Saturday, 23 Nov 2024

ഹാലാസ്യേശ പ്രണാമം എന്നും ജപിച്ചു നോക്കൂ കാലക്കേടെല്ലാം ഒഴിഞ്ഞു പോകും

മംഗള ഗൗരി

ഹാലാസ്യം എവിടെയാണെന്ന് അറിയുമോ? ഹാലാസ്യനാഥൻ ആരാണെന്നറിയുമോ? മധുരയാണ് ഹാലാസ്യം. അതെ, തമിഴ്നാട്ടിലെ മധുര തന്നെ.
സാക്ഷാൽ ദേവദേവനാണ്, മഹാദേവനാണ് ഹാലാസ്യ നാഥൻ – മധുര മീനാക്ഷിയുടെ സുന്ദരേശ്വരൻ.

കരുണാമയനായ സുന്ദരേശ്വരന്റേതാണ് ഈ ഭൂമിയിലെ ആദ്യത്തെ സ്വയംഭൂലിംഗം. മേടമാസത്തിലെ ചിത്തിര നാളിൽ, ഹാലാസ്യനാഥനെ പ്രാർത്ഥിച്ചാൽ നിത്യവും മീനാക്ഷീ സുന്ദരേശ്വരനെ വണങ്ങുന്ന ഫലം ഉണ്ടാകുമെന്ന് അഗസ്ത്യർ അരുളിച്ചെയ്തിട്ടുണ്ട്. ഈ വർഷം മേടമാസത്തിലെ ചിത്തിര വരുന്നത് 2021 ഏപ്രിൽ 26 തിങ്കളാഴ്ചയാണ്. ജഗൽപ്പിതാക്കളായ ഉമാ മഹേശ്വരന്മാരുടെ നിത്യസാന്നിദ്ധ്യവും സിദ്ധചൈതന്യവും പ്രസരിക്കുന്ന ഭൂമിയിലെ ശിവഗേഹമായ ഹാലാസ്യത്തിൽ മനസ്സുകൊണ്ടെങ്കിലും പോയി മീനാക്ഷീ സുന്ദരേശ്വരന്മാർക്ക് പ്രണാമം അർപ്പിക്കുവാൻ കഴിയുന്നത് മഹാപുണ്യമാണ്.

ഹാലാസ്യനാഥന്റെ ലീലകൾ കേട്ടാൽ മതി കാലക്കേടെല്ലാം ഒഴിഞ്ഞു പോകും എന്നാണ് വിശ്വാസം. വ്യാസന്റെ സ്‌കന്ദപുരാണത്തിലാണ് ഹാലാസ്യ ലീലകൾ ആദ്യമായി രേഖപ്പെടുത്തിയത്. തുടര്‍ന്ന് സംസ്‌കൃതത്തില്‍ ഹാലാസ്യ മാഹാത്മ്യം എന്ന കൃതി ഉണ്ടായി. പിന്നീട് തമിഴും മലയാളവും ഉൾപ്പെടെ ഭാരതത്തിലെ മറ്റ് ഭാഷകളിലും തര്‍ജ്ജമ ചെയതു.

മധുരമീനാക്ഷീ സുന്ദരേശ്വര ക്ഷേത്രത്തിന്റെയും അവിടുത്തെ തീര്‍ത്ഥകുളമായ ഹേമപത്‌നീ തീര്‍ത്ഥത്തിന്റെയും മാഹാത്മ്യവും ഒപ്പം ഭക്തവത്സലനായ ശ്രീ പരമേശ്വരന്‍ ശിവഭക്തരെ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനുവേണ്ടി എടുത്ത അറുപത്തിനാല് ശിവലീലകളടങ്ങിയതാണ് ശ്രീഹാലാസ്യമാഹാത്മ്യം. ശിവഭക്തി വര്‍ദ്ധിക്കുന്നതിനും ജനനമരണം താണ്ടി നിത്യമുക്തി ലഭിക്കുന്നതിനും മറ്റ് ശൈവകൃതികളേക്കാള്‍ ഗുണകരമാണ് ഹാലാസ്യം എന്നാണ് പരക്കെ വിശ്വാസം. ഹാലാസ്യം വായിക്കുന്നവരും വായിച്ചു കേള്‍ക്കുന്നവരും പാപ മോചിതരാകുമെന്നുറപ്പാണ്. അത്രയ്ക്കുണ്ട് ഇതിന്റെ ഫലദായകശേഷി.

