Saturday, 23 Nov 2024

ഹനുമാൻ സ്വാമിക്ക് മുന്നിൽ കൈകൂപ്പിശ്രീരാമജയം ജപിച്ചാൽ അഭീഷ്ടസിദ്ധി

സരസ്വതി ജെ കുറുപ്പ്

ശ്രീരാമഭക്തിയുടെ നിസ്തുല മാതൃകയാണ് ഹനുമാന്‍ സ്വാമി. ഏഴ് ചിരഞ്ജീവികളിൽ ഒരാളായ ആഞ്ജനേയൻ ധൈര്യത്തിന്റെയും ശക്തിയുടെയും വീര്യത്തിൻ്റെയും ഉത്തമ ഭക്തിയുടെയും പ്രതീകമാണ്. ശ്രീ രാമനോട് കാണിച്ച ഭക്തിയിൽ സന്തോഷവതിയായ സീതയാണ് ശ്രീഹനുമാനെ ചിരഞ്ജീവിയായിരിക്കാൻ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം എപ്പോഴും ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം. മഹാദേവന്റെ അവതാരമാണ് ഹനുമാൻ സ്വാമിയെന്ന് ശിവപുരാണം പറയുന്നു. ഹനുമാൻ പ്രതിഷ്ഠയുള്ള ക്ഷേത്രദർശനം നടത്തി യഥാവിധി വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാൽ ഫലസിദ്ധി ഉറപ്പാണ്.

നിഷ്ഠയോടെ ഹനുമാന്‍ സ്വാമിയെ ഉപാസിച്ചാല്‍ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരിക ക്ലേശങ്ങളും ഒഴിയും. ഹനുമദ് ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ തന്നെ ശത്രുദോഷങ്ങൾ അകലും. ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി, അഷ്ടമ ശനി എന്നീ ദോഷകാലങ്ങളിലും ഹനുമാൻസ്വാമിയെ വണങ്ങിയാൽ ഗ്രഹദോഷ കാഠിന്യം കുറയുമെന്നാണ് വിശ്വാസം. മന്ത്രജപം, നാമജപം, രാമായണപാരായണം എന്നിവയിലൂടെ ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്താം.

ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ഏറ്റവും അതിവേഗം ലഭിക്കുന്നതിന് ഒരു എളുപ്പവഴിയുണ്ട്. മനസ്സ് ശുദ്ധമാക്കി നിരന്തരം ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം എന്ന് നിരന്തരം പ്രാർത്ഥിക്കുക. എത്ര പ്രാർത്ഥിക്കുന്നോ അത്രയും വേഗത്തിൽ ഫലസിദ്ധി ലഭിക്കും. തന്നെ വിളിച്ച് പ്രാർത്ഥിക്കുന്നതിലും ഹനുമാൻ ഭഗവാന് ഇഷ്ടം രാമനാമ ജപമാണ്. പറ്റുമെങ്കിൽ ഹനുമാൻ സ്വാമിയുടെ ക്ഷേത്രത്തിൽ നിന്ന് തന്നെ ശ്രീരാമജയം ജപിക്കുക.

Story Summary: Significance and Benefits of worshipping Hanumaan Swamy

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version