സർവ്വൈശ്വര്യത്തിന് വിനായക ചതുർത്ഥിക്ക് ജഗന്മോഹന ഗണപതി യജ്ഞം
സകലർക്കും ഐശ്വര്യം ചൊരിയുന്ന അത്ഭുതശക്തിയുള്ള ജഗന്മോഹന ഗണപതി യജ്ഞത്തിന് ചങ്ങനാശേരി, തുരുത്തി, പുതുമന ഗണപതിക്ഷേത്രം ഒരുങ്ങുന്നു. മഹാഗണപതി പ്രീതിക്കായി വർഷന്തോറും നടത്തുന്ന ഈ അപൂർവ്വ യാഗം ഇത്തവണ ആഗസ്റ്റ് 29,30, 31 സെപ്തംബർ 1, 2 തീയതികളിലാണ്. പ്രസിദ്ധ ജ്യോതിഷ, താന്ത്രികാചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ഇവിടെ ജഗന്മോഹന ഗണപതി യജ്ഞം നടക്കുന്നത്.
ശത്രുദോഷം, ദൃഷ്ടിദോഷം നീക്കുന്ന ഹോമം
ഗംഗാതീർത്ഥവും രാമേശ്വരത്തെ മണ്ണും ചേർത്ത് പ്രത്യേകം മെഴുകിയുണ്ടാക്കുന്ന ഹോമകുണ്ഡത്തിലാണ് യാഗം നടക്കുന്നത്. ക്ഷേത്രത്തിന് സമീപം പ്രത്യേകം യാഗശാലയിൽ സജ്ജീകരിച്ച വലിയ ഹോമകുണ്ഡത്തിൽ 1008 നാളികേരം ഹോമം, അഥർവ ശീർഷ മന്ത്രം കൊണ്ട് 1008 പ്രാവശ്യം ഹോമം, ഗണപതിയുടെ മൂലമന്ത്രം കൊണ്ട് 4 ലക്ഷം പ്രാവശ്യം ഹോമം എന്നിവ നടത്തും.
ഗണേശ പൂജയിൽ അത്ഭുതശക്തിയുള്ള അഥർവശീർഷ മന്ത്രം ചൊല്ലി കറുകയും എള്ളും നെയ്യും ഹോമിക്കുകയാണ് ചെയ്യുന്നത്. യാഗത്തിന്റെ എല്ലാ ദിനങ്ങളിലുമായി 1008 പ്രാവശ്യം ഗണേശ അഥർവശീർഷ മന്ത്രവും 12000 പ്രാവശ്യം ഗണേശഗായത്രി മന്ത്രവും ഹോമിക്കുന്നു. അതിശക്തമായ ശത്രുദോഷവും ദൃഷ്ടിദോഷവും നീക്കുന്നതിന് ഈ കർമ്മത്തിന് സാധിക്കും.
അഷ്ടാദശ ലക്ഷാർച്ചന കഷ്ടതയകറ്റും
18 ലക്ഷം തവണ നാമജപ പുഷ്പാഞ്ജലി നടത്തുന്ന അഷ്ടാദശ ലക്ഷാർച്ചന യജ്ഞത്തിലെ പ്രധാന ചടങ്ങാണ്. ഗണേശസഹസ്രനാമം ചൊല്ലി നടത്തുന്ന ഈ പുഷ്പാഞ്ജലി ഭക്തർ ഒന്നിച്ചിരുന്നാണ് ചെയ്യുന്നത്. വ്രതനിഷ്ഠയോടെ ആർക്കും ഈ യജ്ഞത്തിൽ പങ്കെടുക്കാം. ദിവസവും രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ലക്ഷാർച്ചന വൈകിട്ട് 6 മണിയോടെ പൂർത്തിയാകും. തുടർന്ന് പൂജിച്ച് അർച്ചന നടത്തിയ കലശം ശ്രീകോവിലിൽ എഴുന്നെള്ളിച്ച് അഭിഷേകം ചെയ്യും.വിനായക ചതുർത്ഥി ദിവസം സന്ധ്യാ ദീപാരാധനയോടെ അഷ്ടാദശ ലക്ഷാർച്ചന പൂർത്തിയാകും. എല്ലാതരത്തിലുമുള്ള വിഘ്‌നനിവാരണത്തിന് ഇത് ഗുണകരമാണ്.
