സർപ്പദോഷം തീരാനും ആഗ്രഹ സിദ്ധിക്കും 48 ദിവസം മനസാദേവി മൂലമന്ത്രജപം
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
സർപ്പങ്ങൾ കാരണം ഭൂമിയിൽ മനുഷ്യരെല്ലാം വല്ലാതെ ബുദ്ധിമുട്ടിയ ഒരു കാലമുണ്ടായിരുന്നു. മനുഷ്യരുടെ ഈ വിഷമം കശ്യപ പ്രജാപതി മനസിലാക്കി. അദ്ദേഹം പിതാവ് ബ്രഹ്മദേവനുമായി ആലോചിച്ച് സർപ്പങ്ങൾ കാരണമുണ്ടാകുന്ന ഉപദ്രവശാന്തിക്ക് അനേകം മന്ത്രങ്ങൾ ആവിഷ്കരിച്ചു. ഈ മന്ത്രങ്ങളുടെ അധിഷ്ഠാന ദേവതയായി കശ്യപൻ മനസാദേവിയെ
സൃഷ്ടിച്ചു. കശ്യപ മുനിയുടെ മനസിൽ നിന്നും ജനിച്ച പുത്രിയായതിനാൽ ദേവിക്ക് മനസാദേവി എന്ന് പേരു കിട്ടി. ദക്ഷപുത്രി കദ്രുവിനെ അമ്മയായി സങ്കല്പിക്കുന്നു. ചിലർ മാനസാ ദേവിയെന്നും വിളിക്കുന്നു.
മാനസദേവി മൂന്ന് യുഗം ശ്രീകൃഷ്ണ ഭഗവാനെ ധ്യാനിച്ച് സദാ ജ്വലിക്കുന്ന സിദ്ധയോഗിനിയും വിഷ്ണുഭക്തയായി മാറി. ഓം ഹ്രീം ശ്രീം ക്ലീം ഐം മനസാദേവ്യൈ സ്വാഹ: എന്നാണ് ഈ ദേവിയുടെ മൂല മന്ത്രം എന്ന് ദേവീ ഭാഗവതത്തിലുണ്ട്. ഓം ഹ്രീം ശ്രീം മനസാദേവ്യൈ സ്വാഹ: എന്നും ജപിക്കുന്നതിൽ തെറ്റില്ല.
മാനസാദേവി സിദ്ധമന്ത്രം എന്നും ഇത് അറിയപ്പെടുന്നു.
ഈ മന്ത്രം പതിവായി ജപിക്കുന്നവരെ സർപ്പങ്ങൾ ഉപദ്രവിക്കില്ലെന്ന് മാത്രമല്ല അനുഗ്രഹിക്കുകയും ചെയ്യും. ആയുരാരോഗ്യം, ധനം, ഐശ്വര്യം, സന്തോഷകരമായ ദാമ്പത്യം, സന്താനലാഭം ഇവയെല്ലാം മനസാ ദേവിയുടെ കൃപയാൽ ലഭിക്കും.
കാളസർപ്പയോഗം, രാഹു കേതു ദോഷം എന്നിവ ഉൾപ്പടെ എല്ലാത്തരം നാഗദോഷങ്ങൾക്കും മനസാദേവി ഉപാസന ഫലപ്രദമാണ്. സ്ത്രീകളെയും പെൺകുട്ടികളെയും ഗർഭിണികളെയും ഈ ദേവി സദാ കാത്തു രക്ഷിക്കുന്നു. എന്നും ജപിക്കാൻ കഴിയാത്തവർ വ്യാഴം, ശുക്ലപക്ഷ പഞ്ചമി എന്നീ ദിനങ്ങളിലെങ്കിലും മനസാ ദേവിയുടെ മൂല മന്ത്രം ജപിക്കണം. നാഗപഞ്ചമി നാഗചതുർത്ഥി ദിനങ്ങൾ ദേവിക്ക് വിശേഷമാണ്. സന്ധ്യാവേളയാണ് ജപത്തിന് ഉത്തമം. രാവിലെയും ജപിക്കാം. കുറഞ്ഞത് 3 തവണ ജപിക്കണം. 9, 11,51, 108, 1008 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്. വ്യാഴം, ശുക്ലപക്ഷ പഞ്ചമി തുടങ്ങി 48 ദിവസം തുടർച്ചയായി ജപിച്ചാൽ അഗ്രഹ സാഫല്യമാണ് ഫലം. ആർക്കും മനസാ ദേവിയെ ഉപാസിക്കാം. സ്ത്രീകൾ അശുദ്ധി ദിനങ്ങളിൽ ജപം ഒഴിവാക്കണം. പൂജാ മുറിയിൽ ദേവിയുടെ ചിത്രം വച്ച് കിഴക്ക് ദർശനമായിരുന്ന് ജപിക്കുന്നതിൽ ഒരു തെറ്റുമില്ല. ചുവപ്പ്, മഞ്ഞ പൂക്കളാണ് ദേവിക്ക് പ്രിയങ്കരം.
തുളസിയില പാടില്ല. കദളിപ്പഴമാണ് ഇഷ്ട നിവേദ്യം.
