സ്വർഗ്ഗം തുറക്കുന്ന ഏകാദശി നോറ്റാൽ സർവഐശ്വര്യ ലബ്ധിയും മോക്ഷവും
ടി.എസ് ഉണ്ണി, പാലക്കാട്
വിഷ്ണു ഭക്തർക്ക് എല്ലാ ഏകാദശികളും ഒരുപോലെ പ്രധാനപ്പെട്ടതാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയായി ഭൂരിപക്ഷം പേരും ആചരിക്കുന്നത് ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. അന്ന് വിഷ്ണു ക്ഷേത്രത്തിൽ ഒരു നടയിൽ കൂടി പ്രവേശിച്ച് ഭഗവാനെ തൊഴുത് മറ്റൊരു നടയിൽ കൂടി പുറത്തു വന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലമുണ്ടാകും എന്നാണ് വിശ്വാസം. മോക്ഷദ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നെല്ലാം അറിയപ്പെടുന്ന ഈ ദിവസമാണ് ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഭഗവത് ഗീത ഉപദേശിച്ചത് എന്ന് വിശ്വസിക്കുന്നു. എല്ലാ വിഷ്ണുക്ഷേത്രങ്ങളിലും വിശേഷമായ ഈ ദിവസം തൃശൂർ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, നെല്ലുവായ് എന്നിവിടങ്ങളിൽ വളരെ ആഘോഷമായി ആചരിക്കുന്നു. ഈ വർഷം ഡിസംബർ 25, ധനു 10 വെള്ളിയാഴ്ചയാണ് സ്വർഗ്ഗവാതിൽ ഏകാദശി. സർവഐശ്വര്യ ലബ്ധിയും സർവ രോഗശമനവും സർവ പാപമുക്തിയുമാണ് സ്വർഗ്ഗവാതിൽ ഏകാദശി ഫലം. ശകവർഷത്തിൽ മാർഗ്ഗശീർഷമാസത്തിലോ പൗഷമാസത്തിലോ ആണ് ഭക്തർക്കായി സ്വർഗ്ഗം തുറക്കുന്ന ഈ ദിവസം വരുന്നത്.
ഒരു വർഷം 24 ഏകാദശികൾ വരും. എന്നു പറഞ്ഞാൽ മാസം രണ്ടു ഏകാദശി. പണ്ടു കാലത്ത് ചാന്ദ്രമാസമായിരുന്നു കാലഗണനയ്ക്ക് എടുത്തിരുന്നത്. ഇപ്പോൾ പിൻതുടരുന്നത് സൂര്യമാസമാണ്. അതായത്, ഭൂമിക്ക് ഒരു തവണ സൂര്യനെ പ്രദക്ഷിണം ചെയ്യാനുള്ള സമയം. പണ്ട് ഭാരതം പിൻതുടർന്ന ചാന്ദ്രമാസ പ്രകാരം ചന്ദ്രന് ഭൂമിയെ ഒരുവട്ടം പ്രദക്ഷിണം ചെയ്യാൻ വേണ്ടത് 28 ദിവസമാണ്. അങ്ങനെ പന്ത്രണ്ടുമാസങ്ങൾ കണക്കാക്കിയിരുന്നു. ഈ 28 ദിവസത്തിൽ രണ്ടുപക്ഷം വരും.
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ അടിസ്ഥാനമാക്കി വെളുത്തപക്ഷം എന്നും കറുത്തപക്ഷം എന്നും രണ്ടു പക്ഷങ്ങൾ. ഓരോ പക്ഷത്തിനും പതിനാലു തിഥികളാണുള്ളത്. പ്രതിപദം മുതൽ ഇത് തുടങ്ങുന്നു. സംസ്‌കൃതത്തിലുള്ള പേരുകളാണ് എണ്ണത്തിന് ഉപയോഗിക്കുന്നത്. അങ്ങനെ പത്താം ദിവസം ദശമി. പിറ്റേദിവസം ഏകാദശി എന്നറിയപ്പെടുന്ന പതിനൊന്ന്.
