Friday, 20 Sep 2024

ഹരിവരാസനം വിശ്വമോഹനം ; ദിവ്യ മന്ത്രാക്ഷരിക്ക് 100 വയസ്

മംഗള ഗൗരി

ശബരിമല ശ്രീ അയ്യപ്പ സ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം കീർത്തനത്തിന് 100 വയസ്സ് ! 1923 ൽ കോന്നകത്ത് ജാനകിയമ്മ എന്ന അയ്യപ്പഭക്ത സംസ്കൃതത്തിൽ രചിച്ച ഈ ദിവ്യ മന്ത്രാക്ഷരിയുടെ ശതാബ്ദി ആഘോഷത്തിന് ആഗസ്റ്റ് 29 തിങ്കളാഴ്ച പന്തളത്ത് തുടക്കം കുറിക്കും. പ്രസിദ്ധ പിന്നണി ഗായിക കെ. എസ് ചിത്ര ഹരിവരാസനം ആലപിക്കുന്നതോടെ ആരംഭിക്കുന്ന ആഘോഷം 18 മാസത്തിന് ശേഷം ജനുവരി 21 ന് തിരുവനന്തപുരത്ത് ഗാനഗന്ധർവൻ യേശുദാസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിദ്ധ്യത്തിൽ വീണ്ടും ആലപിക്കുന്നതോടെ പൂർണ്ണമാകും. ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റും വിവിധ അയ്യപ്പസേവാ സംഘടനകളും കൂടിയാണ് വിശ്വവ്യാപകമായി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇശൈജ്ഞാനി ഇളയരാജയുടെ അധ്യക്ഷതയിലാണ് ഹരിവരാസന ശതാബ്ദി ആഘോഷകമ്മറ്റി പ്രവർത്തിക്കുന്നത്.

ഹരിഹരാത്മജാഷ്ടകം എന്ന കീർത്തന സമാഹാരത്തിൽ ഉൾപ്പെട്ട ശാന്തവും ദീപ്തവുമായ ഈ കീർത്തനം മുപ്പതാമത്തെ വയസ്സിൽ ഗർഭിണി ആയിരിക്കുമ്പോഴാണ് ജാനകിഅമ്മ എഴുതിയത്. ജാനകി അമ്മയുടെ പിതാവും അന്നത്തെ ശബരിമല മേൽശാന്തിയും വെളിച്ചപ്പാടും ആയിരുന്ന അനന്തകൃഷ്ണയ്യർ വശം ശബരിമലയിൽ അയ്യപ്പന് കാണിക്കയായി ജാനകിഅമ്മ ഈ കീർത്തനം സമർപ്പിക്കുകയുമായിരുന്നു. ഭഗവാന് സമർപ്പണത്തിൽ പേരെഴുതാൻ പാടില്ലെന്ന വിശ്വാസം ജാനകി അമ്മയ്ക്ക് ഉണ്ടായിരുന്നു. അമ്പലപ്പുഴ പുറക്കാട് കോന്നകത്ത് വീടിന് സമീപമുള്ള ആനന്ദേശ്വരം ക്ഷേത്രനടയിൽ നിന്നാണ് കോന്നകത്ത് ജാനകി അമ്മ ഇത് ആദ്യം ആലപിച്ചത്.

മണ്ഡലകാലത്ത് കാൽനടയായി സഞ്ചരിച്ചിരുന്ന ഭജന സംഘങ്ങൾ ഈ കീർത്തനം പാടി ശബരിമലയിൽ എത്തുകയുമായിരുന്നു. കീർത്തനം എഴുതുമ്പോൾ ഗർഭിണി ആയിരുന്ന ജാനകി അമ്മ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. കുട്ടിക്ക് അവർ ‘ അയ്യപ്പൻ ‘ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ജാനകി അമ്മയുടെ ഭർത്താവ് കർഷക കുടുംബത്തിൽപ്പെട്ട ശങ്കര പണിക്കരുടെ മരണ ശേഷം ഐതിഹ്യമാലയിൽ നിന്ന് കൊല്ലം ശാസ്താംകോട്ട അയ്യപ്പ ക്ഷേത്രത്തെ കുറിച്ച് അറിയുകയും . നിത്യവും കുളിച്ച് ഭഗവാനെ തൊഴുവാൻ സാധിക്കുമെന്ന് മനസ്സിലാക്കി അങ്ങോട്ടേക്ക് താമസം മാറി അവിടുത്തെ അയ്യപ്പ ക്ഷേത്രത്തിൽ ഹരിവരാസനം ആലപിച്ചു പോരുകയും ചെയ്തു. കല്ലടക്കൂട്ടമെന്ന ഭജന സംഘവും ഹരിവരാസന കീർത്തനം ഏറ്റെടുക്കുകയും കുറേക്കൂടി ജനകീയമാക്കുകയും ചെയ്തു. അങ്ങനെ ഈ ഭഗവൽകീർത്തനം വളരെയേറെ പ്രശസ്തമാവുകയും ചെയ്തത്.

