Saturday, 23 Nov 2024

സർപ്പകോപമോ ദോഷമോ ഉണ്ടെങ്കിൽ
സംഭവിക്കാവുന്ന കാര്യങ്ങളും പരിഹാരവും

മംഗള ഗൗരി
നവഗ്രഹങ്ങൾ ഈശ്വരന്മാരുടെ പ്രതീകങ്ങളോ പ്രതിപുരുഷന്മാരോ ആണെന്ന് ജ്യോതിഷം പറയുന്നു. ഇതിൽ നാഗങ്ങളെ സൂചിപ്പിക്കുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. പ്രത്യേകിച്ചും രാഹുഗ്രഹനിലയിൽ ലഗ്‌നം 6,8,12 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന രാഹു ജാതകന് സർപ്പശാപമോ സർപ്പദോഷമോ ബാധിച്ചു എന്നതിന്റെ സൂചനയാണ്. ഗുളികൻ, ചൊവ്വ, സൂര്യൻ, ശനി തുടങ്ങിയ പാപഗ്രഹങ്ങളുടെ ചേർച്ചയോ യോഗമോ രാഹുവിനുണ്ടെങ്കിൽ സർപ്പദോഷം അഥവാ ശാപം കടുത്തതാണെന്നു പറയണം. ഇങ്ങനെയുള്ള വ്യക്തി നാഗക്ഷേത്രങ്ങളിൽ ഭക്തിപൂർവ്വം ദർശനം നടത്തണം. നാഗങ്ങളെ ഉപാസിക്കുകയും ഭജിക്കുകയും വേണം. തറവാട്ടിലെ സർപ്പക്കാവിൽ പതിവായി തൊഴാനും പൂജാദികർമ്മങ്ങളും മറ്റുവഴിപാടുകളും നടത്താനും അയാൾ ശ്രദ്ധിക്കണം. കുടുംബത്തിൽ കാവുകളില്ലെങ്കിൽ വിശ്വാസപൂർവ്വം തൊഴുതുവരുന്ന ക്ഷേത്രങ്ങളിലെ സർപ്പക്കാവിൽ പൂജാരിയെക്കൊണ്ട് ആയില്യപൂജ, ജന്മനക്ഷത്രപൂജ, സർപ്പബലി, നൂറും പാലും, സപ്പം തുള്ളൽ തുടങ്ങിയവ യഥാശക്തി നിർവഹിക്കണം. സ്വന്തം ഭവനത്തിലും ഉത്തമനായ പുരോഹിതന്റെ മേൽനോട്ടത്തിൽ വിധിപൂർവ്വകമായി സർപ്പപൂജ നടത്തിക്കാം.

ഗ്രഹനിലയിൽ മേടം, ചിങ്ങം, മകരം, കുംഭം എന്നീ നാലു രാശികളിൽ നിൽക്കുന്ന രാഹുവിന്റെ ദോഷശാന്തിക്കായി വാസുകിയെ പൂജിക്കണം. വാസുകി ശൈവനാഗമാണ്. അതിനാൽ ഒപ്പം ശിവക്ഷേത്രദർശനവും നടത്തണം. മിഥുനം, കന്നി, ധനു, മീനം എന്നീ രാശികളിൽ നിൽക്കുന്ന രാഹുവിന്റെ ദോഷശാന്തിക്കായി അനന്തനെ ഭജിക്കണം. അനന്തൻ വൈഷ്ണവനാഗമാകയാൽ ഒപ്പം വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തണം. ഇടവം, കർക്കടകം, തുലാം, വൃശ്ചികം എന്നീ നാലു രാശികളിൽ നിൽക്കുന്ന രാഹുവിന്റെ ദോഷശാന്തിക്കായി നാഗയക്ഷിയെ ഉപാസിക്കണം. ഒപ്പം ദുർഗ്ഗ, ഭുവനേശ്വരി, കാളി തുടങ്ങിയ ദേവിമാരെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിൽ തൊഴുതു യഥാശക്തി വഴിപാടുകൾ നടത്തണം. സർപ്പകോപമോ ശാപമോ, ദോഷമോ ഉണ്ടെങ്കിൽ നമുക്ക് സംഭവിക്കാവുന്ന ചില കാര്യങ്ങളുണ്ട്. തറവാട്ടിൽ സന്താനങ്ങൾ കുറവായിരിക്കും. സർപ്പദോഷമുള്ള തറവാട്ടിൽ മൂത്തപുത്രനോ ഇളയപുത്രനോ , പുത്രിമാർക്കായാലും മതി സന്താനങ്ങളുണ്ടാവില്ല. വിവാഹം നടക്കാതിരിക്കുക, കാലതാമസം വരിക ഇവയും സർപ്പദോഷ സൂചനയാണ്. ദാരിദ്ര്യം, കഠിനമായ സാമ്പത്തിക ഞെരുക്കം എന്നിവയും സർപ്പശാപത്തിന്റെ ഫലങ്ങളായി പറയാം. സർപ്പദംശം സർപ്പശാപം തന്നെയാണ്. ഉദരരോഗം, നേത്രരോഗം എന്നിവയും സർപ്പകോപം മൂലമുണ്ടാകുന്നവയാണ്. സോറിയാസീസ്, പാണ്ഡുരോഗം, എക്‌സിമ, ഗജചർമ്മം തുടങ്ങിയ മാരകങ്ങളായ ത്വക് രോഗങ്ങൾക്ക് ഉഗ്രമായ സർപ്പശാപം തന്നെയാണ് കാരണമെന്ന് ആചാര്യന്മാർ പറയുന്നു.
നാഗപൂജയ്ക്ക് ആഴ്ചകളിൽ ഞായറാഴ്ചയാണ് ഏറ്റവും ഉത്തമം. തിഥികളിൽ പഞ്ചമി. പ്രത്യേകിച്ച് കറുത്തവാവ് കഴിഞ്ഞുവരുന്ന പഞ്ചമി. നക്ഷത്രങ്ങളിൽ എടുത്ത പറയേണ്ടതായിട്ടില്ല, ആയില്യം നാളുതന്നെ. നാഗർക്ക് അഭിഷേകം നടത്താൻ നല്ലെണ്ണ, കരിക്ക്, പാൽ, തേൻ, പനിനീർ, മഞ്ഞൾപ്പൊടി എന്നിവ വിശേഷമാണ്. ചാർത്താൻ ഉത്തമം മഞ്ഞപ്പാവാടയാണ്.
കമുകിൻപൂക്കുല, സുഗന്ധപുഷ്പങ്ങളായ പിച്ചി, മുല്ല, കൊഴുന്ത്, അരളി, താമര, ചെമ്പകം, തെറ്റി, തുളസി ഇവയും നാഗർക്ക് പ്രിയങ്കരമാണ്. കളദിപ്പഴം, വെള്ളച്ചോറ്, പാൽപ്പായസം, ശർക്കര പായസം, തെരളി, അപ്പം, അടവ എന്നിവയാണ് പ്രധാന നിവേദ്യങ്ങൾ.

Story Summary: Different types of Sarppadosham and it’s remedies

error: Content is protected !!
Exit mobile version