ഒരു മാസത്തിൽ രണ്ടു ഏകാദശി വരും – ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും അതുപോലെ ഒരു വെളുത്തവാവും ഒരു കറുത്തവാവും വരും. ഏകാദശി ദിവസം ആഹാരം പൂർണ്ണമായും വേണ്ടന്ന് വയ്ക്കുന്നവരുണ്ട്. മറ്റു ചിലർ അരിക്ക് പകരം ലഘുവായി മറ്റെന്തെങ്കിലും ധാന്യം കഴിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ഒരു നിവർത്തിയുമില്ലെങ്കിൽ ഒരിക്കൽ ഊണാക്കുക ആണ് ഭാരതീയ ആചാരം.
സൂര്യോദയത്തിൽ ദശമിസംബന്ധമുള്ള ഏകാദശിക്ക് ഭൂരിപക്ഷ ഏകാദശി എന്നും അരുണോദയത്തിൽ ദ്വാദശി സംബന്ധമുള്ള ഏകദശിക്ക് ആനന്ദപക്ഷ ഏകാദശി എന്നും പറയുന്നു. ഇവയെ തന്നെ യഥാക്രമം പിതൃപക്ഷം എന്നും ദേവപക്ഷം എന്നും പറയാറുണ്ട്. ഭൂരിപക്ഷ ഏകാദശിക്ക് സൂര്യോദയം മുതൽ ദിനാരംഭവും ആനന്ദപക്ഷ ഏകാദശിക്ക് അരുണോദയം മുതൽ അതായത് സൂര്യോദയത്തിന് 4 നാഴിക മുമ്പ് (96 മിനിട്ട്) ദിനാരംഭവുമാകുന്നു. ആനന്ദപക്ഷക്കാർ അരുണോദയത്തിൽ ഏകാദശിക്ക് ദശമി സ്പർശം വന്നാൽ ആ ദിവസം വ്രതം അനുഷ്ഠിക്കില്ല. പിറ്റേന്നാണ് അവർക്ക് വ്രതാനുഷ്ഠാനം. 2 ദിവസം അരുണോദയത്തിൽ ഏകാദശി വന്നാൽ പിറ്റേന്നാണ് അവർക്ക് വ്രതം. പിതൃക്രിയകൾക്ക് ദശമി സംബന്ധമുള്ള ഏകാദശിയാണ് വിധിച്ചിരിക്കുന്നത്.
ഏകാദശി വ്രതവിധി ഇപ്രകാരമാണ്: ദശമി ദിവസം ഒരുനേരം മാത്രമേ ഭക്ഷണം കഴിക്കാവൂ. ഏകാദശി ദിവസം രാവിലെ കുളിച്ച്, കഴിയുമെങ്കിൽ വെള്ള വസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തുക. ആദിവസം മുഴുവനും വിഷ്ണു ക്ഷേത്രത്തിൽ ഈശ്വരഭജനവുമായി കഴിച്ചുകൂട്ടുന്നതാണ് ഉത്തമം. ഊണുറക്കങ്ങൾ ആ ദിവസം തീർത്തും വർജ്ജ്യമാണ്.
ഏകാദശി ദിനത്തിലെ പൂർണ്ണോപവാസം ഏവർക്കും സാധിച്ചു എന്ന് വരുകയില്ല. അവർക്ക് ഒരുനേരം ഫലവർഗ്ഗങ്ങളോ മറ്റോ കഴിക്കാവുന്നതാണ്. നെല്ലരിച്ചോറ്, അരികൊണ്ടുള്ള പലഹാരങ്ങൾ തുടങ്ങിയവ അന്ന് തീർത്തും വർജജ്യമാണ്. ഏകാദശിവ്രതം അനുഷ്ഠിക്കുന്നവർ ആ ദിവസങ്ങളിൽ അരിയാഹാരം നിർബന്ധമായും ഉപേക്ഷിക്കണം. ഹരിവാസരസമയത്ത് അതായത് ഏകാദശി തിഥിയുടെ അവസാന 15 നാഴികയും ദ്വാദശി തിഥിയുടെ ആദ്യ 15 നാഴികയും വരുന്ന 12 മണിക്കൂർ വിഷ്ണു നാമങ്ങളും മന്ത്രങ്ങളും കഴിയുന്നത്ര തവണ ജപിക്കണം.
