Friday, 5 Jul 2024

സർവാനുഗ്രഹദായിനിയായ മൂകാംബികാ ദേവിയെ ഭജിക്കാൻ ഏറ്റവും ഉത്തമമായ ജന്മാഷ്ടമി ഇതാ

മംഗള ഗൗരി
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ജന്മാഷ്ടമിക്ക് ഒരുങ്ങി.
ലോകമെമ്പാടുമുള്ള ദേവീഭക്തരുടെ സ്വർഗ്ഗ ലോകമായ
ഇവിടെ മെയ് 27 ന് വിപുലമായ രീതിയിൽ അമ്മയുടെ
അവതാരദിനം ആഘോഷിക്കും. ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷത്തിലെ അഷ്ടമിനാളാണ് മൂകാംബിക ദേവിയുടെ ജന്മനാളായി കരുതുന്നത്. മഹാകാളിയും മഹാലക്ഷ്മിയും മഹാസരസ്വതിയും ഐക്യരൂപിണിയായി ഒന്നിച്ചു വാഴുന്ന മൂകാംബിയിലെ ചൈതന്യം സാക്ഷാൽ ജഗദംബിക തന്നെയാണ് ; ആദിപരാശക്തിയാണ്.

മെയ് 27 ശനിയാഴ്ച ജന്മാഷ്ടമി ആഘോഷത്തിന്റെ
ഭാഗമായി അന്നേദിവസം വിശേഷാൽ പൂജകളുണ്ടാകും. ശതരുദ്രാഭിഷേകം, പഞ്ചാമൃതാഭിഷേകം രാത്രി പുഷ്പ രഥോത്സവം എന്നിവ ജന്മാഷ്ടമിയോടനുബന്ധിച്ച് ഇവിടെ നടക്കും. ജന്മാഷ്ടമിക്ക് ശേഷം അടുത്ത വിജയദശമി വരെ ക്ഷേത്രത്തിൽ രഥോത്സവങ്ങൾ ഉണ്ടായിരിക്കില്ല. വിദ്യാവിജയവും ഗൃഹഐശ്വര്യവും ശത്രു ദോഷമുക്തിയുമെല്ലാം സമ്മാനിക്കുന്ന സർവാനുഗ്രഹ ദായിനിയായ മൂകാംബികാ ദേവിയെ ഭജിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് അമ്മയുടെ ജന്മാഷ്ടമി.

കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് മൂകാംബികാ ക്ഷേത്രം. വിദ്യാവിജയത്തിനും കലാസാഹിത്യരംഗത്ത് ശോഭിക്കുന്നതിനും നിരവധി ഭക്തരാണ് മൂകാംബികയിൽ എത്തുന്നത്. പല പുരാണങ്ങളിലും മൂകാംബികാക്ഷേത്ര മാഹാത്മ്യം വർണ്ണിച്ചിട്ടുണ്ട്. ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം കൊല്ലൂരാണ്. കോലമഹർഷി തപസ്‌ ചെയ്ത സ്ഥലമായതുകൊണ്ട് കോലാപുരമായി; പിന്നീട് കൊല്ലൂർ ആയി. കംഹൻ എന്ന അസുരൻ മഹാസിദ്ധികൾക്കായി ശിവനെ തപസ്‌ ചെയ്തു. വരബലം സിദ്ധിച്ചാൽ കംഹൻ അജയ്യനാകുമെന്ന് മനസിലാക്കിയ പരാശക്തി അവനെ മൂകനാക്കി. അങ്ങനെ മൂകാസുരനായി. തുടർന്ന് ദേവി ഘോരയുദ്ധം ചെയ്ത് മൂകാസുരനെ വധിച്ചു. അതോടെ ദേവി മൂകാംബികയായി.

മനുഷ്യരിലെ അജ്ഞാനത്തിന്റെയും അന്ധകാരത്തിന്റെയും പ്രതീകമാണ് മൂകാസുരൻ. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനത്തെ പ്രദാനം ചെയ്യുന്ന ദേവി എന്നു തന്നെയാണ് മൂകാംബികയുടെ ആന്തരാർത്ഥം. മൂകാംബികാ സന്നിധിയിൽ നിത്യവും അഞ്ച് പൂജകളുണ്ട്. പൂജാവിധികൾ ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യസ്വാമികൾ.

ഇടവത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന അഷ്ടമിയിലാണ് ദേവി മൂകാസുരനെ വധിക്കാൻ അവതരിച്ചത്. അന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളുണ്ട്. മീനത്തിലെ വെളുത്ത പക്ഷത്തിലെ ഉത്രം മുതൽ 9 ദിവസമാണ് ഉത്സവം. അതിന്റെ എട്ടാം ദിവസമാണ് രഥോത്സവം. നവരാത്രികാലമാണ് അതിവിശേഷം. ഇക്കാലത്ത് വിദ്യാരംഭത്തിന് പതിനായിരങ്ങളാണ് വരുന്നത്. ക്ഷേത്രത്തിന്റെ മുൻവശത്താണ് സരസ്വതീമണ്ഡപം. അവിടെയാണ് വിദ്യാരംഭം നടത്തുക. ക്ഷേത്രത്തിന് സമീപത്തുള്ള സൗപർണ്ണികയിൽ കുളിച്ച് ദർശനം നടത്തുന്നത് ഏറ്റവും ഉത്തമമാണ്.

മൂകാംബികയുടെ മൂലസ്ഥാനം കുടജാദ്രിയാണ്. ദക്ഷിണഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് കുടജാദ്രി. മൂകാംബികയിൽ നിന്നും 42 കിലോമീറ്ററുണ്ട്. ശങ്കരാചാര്യർ തപസിരുന്ന സർവ്വജ്ഞപീഠം ഇവിടെ കാണാം. സർവ്വജ്ഞപീഠത്തിൽ നിന്നും ദുർഘടമായ പാതയിലൂടെ ഒരു കിലോമീറ്റർ പോയാൽ ചിത്രമൂലയിൽ എത്തും. ഇവിടെയാണ് സൗപർണ്ണികയുടെ ഉത്ഭവം.

ഭക്തർക്ക് താമസിക്കാനായി ക്ഷേത്രത്തിന്റെ അതിഥി മന്ദിരങ്ങളും സ്വകാര്യഹോട്ടലുകളുമുണ്ട്. കേരളത്തിൽ നിന്നും പോകുന്നവർ മൂകാംബികാ റോഡ് ബൈന്ദൂരിലോ മംഗലാപുരത്തോ ട്രെയിൻ ഇറങ്ങണം. കൊങ്കൺ വഴി പോകുന്ന ചില ട്രെയിനുകൾ ബൈന്ദൂരിൽ നിറുത്തും. അവിടെ നിന്ന് 40 കിലോമീറ്ററുണ്ട്. മംഗലാപുരത്തു നിന്നും മൂന്നാല് മണിക്കൂർ റോഡ് യാത്ര വേണ്ടി വരും. രാവിലെ 5 മുതൽ ദർശനമുണ്ട്. ഉച്ചയ്ക്ക് 1.30ന് നട അടയ്ക്കും. ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 9 വരെ ദർശനമുണ്ട്.

Story Summary: Kollur Sri Mookambika Temple Janmashtami Festival On 2023 May 27

error: Content is protected !!
Exit mobile version