Friday, 5 Jul 2024

സർവ്വാഭീഷ്ട സിദ്ധിയേക്കും ചോറ്റാനിക്കര ഭഗവതി ; മകം തൊഴൽ ഞായറാഴ്ച

സാക്ഷാല്‍ രാജരാജേശ്വരിയുടെ സന്നിധിയായ ചോറ്റാനിക്കര ദേവിക്ഷേത്രം വിശ്വപ്രസിദ്ധമായ മകം തൊഴല്‍ മഹോത്സവത്തിന്  ഒരുങ്ങി. ദേവീപ്രീതികരമായ കര്‍മ്മങ്ങള്‍ക്ക് ഏറ്റവും നല്ല ദിവസമായ കുംഭ മാസത്തിലെ മകം നക്ഷത്ര ദിവസമാണ് ചോറ്റാനിക്കര മകം തൊഴല്‍. പരമഭക്തനായ വില്വമംഗലം സ്വാമിക്ക് ചോറ്റാനിക്കര അമ്മ വിശ്വരൂപ ദര്‍ശനം നല്‍കി അനുഗ്രഹിച്ച പുണ്യദിവസവുമാണിത്.  
കുംഭ മാസത്തിലെ രോഹിണിനാളില്‍ കൊടിയേറി ഉത്രം നാളില്‍ ആറാട്ടോടെ സമാപിക്കുന്ന രീതിയിലാണ് ഇവിടെ ഉത്സവം. അതിനിടയിലാണ് മകം തൊഴല്‍ വരുന്നത്.  മാര്‍ച്ച് 8 ഞായറാഴ്ചയാണ് ഇത്തവണ ചോറ്റാനിക്കര മകം; അന്ന് മകം തൊഴലിന് മുമ്പ് ഭഗവതിക്ക് ഓണക്കുറ്റിചിറയിലെ തീര്‍ത്ഥക്കുളത്തില്‍ ആറാട്ട് നടത്തും. ഉത്സവസമയത്ത് എല്ലാ ദിവസവും ആറാട്ടു നടത്തുമെന്നത് ചോറ്റാനിക്കര ക്ഷേത്രത്തിലെ  പ്രത്യേകതയാണ്. അന്ന് ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാല്‍ പിന്നെ നട തുറക്കുന്നത് മകം തൊഴലിനാണ്. 
ദിവ്യമായ തങ്കഗോളകയാണ് മകം തൊഴല്‍ ദിവസം ദേവിക്ക് ചാര്‍ത്തുന്നത്. സാധാരണ ദിവസങ്ങളില്‍ ദേവി ഇടതുകൈ കൊണ്ടാണ് ഭക്തരെ അനുഗ്രഹിക്കുക. എന്നാല്‍ മകം തൊഴല്‍ ദിവസം പ്രത്യേകമായി  ദേവിക്കു ചാര്‍ത്തുന്നത് വലതുകൈ കൊണ്ട് അനുഗ്രഹിക്കുന്ന തങ്കഗോളകയാണ്. അതായത് മകം തൊഴൽ ദിവസം ദേവി ഭക്തരെ അനുഗ്രഹിക്കുന്നത് വലതു കൈയ്യാലാണ്. വരവും അഭയവും നല്‍കുന്ന മുദ്രകളോടെ,  നാലു തൃക്കൈകളോടെ ദേവി ദര്‍ശനം തരും. ഈ ദിവ്യ മുഹൂര്‍ത്തത്തില്‍ ദേവീസന്നിധി അമ്മേ നാരായണ, ദേവി നാരായണാ  ജപങ്ങളാലും മണിനാദങ്ങളാലും മുഖരിതമാകും. അന്ന് ശ്രീകോവിലില്‍ തെളിയുന്നത് മുഴുവനും നെയ് വിളക്കുകളായിരിക്കും. വിശേഷ ആഭരണങ്ങളും പട്ടുടയാടകളും കൊണ്ട് ദേവീ സര്‍വ്വാലങ്കാര വിഭൂഷിതയുമായിരിക്കും. ഈ ദിവസം ദേവിയെ തൊഴുതാല്‍ സർവ്വാഭീഷ്ടസിദ്ധി, ശത്രുദോഷശാന്തി, മംഗല്യഭാഗ്യം, സന്താനഭാഗ്യം, രോഗശമനം ബാധോപദ്രവശമനം തുടങ്ങിയവയെല്ലാം ഉണ്ടാകും. 
