Friday, 20 Sep 2024

1198 കര്‍ക്കടക മാസം കന്നി, തുലാം,കുംഭം, ഇടവം കൂറുകാർക്ക് ഗുണകരം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2023 ജൂലൈ മാസം 17-ാം തീയതി തിങ്കളാഴ്ച 1198 കർക്കടകം 1-ാം തീയതി പുലർച്ചെ 5 മണി 7 മിനിട്ടിന് പുണർതം നക്ഷത്രം ഒന്നാം പാദം മിഥുനക്കൂറിൽ ആദിത്യൻ കർക്കടകം രാശിയിലേക്ക് സംക്രമിക്കും. 2023 ആഗസ്റ്റ് 17 (ചിങ്ങം 1) വ്യാഴാഴ്ച പകൽ 1 മണി
32 മിനിട്ടിനാണ് ചിങ്ങരവി സംക്രമം. ഈ ഒരു മാസം പന്ത്രണ്ട് രാശിക്കാര്‍ക്ക് സൂര്യന്‍ നൽകുന്ന സാമാന്യ ഫലങ്ങളാണ് ഇവിടെ എഴുതുന്നത്. ഇത് പൊതുഫലം മാത്രമാണ്. മറ്റു ഗ്രഹങ്ങളുടെ ഗോചരഫലവുമായി ചേർത്ത് വിശകലനം ചെയ്ത് നോക്കുമ്പോള്‍ ഇവിടെ പറയുന്ന ഫലങ്ങള്‍ മാറാൻ സാധ്യതയുണ്ട്. ഇതിന്
പുറമെ സ്വന്തം ജാതകത്തിലെ ഗ്രഹനിലയും ദശകളും
അപഹാരം, ഛിദ്രം എന്നിവയും പരിഗണിച്ചാൽ മാത്രമേ
കൃത്യമായ ഫലം പ്രവചനം സാധ്യമാകൂ. അതിനാൽ
ഒരു ഏകദേശ പൊതുഫലം മാത്രമായി ഇത് കാണണം:

മേടക്കൂറ്
(അശ്വതി, ഭരണി, കാര്‍ത്തിക 1)
ആദിത്യന്‍ നാലില്‍ നീങ്ങുന്ന കാലഘട്ടമായതിനാല്‍ അനാരോഗ്യം ഫലം. രോഗങ്ങൾ വരാതെ നോക്കണം. ദേഹത്തിന്റെ സ്വാസ്ഥ്യം കുറയും. സുഖാനുഭവങ്ങള്‍ക്ക് തടസ്സം വരും. അലച്ചിലുണ്ടാകും. ധനലാഭം, പ്രതാപം, ബന്ധുസംഗമം, അധികാര ലബ്ധി, എന്നിവ കാണുന്നു. അറിവ് നേടാൻ കൂടുതൽ ശ്രദ്ധിക്കും. ഏറ്റെടുക്കുന്ന ചില സംരംഭങ്ങൾ വഴി നേട്ടങ്ങളുണ്ടാകും. എന്നാൽ ദാമ്പത്യജീവിതത്തിൽ ക്ലേശാനുഭവങ്ങൾക്ക് ഇടയുണ്ട്. കലഹം, സന്താനങ്ങളുടെ കാര്യങ്ങളിൽ വിഷമം എന്നീ ദോഷാനുഭവങ്ങൾക്കും ഇടവരാം. ജീവിതത്തിന്റെ താളം കുറച്ച് മാറുന്നതായി തോന്നാം. അധികാരികളില്‍ നിന്നും ബുദ്ധിമുട്ട് നേരിടും. മാതാവിന്റെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട കാലഘട്ടമാണ്. ബന്ധുക്കളുമായി പിണങ്ങും. സ്ത്രീകൾ കാരണം വിഷമങ്ങൾ നേരിടും. രാമായണ മാസക്കാലം കൂടിയായതിനാല്‍ നിത്യവും ആദിത്യഹൃദയ സ്‌തോത്രം ജപിക്കുന്നത് ഉത്തമമാണ്.

