ഹനുമാൻ സ്വാമിക്ക് രണ്ട് ജയന്തിയോ?
ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലാണ്. ഉത്തരേന്ത്യയിൽ പ്രധാനമായും ഹനുമാൻ ജയന്തി ചിത്രാപൗർണ്ണിമയ്ക്കാണ് – ചൈത്രമാസത്തിലെ പൂർണ്ണിമ നമ്മുടെ മേടമാസത്തിൽ വരും. കേരളത്തിലും തമിഴ്നാട്ടിലും ഹനുമാൻ ജയന്തി ധനുവിലെ, മൂലം നക്ഷത്ര ദിവസമായ ഡിസംബർ 26 നാണ്. വ്യാഴാഴ്ചയും മൂലം നക്ഷത്രത്തിലെ ജയന്തിയും ഒന്നിച്ചു വരുന്നതിനാൽ ഈ വർഷത്തെ ഹനുമാൻ ജയന്തി അതിവിശേഷമാണ്. മണ്ഡലവിളക്കിന്റെ തലേ ദിവസം ഹനുമാൻ ജയന്തി വരുന്നതും പുണ്യ പ്രദമാണ്.
ഈ ദിവസം ശ്രീരാമദാസനായഹനുമാൻ സ്വാമിയോട് രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചാൽ, അനുഗ്രഹം യാചിച്ചാൽ ഉറപ്പായും ഫലമുണ്ടാകും. ആഞ്ജനേയ ഭക്തരെല്ലാം ഭഗവാന്റെ ജയന്തി മഹോത്സവം വഴിപാടുകളും പ്രാർത്ഥനകളുമായി കൊണ്ടാടാൻ ഹനുമാൻ ക്ഷേത്രങ്ങളിലേക്ക് ഒഴുകും. കരുത്തിന്റെയും തളരാത്ത ഊർജ്ജത്തിന്റെയും പ്രതീകമായ ഹനുമാൻ സ്വാമിയുടെ അലങ്കാരവും ആയുധവും തിന്മകളെ നശിപ്പിക്കുന്ന ഗദയാണ്. വിജയത്തിന്റെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉത്തമ ഭക്തിയുടെയും പ്രതീകവും, ക്ഷിപ്രപ്രസാദിയും അഭീഷ്ട വരദായകനുമായ ഹനുമാൻസ്വാമിയെ ഭജിക്കുന്നതിലൂടെ എല്ലാ ഐശ്വര്യങ്ങളും വന്നുചേരും എന്നതിൽ തർക്കമില്ല. അസാദ്ധ്യമായ കാര്യങ്ങൾപോലും ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ സാദ്ധ്യമാകുന്നത് അനേക ലക്ഷം ഭക്തരുടെ അനുഭവമാണ്.
കേരളത്തിൽ തിരൂരിനടുത്ത് ആലത്തിയൂർ, കണ്ണൂർ മക്രേരി, കവിയൂർ ശിവക്ഷേത്രം, തിരുവനന്തപുരം പാളയം ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലും തമിഴ്നാട്ടിൽ നാഗനല്ലൂർ, നാമക്കൽ, ശുചീന്ദ്രം, തൃക്കാവിയൂർ തുടങ്ങിയ സന്നിധികളിലും ധനുവിലെ മൂലം നക്ഷത്ര ദിവസമായ ഡിസംബർ 26 ന് ജയന്തി ആഘോഷമുണ്ടാകും. കേരളത്തിലെ ഏറ്റവും പ്രധാന ഹനുമദ് സന്നിധിയായ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂരിനടുത്താണ്. ശ്രീരാമനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഹനുമാൻ സ്വാമിക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം. ആലത്തിയൂർ പെരുംതൃക്കോവിൽ എന്നും ഇത് അറിയപ്പെടുന്നു. കണ്ണൂരില്‍ നിന്നും 18 കിലോമീറ്ററുണ്ട് മക്രേരി ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലേക്ക്. സുബ്രഹ്മണ്യനാണ് ഇവിടെ പ്രധാന പ്രതിഷ്ഠയെങ്കിലും പ്രത്യേകം പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം അതിശക്തമാണ്.