വിഘ്‌നമകറ്റാനും കാര്യസിദ്ധിക്കുംസഹസ്രനാളികേര ഹോമം
ഗണേശപ്രീതിക്ക് ഏറ്റവും പ്രധാന കർമ്മമാണ് സഹസ്ര നാളികേര മഹാഗണപതിഹോമം. വിനായകചതുർത്ഥി ദിവസം രാവിലെ നടത്തുന്ന ഈ ഹോമത്തിന് 1008 നാളികേരം അരിഞ്ഞ് ശർക്കര ചേർത്ത് പാവുകാച്ചി അവിൽ, മലർ, കൽക്കണ്ടം, മുന്തിരി, തേൻ, കദളിപ്പഴം, കരിമ്പ്, എള്ള് എന്നിവ ചേർത്ത് നിവേദ്യം ഉണ്ടാക്കുന്നു. മഹാഗണപതി മന്ത്രം ചൊല്ലി ഈ നിവേദ്യം ഹോമാഗ്‌നിയിൽ സമർപ്പിക്കുകയാണ് പ്രധാന ചടങ്ങ്.
കാര്യസിദ്ധി, വിഘ്‌നനിവാരണം എന്നിവയ്ക്ക് ഭക്തർ സ്വന്തം കഴിവിനൊത്ത നാളികേരം കൊണ്ട് ഇതോടൊപ്പം വിശേഷഹോമവും നടത്തിക്കുന്നു. അതുകൊണ്ട് 1008 നാളികേരം എന്ന് പറഞ്ഞാലും ചില വർഷങ്ങളിൽ അയ്യായിരം നാളികേരം വരെ മൊത്തം ഹോമിക്കാറുണ്ട്.
ദാമ്പത്യ, വശ്യശക്തിക്ക്ചെങ്കണപതിഹോമം
വശ്യശക്തി ഉണർത്തുന്നതാണ് ചെങ്കണപതി ഹോമം; സന്ധ്യയ്ക്ക് പടിഞ്ഞാറ് അഭിമുഖമായി ഇരുന്നാണ് ഇത് നടത്തുന്നത്. നാളികേരം തിരുമ്മി ശർക്കരയും വിശേഷ ദ്രവ്യങ്ങളും ചേർത്ത് തയ്യാറാക്കുന്ന നിവേദ്യമാണ് സമർപ്പിക്കുന്നത്. ദാമ്പത്യ ഭദ്രത, കലഹശാന്തി, കുടുംബഐക്യം, സാമൂഹിക അംഗീകാരം ഇവയ്ക്കെല്ലാം ചെങ്കണപതിഹോമം ഉത്തമമാണ്.
4 ലക്ഷം മൂലമന്ത്രഹോമം ഐശ്വര്യസിദ്ധിക്ക്
ഗണേശമൂലമന്ത്രം ചൊല്ലി 4 ലക്ഷം പ്രാവശ്യം ഹോമം നടത്തുന്ന മൂലമന്ത്ര ഹോമ കർമ്മത്തിൽ മലർ, ഹവിസ്, നെയ്, എള്ള്, നെല്ല് എന്നിവ ഹോമിക്കുന്നു. പാപശാന്തി, ഐശ്വര്യലബ്ധി, ധനലാഭം, രോഗശാന്തി എന്നിവക്കെല്ലാം ഈ കർമ്മം ഗുണകരമാണ്.
ജഗന്മോഹനഗണപതി അപൂർവ്വഭാവം
ഗണപതിയുടെ നിരവധി ഭാവങ്ങളിൽ ഏറ്റവും പ്രധാനമാണ് ജഗന്മോഹന ഗണപതി. എല്ലാവിധ ഭൗതിക സുഖസമൃദ്ധിക്കും ഗുണകരം എന്നപോലെ മോക്ഷപ്രാപ്തിക്കും മനഃശുദ്ധിക്കും നല്ലതാണ് ജഗന്മോഹന ഗണപതിഹോമവും പൂജയും. ഐശ്വര്യകരമായ സങ്കല്പത്തിൽ നടക്കുന്നു എന്നതാണ് ജഗന്മോഹന ഗണപതിയാഗത്തിന്റെ പ്രത്യേകത.
നിൽക്കുന്ന രൂപത്തിൽപുതുമനഗണപതി
മറ്റെല്ലാ ക്ഷേത്രങ്ങളിലും ഇരിക്കുന്ന ഗണപതിയാണ് പ്രതിഷ്ഠ എന്നാൽ പുതുമന ഗണപതിക്ഷേത്രത്തിൽ നിൽക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. പടിഞ്ഞാറ് ദർശനമായ ഗണപതിക്ഷേത്രങ്ങളും അപൂർവ്വമാണ്. പാശം, അങ്കുശം, കൊമ്പ് എന്നിവ കൈകളിൽ പിടിച്ചിരിക്കുന്നു. ഒരു കൈയിലിരിക്കുന്ന മോദകം തുമ്പിക്കൈ കൊണ്ട് എടുത്ത് കഴിക്കുന്നു. വശ്യ, മോഹന രൂപത്തിലുള്ള പുതുമനഗണപതിയുടെ ചിത്രം ഒരിക്കൽ കണ്ടവരുടെ മനസിൽ എന്നും പ്രകാശം ചൊരിയും.
