Friday, 22 Nov 2024

സർവ്വജനവശ്യം,, വിദ്യ, പദവി എല്ലാം തരും രാജമാതംഗി സരസ്വതി

ദശമഹാവിദ്യ 9

അറിവിന്റെയും അഭിരുചിയുടെയും ശക്തിയുടെയും നൈപുണ്യത്തിന്റെയും ഭാവമാണ് രാജമാതംഗി. മാതംഗമഹർഷിയുടെ മകൾ. കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടേണ്ടത് എന്ന് വാദിച്ച മഹർഷിയാണ് മാതംഗമുനി.
രാജമാതംഗി സരസ്വതി തന്നെയാണ്. അതിബുദ്ധിശാലി എന്ന അർത്ഥം വരുന്ന മതി എന്ന ശബ്ദത്തിൽ നിന്നാണ് മാതംഗി എന്ന പേര് വന്നത്. വാക്ചാതുര്യം, സംഗീതം, വിദ്യ എന്നിവയെല്ലാം ദേവിയുടെ അധീനതയിലാണ്.

വീണാധാരിണിയാണ് രാജമാതംഗി. തൊണ്ടയിലാണ് ദേവിയുടെ സ്ഥാനമായ അനാഹതചക്രം. ഭാവം വാചാലതയാണ്. നവരാത്രിയിലെ രാജമാതംഗിപൂജ ഗുരുപൂജയ്ക്കു സമമാണ്. ദേവി ധരിച്ചിരിക്കുന്ന വീണ ശരീരത്തിന്റെ പ്രതീകമാണ്. വീണയുടെ തണ്ട് സൂഷുമ്‌ന നാഡിയാണ്. മകുടം തലയോടും കമ്പികൾ ഞരമ്പുകളുമാണ്. ശബ്ദവും സൗന്ദര്യവും കൊണ്ട് ആകർഷിക്കുവാനും വിദ്യാവിജയത്തിനും പൂജിക്കേണ്ടതിനാൽ നവരാത്രിയിൽ ആരാധിക്കുന്നു. നവരാത്രി പൂജയിൽ രാജമാതംഗിയും സരസ്വതിയും ഒന്നുതന്നെ. ജാതകത്തിൽ സൂര്യൻ പിഴച്ചാൽ രാജമാതംഗിയെ ഭജിക്കണം.

രാജമാതംഗി നമ്മുടെ ശരീരത്തില്‍ ബുദ്ധിതത്വമായും വരാഹി ചൈതന്യമായും വർത്തിക്കുന്നു. മനോനിയന്ത്രണത്തിന് ബുദ്ധിയും ശരീര നിയന്ത്രണത്തിന് ചൈതന്യവും ആവശ്യമാണ്. ലളിതാംബികയ്ക്ക് വളരെ അടുത്ത രണ്ടുപേരാണ് ഇവര്‍. രാജമാതംഗി യന്ത്രം ധരിച്ചാൽ സർവ്വജനവശ്യം ഫലം. കൃത്യതയോടെ ഒരുക്കിയ യന്ത്രം വിധി പ്രകാരം വലത് കൈയിലാണ് ധരിക്കേണ്ടത്. ഫലം: ജ്ഞാന സിദ്ധി, വാക്സിദ്ധി, വശ്യസിദ്ധി, സർവകാര്യസിദ്ധി.

മഹാരാജ്ഞി രാജരാജേശ്വരിയുടെ പ്രധാനമന്ത്രി ആണ് രാജമാതംഗി. അതിനാൽ രാജമാതംഗിയെ മന്ത്രിണിയെന്നും വിളിക്കും. രാജാവിൽ നിന്നുള്ള കാര്യസാദ്ധ്യത്തിന് മന്ത്രി മുഖേന സമീപിച്ചാൽ വേഗം നടക്കും എന്ന പോലെയാണ് രാജമാതംഗിയും. ദശമഹാവിദ്യകളിൽ ഒൻപതാമത്തെ ഈ ദേവിയുടെ അനുഗ്രഹം നേടുന്ന സാധകന് ആദിപരാശക്തിയുടെ പ്രീതി വളരെ എളുപ്പത്തിൽ ലഭിക്കുന്നു. സേവകരായ പന്ത്രണ്ട് മാതംഗിമാരോട് കൂടി രാജമാതംഗിയെ ഉപാസിക്കുന്ന സാധകന് അസാദ്ധ്യമായത് പോലും സാദ്ധ്യമാകും.

ലഘു ശ്യാമള, വാഗ്വാദിനി, സ്തംഭിനി ശ്യാമള, നകുലേശ്വരി, ഹസന്തി ശ്യാമള, ശാരികാ ശ്യാമള, ശുക ശ്യാമള, സംഗീത ശ്യാമള, സാഹിത്യ ശ്യാമള , കല്യാണമാതംഗി, ജഗദ്രഞ്ജനീ മാതംഗി, വിദ്യുന്മാതംഗി, സുമുഖീ എന്നിവരാണ് രാജമാതംഗിയുടെ സേവകരായ 12 മാതംഗിമാർ. സർക്കാര്‍ കാര്യങ്ങളില്‍ വിജയം, വാഗ്വാദങ്ങളിൽ വിജയം, കലാകായിക രംഗങ്ങളിൽ വിജയം, സര്‍വ്വ ജനവശീകരണം, ഉയർന്ന പദവികള്‍, സംഗീത കലയിൽ അനുഗ്രഹം – ഇതിനെല്ലം രാജമാതംഗി ദേവിയെ ഉപാസിക്കണം.

Story Summary: Desha Mahavidya 9: Significance of Rajamathangi

Pic Design: Prasanth Balakrishnan| +91 7907280255| dr.pbkonline@gmail.com

error: Content is protected !!
Exit mobile version