Monday, 8 Jul 2024

സർപ്പദൈവങ്ങൾ സംതൃപ്തരായാൽ സന്താനഭാഗ്യം, ദാമ്പത്യസൗഖ്യം, ധനസമ്പത്ത്

ജ്യോതിഷഭൂഷണം
കെ. മോഹനചന്ദ്രൻ വെള്ളായണി

അതിവേഗം ഫലം ലഭിക്കുന്ന ആരാധനയാണ് സർപ്പപൂജ. സർപ്പദൈവങ്ങൾ സംതൃപ്തരായാൽ സന്താനഭാഗ്യം, ദാമ്പത്യസൗഖ്യം, ധനസമ്പത്ത് എന്നിവ ഉണ്ടാകും. കോപിച്ചാൽ സന്താനനാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങൾ എന്നിവ സംഭവിക്കും. സർപ്പങ്ങളെ വൈഷ്ണവം, ശൈവം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്.

എങ്കിലും പൂജാവിധികളിലും ആരാധനയിലും കാര്യമായ വ്യത്യാസമില്ല. വെട്ടിക്കോട്, മണ്ണാറശാല, പാമ്പുംമേക്കാട്ട് മന, ആമേടക്ഷേത്രം, അനന്തൻകാട്‌, നാഗർകോവിൽ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന നാഗാരാധനാ കേന്ദ്രങ്ങൾ. മിക്ക ക്ഷേത്രങ്ങളിലും ഉപദേവതയായോ കാവായോ നാഗങ്ങളെ ആരാധിക്കാറുണ്ട്. എല്ലാ മാസവും ആയില്യമാണ് നാഗങ്ങൾക്ക് വിശേഷപ്പെട്ട ദിവസം.

ആയില്യപൂജ, നൂറുംപാലും, സർപ്പബലി, സർപ്പപൂജ, കളമെഴുത്തും സർപ്പപാട്ടും, നാഗരൂട്ട്, ആശ്ലേഷബലി,
ഇവയാണ്‌ നാഗർക്ക് നടത്തുന്ന പ്രധാന വഴിപാടുകൾ. പാൽ അഭിഷേകം, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയും നടത്തുന്നു. സർപ്പദോഷം, രാഹൂർദേഷം എന്നിവ അകലുന്നതിനും സന്താനഭാഗ്യം, മംഗല്യഭാഗ്യം
എന്നിവ സിദ്ധിക്കുന്നതിനുമാണ് ഈ വഴിപാടുകൾ.

കന്നിമാസത്തിലാണ് നാഗരാജാവിന്റെ തിരുനാൾ. ഇത് വെട്ടിക്കോട് ആയില്യം എന്ന് അറിയപ്പെടുന്നു;
2023 ഒക്ടോബർ 9 തിങ്കളാഴ്ചയാണ് ഇത്. തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത്. ഈ ദിവസങ്ങളിൽ ആയില്യപൂജ, നാഗരൂട്ട് എന്നിവ നടത്തിയാൽ വളരെ കൂടുതൽ ഫലസിദ്ധിയുണ്ട്. രാഹുദശാ ദോഷങ്ങൾ ഇല്ലാതാകുന്നതിന് നാഗർക്ക് നൂറും പാലും, നാഗരൂട്ട് തുടങ്ങിയ വഴിപാടുകൾ നടത്തുന്നത് നല്ലതാണ്. നാഗങ്ങൾ അനേകം ഉണ്ടെങ്കിലും എട്ടുസർപ്പങ്ങളെയാണ് നാഗരാജാക്കന്മാർ എന്ന പേരിൽ ആരാധിച്ചുവരുന്നത് :

അനന്തോ ഗുളിക ചൈവ
വാസുകീ ശംഖപാലക
തക്ഷകശ്ച മഹാപത്മ
പത്മകാർക്കേടകശ്ചിക

  1. അനന്തൻ
    ആയിരം തലയും സ്വർണ്ണവർണ്ണവുമുണ്ട്. വൈഷ്ണവ അംശമാണ്. പാലാഴിയിൽ അനന്തനൊരുക്കിയ ശയ്യയിലാണ് ശ്രീനാരായണൻ ശയിക്കുന്നത്. കശ്യപ പ്രജാപതിയുടെ രണ്ടാമത്തെ ഭാര്യയായ കദ്രുവിന്റെ മകനാണ്. അമ്മയുമായി പിണങ്ങിപ്പോയതിനാൽ അമ്മയുടെ ശാപം ഏൽക്കേണ്ടിവന്നു. ശാപത്തിന്റെ കഥയിങ്ങനെ!

    കശ്യപന്റെ ഭാര്യമാരായ വിനിതയും കദ്രുവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്‌സിന്റെ വാൽരോമം കറുത്തതാണെന്നു കദ്രുവും വെളുത്തതാണെന്നു വിനിതയും തർക്കിച്ചു. തോൽക്കുന്നവൾ ജയിക്കുന്നവളുടെ ദാസിയാവണം എന്നു പന്തയവും വച്ചു. അന്നുരാത്രി കദ്രു മക്കളെ വിളിച്ച് ഉച്ചൈശ്രവസ്‌സിന്റെ വാലിൽ കറുത്ത രോമങ്ങളായി തൂങ്ങിക്കിടക്കണമെന്ന് ആജ്ഞാപിച്ചു. ധർമ്മബോധ പ്രേരിതരായി അനന്തനും സഹോദരന്മാരും ഈ നിർദ്ദേശത്തെ എതിർത്തു. മക്കൾ ജനമേജയന്റെ സർപ്പസത്രത്തിൽ വച്ച് വെന്തെരിഞ്ഞുപോകട്ടെ എന്ന് കദ്രു ശപിച്ചു.

