Wednesday, 3 Jul 2024

സർപ്പദോഷം തീർക്കാൻ 15 വഴികൾ; ഇവർ നാഗ ഉപാസന മുടക്കരുത്

നാഗാരാധനയ്ക്ക് വളരെ വലിയ പ്രാധാന്യം നൽകുന്ന സമൂഹമാണ് നമ്മുടേത്. കേരളത്തിലെ പോലെ വ്യാപകമായി കാവുകളും, സർപ്പക്ഷേത്രങ്ങളും ഒരു പക്ഷേ മറ്റൊരിടത്തും കാണില്ല. ഭക്ത്യാദരപൂർവമാണ് ഇവിടുത്തെ മിക്ക തറവാടുകളിലും നാഗാരാധന നടത്തുന്നത്. മിക്ക തറവാടുകളിലും, നാഗരാജാവ്, നാഗകന്യക, നാഗയക്ഷി, നാഗത്താൻമാർ, നാഗകാവ് എന്നിങ്ങനെ ഏതെങ്കിലും രീതിയിൽ സർപ്പങ്ങളുമായോ, നാഗങ്ങളുമായോ ബന്ധപ്പെടുത്തി ഒരു ആരാധനാ സ്ഥാനം ഉണ്ടാകും. മറ്റു സ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ പൂജാരീതികളോ, സമ്പ്രദായങ്ങളോ ആണ് നാഗാരാധനയിൽ ഇവിടെ നിലനിൽക്കുത്.

മാറാവ്യാധികൾ, മഹാരോഗങ്ങൾ, ത്വക്‌രോഗങ്ങൾ, നിരന്തരമായ ആപത്തുകൾ, സന്താനസൗഭാഗ്യം ഇല്ലായ്മ, വിവാഹ തടസം, കടുത്ത രാഹു – കേതു ദോഷങ്ങൾ എന്നിവയാണ് നാഗ ദോഷത്തിന്റെ പ്രത്യക്ഷ ഫലങ്ങൾ. കടുത്ത സർപ്പദോഷങ്ങൾ ബാധിച്ചാൽ ദാരിദ്ര്യമുണ്ടാകും. കുടുംബം ക്ഷയിക്കും. കുടുംബാംഗങ്ങൾക്ക് ദുരിതങ്ങൾ ഒഴിയില്ല. നാഗദോഷം തീർക്കുന്ന ചില വഴികൾ:

1. ആയില്യം നക്ഷത്രം, ഞായറാഴ്ച, നാഗപഞ്ചമി തുടങ്ങിയ നാഗപ്രീതിക്ക് ഉത്തമമായ ദിവസങ്ങളിൽ വ്രതമെടുത്ത് നാഗക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുക.

2. നാഗസന്നിധികളിൽ നമുക്ക് കഴിയുന്ന വഴിപാടുകൾ ചെയ്യുക. ഇതിൽ ഏറ്റവും പ്രധാനം നൂറും പാലും സമർപ്പണമാണ്. എള്ളെണ്ണ, മഞ്ഞൾ, ഭസ്മം, ഇളനീർ, പശുവിൻപാൽ, പഞ്ചഗവ്യം എന്നിവയാലുള്ള അഭിഷേകം നല്ലതാണ്. ശർക്കരപായസം, പാൽപ്പായസം, കൂട്ട്പായസം, ശർക്കരച്ചോറ്, വെള്ളനിവേദ്യം എന്നി വഴിപാടുകളും സമർപ്പിക്കാം. സർപ്പരൂപങ്ങൾ, മുട്ടകൾ, ചുവപ്പ്പട്ട് എന്നിവയുടെ സമർപ്പണവും പരിഹാരമാണ്.

3. ശിവൻ, വിഷ്ണു, ഗണപതി, ദേവി തുടങ്ങിയ ദേവീ ദേവന്മാരെ ഭജിക്കുമ്പോൾ അവർക്ക് അലങ്കാരമായി വർത്തിക്കുന്ന വാസുകി, അനന്തൻ, ശംഖപാലൻ തുടങ്ങിയ നാഗങ്ങളെ ചേർത്ത് സ്മരിക്കുകയും ഭജിക്കുകയും ചെയ്യുന്നത് നാഗശാപവും ദോഷവും പരിഹരിക്കും.

4. തിരുവാതിര, ചോതി, ചതയം നക്ഷത്രങ്ങളുടെ അധിപൻ രാഹു ആയതിനാൽ ഇവർ നിത്യവും സർപ്പആരാധന നടത്തണം. ഭരണി, രോഹിണി, ആയില്യം, പൂരം, അത്തം, , തൃക്കേട്ട, പൂരാടം, തിരുവോണം, രേവതി നക്ഷത്രജാതർ രാഹുദശയിൽ സർപ്പ പ്രീതി വരുത്തണം.

