Friday, 22 Nov 2024

സൽപുത്രൻ പിറക്കാൻകൗസല്യാ സ്തുതി പാരായണം

മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമചന്ദ്ര ഭഗവാനാണ് രാമായണ ഹൃദയം. മാതൃകാ പുരുഷോത്തമനായ ശ്രീരാമദേവനെ ഭജിക്കുന്ന സ്തുതികളാൽ സമ്പന്നമാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം. ഇതിലെ ബാലകാണ്ഡത്തിൽ ഭഗവാന്റെ അവതാര ശേഷം വിശ്വരൂപം കണ്ട് അമ്മ കൗസല്യാ ദേവി നടത്തുന്ന സ്തുതിയാണ് ആദ്യ സ്തുതി. തുടർന്ന് അഹല്യാ സ്തുതി, പരശുരാമസ്തുതി ആരണ്യ കാണ്ഡത്തിലെ സുതീഷ്ണസ്തുതി, ജഡായു സ്തുതി, കിഷ്‌കിന്ധാകാണ്ഡത്തിലെ സ്വയംപ്രഭാസ്തുതി, യുദ്ധകാണ്ഡത്തിലെ വിഭീഷണസ്തുതി, നാരദസ്തുതി, ഇന്ദ്രസ്തുതി തുടങ്ങിയ സ്തുതികളുണ്ട്.

ഇവ ഓരോന്നും ദേവശരീരത്തിലെ ഒമ്പത് അവയവങ്ങളാണ്. രണ്ട് പാദങ്ങൾ, രണ്ട് കൈകൾ, രണ്ട് ചെവികൾ, മൂക്ക് ഒന്നേ ഉള്ളൂ എങ്കിലും രണ്ട് ദ്വാരങ്ങൾ. ഒരു വായ് അങ്ങനെ ഒമ്പത് അവയവങ്ങൾ. ശ്രീരാമചന്ദ്രന്റെ അവതാരം കഴിയുമ്പോൾ ദിവ്യരൂപം കണ്ട് അമ്മ നടത്തുന്ന കൗസല്യാസ്തുതിയിൽ മൊത്തം 44 വരികളുണ്ട് : നമസ്‌തേ ദേവ ദേവ! ശംഖചക്രാബ്ജധര എന്നു ആരംഭിച്ച് പുത്രവാത്സല്യ അവ്യാജമായോരു പരിചരണത്താലേ കടക്കേണം ദു:ഖസംസാരാർണ്ണവം എന്നതു വരെയുള്ള 44 വരികൾ. ഗർഭിണി ആകുന്ന സമയം മുതൽ സ്ത്രീകൾ ഇത് വായിച്ചാൽ സൽ പുത്രൻ ജനിക്കുമെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു.

കൗസല്യാ സ്തുതി കേട്ട് സംപ്രീതനായ മഹാവിഷ്ണു അരുളിചെയ്ത കാര്യങ്ങളും ഇത് ജപിച്ചാലുള്ള ഫലസിദ്ധിയും വായിക്കുക.

കൗസല്യാ സ്തുതി

നമസ്തേ ദേവദേവ! ശംഖചക്രാബ്ജധര!
നമസ്തേ വാസുദേവ! മധുസൂദന! ഹരേ!
നമസ്തേ നാരായണ! നമസ്തേ നരകാരേ!
സമസ്തേശ്വര! ശൗരേ! നമസ്തേ ജഗല്‍പതേ!
നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം
സന്തതം സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു.

സത്വാദിഗുണത്രയമാശ്രയിച്ചെന്തിന്നിതെ-
ന്നുത്തമന്മാര്‍ക്കുപോലുമറിവാന്‍ വേലയത്രേ.
പരമന്‍ പരാപരന്‍ പരബ്രഹ്‌മാഖ്യന്‍ പരന്‍
പരമാത്മാവു പരന്‍പുരുഷന്‍ പരിപൂര്‍ണ്ണന്‍
അച്യുതനന്തനവ്യക്തനവ്യയനേകന്‍
നിശ്ചലന്‍ നിരുപമന്‍ നിര്‍വാണപ്രദന്‍ നിത്യന്‍
നിര്‍മ്മലന്‍ നിരാമയന്‍ നിര്‍വികാരാത്മാ ദേവന്‍
നിര്‍മ്മമന്‍ നിരാകുലന്‍ നിരഹങ്കാരമൂര്‍ത്തി
നിഷ്കളന്‍ നിരഞ്ജനന്‍ നീതിമാന്‍ നിഷ്കല്‍മഷന്‍
നിര്‍ഗ്ഗുണന്‍ നിഗമാന്തവാക്യാര്‍ത്ഥവേദ്യന്‍ നാഥന്‍
നിഷ്ക്രിയന്‍ നിരാകാരന്‍ നിര്‍ജ്ജരനിഷേവിതന്‍
നിഷ്കാമന്‍ നിയമിനാം ഹൃദയനിലയനൻ
അദ്വയനജനമൃതാനന്ദന്‍ നാരായണന്‍
വിദ്വന്മാനസപത്മമധുപന്‍ മധുവൈരി
സത്യജ്ഞാനാത്നാ സമസ്തേശ്വരന്‍ സനാതനന്‍
സത്വസഞ്ചയജീവന്‍ സനകാദിഭിസ്സേവ്യന്‍.