എല്ലാവർഷവും ഗണേശയാഗം
സമസ്തലോകത്തിനും ഐശ്വര്യം നൽകുന്ന യജ്ഞമാണ് ജഗന്മോഹന ഗണപതിയാഗം. അത്ഭുതശക്തിയുള്ള ഈ മഹായജ്ഞം എല്ലാവർഷവും വിനായകചതുർത്ഥിയോടനുബന്ധിച്ച് നടത്തുന്നു. സ്വർഗ്ഗീയനായ താന്ത്രികചാര്യൻ പുതുമന ഈശ്വരൻ നമ്പൂതിരി പ്രതിഷ്ഠകർമ്മം നടത്തിയ ഈ ക്ഷേത്രത്തിലെ ഇപ്പോഴത്തെ തന്ത്രി മുൻ മാളികപ്പുറം മേൽ ശാന്തിപുതുമന മനു നമ്പൂതിരിയാണ്.
ഗണപതി പൊങ്കാല വിനായകചതുർത്ഥിനാളിൽ ഭക്ഷണപ്രിയനായ ഉണ്ണിഗണപതിക്ക് ഭക്തർ പൊങ്കാല സമർപ്പിക്കുന്ന പുണ്യ ദിനം കൂടിയാണ് വിനായകചതുർത്ഥി. പുതിയ കലത്തിൽ പരിശുദ്ധിയോടെ തയ്യാറാക്കുന്ന പൊങ്കാല ഉണ്ണാൻ ഗണപതിഭഗവാൻ പുറത്തേക്കെഴുന്നള്ളുന്ന പുണ്യദിനവുമാണിത്. ജാതി ഭേദമോ പ്രായപരിധിയോ സ്ത്രീ പുരുഷ വ്യത്യാസമോ ഇല്ലാതെ ആർക്കും ഇവിടെ പൊങ്കാലയിടാം. പൊങ്കാലയിടാൻ ആഗ്രഹിക്കുന്നവർ സാധനങ്ങളുമായി അന്ന് രാവിലെ 9 മണിക്ക് മുമ്പ് ക്ഷേത്രത്തിൽ എത്തണം.
യാഗപൂജകൾ, വഴിപാടുകൾ
ഗണപതിപൊങ്കാല…. കാര്യ വിജയം
ഗണപതിഹോമം…….. കാര്യസിദ്ധി
അഷ്ടദശലക്ഷാർച്ചന….ദുരിതശാന്തി
അഥർവശീർഷഹോമം… ശത്രുദോഷശാന്തി
ചെങ്കണപതിഹോമം.. വശ്യശക്തി
ലക്ഷ്മിവിനായകപൂജ….. ധനത്തിന്
ശക്തിവിനായകപൂജ……കുടുംബഭദ്രത
ഭാഗ്യസൂക്തഗണപതിഹോമം…….. ഭാഗ്യലബ്ധി
ജഗന്മോഹനഗണപതിപൂജ…..കാര്യവിജയം
മലർപ്പറ……………. ഐശ്വര്യത്തി ന്
നെൽപ്പറ……………..ഭാഗ്യം തെളിയാൻ
തുലാഭാരം… ……. ……..പാപശാന്തി
നെയ്‌വിളക്ക്…….. കാര്യസിദ്ധി
എണ്ണദീപം…… പാപശാന്തി
നാളികേരം ഉടയ്ക്കൽ… വിഘ്‌നനിവാരണം
നാളികേരം നിവേദ്യം………. രോഗദുരിതശാന്തി
സിദ്ധിവിനായക പൂജ…… കർമ്മവിജയത്തിന്
അഥർവശീഷപുഷ്പാഞ്ജലി….. ശത്രുദോഷശാന്തി.
യജ്ഞത്തിൽ വഴിപാടിന്
സർവ്വൈശ്വര്യം നൽകുന്ന ജഗന്മോഹനഗണപതി യജ്ഞത്തിൽ പൂജകളും വഴിപാടുകളും നടത്താൻ ആഗ്രഹിക്കുന്നവർ ചങ്ങനാശേരി തുരുത്തിയിൽ പുതുമന ഗണപതിക്ഷേത്രവുമായി ഉടൻ ബന്ധപ്പെടണം.
ഫോൺ: 9447O -20655, 0481-2320655
വഴി: ചങ്ങനാശേരി കോട്ടയം റോഡിൽ തുരുത്തി ജംഗ്ഷൻ നിന്ന് ഒന്നര കിലോമീറ്ററാണ് ക്ഷേത്രത്തിലേക്ക്.