5. ദിവസവും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുക. സുബ്രഹ്മണ്യന്റെ വാഹനമായ മയിൽ നാഗങ്ങളെ ഭക്ഷിക്കും എന്നാണ് സങ്കല്പം. അതിനാൽ സുബ്രഹ്മണ്യഭക്തരെ നാഗങ്ങൾ ഉപദ്രവിക്കില്ല.

6. വിഷ്ണുഭഗവാൻ നാഗരാജാവായ അനന്തനെ ശയ്യയാക്കി കിടക്കുന്നതിനാൽ മഹാവിഷ്ണുവിനെ പ്രാർത്ഥിക്കുന്നതിലൂടെ നാഗദോഷം അകറ്റാം.

7. നരസിംഹപൂജയോ നരസിംഹ ക്ഷേത്രദർശനമോ നടത്തിയാൽ സർപ്പദോഷം ഒഴിയും. ശ്രീകൃഷ്ണ ഭഗവാൻ നരസിംഹപൂജ നടത്തിയതിന്റെ ഫലമായാണത്രേ കാളിയന്റെ ദർപ്പമടക്കാൻ കാളിയ മർദ്ദനമാടിയപ്പോൾ വിഷം ഏൽക്കാതിരുന്നത്.

8. മണ്ണാറശാല, വെട്ടിക്കോട്ട്, പാമ്പുമ്മേക്കാവ്, നാഗർകോവിൽ തുടങ്ങിയ നാഗകേന്ദ്രങ്ങളിൽ ദർശനം നടത്തുക.

9. നവനാഗസ്‌തുതി നിത്യവും ജപിക്കുക. നാഗരാജകഥകളോ സ്‌തോത്രങ്ങളോ ഭക്തിപൂർവ്വം വായിക്കുകയോ ജപിക്കുകയോ ചെയ്യുക.

നവനാഗ സ്തുതി
അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവ നാമാനി
നാഗാനി ച മഹാത്മാനം
തസ്യ വിഷഭയം നാസ്തി
സർവ്വത്രേ വിജയീ ഭവേത്

10. എന്ത് കാര്യത്തിന് മുതിർന്നാലും തടസം നേരിടുക. കച്ചവടത്തിൽ പരാജയപ്പെടുക തുടങ്ങിയവയ്ക്ക് കാരണം സർപ്പദോഷമാണ് എന്ന് മനസിലാക്കിയാൽ ഗണപതി ഭഗവാനെ ഭജിക്കണം. ഗണപതി അരഞ്ഞാണം ആയി ധരിച്ചിരിക്കുന്ന ശംഖപാലൻ സർപ്പശ്രേഷ്ഠനാണ്.

11. ജാതകത്തിൽ രാഹു മേടം, ചിങ്ങം, മകരം, കുംഭം രാശികളിൽ നിൽക്കുന്നത് കാരണമുള്ള സർപ്പദോഷത്തിന് ശിവക്ഷേത്രദർശനം നടത്തുക. നാഗശ്രേഷ്ഠനായ വാസുകി ശിവന്റെ കണ്ഠാഭരണമായി പരിശോഭിക്കുന്നു. ശിവപൂജ കൊണ്ട് വാസുകിയെ സംതൃപ്തനാക്കാം. കൂടാതെ നാഗരാജാവെന്നാൽ ശിവൻ തന്നെയാണെന്നും വിശ്വസിക്കുന്നു. കാശി വിശ്വനാഥനെ നാഗരാജാവായാണ് ആരാധിക്കുന്നത്.

12. മിഥുനം, കന്നി, ധനു, മീനം രാശികളിൽ രാഹു നിന്നാൽ വിഷ്ണുക്ഷേത്രദർശനം ഗുണകരമാണ്.

13. സർപ്പദോഷത്താൽ സന്താനക്ലേശം നേരിടുന്നവർക്ക് വിഷ്ണുഭജനം ഗുണപ്രദമാണ്.

14. കുട്ടികളുടെ സംരക്ഷണത്തിന് അനന്തനെ, വിഷ്ണു ഭഗവാനെ പ്രാർത്ഥിക്കുക. ശിശുവായ ശ്രീകൃഷ്ണനെ വസുദേവർ കുട്ടയ്ക്കകത്താക്കി കൊണ്ടുപോകുമ്പോൾ കുടയായി നിന്നത് സർപ്പരാജൻ അനന്തനാണ്.

15. സർപ്പ കാവുകൾ സംരക്ഷിക്കുക, ദീപം തെളിക്കുക യഥാവിധി നാഗപൂജ നടത്തുക എന്നിവ ചെയ്താൽ നാഗദോഷങ്ങൾ ഒഴിഞ്ഞു പോകും.

Story Summary : Importance of Naga Pooja and simple remedies for Sarppa Dosham

error: Content is protected !!
Exit mobile version