സർവ സൗഭാഗ്യസിദ്ധിക്കും വ്യാപാര
വിജയത്തിനും മഹാലക്ഷ്മി മന്ത്രങ്ങൾ
തരവത്ത് ശങ്കരനുണ്ണി
ശ്രീ മഹാലക്ഷ്മി ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും വിജയത്തിന്റെയും ദേവതയാണ്. അതിനാൽ ഏത് കാര്യത്തിലും വിജയം വരിക്കാൻ മഹാലക്ഷ്മിദേവിയെ പ്രസാദിപ്പിക്കണം. ലക്ഷ്മിദേവിയെ എട്ട് രൂപത്തിൽ ആരാധിക്കുന്നുണ്ട് : ആദി ലക്ഷ്മി, ധാന്യ ലക്ഷ്മി, ധൈര്യ ലക്ഷ്മി, അഥവാ വീര ലക്ഷ്മി, ഗജ ലക്ഷ്മി, സന്താന ലക്ഷ്മി, വിജയ ലക്ഷ്മി, ധന ലക്ഷ്മി, വിദ്യാ ലക്ഷ്മി എന്നീ ഭാവങ്ങളിലാണ് ഐശ്വര്യദേവതയെ ആരാധിക്കുന്നത്. ഈ ഭാവങ്ങൾ എല്ലാം ചേർന്നതാണ് അഷ്ടലക്ഷ്മി എന്നു പറയുന്നത്.
ജീവിതത്തിൻ നമുക്ക് വിദ്യ, ധനം, ആരോഗ്യം, കരുത്ത്, അധികാരം, ആൾബലം തുടങ്ങി എന്തെല്ലാം ഉണ്ടെങ്കിലും ഭാഗ്യമില്ലെങ്കിൽ ഇവ ഒന്നും കൊണ്ടും ഒരു പ്രയോജനവും ലഭിക്കില്ല. ഭാഗ്യമുണ്ടെങ്കിലേ അനുഭവയോഗം ഉണ്ടാകൂ. ജാതകദോഷം, ഈശ്വരാധീനമില്ലായ്മ തുടങ്ങി വിവിധ കാരണങ്ങളാൽ അനുഭവയോഗം കുറയാറുണ്ട്. ഇത് പരിഹരിച്ച് ഭാഗ്യസിദ്ധിക്ക് ജപിക്കാവുന്ന ഒരു മന്ത്രമാണ് ഇവിടെ പറയുന്നത്. ഇത് ജപിച്ച് നിത്യവും ലക്ഷ്മിദേവിയെ ഭജിച്ചാൽ സൗഭാഗ്യവും സമൃദ്ധിയും കൂടെ വരും.
മഹാലക്ഷ്മി മന്ത്രം
ഓം ശ്രീ അഖണ്ഡ സൗഭാഗ്യ
ധനസമൃദ്ധിം ദേഹി ദേഹി നമഃ
ഭാഗ്യസിദ്ധിക്കായി ദേവിയെ പൂജിക്കുന്നവർ നിത്യവും ഉരുവിടേണ്ട മന്ത്രം ഇതാണ്. വെള്ളിയാഴ്ചയാണ് ഈ മന്ത്രം ജപിക്കാൻ ഏറ്റവും നല്ല ദിവസം. പൂജാമുറിയിൽ നെയ്‌വിളക്ക് കത്തിച്ച് വച്ച് മന്ത്രം ഉരുവിടാം. മന്ത്രോച്ചാരണവേളയിൽ ചന്ദനത്തിരി കത്തിക്കുകയും ദേവിക്ക് പുഷ്പാർച്ചന നടത്തുന്നതും ചെയ്യുന്നത് വേഗം ഫലം നൽകും. രാവിലെ കുറഞ്ഞത് 9 തവണ മന്ത്രം ജപിക്കണം. കുറഞ്ഞത് 11 ദിവസം മന്ത്രം മുറതെറ്റാതെ ഉരുവിടുന്നവരുടെ ജീവിതത്തിൽ മെല്ലെ മെല്ലെ സൗഭാഗ്യം കടന്നുവരും എന്നാണ് വിശ്വാസം.
വ്യാപാരവിജയത്തിനും വാണിജ്യ പുരോഗതിക്കും ശ്രീ മഹാലക്ഷ്മിയെ പ്രീതിപ്പെടുത്താൻ ഉത്തമമായ ഒരു മന്ത്രമാണ് സിദ്ധലക്ഷ്മി മന്ത്രം. ദിവസവും സന്ധ്യയ്ക്ക് ശ്രീദേവിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വച്ച് 108 തവണ വീതം ഈ മന്ത്രം ജപിക്കണം. കുറച്ചു നാൾ സിദ്ധലക്ഷ്മി മന്ത്രം പതിവായി ജപിച്ചാൽ വ്യാപാരത്തിലും വാണിജ്യത്തിലും അത്ഭുതകരമായ വിജയം നിങ്ങൾക്ക് അനുഭവിച്ചറിയാം.
സിദ്ധലക്ഷ്മി മന്ത്രം
ഓം ശ്രീം ഹ്രീം ശ്രീം ക്ലീം ശ്രീസിദ്ധലക്ഷ്മ്യൈ നമഃ
ബിസിനസ്സിൽ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലകളിലും എല്ലാ വിധത്തിലുമുള്ള ഉയർച്ചയ്ക്കും ഉത്തമമായ അത്ഭുതകരമായ ഫലസിദ്ധി പ്രതീക്ഷിക്കാവുന്ന മറ്റൊരു സിദ്ധലക്ഷ്മി മന്ത്രവും പ്രസിദ്ധമാണ്. ഈ മന്ത്രം ദിവസവും സന്ധ്യയ്ക്ക് ശ്രീദേവിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വച്ച് 108 തവണ ജപിക്കണം.
സിദ്ധലക്ഷ്മി മന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം ശ്രീ സിദ്ധലക്ഷ്മ്യൈ നമഃ
ഈ മന്ത്രങ്ങൾ ജപിക്കാൻ പ്രത്യേകിച്ച് വ്രത നിഷ്ഠകൾ ബാധകമല്ല. എന്നാൽ ശരീര ശുദ്ധിയും മന:ശുദ്ധിയും ബാധകമാണ്. ജപിക്കുന്നത് വൃത്തിയും ശുദ്ധിയുമുള്ള ഒരു സ്ഥലത്തിരുന്ന് വേണം.
തരവത്ത് ശങ്കരനുണ്ണി, പാലക്കാട്: 984711
Story Summary: Powerful Goddess Lakshmi Mantras for success in business and Life