തിരുവല്ലക്ക് സമീപം കവിയൂരില്‍ ശിവ ക്ഷേത്രമാണെങ്കിലും പ്രസിദ്ധി ഹനുമാന്‍ സ്വാമിക്കാണ്. അരയടിയുള്ള മനോഹരമായ പഞ്ചലോഹ വിഗ്രഹമാണ് ഇവിടുത്തെ ഹനുമാൻ. ധനുമാസത്തിലെ മൂലം നക്ഷത്രത്തിന് എല്ലാ വർഷവും ഇവിടെ ഹനുമദ് ജയന്തി അതിഗംഭീരമായി ആഘോഷിക്കുന്നു. ഏഴുദിവസത്തെ ചടങ്ങുകൾ ഉണ്ട്. ഏഴാം ദിവസം കളഭാഭിഷേകം, ഘോഷയാത്ര, പുഷ്പാഭിഷേകം എന്നീ ചടങ്ങുകളുണ്ട്. തിരുവനന്തപുരം പാളയം ഹനുമാൻ ക്ഷേത്രത്തിലെ ജയന്തി പൊതു പുഷ്പാഭിഷേകത്തോടെ ഡിസംബർ 26 ന് നടക്കും. അന്ന് വിശേഷാൽ പൂജകൾ, അന്നദാനം തുടങ്ങിയവ ഉണ്ടാകും.
ശുചീന്ദ്രം ക്ഷേത്രത്തിലാണ് ഹനുമാന്റെ എറ്റവും വലിയ വിഗ്രഹമുള്ളത്. 18 ഉയരത്തില്‍ സമുദ്രത്തിലേക്ക് ചാടാന്‍ തുനിയുന്ന രൂപമാണ് ഇവിടെയുള്ളത്. ഡിസംബർ 25നാണ് ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിൽ ആഞ്ജനേയ ജയന്തി ആഘോഷം. അന്ന് പുലർച്ചെ 5ന് ശ്രീരാമന് അഭിഷേകം നടക്കും
ശ്രീ ഹനുമത് സ്‌തോത്രം
അതുലിത ബലധാമം
ഹേമശൈലാഭ ദേഹം
ധനുജവനകൃശാനം ജ്ഞാനിനാമഗ്രഗണ്യം
സകലഗുണ നിധാനം വാനരാണാമധീശം
രഘുപതി പ്രിയഭക്തം
വാതജാതം നമാമി
ഗോഷ്പദീകൃത വാരശീം ദശകീകൃതരാക്ഷസം
രാമായണ മഹാമാലാരത്‌നം വന്ദേനിലാത്മജം
അഞ്ജനാനന്ദനം വീരം
ജാനകീ ശോകനാശനം
കപീശമക്ഷഹന്താരം
വന്ദേ ലങ്ക ഭയങ്കരം
ഉല്ലംഘ്യ സിന്ധോഃ സലിലം
സലിലംയഃ ശോകവഹ്നീം ജനകാത്മജായാഃ
ആദായ തേ നൈവ ദദാഹലങ്കാം
നമാമി തം പ്രാഞ്ജലിരാഞ്ജനേയം
ആഞ്ജനേയ മതി പാടലാലനം
കാഞ്ചനാദ്രി കമനീയ വിഗ്രഹം
പാരിജാത തരു മൂല വാസിനം
ഭാവയാമി പവമാനനന്ദനം
യത്ര യത്ര രഘുനാഥ കീർത്തനം
തത്ര യത്ര കൃതമസ്തകാഞ്ജലിം
ബാഷ്പവാരി പരിപൂർണ്ണലോചനം
മാരുതിം നമതരാക്ഷരാസന്തകം
മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാനമാമി
ശത്രുച്ഛേദൈക മന്ത്രം സകലമുപനിഷത്
വാക്യസംപൂജ്യമന്ത്രം
സംസാരോത്തരമന്ത്രം
സമുചിത സമയേ
സംഗനിർയ്യാണമന്ത്രം
സർവൈശ്വര്യൈക മന്ത്രം വ്യസനഭൂജഗ
സന്തുഷ്ട സന്ത്രാണ മന്ത്രം
ജിഹ്വേ ശ്രീരാമ മന്ത്രം
ജപ ജപ സതതം
ജന്മ സാഫല്യ മന്ത്രം
– പി.എം. ബിനുകുമാർ,
+919447694053