ ദിവ്യസാന്നിദ്ധ്യമായമാതാഅമൃതാനന്ദമയിയുടെഅവതാര ലക്ഷ്യം ജീവിതത്തിന്റെ എല്ലാ തലങ്ങളിൽ നിന്നും അകന്നു പോകുന്ന ധർമ്മവും സ്നേഹവും ഊട്ടിയുറപ്പിച്ച് സ്നേഹാമൃതം പകരുകയാണ്. തന്നെ അറിയുന്നവർക്കും  ആരാധിക്കുന്നവർക്കും മാത്രമല്ല അറിയാത്തവർക്കും മന:പൂർവ്വം അകന്നു നിൽക്കുന്നവർക്കും കളങ്കമില്ലാത്ത സ്നേഹവും സാന്ത്വനവുമേകുന്ന അമ്മയുടെ തലോടൽ അമൃതസ്പർശമാണ്. 

മനസിൽ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവപൊട്ടണമേ എന്നു മാത്രമേ അമ്മ പ്രാർത്ഥിക്കുന്നുള്ളൂ. ലോകത്തിലെവിടെയും തേനിന് മധുരമാണ്. അതുപോലെ സ്‌നേഹവും ശാന്തിയും എല്ലായിടവും ഒരുപോലെയാണ്. മനുഷ്യർ ഇന്ന് ഏറ്റവുമധികം വളർത്തേണ്ട മറ്റു രണ്ടു ഗുണങ്ങൾ ക്ഷമയും വിവേകവുമാണ്. ഒരു പൂമൊട്ടു ബലമായി വിടർത്തിയാൽ അതിന്റെ ഭംഗിയും പരിമളവും നഷ്ടമാകും. എന്നാൽ സ്വാഭാവികമായി വിടരാൻ അനുവദിച്ചാൽ അതിന്റെ സുഗന്ധവും സൗന്ദര്യവും നമുക്ക് പൂർണ്ണമായി അനുഭവിക്കാൻ കഴിയും.സ്ത്രീക്ക് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പുരുഷനോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം നൽകുവാനും അവളെ സ്‌നേഹത്തോടും ആദരവോടും പരിഗണിക്കാനും പുരുഷന്മാർ തയ്യാറാകണം. സ്ത്രീ നിശബ്ദമായി പലതും സഹിക്കേണ്ടി വന്ന ഒരു നീണ്ട കാലഘട്ടത്തിനു വിരാമം കുറിക്കേണ്ട സമയമായി. സ്ത്രീയ്ക്ക് ജീവിതത്തിന്റെ മുൻനിരയിലേക്ക് കടുന്നു വരാനായി പുരുഷന്മാർ വഴിയൊരുക്കുകയും വഴിമാറിക്കൊടുക്കുകയും വേണം. പുരുഷന്മാർ വൺവേ പോലാകരുത്;  ഹൈവേ പോലാകണം – അമ്മ അറുപത്തിയാറാം തിരുന്നാൾ മുഹൂർത്തത്തിൽ പറയുന്നു.

മനുഷ്യ സ്‌നേഹം ഇന്ന്  മുഖംമൂടി പോലെയായിരിക്കുന്നു. അതിനിന്ന് കാമത്തിന്റെ കണ്ണുമാത്രമേയുള്ളൂ. അതിനെ ശരിയായ പ്രേമത്തിന്റെ പ്രകാശമാക്കി മാറ്റണം.ഈ ഭൂമിയിൽ ഏറ്റവും സുഗന്ധവും സൗന്ദര്യവുമുള്ള പുഷ്പം പ്രേമപുഷ്പമാണ്. ഒരു ചെറുചെടിയിൽ നിറവും മണവുമുള്ള ഒരു മനോഹര കുസുമം സ്വാഭാവികമായി വിടരുന്നതുപോലെ മുനുഷ്യഹൃദയങ്ങളിൽ പ്രേമം മൊട്ടിട്ടു വിടർന്നു വികസിക്കണം. അതുണ്ടായാൽ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകും – അമ്മ ഓർമ്മിപ്പിക്കുന്നു. 
സെപ്തംബർ 27 വെള്ളിയാഴ്ച കൊല്ലം വള്ളിക്കാവ് അമൃതപുരിയിൽ നടക്കുന്ന അമൃതോത്സവം 66 ഗുരുപാദപൂജയോടെ ആരംഭിക്കും. തുടർന്ന് അമ്മ തിരു അവതാര സന്ദേശം നൽകും. അമൃത കീർത്തി പുരസ്കാര ദാനം, സൗജന്യ വിവാഹോത്സവം, പുതിയ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, അമ്മയുടെ ദിവ്യ ദർശനം, സാംസ്ക്കാരിക പരിപാടികൾ എന്നിവയെല്ലാം ഉണ്ടാകും. കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ള പരമ വിശിഷ്ട വ്യക്തികളടക്കം പതിനായിരങ്ങൾ അമൃതോത്സവം 66ൽ പങ്കെടുക്കും.

അമൃത മൊഴികൾ
നാമജപം മാത്രമല്ല പ്രാർത്ഥന മധുരമായ ഒരു വാക്ക് മറ്റുള്ളവരുടെ നേരെ പുഞ്ചരിക്കുന്ന ഒരുമുഖം അവരോടുള്ള കാരുണ്യം, വിനയം ഇതൊക്കെ പ്രാർത്ഥനയിൽപ്പെട്ടതാണ്. – അമ്മ

അഞ്ചുവയസു വരെ കുട്ടികളെ വളരെ സ്‌നേഹിച്ച് വളർത്തണം.അതു കഴിഞ്ഞ് ശാസിച്ച് വളർത്തണം. അവരുടെ പഠിത്തകാര്യങ്ങളിൽ പ്രത്യേകം നിഷ്‌കർഷ വയ്ക്കണം. പതിനഞ്ചു വയസ് മുതൽ കുട്ടികൾക്ക് ഏറ്റവും കൂടുതൽ സ്‌നേഹം നൽകി വളർത്തണം.  – അമ്മ

പ്രായപൂർത്തിയായ വ്യക്തി ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായതിനെക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. രുചിയും സ്വാദുമാണ് കൂടുതൽ ഭക്ഷണം അകത്താക്കുന്നതിന്റെ മാനദണ്ഡം.   – അമ്മ

error: Content is protected !!
Exit mobile version