Sunday, 22 Sep 2024

സ്വർഗ്ഗവാതിൽ ഏകാദശിക്ക് മധുരം നൽകിയാൽ ഇഷ്ടകാര്യസിദ്ധി

ഏകാദശികളിൽ ഏറ്റവും വിശിഷ്ടമാണ് ധനുവിലെ ശുക്ലപക്ഷ ഏകാദശി. പിതൃക്കൾക്ക് സ്വർഗ്ഗവാതിൽ തുറക്കപ്പെടുന്ന പുണ്യ ദിനമായതിനാലാണ്  ഇത്സ്വർഗ്ഗവാതിൽ ഏകാദശിയായത്.  വൈകുണ്ഠ ഏകാദശി, മോക്ഷ ഏകാദശി എന്നീ പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു.പിതൃദോഷ ശമനത്തിന് ഏറ്റവും ഉത്തമമായ സ്വർഗ്ഗവാതിൽ ഏകാദശിക്ക്  ക്ഷേത്രങ്ങളിൽ പിതൃപ്രീതികരമായ വഴിപാടുകൾ  നടത്തുന്നതും  സാധുക്കൾക്ക് വസ്ത്രവും ഭക്ഷണവും ദാനം ചെയ്യുന്നതും പിതൃശാപദോഷംഅകറ്റും. തുടർന്ന് സർവ്വഐശ്വര്യങ്ങളും ലഭിക്കും. ഈ ദിവസം  മധുരപലഹാരം  ദാനം ചെയ്താൽ   ഇഷ്ടകാര്യസിദ്ധിയുണ്ടാകും. 2020 ജനുവരി 6, ധനു 21 തിങ്കളാഴ്ചയാണ്  സ്വർഗ്ഗവാതിൽ ഏകാദശി.വർഷത്തിലെ മറ്റു 23 ഏകാദശികൾ എടുക്കുന്നതിനു തുല്യമാണ്  സ്വര്‍ഗ്ഗവാതില്‍  ഏകാദശി നോൽക്കുന്നത്. 

വിഷ്ണുവിൽ നിന്നും ഉത്ഭവിച്ച ഒരു ദേവിയാണ് ഏകാദശി. ബ്രഹ്മദേവൻ സൃഷ്ടിച്ച അസുരനാണ് താലജംഘൻ; മകൻ മുരൻ. ചന്ദ്രാവതിപുരിയിൽ  താമസിച്ച ഇവർ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര പദം തട്ടിയെടുക്കുകയും ചെയ്തപ്പോൾ ദേവന്മാർ വിഷ്ണുവിനെ ശരണം പ്രാപിച്ചു.  അവരുടെ സങ്കടം കേട്ട വിഷ്ണുവിൽ നിന്ന് സുന്ദരിയും  ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു. അന്ന് ഏകാദശി  ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിട്ടു.ദേവി മുരനെ നേരിട്ടു വധിച്ചു.

സന്തോഷവാനായ  വിഷ്ണു എന്താണ് വരം വേണ്ടതെന്ന് ചോദിച്ചപ്പോൾ സ്വന്തം പേരിൽ  ഒരു വ്രതം ഉണ്ടാവണം അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്ന് ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു. വിഷ്ണുവിൽനിന്നും ഉത്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂരിലുമെല്ലാം സ്വർഗവാതിൽ ഏകാദശി വിപുലമായും ഭക്തിനിരഭരമായുമാണ് ആചരിക്കുന്നത്. സ്വർഗവാതിൽ ഏകാദശിക്ക് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിനകത്തുളള ഒരു വാതിൽ സ്വർഗവാതിലായി കണക്കാക്കി പ്രത്യേക പൂജകൾ നടക്കും. രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രാത്രി നടക്കുന്ന ശീവേലിയിൽ ഭഗവാനെ ഇറക്കി എഴുന്നളളിക്കും. ഈ ദിവസം വ്രതമെടുത്ത് വിഷ്ണുക്ഷേത്രത്തിലെ ഒരു നടയിലൂടെ പ്രവേശിച്ച് ഭഗവദ് ദർശനം നടത്തി മറ്റൊരു നടയിലൂടെ പുറത്തുകടന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലം ലഭിക്കുമെന്നാണ് സങ്കല്പം. ഏകാദശി വ്രതാനുഷ്ഠാനത്താൽ സർവ്വരോഗശമനവും പൂർണ്ണാരോഗ്യവും മന:സുഖവും സർവ്വ ജീവിതസുഖങ്ങളും കൈവരും. 

