Friday, 5 Jul 2024

ഹനുമദ് ജയന്തി ഇങ്ങനെ ആചരിച്ചാൽ സർവ്വദോഷവും തീരും, എല്ലാം ലഭിക്കും

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

ഹനുമാൻ സ്വാമിയുടെ അവതാരദിവസമായ ചിത്രാപൗർണ്ണമി നാളിൽ, ഭഗവാന്റെ മൂല മന്ത്രമായ ഓം ഹം ഹനുമതേ നമ: രാവിലെയും ഉച്ചയ്ക്കും വൈകിട്ടും 108 തവണ വീതം ജപിച്ചാൽ എല്ലാ ദോഷദുരിതങ്ങളും അകന്നു പോകും. ഹനുമാന്‍ സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണിത്. നിത്യജപത്തിനും ഉത്തമമായ ഈ മന്ത്രം എന്നും രാവിലെ മാത്രമായും ജപിക്കാം. സമയക്കുറവുള്ളവർ യഥാശക്തി ജപിക്കുക. 64,48,36,21 എന്നീ തവണകളും ജപത്തിന് ഉത്തമമാണ്.

ആജ്ഞനേയസ്വാമിയെ പൂജിച്ച് അനുഗ്രഹം നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ഹനുമദ് ജയന്തിയായ 2021 ഏപ്രില്‍ 27 ചൊവ്വാഴ്ച. ഈ ദിവസം വ്രതമെടുത്ത് പ്രാർത്ഥിക്കുന്നത് മന:ശാന്തിക്കും കാര്യസാദ്ധ്യത്തിനും അതിവിശേഷമാണ്. തലേന്ന് സൂര്യാസ്തമയം മുതല്‍ വ്രതമെടുക്കണം. ബ്രഹ്മചര്യം നിര്‍ബന്ധമാണ്. മത്സ്യമാംസാദി ത്യജിച്ച് വ്രതം പാലിക്കണം. ജയന്തി ദിവസം പഴവര്‍ഗ്ഗം മാത്രം ഭക്ഷിക്കുക എന്ന രീതിയില്‍ വ്രതം എടുക്കുന്നത് ഏറ്റവും ഉത്തമമാണ്. എത്ര കഠിനവ്രതം പറ്റുമോ അത്രയും നന്ന്. കരിക്ക്, വാഴപ്പഴം എന്നിവ അത്യാവശ്യമെങ്കില്‍ കഴിക്കുക നന്ന്. ഹനുമാന്‍ സ്വാമി രാമഭക്തനായതിനാല്‍ ശ്രീരാമനെ പ്രാര്‍ത്ഥിക്കണം. ഏപ്രില്‍ 26 ന് വ്രതം തുടങ്ങും. 27 ന് ഹനുമദ് ജയന്തി. 28 ന് രാവിലെ ക്ഷേത്രദര്‍ശനം നടത്തി വ്രതം പൂര്‍ത്തിയാക്കാം. ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന തീര്‍ത്ഥം സേവിച്ചാണ് വ്രതം പൂര്‍ത്തിയാക്കുക.

ജയന്തി ദിവസം രാവിലെ കുളിച്ച് രാമക്ഷേത്രത്തിലോ, വിഷ്ണുക്ഷേത്രത്തിലോ ഹനുമാൻ ക്ഷേത്രത്തിലോ ദര്‍ശനം നടത്തി പ്രദക്ഷിണം വച്ച് നമസ്‌കരിക്കുക. ആജ്ഞനേയ സ്വാമിക്ക് ഏറ്റവും പ്രിയങ്കരമായ വെറ്റിലമാല സമര്‍പ്പിക്കുക. അവില്‍ നിവേദ്യം വഴിപാട് നടത്തുക. അന്ന് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വിശേഷാൽ ഹനുമദ് മന്ത്രങ്ങൾ ജപിക്കണം. രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് പ്രഭാത ജപം തുടങ്ങുക.

ശുദ്ധിയും വൃത്തിയും ഉള്ള സ്ഥലത്ത് ഇരുന്ന് ഓം ഹം ഹനുമതേ നമ : എന്ന മൂല മന്ത്രം 108 പ്രാവശ്യം ജപിക്കണം. തുടർന്ന് ഓം നമോ ഭഗവതേ ആജ്ഞനേയായ മഹാബലായ സ്വാഹാ എന്ന മന്ത്രം 48 പ്രാവശ്യം ജപിക്കുക.

മദ്യാഹ്ന വേളയില്‍ ഓം വായുപുത്രായ ദേവായ നിത്യബ്രഹ്മ പരായണ സനാതനായ പൂജ്യായ ആജ്ഞനേയാത്മനേ നമ: എന്ന മന്ത്രം 64 പ്രാവശ്യം ജപിക്കുക.

ഓം ഉഗ്രരൂപായ ധീരായ രക്ത തര്‍പ്പണ മാനസ ഹം ഹനുമതേ ദേവാ വീരശൂര മഹാത്മനേ
ബീജരൂപായ നിത്യായ, ശത്രുസംഹാര ഹും നമ: എന്ന മന്ത്രം 84 പ്രാവശ്യം ജപിക്കണം.

സായാഹ്ന വേളയില്‍ ഓം ഹം ഹനുമതേ ഉഗ്രായ ശൂരായ മഹാശക്തിരൂപിണേ സര്‍വ്വാത്മകായ
മഹതേ നിത്യയോഗായ രാമഭക്തായ രാക്ഷസവംശ വിഘാതനായ ഹം ഹനുമതേ നമ: എന്ന മന്ത്രം 82 പ്രാവശ്യം ജപിക്കുക.
ഓം നമോ ഭഗവതേ ഉഗ്രരുദ്രായ ശാന്തിദായിനേ ബലരൂപിണേ നമ: എന്ന മന്ത്രം 48 പ്രാവശ്യം ജപിക്കുക.

സന്ധ്യാവേളയിലും ക്ഷേത്ര ദര്‍ശനം നടത്തണം. മന്ത്രങ്ങള്‍, സ്‌തോത്രങ്ങള്‍, കീര്‍ത്തനങ്ങള്‍, ഭജനകള്‍ എന്നിവ പരമാവധി ജപിക്കണം. ഏപ്രിൽ 26, 28 തീയതികളിൽ മൂലമന്ത്രം മാത്രം ജപിച്ചാല്‍ മതി.

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Story Summary: All you need to know about Hanuman Jayanti

error: Content is protected !!
Exit mobile version