1953 – ൽ വിമോചനാനന്ദ സ്വാമികൾ ഹരിവരാസനം സന്നിധാനത്ത് അത്താഴ ശീവേലി കഴിഞ്ഞ് പാടി ഭഗവനെ ഉറക്കുവാൻ താരാട്ട് പാട്ടായി ഉപയോഗിക്കാൻ പറഞ്ഞു. 1975 – ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന മലയാള സിനിമയിൽ ഈ ഗാനം ഉൾപ്പെടുത്തിയതോടെ ദക്ഷിണ ഭാരതം മുഴുവൻ ഹരിവരാസനം എന്ന കീർത്തനം കൂടുതൽ ജനകീയമായി. എന്നാൽ ഇതിന് നാല് വർഷം മുമ്പ് 1971-ൽ ജയവിജയന്മാർ ഈ കീർത്തനം പാടി റെക്കാർഡ് ചെയ്തിരുന്നു. മെരിലാൻഡ് സുബ്രഹ്മണ്യം ഒരുക്കിയ സ്വാമി അയ്യപ്പൻ സിനിമയ്ക്ക് വേണ്ടി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി പത്മശ്രീ യേശുദാസ്
ആലപിച്ച ഈ കീർത്തനമാണ് നട അടക്കുമ്പോൾ ശബരിമല സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കുന്നത്.

അതേസമയം ഭക്തരും ഈ കീർത്തം ശ്രീകോവിലിന് മുന്നിൽ നിന്ന് ആലപിക്കാറുണ്ട്. മധ്യമാവതി രാഗത്തിൽ ഈ കീർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

1963 നവംബറിൽ ധർമ്മശാസ്ത്ര സ്തുതി കദംബം എന്ന ഒരു കീർത്തന സമാഹാരം തിരുവനന്തപുരം ചാല ജയചന്ദ്രാബുക്ക് ഡിപ്പോയിൽ നിന്ന് പുറത്തിറക്കി. അതിൽ കമ്പക്കുടി കുളത്തൂർ അയ്യരെ ഹരിവരാസനം കീർത്തനത്തിന്റെ സമ്പാദകൻ എന്ന് എഴുതിയിരുന്നു. 2007 – ൽ പ്രശസ്ത ചരിത്രകാരനും, ഗവേഷകനുമായ ഡോ.സുരേഷ് മാധവാണ് ഹരിവരാസനത്തിന്റെ യഥാർത്ഥ രചനയിതാവിനെ കണ്ടെത്തി ലോകത്തെ അറിയിച്ചത്. അയ്യപ്പ കീർത്തന ഭാഷാഗാനം എന്ന പുസ്തകത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ശ്രീമതി കോന്നകത്ത് ജാനകിയമ്മ. 2017 ഡിസംബറിലാണ് കോന്നകത്ത് ജാനകിയമ്മയുടെ മകൾ ബാലാമണി അമ്മ ട്രസ്റ്റ് കൺവീനറായി ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. അടുത്ത കാലത്താണ് ബാലാമണി അമ്മ ഭഗവൽ സന്നിധി പൂകിയത്. അയ്യപ്പ സേവസമാജം സ്ഥാപകൻ കുമ്മനം രാജശേഖരൻ , ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ജി.മാധവൻ നായർ എന്നിവർ മുഖ്യ രക്ഷാധികാരികളും കോന്നകത്ത് ജാനകിയമ്മയുടെ ചെറുമകനും പ്രശസ്ത മാധ്യമ വ്യക്തിത്വവുമായ പി. മോഹൻ കുമാർ ട്രസ്റ്റിൻ്റെ ചെയർമാനും ഡോ. പ്രവീൺ കുമാർ ട്രഷററുമാണ്. തന്ത്രി കണഠരര് രാജീവരര് , പന്തളം കൊട്ടാരത്തിലെ ശശികുമാര വർമ്മ, സംഗീതജ്ഞനായ ജയൻ, മങ്കൊമ്പ് ഗോപാലകൃഷണൻ, ആർ കെ ദാമോദരൻ, ദീപാ പ്രസാദ് എന്നിവരുമാണ്.

Story Summary: 100th anniversary celebration programs of Shabarimala Sree Ayyappan devotional Song Harivarasanam

error: Content is protected !!
Exit mobile version