ഇടവക്കൂറ്
(കാര്‍ത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
മൂന്നിലെ സൂര്യൻ അനുകൂലനാണ്. സുഖാനുഭവങ്ങൾ അർത്ഥലാഭം, സ്ഥാനലബ്ധി, പൊതുകാര്യങ്ങളിൽ വിജയം, ശത്രുനാശം, ബന്ധുസുഖം, ധനാഗമനത്തിൽ വർദ്ധനവ് എന്നിവ ഉണ്ടാകും. കൂടുതലായി യാത്രകൾ ചെയ്യാനുള്ള സാഹചര്യങ്ങൾ ലഭിക്കും. ക്ഷേമവും കാര്യവിജയവുമുണ്ടാകും. സ്ഥാനമാനങ്ങള്‍ വന്നുചേരും. മത്സരങ്ങളില്‍ വെന്നിക്കൊടി പാറിക്കും. ധനപരമായി ആശ്വാസം കിട്ടും. ശത്രുക്കളെ പ്രതിരോധിക്കാനാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ബഹുമതികൾക്ക് യോഗം കാണുന്നു. അധികാര പദവികളിൽ നന്നായി തിളങ്ങും. സൂര്യദോഷശാന്തിക്ക് സൂര്യഭജനം, ശിവഭജനം എന്നിവ ഉത്തമം. കർക്കടകമാസം മുഴുവൻ അഷ്ടാക്ഷരമന്ത്രം ഓം നമോ നാരായണായ, ദ്വാദശാക്ഷര മന്ത്രം, ഓം നമോ ഭഗവതേ വാസുദേവായ എന്നിവ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
സൂര്യന്‍ രണ്ടാമെടത്ത് സഞ്ചരിക്കുന്നു. ഒട്ടേറെ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. ധനപരമായി ഒട്ടും തന്നെ അനുകൂല കാലമല്ല. ദ്രവ്യ നാശത്തിന് സാധ്യത കൂടുതലാണ്. എന്നാൽ കുടുംബബന്ധങ്ങൾ മെച്ചപ്പെടും. ലൗകിക സുഖാനുഭവങ്ങൾ വർദ്ധിക്കും. മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും. ഗൃഹത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. ശത്രുപീഡ ഉണ്ടാകാനിടയുള്ളതിനാൽ സൂക്ഷിക്കണം. ചതിയിൽ പെടാൻ ഏറെ സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് അല്പം ക്ഷീണിക്കും. സഹായിക്കേണ്ട പല ആളുകളും പിന്‍വലിയും. നേത്രരോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. ആജ്ഞാസ്വരത്തിൽ സംസാരിച്ച് അപ്രീതി സമ്പാദിക്കും. വിദ്യാഭ്യാസത്തില്‍ ഒട്ടും പുരോഗതി ഉണ്ടാകില്ല. ശിവന് ജലധാര നടത്തണം. ഒരു ഞായറാഴ്ച ആയില്യ പൂജ നടത്തുന്നത് നല്ലത്. എന്നും സൂര്യ സ്തോത്രം ചൊല്ലുക.