മനസാദേവിയുടെ പുത്രനായ ആസ്തികനാണ് സർപ്പദംശത്താൽ മരിച്ച അച്ഛന്റെ മരണത്തിന് പക വീട്ടാൻ പരീക്ഷിത്തിന്റെ മകൻ ജനമേജയൻ നടത്തിയ സർപ്പസത്രത്തിൽ നിന്ന് നാഗങ്ങളെ രക്ഷിച്ചത്.
അതിമനോഹരമായ വെളള അരയന്നമോ താമരയോ ആണ് ദേവിയുടെ ആരൂഢം. ഏഴ് സർപ്പ ശിരസുകൾ ദേവിക്ക് രക്ഷയേകുന്നു. ഇടതു കൈയിൽ ഒരു സർപ്പ ശിരസ്, വലതു കൈയിൽ അഭയ മുദ്ര, മടിയിൽ മകൻ അസ്തികൻ – ഇതാണ് ദേവീ സങ്കല്പം. ദേവീ ഭാഗവതത്തിൽ മനസാദേവിക്ക് 12 തിരുനാമങ്ങളുണ്ട്. ഈ ദ്വാദശനാമങ്ങൾ നിത്യവും ജപിച്ചാൽ സർപ്പദോഷം ബാധിക്കില്ല. സർവ സിദ്ധികളും ലഭിക്കും. അന്ത്യത്തിൽ വിഷ്ണുപദം പൂകും.
മനസാ ദ്വാദശ മന്ത്രങ്ങൾ
ഓം ജഗൽക്കാരുവെ നമ:
ഓം ജഗൽ ഗൗരിയൈ നമ:
ഓം മനസായൈ നമ:
ഓം സിദ്ധയോഗിന്യൈ നമ:
ഓം വൈഷ്ണവിയൈ നമ:
ഓം നാഗഭഗിനിയൈ നമ:
ഓം ശൈവിയൈ നമ:
ഓം നാഗേശ്വരിയൈ നമ:
ഓം ജരൽക്കാരു പ്രിയായൈ നമ:
ഓം ആസ്തികമതായൈ നമ:
ഓം വിഷഹാരിയൈ നമ:
ഓം മഹാജ്ഞാനവതിയൈ നമ:
ജഗൽക്കാരു:
മനസാ ദേവി മൂന്നു യുഗം ശ്രീകൃഷ്ണനെ ധ്യാനിച്ച് തപസ് അനുഷ്ഠിച്ചപ്പോൾ ദേവിയുടെ ശരീരം വരെ ജീർണ്ണിച്ചു എന്നും അതിനാൽ ഭഗവാൻ ദേവിക്ക് ജഗൽക്കാരു എന്ന് പേര് നൽകി.
ജഗൽ ഗൗരി :
ലോകമെങ്ങും പൂജിക്കുന്ന വെളുത്ത നിറമുള്ള സുന്ദരി ആയതിനാൽ ജഗൽ ഗൗരി എന്ന നാമം സിദ്ധിച്ചു.
മനസാ
കശ്യപന്റെ മാനസപുത്രിയായതിനാൽ മനസ
എന്ന പേര് ലഭിച്ചു.
സിദ്ധ യോഗിനി
തപസിന്റെ ഫലമായി എല്ലാ യോഗസിദ്ധികളും കരഗതമായതിനാൽ ദേവി സിദ്ധ യോഗിനിയായി.
വൈഷ്ണവി
അചഞ്ചലമായ വിഷ്ണുഭക്തി ഉളളവയായത്
കൊണ്ട് ദേവി വൈഷ്ണവിയായിത്തീർന്നു.
നാഗഭഗിനി
നാഗരാജാവായ വാസുകിയുടെ സഹോദരി
ആയതിനാൽ നാഗഭഗിനി എന്ന് അറിയപ്പെടുന്നു.
ശൈവി
ശിവഭഗവാന്റെ ശിഷ്യത്വം സ്വീകരിച്ചതിനാൽ
ശൈവി എന്ന് പേരുകിട്ടി
നാഗേശ്വരി
ജനമേജയൻ സർപ്പങ്ങളെ സമൂലം നിഗ്രഹിക്കാൻ നടത്തിയ സർപ്പസത്രത്തിൽ നിന്നും നാഗങ്ങളെ രക്ഷിച്ച മകന്റെ അമ്മ ആയതിനാൽ നാഗേശ്വരി എന്ന പേരു കിട്ടി..
ജരൽക്കാരു പ്രിയ
ജരൽക്കാരു എന്ന മഹർഷിയുടെ പത്നിയായതിനാൽ
ജരൽക്കാരു പ്രിയ എന്ന് ഖ്യാതി നേടി.
അസ്തിക മാതാ
ആസ്തിക മുനിയുടെ അമ്മയായതു കൊണ്ട് ഈ നാമം ലഭിച്ചു
വിഷഹാരി
വിഷത്തെ ഹരിക്കുന്ന ഭഗവതിയായത്
കൊണ്ട് വിഷഹാരി എന്ന പേരു ലഭിച്ചു.
മഹാജ്ഞാനവതി
മരണമടഞ്ഞവർക്ക് പുനർജ്ജന്മമേകാനുള്ള
യോഗ സിദ്ധി വരെ ആർജ്ജിച്ച മഹാജ്ഞാനസിദ്ധ ആയതിനാൽ മഹാജ്ഞാനവതിയായി.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+ 91 9847575559
Copyright 2021 neramonline.com.
All rights reserved.