Sunday, 22 Sep 2024

ഹനുമാന്‍ ശ്രീരാമന്റെ സഹോദരന്‍

ഭാരതീയ പുരാണങ്ങളിലെ ചിരഞ്ജീവികളില്‍ ഒന്നാണ് ഹനുമാന്‍. ഹനുമാന്റെ ഉല്പത്തിയെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. ബുദ്ധി, ജ്ഞാനം, ബലം, അനുനയ സാമര്‍ത്ഥ്യം കാര്യപ്രാപ്തി, സ്വാമി ഭക്തി, കലകള്‍, വാദ്യങ്ങള്‍ സംഗീതം ഇവയിലൊക്കെ ഹനുമാനെ വെല്ലാന്‍ ആരുമില്ല. ഇത്രയും സല്‍ഗുണങ്ങള്‍ ഉള്ള ഹനുമാനില്‍ അഹങ്കാരം ലേശം പോലുമില്ല.

സര്‍വ്വലോകത്തിലും ഹനുമാനെ വെല്ലാന്‍ ആരുമില്ല.  ആരോടും പകയോ വിദ്വേഷമോ ഇല്ലാതെ നൈഷ്ഠിക ബ്രഹ്മചാരിയായി  ജീവിക്കുന്ന ഹനുമാന്‍ ശ്രീ രാമചന്ദ്രന്റെ സഹോദരനാണെന്ന് പറയുന്ന ഒരു പുരാണ കഥയുണ്ട്.  ഒരിക്കല്‍ ഒരു അപസ്‌ര കന്യക ശാപം കിട്ടിയതിനെതുടര്‍ന്ന് ഭൂമിയില്‍ വാനരകുലത്തില്‍ വാനരരാജാവായ കഞ്ചാറിന്റെ മകളായി അഞ്ജന എന്ന പേരോടെ ജനിച്ചു.

കഞ്ചാര്‍ മകളെ വാനര ശ്രേഷ്ഠനായ കേസരിക്ക് വിവാഹം ചെയ്തുകൊടുത്തു. വളരെക്കാലം സന്താനഭാഗ്യം ഇല്ലാതിരുന്ന അഞ്ജന പണ്ഡിതനും ബലവാനും സല്‍ഗുണങ്ങള്‍ നിറഞ്ഞവനും ലോകോപകാരിയുമായ ഒരു പുത്രന്‍ ജനിക്കണമെന്ന് ശിവനെ പ്രാര്‍ത്ഥിച്ചു. ഒരിക്കല്‍ ഒരു അപ്‌സരസ് ചെയ്ത തെറ്റിന് നീയൊരു കഴുകനായി ഭൂമിയില്‍ ജനിക്കട്ടെ എന്ന് ബ്രഹ്മാവ്  ശപിച്ചു. ശാപമോക്ഷത്തിന് അപേക്ഷിച്ച അപ്‌സരസിനോട് ത്രേതായുഗത്തില്‍ ദശരഥന്‍ നടത്തുന്ന പുത്രകാമേഷ്ടി യാഗത്തില്‍ നിന്നും ലഭിക്കുന്ന പായസം രുചിക്കുമ്പോള്‍ നിനക്ക് ശാപമോക്ഷം ലഭിച്ച് അപസ്‌രസായിത്തീരുമെന്ന് ശാപമോക്ഷം കൊടുത്തു.

ദശരഥ മഹാരാജാവ് പുത്രലബ്ധിക്കായി പുത്രകാമേഷ്ടി യാഗം നടത്തി ലഭിച്ച പായസം വസിഷ്ഠ മഹര്‍ഷിയുടെ ഉപദേശ പ്രകാരം ഭാര്യമാരായ കൗസല്യ, സുമിത്ര കൈകേയി എന്നിവര്‍ക്ക് നല്കി. കൈകേയി പായസം കഴിക്കാന്‍ നേരത്ത് ഒരു കഴുകന്‍ പറന്നുവന്ന് അതിലൊരു ഭാഗം കൊത്തിക്കൊണ്ടു പോയി. സല്‍പുത്ര ലബ്ധിക്കായി കാട്ടില്‍ ശിവനെ ധ്യാനിച്ചിരുന്ന അഞ്ജനയുടെ കൈത്തണ്ടയില്‍ പറന്നുപോകുന്ന കഴുകന്റെ ചുണ്ടില്‍നിന്നും കുറച്ചു പായസം വന്നുവീണു. കണ്ണുതുറന്ന അഞ്ജന കൈത്തണ്ടയില്‍ വീണത് പായസം ആണെന്ന് മനസിലാക്കി മുകളിലേക്ക് നോക്കിയപ്പോള്‍ കഴുകനെക്കണ്ടു അഞ്ജന പായസം രുചിച്ചുനോക്കി. തുടര്‍ന്നു ഗര്‍ഭിണിയായ അഞ്ജന ശിവാനുഗ്രഹത്താല്‍ ഒരു പുത്രന് ജന്മം നല്കി. ഹനുമാന്റെ യഥാര്‍ത്ഥ നാമം സുന്ദര്‍ എന്നാണ് പുരാണഗ്രന്ഥങ്ങളില്‍ പറയുന്നത്. തുളസീദാസ്  രാമായണത്തില്‍ രാമന്‍ ഹനുമാനോട് പറയുന്ന ഒരു ഭാഗമുണ്ട്.

ദൈവങ്ങളിലോ മനുഷ്യരിലോ ശരീരമുള്ള മറ്റുജീവികളിലോ നിന്നോടെന്നപോലെ ഞാന്‍ കടപ്പെട്ടിട്ടുള്ള ആരും തന്നെയില്ല. നിന്നോടുള്ള കടപ്പാട് തീര്‍ക്കുന്നതിന് എനിക്കു കഴിയുന്നതല്ല.
ഹനുമാന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ ദൈവമായിട്ടും വീരശൂര പരാക്രമിയായും വാഴ്ത്തപ്പെടുന്ന ശ്രീരാമന്റെ കഥയും, മറ്റൊന്നായേനെ.

– കലേശന്‍ പൂച്ചാക്കല്‍
  + 91 9995484555

error: Content is protected !!
Exit mobile version