കര്‍ക്കടകക്കൂറ്
(പുണര്‍തം 4, പൂയം, ആയില്യം)
സൂര്യന്‍ ജന്മരാശിയിലൂടെ കടന്നുപോകുന്ന കാലമാണ്. യാത്രാക്ലേശം, രോഗപീഡ തുടങ്ങിയ ദോഷാനുഭവങ്ങൾ ഉണ്ടാകാം. ശാരീരികമായും മാനസികമായും കഠിനമായ ആയാസം അനുഭവപ്പെടും. വാഗ്‌വിലാസത്താൽ നേട്ടങ്ങളുണ്ടാകും ശയനസുഖം, വസ്ത്രലാഭം, ഭക്ഷണസുഖം, അംഗീകാരം ലഭിക്കാൻ അവസരം, സഹാനുഭൂതി തുടങ്ങിയ ചില ഗുണാനുഭവങ്ങൾ ലഭിക്കും. എന്നാൽ പണച്ചെലവ് കൂടും. ഏറെ ആവശ്യമുള്ള ചില കാര്യങ്ങൾക്ക് വിഷമിക്കും. സ്ഥിരനിക്ഷേപം എടുത്ത് ചെലവ് ചെയ്യേണ്ടി വരും. യാത്ര ഒട്ടും തന്നെ ഗുണകരമാവില്ല. ചെയ്യുന്ന മിക്ക ജോലികളും പാഴായിപ്പോകും. സമയവും അദ്ധ്വാനവും വെറുതെ പാഴാക്കി എന്ന് തോന്നും. നിരാശ ശക്തമാകും. ശരിയായ ചിന്താശേഷി നഷ്ടമാകും. വ്യാഴാഴ്ചകളിൽ വിഷ്ണു മന്ത്രങ്ങൾ, രാമമന്ത്രങ്ങൾ, ഹനുമദ് മന്ത്രങ്ങൾ എന്നിവ ജപിക്കണം. തിങ്കളാഴ്ച രാവിലെയും വൈകിട്ടും നെയ്യ് വിളക്ക് കൊളുത്തി ദുർഗ്ഗാഭജനം നടത്തുന്നതും നല്ലത്.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആദിത്യൻ പന്ത്രണ്ടിൽ സഞ്ചരിക്കുന്ന കാലമാണിത്. ദാമ്പത്യജീവിതം മെച്ചപ്പെടും. ഊർജ്ജസ്വലത വർദ്ധിക്കും. മംഗളകർമ്മങ്ങളിൽ പങ്കുചേരും. ശത്രുപീഡകൾ അതിജീവിക്കും. എന്ത് നല്ല കാര്യം ചെയ്താലും ഒന്നുകിൽ പഴി കേൾക്കേണ്ടി വരും. അല്ലെങ്കിൽ ഉദ്ദേശിക്കുന്ന ഫലം കിട്ടണമെന്നില്ല. സാമ്പത്തികമായി കുറച്ച് വിഷമിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടതായ ധനം കിട്ടാൻ ഏറെ വൈകും. പാഴ്‌ച്ചെലവുകൾ നിയന്ത്രിക്കാനാവാതെ കുഴങ്ങും. പിതൃസ്ഥാനീയര്‍ക്ക് രോഗക്ലേശങ്ങള്‍ വരാം. വിദേശത്തു കഴിയുന്നവര്‍ക്ക് നാട്ടിലെത്താന്‍ അല്പം കൂടി കാത്തിരിക്കേണ്ടി വരും. ചിലർ വീടുവിട്ടു നില്‍ക്കാൻ സാദ്ധ്യതയുണ്ട്. ദുർഭാഷണത്തിലൂടെ ദോഷാനുഭവങ്ങൾ വരാൻ ഇടയുള്ളതിനാൽ അത് ഒഴിവാക്കാൻ നോക്കണം. ബന്ധുകലഹം സംഭവിക്കാം. ദൂരെ ദേശയാത്രയ്ക്കും അവസരമുണ്ടാകാം. ദ്രവ്യനാശത്തിനും ഇടവരാം. ഗണപതി ക്ഷേത്രത്തിൽ നാളികേരം ഉടയ്ക്കണം. കറുക മാല സമർപ്പിക്കണം ഭദ്രകാളിപ്രീതിയും വിഷ്ണുപ്രീതിയും നേടണം. ശിവന് ജലധാര, അർച്ചന എന്നിവ നടത്തുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2)
ആദിത്യന്‍ പതിനൊന്നിൽ സഞ്ചരിക്കുന്നു. ഭക്ഷ്യസമൃദ്ധി