മഹാശക്തിയെ സൗമ്യരൂപിണിയായി,  ആദിപരാശക്തിയായി മേൽക്കാവിലമ്മയായിട്ടാണ്  ആരാധിക്കുന്നത്. ഉഗ്രരൂപിണിയായ ഭദ്രകാളിയെ കീഴ്ക്കാവിലും ആരാധിക്കുന്നു. ആദിപരാശക്തിയെ എന്നും മൂന്നു ഭാവങ്ങളിലാണ് ആരാധിക്കുന്നത്.  വെള്ള വസ്ത്രം അണിയിച്ച് വിദ്യാ ദേവതയായ മൂകാംബികയായി , സരസ്വതിയായി പ്രഭാതത്തിലും, ചുവന്ന വസ്ത്രം ചാര്‍ത്തി ഭദ്രകാളിയായി ഉച്ചയ്ക്കും നീല വസ്ത്രമണിഞ്ഞ് ദുരിത നാശിനിയായ ദുര്‍ഗ്ഗയായി വൈകിട്ടും പൂജിക്കുന്നു. ഇതിനു പുറമെ മഹാലക്ഷ്മിയായും ശ്രീപാര്‍വ്വതിയായും ചോറ്റാനിക്കര ഭഗവതി സങ്കല്പിക്കപ്പെടുന്നു.. അങ്ങനെ മൊത്തം അഞ്ചു ഭാവങ്ങളുമുള്ളതിനാലാണ് ചോറ്റാനിക്കര അമ്മ രാജരാജേശ്വരിയാകുന്നത്.  
എല്ലാത്തരത്തിലുള്ള ജീവിത ദുരിതങ്ങള്‍ക്കും പരിഹാരമേകുന്ന  ചോറ്റാനിക്കര അമ്മ മാനസികരോഗങ്ങളും സ്വഭാവദൂഷ്യങ്ങളും വരെ  സുഖപ്പെടുത്തും എന്നാണ് വിശ്വാസം. ഇതിനു വേണ്ടിയാണ് ഇവിടെ ഭജനമിരിക്കലും ബാധയൊഴിക്കലും നടത്തുന്നത്. വ്രത നിഷ്ഠയോടെ പഞ്ചഗവ്യവും തീര്‍ത്ഥവും സേവിച്ച് നാമ ജപത്തോടെ ദേവിയെ ആരാധിച്ച് ക്ഷേത്രസന്നിധിയില്‍ തന്നെ കഴിയുന്ന ആചാരമാണ് ഭജനമിരിപ്പ്. കാര്യസിദ്ധിക്കും ശത്രുദോഷ, ദൃഷ്ടിദോഷ, ദുരിതശാന്തിക്കും ഉത്തമമാണ് ഇത്.  1,3,7,11,41 തുടങ്ങിയ ദിനങ്ങള്‍ ഭജനം ഇരിക്കാറുണ്ട്. ബാധാദോഷങ്ങള്‍ മാറുന്നതിന് ചോറ്റാനിക്കര ഏറെ പ്രസിദ്ധമാണ്. ഇവിടെ ഭജനമിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ അതി ശക്തമായ ബാധദോഷങ്ങളും ദുരിതങ്ങളും നീങ്ങും. ഇത് അത്ഭുതകരമായ ഒരു സത്യമാണ്. വളരെ പഴക്കമുള്ള ഗൗരമേറിയ ബാധകള്‍ പോലും ഇവിടെ ഉറഞ്ഞുതുള്ളി ഒഴിഞ്ഞ്  പോകുന്നു.
ശത്രുദോഷ ശാപദോഷ ദൃഷ്ടിദോഷങ്ങള്‍ക്ക് ഇവിടെ ചെയ്യാവുന്ന ഏറ്റവും പ്രധാന വഴിപാടാണ് ഗുരുതി സമര്‍പ്പണം. എല്ലാ ദിവസവും രാത്രിയില്‍ കീഴ്കാവിൽ  നടക്കുന്ന ഈ ചടങ്ങ് ദേവിയുടെ പ്രത്യക്ഷ സാന്നിദ്ധ്യമായി  അനുഭവപ്പെടും.

– കാർത്തിക ജി.സുരേഷ്

error: Content is protected !!
Exit mobile version