ഭഗവാൻ ശ്രീപരമേശ്വരന്റെ കഴുത്തിലുള്ള വാസുകി എന്ന ഹാലം, അതായത് സർപ്പം ചുറ്റിവളഞ്ഞ് മധുരാപുരിക്ക് അതിർത്തി നിശ്ചയിച്ചതിനാലാണ് ഈ സന്നിധിക്ക് ഹാലാസ്യം എന്ന പേരു വന്നത്. മധുരയിലുള്ള ശ്രീ പരമേശ്വരന്റെ ആദിമൂല ലിംഗത്തെ സുന്ദരേശ്വരൻ എന്നും ഹാലാസ്യനാഥൻ എന്നും പറയുന്നു. സ്കന്ദപുരാണത്തിലെ ആറു ഭാഗങ്ങളിൽ ഒന്നാണ് ഹാലാസ്യമാഹാത്മ്യം. പ്രധാന ശിവക്ഷേത്രങ്ങളിൽ ഹാലാസ്യമാഹാത്മ്യം പാരായണം ചെയ്യാറുണ്ടെങ്കിലും മിക്കവർക്കും അറിയില്ല ഹാലാസ്യം മധുരയാണെന്ന്. അഗസ്ത്യമുനി വസിഷ്ഠനും മറ്റും കാശിക്കടുത്ത് മണികർണ്ണികയിൽ വച്ചാണ് ഹാലാസ്യനാഥന്റെ ലീലകൾ പകർന്നു കൊടുത്തത്. ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട 4 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് മധുര, അതായത് ഹാലാസ്യം – കാശി, കാളഹസ്തി, ചിദംബരം എന്നിവ മറ്റ് മൂന്ന് ക്ഷേത്രങ്ങൾ. കാശിയിൽ പോയാൽ മോക്ഷം കിട്ടും. പാദനമസ്കാരം ചെയ്താൽ കാളഹസ്തീശ്വരൻ പ്രസാദിക്കും. ദർശിച്ചാൽ മതി ചിദംബരേശ്വരൻ മോക്ഷം തരും. എന്നാൽ ഹാലസ്യനാഥന്റെ പേര് ഉച്ചരിച്ചാൽ മതി മോക്ഷപ്രാപ്തിയുണ്ടാകും. അതുകൊണ്ടാണ് ഈ ശിവസന്നിധിക്ക് തുല്യമായ മറ്റൊരു പുണ്യ ഭൂമി ഇല്ലെന്ന് പറയുന്നത്; ഇത് ശരിക്കും ഭൂമിയിലെ ശിവലോകം ആകുന്നത്. 3600 വർഷം പഴക്കം കണക്കാക്കുന്ന മധുര സുന്ദരേശ്വര ക്ഷേത്രത്തിൽ ഒരു പിടി അരി ദാനം ചെയ്താൽ മറ്റിടങ്ങളിൽ ചെയ്യുന്ന ദാനത്തിന്റെ 16 ഇരട്ടിഫലം ലഭിക്കും. മധുര മീനാക്ഷിയുടെ കോവിലിന് 800 വർഷത്തെ പഴക്കമാണുള്ളത്. കദംബവനത്തിലെ തടാകക്കരയിൽ നിന്നും ദേവേന്ദ്രന് ലഭിച്ചതാണ് സുന്ദരേശ്വരന്റെ സ്വയംഭൂലിംഗം എന്നാണ് ഐതിഹ്യം. ഇന്ദ്രൻ തന്നെ ആണ് സുന്ദരേശ്വര ക്ഷേത്രം നിർമ്മിച്ചതും ഇന്ദ്രവിമാനം ഒരുക്കിയതും.

തിരുവനന്തപുരത്തു നിന്നും നാഗർകോവിൽ, തിരുനെൽവേലി വഴി 300 കിലോ മീറ്ററുണ്ട് മധുരയിലേക്ക് . കോട്ടയത്തു നിന്നും കമ്പം തേനി വഴിക്കും പാലക്കാട് നിന്നും കോയമ്പത്തൂർ പഴനി വഴിക്കും മധുരയിലെത്താം.