കലാപരമായ നേട്ടം, സ്ഥാനലബ്ധി, അംഗീകാരം എന്നീ ഗുണാനുഭവങ്ങൾക്ക് പ്രതീക്ഷിക്കാം. കര്‍മ്മ രംഗത്ത് മികച്ച വിജയം വരിക്കും. വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടാകും. വ്യാപാരികൾ എതിരാളികളെ സൂക്ഷിക്കണം. അവർ കാരണം അപ്രതീക്ഷിതമായി ധനനഷ്ടത്തിന് സാധ്യതയുണ്ട്. കുടുംബസംബന്ധമായ കാര്യങ്ങളിൽ തടസ്സങ്ങളുണ്ടാകും. ശത്രുപീഡ നേരിടും. ഉദ്ദേശിക്കുന്ന പ്രധാന കാര്യങ്ങൾ യഥാസമയം സാധിക്കാൻ കഴിയാതെ വിഷമിക്കും. അധികാരികളുടെ പ്രശംസ, അംഗീകാരം എന്നിവയും സ്ഥാനമാനങ്ങളും ലഭിക്കും. ചികിത്സകള്‍ ഫലിക്കും. മനസന്തോഷമുണ്ടാവുന്ന കാലഘട്ടവുമാണ്. ഭാവിയെക്കുറിച്ച് സുപ്രധാന തീരുമാനങ്ങള്‍ എടുക്കും. എടുത്തുചാട്ടവും അമിതമായ ശുഭാപ്തി വിശ്വാസവും ഒഴിവാക്കണം. ദുർഗ്ഗാദേവിക്ക് കുങ്കുമാഭിഷേകം, പായസം എന്നിവ ജന്മനാളിൽ നടത്തുക

തുലാക്കൂറ്
(ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3 )
ആദിത്യന്‍ പത്തിൽ സഞ്ചരിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന കാലഘട്ടമാണിത്. ഒരു കാര്യം നിശ്ചയിച്ചാൽ അത് പ്രാവർത്തികമാക്കാൻ കഴിയും. അഭീഷ്ടലാഭം, സന്താനസൗഖ്യം സുഹൃത്തുക്കളിലൂടെ നേട്ടങ്ങൾ എന്നിവ ഉണ്ടാകാം. സ്ത്രീകൾ കാരണം കലഹം, അപമാന ശ്രവണത്തിന് സാദ്ധ്യത തുടങ്ങിയവ കരുതിയിരിക്കണം. വലിയ ചില നേട്ടങ്ങള്‍ വന്നെത്തും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. എല്ലായിടത്തും വിജയിക്കാനാവും. തൊഴിലിനാവശ്യമായ മൂലധനം സ്വരൂപിക്കാൻ വായ്പ കിട്ടും. മാതാപിതാക്കൾ സഹായിക്കും. പങ്കാളിത്തത്തോടെയുള്ള ബിസിനസ്, ഓഹരി വിപണി എന്നിവയിൽ കൂടുതൽ ജാഗ്രത വേണം. ദിവസവും ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക. ശിവപ്രീതിക്ക് പഞ്ചാക്ഷരി ജപം, ജലധാര, സർപ്പപ്രീതിക്ക് ആയില്യ പൂജ നടത്തുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
ഒമ്പതാം ഭാവത്തിലാണ് ആദിത്യൻ സഞ്ചരിക്കുന്നത്. സുഖപ്രാപ്തി, സാമ്പത്തികനേട്ടം, ദാമ്പത്യസുഖം, വസ്ത്രലാഭം, മന:സുഖം തുടങ്ങിയ ഗുണാനുഭവങ്ങൾ ഉണ്ടാകും. വിവാഹകാര്യങ്ങൾക്ക് ശ്രമിക്കുന്നവർക്ക് നിലവിലുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ കഴിയും. മെച്ചപ്പെട്ട ചില വിവാഹാലോചനകൾ വരും. ചെറിയ ആപത്തിന് സാദ്ധ്യതയുള്ളതിനാൽ ചെയ്യുന്ന എല്ലാകാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തണം. ചെറുരോഗങ്ങളായാലും ഉയര്‍ന്ന ശ്രദ്ധ പുലര്‍ത്തണം. പുണ്യകാര്യങ്ങള്‍ ചെയ്യാന്‍ മടിയോ മറവിയോ ഉണ്ടാകാൻ സാധ്യതയുണ്ട്. അച്ഛന് രോഗക്ലേശം വരാം. പല കാര്യങ്ങളും മാറ്റി വയ്ക്കേണ്ടി വന്നേക്കും. ചില ഇഷ്ടജനങ്ങളുമായി നീരസത്തിലാവും. സന്തുഷ്ടി, ബന്ധുജനസൗഖ്യം, സന്താന സൗഖ്യം എന്നീ ഗുണാനുഭവങ്ങൾക്ക് യോഗമുണ്ട്. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം, ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, അർച്ചന ഇവ നടത്തുന്നത് ഉത്തമമാണ്.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
ആദിത്യന്‍ അഷ്ടമ ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ ചില അനിഷ്ടങ്ങളുണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് മെച്ചപ്പെട്ട സഹകരണം ലഭിക്കും. ഗൃഹോപകരണങ്ങൾ വാങ്ങിക്കുന്നതിൽ താത്പര്യമുണ്ടാകും. ധനാഗമനം വർദ്ധിക്കും. സ്ത്രീസുഖം ലഭിക്കും. രോഗപീഡാ സാദ്ധ്യത ഉള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. വളരെ നന്നായി ആസൂത്രണം ചെയ്ത പദ്ധതികൾ വരെ വിജയിച്ചില്ലെന്നു വരാം. എതിര്‍ ലിംഗത്തില്‍പെട്ടവരില്‍ നിന്നും ശത്രുതയുണ്ടാകും. അധികാര സ്ഥാനങ്ങളിൽ ഉള്ളവരുടെ പിണക്കം, ശത്രുത എന്നിവ ഉണ്ടായേക്കും. ഏറ്റുടുക്കുന്ന പ്രവൃത്തികൾക്ക് ചില തടസ്സങ്ങൾ നേരിടും. സന്താനലബ്ധിക്ക് ഭാഗ്യം. യാത്രാ ക്ഷീണമുണ്ടാകും. അഭിമാനക്ഷതത്താൽ വിഷമിക്കും. വിഷ്ണുപ്രീതിക്ക് പാൽപായസം, ശിവപ്രീതിക്ക് കൂവളദളാർച്ചന എന്നിവ നടത്തണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1, 2)
ആദിത്യന്‍ ഏഴാം ഭാവത്തിലാണ്. സാമ്പത്തികനേട്ടം, കാര്യജയം, സന്താനസൗഖ്യം, മന:സന്തോഷം, തുടങ്ങിയ ഗുണാനുഭവങ്ങൾക്ക് ഇടവരാം. ചില ധാരണകൾ, അഭിപ്രായങ്ങള്‍ എന്നിവ തിരുത്തേണ്ടി വന്നേക്കും. ആവശ്യത്തിനോ അനാവശ്യത്തിനോ ഉത്ക്കണ്ഠപ്പെടും. വിദൂരയാത്രകൾക്ക് അവസരമുണ്ടാകും. എന്നാൽ ഈ യാത്രകള്‍ പ്രയോജനരഹിതമായേക്കും. ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ അല്പ കാലം കാത്തിരിക്കുന്നതാവും നല്ലത്. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബ ജീവിതം അത്ര മികച്ചതായിരിക്കുമെന്ന് പറയാന്‍ കഴിയില്ല. സ്ത്രീകൾ കാരണം ഉപദ്രവങ്ങൾ നേരിടും. ബന്ധുക്കളുടെ കലഹങ്ങൾ തീർക്കാൻ ശ്രമം നടത്തും. ജന്മനക്ഷത്രത്തിന് ഗണപതിഹോമം നടത്തുന്നത് നല്ലത്. വ്യാഴപ്രീതിക്ക് വിഷ്ണു ക്ഷേത്രദർശനം, ഓം നമോ നാരായണായ ജപം എന്നിവ ഉത്തമമാണ്.