ദ്വാദശി ദിവസം കാലത്ത് കുളികഴിഞ്ഞ് ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിക്കുക. അതിനുശേഷം അരിഭക്ഷണം കഴിക്കാം. അന്നേ ദിവസം ഉച്ചക്ക് ഉറങ്ങരുത്.
ഒരു വർഷത്തെ പ്രധാന ഏകാദശികൾ:
ജനുവരി – ധനു, മകരം
1 പൗഷമാസം ശുക്ലപക്ഷം – പുണ്യദാ ഏകാദശി
പൗഷമാസം കൃഷ്ണപക്ഷം – സഫലാ ഏകാദശി
ഫെബ്രുവരി – മകരം, കുംഭം
2 മാഘമാസം ശുക്ലപക്ഷം – ജയ ഏകാദശി
മാഘമാസം കൃഷ്ണപക്ഷം – ഷഡ്തില ഏകാദശി
മാർച്ച് – കുംഭം, മീനം
3 ഫാൽഗുനമാസം ശുക്ലപക്ഷം – ആമലകീ ഏകാദശി
ഫാൽഗുനമാസം കൃഷ്ണപക്ഷം- വിജയാ ഏകാദശി
ഏപ്രിൽ – മീനം, മേടം
4 ചൈത്രമാസം ശുക്ലപക്ഷം – കാമദാഏകാദശി
ചൈത്രമാസം കൃഷ്ണപക്ഷം – പാപമോചിനിഏകാദശി
മെയ് – മേടം, ഇടവം
5 വൈശാഖ മാസം ശുക്ലപക്ഷം – മോഹിനി ഏകാദശി
വൈശാഖമാസം കൃഷ്ണപക്ഷം – വരൂഥിനി ഏകാദശി
ജൂൺ – ഇടവം, മിഥുനം
6 ജ്യേഷ്ഠമാസം ശുക്ലപക്ഷം – നിർജലഏകാദശി
ജ്യേഷ്ഠമാസം കൃഷ്ണപക്ഷം – അപരാ ഏകാദശി
ജൂലായ്- മിഥുനം, കർക്കടകം
7 ആഷാഢമാസം ശുക്ലപക്ഷം- ശയനൈകാദശി
ആഷാഢമാസം കൃഷ്ണപക്ഷം – യോഗിനി ഏകാദശി
ആഗസ്റ്റ് – കർക്കടകം, ചിങ്ങം
8 ശ്രാവണമാസം ശുക്ലപക്ഷം – പുത്രദാ ഏകാദശി
ശ്രാവണമാസം കൃഷ്ണപക്ഷം – കാമികാ ഏകാദശി
സെപ്തംബർ- ചിങ്ങം, കന്നി
9 ഭാദ്രപദമാസം ശുക്ലപക്ഷം – പരിവർത്തന ഏകാദശി
ഭാദ്രപദം കറുത്തപക്ഷം – പ്രബോധിനി ഏകാദശി
ഒക്‌ടോബർ – കന്നി, തുലാം
10 അശ്വിന മാസം ശുക്ലപക്ഷം- പാപങ്കുശഏകാദശി
അശ്വിനമാസം കറുത്തപക്ഷം – ഇന്ദിര ഏകാദശി
നവംബർ- തുലാം, വൃശ്ചികം
11 കാർത്തികമാസം ശുക്ലപക്ഷം – ഉത്ഥാന ഏകാദശി അല്ലെങ്കിൽ ഗോവൽസ ഏകാദശി
കാർത്തികമാസം കറുത്തപക്ഷം-പ്രബോധിനി ഏകാദശി
ഡിസംബർ – വൃശ്ചികം, ധനു
12 മാർഗ്ഗശീർഷമാസം ശുക്ലപക്ഷം – മോക്ഷദഏകാദശി
മാർഗ്ഗശീർഷമാസം കറുത്തപക്ഷം – ഉല്പത്തി ഏകാദശി
ടി.എസ് ഉണ്ണി, പാലക്കാട്
+91 984 711 8340