ഹനുമാന് കദളിപ്പഴം നേദിച്ചാൽ
തലവേദനകൾ ഒഴിയും; വ്യാഴം കടാക്ഷിക്കും
ജോതിഷരത്നം വേണു മഹാദേവ്
ചൊവ്വ, ശനി എന്നീ ഗ്രഹങ്ങളെകൊണ്ടുള്ള ദേഷങ്ങൾ അകന്നു പോകുന്നതിനും വ്യാഴത്തിന്റെ അനുഗ്രഹം വർദ്ധിപ്പിക്കുന്നതിനും ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് ഉത്തമമാണ്. പൊതുവേ കേരളത്തിൽ ഹനുമാൻ ക്ഷേത്രങ്ങളിൽ വിശേഷദിവസം വ്യാഴാഴ്ചയാണ്. ശ്രീരാമദാസനാണ് ഹനുമാൻ സ്വാമി. തന്നെ ഭജിക്കുന്നവരെക്കാൾ ശ്രീരാമദേവനെ പ്രാർത്ഥിക്കുന്നവരിലാണ് ആഞ്ജനേയ സ്വാമികൾ പെട്ടെന്ന് കടാക്ഷിക്കുന്നത്. രാമനാമം എവിടെ ജപിക്കുന്നുവോ അവിടെ ഹനുമാൻ സ്വാമിയുടെ സാന്നിദ്ധ്യം ഉണ്ടാകും എന്നാണ് വിശ്വാസം. ദുസ്വപ്നം, ഭയം, തടസങ്ങൾ എന്നിവ നശിപ്പിക്കുന്നതിനും പ്രസരിപ്പും കരുത്തും കർമ്മ കുശലതയും ഊർജ്ജസ്വലതയും ലഭിക്കുന്നതിനും ആഞ്ജനേയനെ ഉപാസിച്ചാൽ മതി. കായിക രംഗത്തും പോലീസ്, സൈന്യം തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുന്നവർ ഹനുമാൻ സ്വാമിയെ ആരാധിച്ചാൽ കൂടുതൽ ഗുണഫലങ്ങൾ കരഗതമാകും. വെറ്റില മാല, വടമാല, വെണ്ണ നിവേദ്യം, അവൽ, കദളിപ്പഴ നിവേദ്യം, അഷ്ടോത്തരാർച്ചന, കുങ്കുമം ചാർത്തൽ തുടങ്ങിയവയാണ് ഹനുമാൻ സ്വാമിയുടെ പ്രധാന വഴിപാടുകൾ. കർമ്മതടസങ്ങൾ നീങ്ങുന്നതിനും കാര്യസിദ്ധിക്കുമാണ് വെറ്റിലമാല, വടമാല എന്നിവ ഭഗവാന് ചാർത്തുന്നത്. ആഗ്രഹസാഫല്യത്തിനാണ് വെണ്ണ നിവേദ്യം. നഷ്ടപ്പെട്ട ധനവും ബന്ധങ്ങളും വസ്തുവകകളും തിരിച്ചു കിട്ടുന്നതിനും വിഘ്ന നിവാരണത്തിനും അവൽ നിവേദ്യം ഉത്തമാണ്. സുഗ്രീവ നിയോഗത്താൽ സീതാന്വേഷണത്തിന് ലങ്കയിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രാവേളയിൽ കഴിക്കുന്നതിന് ശ്രീരാമദേവൻ ഹനുമാന്റെ ഒരു പൊതി അവിൽ നൽകിയതായി വിശ്വസിക്കുന്നു. ഇതാണ് ആഞ്ജനേയ സ്വാമിക്ക് അവിൽ നേദിക്കുന്നതിന് പിന്നിലെ ഐതിഹ്യം. സ്വാമിക്ക് കദളിപ്പഴം നേദിച്ചാൽ എത്ര കുഴപ്പം പിടിച്ച സംഗതികളിൽ നിന്നും മോചനമുണ്ടാകും.
ജോതിഷരത്നം വേണു മഹാദേവ്, +91 9847475559
Summary: Defferent methods of Hanuman Swamy Upasana for solving life problems
Copyright ©️ 2021 neramonline.com. All rights reserved