കുംഭക്കൂറ്
(അവിട്ടം 1, 2 ചതയം, പൂരൂരുട്ടാതി 1, 2, 3 )
ആദിത്യന്‍ ആറിലാണ്. ധാരാളം അനുകൂലഫലങ്ങള്‍ തീർച്ചയായും പ്രതീക്ഷിക്കാം. രോഗദുരിതങ്ങള്‍ ശമിക്കും. മനസും ശരീരവും ബലവത്താകും. ദുഃഖങ്ങളില്‍ നിന്നും ആശ്വാസമുണ്ടാവും. ദേഹോപദ്രവം, ദാമ്പത്യക്ലേശം കാര്യവിഘ്‌നം, രോഗാരിഷ്ടത, എന്നിവകൾക്ക് ഇടവരാം. ശത്രുദോഷത്തിന് ഇടവരാമെങ്കിലും ശത്രുനാശവും സംഭവിക്കും. സ്വന്തം ദൗര്‍ബല്യങ്ങളെ സമര്‍ത്ഥമായി മറികടക്കാൻ കഴിയും. പ്രതിസന്ധികളിൽ നിന്നും മുക്തി നേടാൻ സഹായിക്കാനും വേണ്ട പിന്തുണ നല്‍കാനും സ്വജനങ്ങൾ ഉണ്ടാവും. പൊതുവേ പ്രിയപ്പെട്ടവരോടുള്ള ഇഷ്ടം വര്‍ദ്ധിക്കും. പനിയും ഉദരരോഗങ്ങളും ശല്യം ചെയ്യും. സന്താനങ്ങളുടെ വലിയ നേട്ടങ്ങളിൽ സന്തോഷിക്കും. സ്ഥലംമാറ്റം, സ്ഥാന ഭ്രംശം, അർത്ഥനാശം, യാത്രാക്ലേശം, ദേഹോപദ്രവം തുടങ്ങിയ ദോഷാനുഭവങ്ങൾ ഉണ്ടാകും. ഭഗവതിക്ക് കടുംപായസം, കുങ്കുമാർച്ചന ഇവ ഉത്തമം. ഹനുമാൻസ്വാമിക്ക് വ്യാഴാഴ്ച വെറ്റിലമാല സമർപ്പിക്കുക.

മീനക്കൂറ്
(പൂരൂരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ആദിത്യൻ അഞ്ചിലാണ്. പൊതുകാര്യങ്ങളിൽ വളരെ
കൂടുതൽ താത്പര്യം പ്രകടിപ്പിക്കും. സന്തോഷം, സന്തുഷ്ടി, സ്ഥാനപ്രാപ്തി, കാര്യജയം, ധനധാന്യലാഭം എന്നിവ പ്രതീക്ഷിക്കാം. സന്താനങ്ങളെ സംബന്ധിച്ച് ആശങ്കകൾ വരാം. കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങൾക്ക് ഉത്തരം തേടും. ബുദ്ധിപൂർവ്വം പരിഹരിക്കേണ്ടതായ കാര്യങ്ങളോട് വൈകാരികമായി പ്രതികരിക്കുന്നത് വഴി സങ്കീർണ്ണമാകും. ബന്ധുജനങ്ങളിൽ നിന്ന് മെച്ചപ്പെട്ട സഹകരണം ഉണ്ടാകും. എന്നാൽ ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ പാടില്ല. രോഗക്ലേശങ്ങൾ ഏറെ ബുദ്ധിമുട്ടിക്കും. ശത്രുക്കളുടെ ശല്യം വർദ്ധിക്കും. പ്രതീക്ഷിച്ചതിലും കൂടുതൽ പല തരത്തിലുള്ള ചെലവുകൾ ഉണ്ടാകും. ഒരു കാര്യവുമില്ലാതെ വെറുതേ ഉത്കണ്ഠപ്പെടാൻ ഇടയുണ്ട്. ശിവന് ജലധാര, വിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല
എന്നിവ സമർപ്പിക്കണം. ഗണപതിഹോമം നല്ലത്.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 8921709017
Story Summary: Sun Transit in Cancer 17 July 2023:
How it will impact your zodiac sign

error: Content is protected !!
Exit mobile version