    അനന്തൻ ശാപമോക്ഷത്തിനായി ബ്രഹ്മാവിനെ തപസ്‌ ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം അനന്തൻ പാതാളത്തിൽ ചെന്ന് ലോകങ്ങളെ ഫണങ്ങളിൽ താങ്ങിനിർത്തി ശാപമോക്ഷം നേടി. അനന്തന്റെ ആയിരം തലകളിലും സ്വസ്തിക ചിഹ്‌നം അടയാളമായിട്ടുണ്ട്. കൂടെ ആയിരം ശിരോരത്‌നങ്ങൾ ഭൂഷണമായിട്ടുണ്ട്. സകലദേവന്മാരും പൂജിക്കുന്ന ആദിശേഷനാണ് അനന്തൻ. അന്തമില്ലാതെയുള്ള ഗുണങ്ങളുടെ അധിപനാണ് അനന്തൻ.
  1. വാസുകി
    കദ്രുവിന്റെ പുത്രനും അനന്തന്റെ സഹോദരനുമാണ്. അമ്മയുടെ ശാപത്തിനിരയായ മകനാണ്. 800 തലകളും വെള്ളിനിറവുമുണ്ട്. വാസുകിയാണ് പരമശിവന്റെ കണ്ഠാഭരണം. പാലാഴിമഥനത്തിൽ മന്ഥരപർവ്വതത്തെ മത്ത് ആയി കടഞ്ഞപ്പോൾ ചരടായി ഉപയോഗിച്ചത് വാസികിയെയാണ്. കാളകൂടവിഷം വമിച്ചത് വാസുകിയിൽ നിന്നാണ്. ഈ വിഷം ഭൂമിയിൽ വീഴാതിരിക്കാൻ പരമശിവൻ കൈയിലെടുത്ത് വായിലേക്ക് ഒഴിച്ചപ്പോൾ പരമശിവനെ രക്ഷിക്കാനായി പാർവ്വതി കഴുത്തിൽപിടിച്ചു. വിഷം കഴുത്തിലിരുന്ന് നീലനിറത്തിൽ കട്ടിയായി. അങ്ങനെ പരമശിവന് നീലകണ്ഠൻ എന്ന പേര് വന്നു.
  2. തക്ഷകൻ
    കദ്രുവിന്റെ മകനും അനന്തന്റെ സഹോദരനുമാണ്. 400 തലകളും ചുവന്ന നിറവുമുണ്ട്. പരീക്ഷിത്ത് രാജാവിനെ കടിച്ചത് തക്ഷകനാണ്. പരീക്ഷിത്ത് മരിച്ചു.
  3. കാർക്കോടകൻ
    കദ്രുവിന്റെ മകനും അനന്തന്റെ സഹോദരനുമാണ്. ആറുതലകളും കറുത്ത നിറവുമുണ്ട്. നളചരിതത്തിലെ നളനെ കടിച്ചത് കാർക്കോടകനാണ്. അങ്ങനെ നളനിൽ നിന്നും കലിയെ അകറ്റി നളനെ സഹായിച്ചതിനാൽ നളൻ കാർക്കോടകനെ കാട്ടുതീയിൽ നിന്നും രക്ഷിച്ചു.
  4. പത്മൻ
    ഏഴു തലകളും പച്ചനിറവുമുണ്ട്.
  5. മഹാപത്മൻ
    അഞ്ചുതലകളും പച്ചനിറവുമുണ്ട്.
  6. ശംഖപാലൻ
    മൂന്നു തലകളും നീലനിറവുമുണ്ട്.
  7. ഗുളികൻ
    ഒരു തലയും കറുത്തനിറവുമുണ്ട്

അഷ്ടനാഗങ്ങളിൽ ഉൾപ്പെടാത്ത നാഗരാജനാണ് കാളിയൻ. കാളിയന്റെ അഹങ്കാരമാണ് ശ്രീകൃഷ്ണൻ, കാളിയമർദ്ദനത്തിലൂടെ ശമിപ്പിച്ചത്. ഇവരെക്കൂടാതെ ശേഷൻ, ഐരാവതൻ, മണിനാഗൻ, പൂരണനാഗൻ തുടങ്ങിയ സർപ്പശ്രേഷ്ഠന്മാരും ജരൽക്കാരു, നാഗയക്ഷി മുതലായ സ്ത്രീ നാഗങ്ങളുമുണ്ട്. ഇവരെയെല്ലാം നാഗക്ഷേത്രങ്ങളിൽ ശിലാരൂപത്തിൽ വിഗ്രഹങ്ങളായി ആരാധിക്കുന്നു.

ജ്യോതിഷഭൂഷണം കെ. മോഹനചന്ദ്രൻ വെള്ളായണി, +91 9495303081


Story Summary: Significance of Ayilya Pooja and Ashta Naga (Anantha, Vasuki, Thakshak, Karkodaka, Padma, Mahapadma Shankapala and Gulika ) Mantra Japa

error: Content is protected !!
Exit mobile version