തത്വാര്‍ത്ഥബോധരൂപന്‍ സകലജഗന്മയന്‍
സത്താമാത്രകനല്ലോ നിന്തിരുവടി നൂനം.
നിന്തിരുവടിയുടെ ജഠരത്തിങ്കല്‍ നിത്യ-
മന്തമില്ലാതോളം ബ്രഹ്‌മാണ്ഡങ്ങള്‍ കിടക്കുന്നു.
അങ്ങനെയുളള ഭവാനെന്നുടെ ജഠരത്തി-
ലിങ്ങനെ വസിപ്പതിനെന്തു കാരണം പോറ്റീ!
ഭക്തന്മാര്‍വിഷയമായുളെളാരു പാരവശ്യം
വ്യക്തമായ്ക്കാണായ്‌വന്നു മുഗ്ദ്ധയാമെനിക്കിപ്പോള്‍.
ഭര്‍ത്തൃപുത്രാര്‍ത്ഥാകുലസംസാരദുഃഖാംബുധൗ
നിത്യവും നിമഗ്നയായത്യര്‍ത്ഥം ഭ്രമിക്കുന്നേന്‍.

നിന്നുടെ മഹാമായതന്നുടെ ബലത്തിനാ-
ലിന്നു നിന്‍ പാദാംഭോജം കാണ്മാനും യോഗം വന്നു.
ത്വല്‍ക്കാരുണ്യത്താല്‍ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണ-
മിക്കാണാകിയ രൂപം ദുഷ്കൃതമൊടുങ്ങുവാന്‍.
വിശ്വമോഹിനിയായ നിന്നുടെ മഹാമായ
വിശ്വേശ! മോഹിപ്പിച്ചീടായ്ക മാം ലക്ഷ്മീപതേ!

കേവലമലൗകികം വൈഷ്ണവമായ രൂപം
ദേവേശ! മറയ്ക്കേണം മറ്റുളേളാര്‍ കാണുംമുമ്പേ.
ലാളനാശ്ലേഷാദ്യനുരൂപമായിരിപ്പോരു
ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ!
പുത്രവാത്സല്യവ്യാജമായൊരു പരിചര-
ണത്താലേ കടക്കേണം ദുഃഖസംസാരാര്‍ണ്ണവം. “

ഭഗവാന്റെ അനുഗ്രഹം

ഭക്തിപൂണ്ടിത്ഥം വീണുവണങ്ങിസ്തുതിച്ചപ്പോള്‍
ഭക്തവത്സലന്‍ പുരുഷോത്തമനരുള്‍ചെയ്തു:

“മാതാവേ! ഭവതിക്കെന്തിഷ്ടമാകുന്നതെന്നാ-
ലേതുമന്തരമില്ല ചിന്തിച്ചവണ്ണം വരും.
ദുര്‍മ്മദം വളര്‍ന്നോരു രാവണന്‍തന്നെക്കൊന്നു
സമ്മോദം ലോകങ്ങള്‍ക്കു വരുത്തിക്കൊള്‍വാന്‍ മുന്നം
ബ്രഹ്മശങ്കരപ്രമുഖാമരപ്രവരന്മാര്‍
നിര്‍മ്മലപദങ്ങളാല്‍ സ്തുതിച്ചു സേവിക്കയാല്‍
മാനവവംശത്തിങ്കല്‍ നിങ്ങള്‍ക്കു തനയനായ്‌
മാനുഷവേഷം പൂണ്ടു ഭൂമിയില്‍ പിറന്നു ഞാന്‍.
പുത്രനായ്‌ പിറക്കണം ഞാന്‍ തന്നെ നിങ്ങള്‍ക്കെന്നു
ചിത്തത്തില്‍ നിരൂപിച്ചു സേവിച്ചു ചിരകാലം
പൂര്‍വജന്മനി പുനരതുകാരണമിപ്പോ-
ളേവംഭൂതകമായ വേഷത്തെക്കാട്ടിത്തന്നു.
ദുര്‍ല്ലഭം മദ്ദര്‍ശനം മോക്ഷത്തിനായിട്ടുളേളാ,-
ന്നില്ലല്ലോ പിന്നെയൊരു ജന്മസംസാരദുഃഖം.

എന്നുടെ രൂപമിദം നിത്യവും ധ്യാനിച്ചുകൊള്‍-
കെന്നാല്‍ വന്നീടും മോക്ഷ, മില്ല സംശയമേതും.
യാതൊരു മര്‍ത്ത്യനിഹ നമ്മിലേ സംവാദമി-
താദരാല്‍ പഠിക്കതാന്‍ കേള്‍ക്കതാന്‍ ചെയ്യുന്നതും
സാധിക്കുമവനു സാരൂപ്യമെന്നറിഞ്ഞാലും;
ചേതസി മരിക്കുമ്പോള്‍ മല്‍സ്മരണയുമുണ്ടാം.

Story Summary: Significance, Benefits and lyrics of Kaushalya Stuti

error: Content is protected !!
Exit mobile version