വ്രതമനുഷ്ഠിക്കുന്നവർ ഏകാദശിയുടെ തലേദിവസം മുതൽ വ്രതനിഷ്ഠ പാലിക്കണം. രാത്രി അരിഭക്ഷണം കഴിക്കരുത്. മത്സ്യ–മാംസാദികൾ വെടിയണം. കഴിയുന്നത്ര സമയം വിഷ്ണു ഭജനത്തിന് ചെലവിടണം. ഏകാദശി ദിവസം വെളുപ്പിന് കുളിച്ച്  വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച്  ഉപവാസിക്കണം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ,  ഓം വിഷ്ണവേ നമഃ തുടങ്ങിയ  മന്ത്രങ്ങൾ ജപിച്ചും,  ഭാഗവതം, വിഷ്ണുസഹസ്രനാമം എന്നിവ പാരായണം ചെയ്തും കഴിയണം. തുളസീ തീർത്ഥം കുടിക്കാം. ഉപവാസമനുഷ്ഠിക്കാൻ സാധിക്കാത്തവർക്ക് പഴങ്ങൾ കഴിക്കാം. ഏകാദശിയുടെ  പിറ്റേന്ന്  വിഷ്ണുക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. ദ്വാദശി ദിവസം രാത്രി അരിഭക്ഷണം ഒഴിവാക്കിയാൽ ഫലപ്രാപ്തി വർദ്ധിക്കും.

ധനുവിലെ കൃഷ്ണപക്ഷ ഏകാദശിക്കും വലിയ പ്രാധാന്യമുണ്ട്. ഈ ഏകാദശിയെ ഉല്പത്തി ഏകാദശി എന്നും ഉല്പന്ന ഏകാദശി എന്നും പറയുന്നു.മുരാസുര നിഗ്രഹവും ഏകാദശിയുടെ ഉത്ഭവവും ധനുവിലെ കൃഷ്ണപക്ഷ ഏകാദശിയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ ധനുവിലെ രണ്ട് ഏകാദശികളും  അനുഷ്ഠിച്ചാൽ പാപശമനവും സർവ്വലൗകിക സുഖങ്ങളും, വിഷ്ണുപ്രീതിയും അതുവഴി മോക്ഷ പ്രാപ്തിയും ലഭിക്കും.

പൊതുവെ പതിനൊന്നാമത്തെ തിഥിയാണ്  ഏകാദശി. വിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട ദിവസമാണിത്. വിവാഹം, ഉത്സവം, ആഭരണ ധാരണം വ്രതബന്ധം ശില്പകർമ്മങ്ങൾ തുടങ്ങിയവയ്ക്ക് ഏകാദശി ഉത്തമമാണ്. ഏകാദശിയുടെ നാലാംകാലിൽ ഹരിവരാസനം ആരംഭിക്കും. ഈ സമയത്ത് അന്നപ്രാശനം പാടില്ല. ഏകാദശി തിഥി ദിവസം ജനിച്ചാൽ സദാചാര തല്പരരും, സാധുശീലരും നല്ല ബുദ്ധി–സൗന്ദര്യം എന്നിവയോടുകൂടിയവരും സാമ്പത്തിക ഭദ്രതയുള്ളവരും ആയിരിക്കും.

ഒരു മാസത്തിൽ പൊതുവെ രണ്ട് ഏകാദശികളുണ്ടാകാറുണ്ട്. ശുക്‌ളപക്ഷ ഏകാദശിയും കൃഷ്ണപക്ഷ ഏകാദശിയും. എന്നാൽ അപൂർവ്വം ചില മാസങ്ങളിൽ മാത്രം മൂന്ന് ഏകാദശികൾ വരാറുണ്ട്.

– വേണു മഹാദേവ് 

+ 91 9847475559

error: Content is protected !!
Exit mobile version