ഇഷ്ടകാര്യസിദ്ധിക്ക് സഹായിക്കുന്ന ഹാലാസ്യേശ പ്രണാമം എന്ന സ്തോത്രം ചുവടെ ചേർത്തിട്ടുണ്ട്. കുളിച്ച് ശുദ്ധമായി ശിവ ക്ഷേത്രദർശനം നടത്തി നിത്യവും രാവിലെ ഈ സ്തോത്രം ജപിച്ചാൽ എന്ത് ആഗ്രഹിച്ചാലും ഹാലാസ്യനാഥൻ നിങ്ങൾക്ക് നൽകും.

ഹാലാസ്യേശ പ്രണാമം

ഇന്ദ്രവിമാനമദ്ധ്യസ്ഥനായ ഹാലാസ്യേശ
ചന്ദ്രചൂഡ നമസ്‌തേ നമസ്തുതേ
വേദങ്ങളും വിഷ്ണുവിരിഞ്ചാദികളും കുമ്പിടുന്ന അവിടുത്തെ തൃപ്പാദങ്ങളെ ഞാനിതാ വണങ്ങുന്നു.

മുപ്പുരാന്തക, സർപ്പവിഭൂഷണ, അങ്ങയുടെ പാദപങ്കേരുഹങ്ങളല്ലാതെ ഇവനൊരു ഗതിയുമില്ല.

കാലിണ കൂപ്പുന്നവർക്ക് ഇഷ്ടവരം ദാനംചെയ്യുന്ന ഹാലാസ്യനാഥ, നമസ്‌കാരം.
വിഭോ , നീലലോഹിത , കാളകൂടാശന, പരിപാലിച്ചാലും

അംഗുഷ്ഠ നഖം കൊണ്ട് രാവണന്റെ മദംതീർത്ത മംഗളമൂർത്തെ, സൃഷ്ടിസ്ഥിതി വിനാശകര, കാത്തു രക്ഷിച്ചാലും,

രൂപനാമാദിവിഹീന, രുദ്രാണീവാമഭാഗ,
നിത്യകോടി സൂര്യപ്രകാശ, ശങ്കര,
സുന്ദരേശ, നമസ്തുതേ , നമോസ്തുതേ

ഭൂതപഞ്ചകസൂര്യചന്ദ്രഹോതൃസ്വരൂപ,
ഭൂതനായക, നമസ്‌കാരം, സൂര്യചന്ദ്രാദിനേത്ര, താരാപഥ സ്വരൂപ, നിത്യ നമസ്‌കാരം. പ്രഭോ, സുവർണ്ണദ്ധ്വജ , വിരിഞ്ചാദൃഷ്ടപാദ ശീർഷ ,
അപർണ്ണാപതേ, നമസ്‌കാരം ഗജചർമ്മാംബരേശ, മുരാരേ, അങ്ങേയ്ക്കായി നമസ്‌കാരം

എണ്ണത്തിൽ പത്മമൊന്നുകുറഞ്ഞപ്പോൾ തന്റെ
കണ്ണെടുത്ത് അർപ്പിച്ച വിഷ്ണുവിന്റെ ഭക്തികണ്ട് ഉജ്ജ്വലമായ ചക്രത്തെ കൊടുത്ത മുക്കണ്ണനായ അങ്ങയുടെ പാദപങ്കജം ഞാനിതാ കുമ്പിടുന്നു.

മേരു, വാസുകി, വിഷ്ണു, ഭൂമി, വിരിഞ്ചൻ,
വേദങ്ങൾ, സൂര്യചന്ദ്രന്മാർ, ഇവരെ ക്രമത്തിൽ
വില്ലും ഞാണും ശരവും തേരും സൂതനും
തുരഗങ്ങളും ചക്രങ്ങളുമൊക്കെയാക്കി
പുരസംഹാരം ചെയ്ത പരമേശ! പാഹിമാം ,
പാഹിമാം കന്ദർപ്പാന്തക, സർവ്വലോക പാലനലോല മീനാക്ഷി വല്ലഭ , നമസ്‌തേ നമോസ്തുതേ

ഈ സ്‌തോത്രം പഠിപ്പവർക്ക് ഇഷ്ടത്തെ
നൽകീടുക ഭഗവാനേ,
നിസ്തുല, നിരാധാര, നിർമ്മല, നമോസ്തുതേ

മംഗള ഗൗരി
Story Summary: An Introduction to Halasya Mahatmyam and Benifits of Halasya Pranama Sthothra Japam

error: Content is protected !!
Exit mobile version