Saturday, 23 Nov 2024

12 തിങ്കളാഴ്ച വ്രതമെടുത്തു നോക്കൂ, എല്ലാ ദുഃഖങ്ങളും പരിഹരിക്കും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ശിവപാര്‍വ്വതീ പ്രീതി നേടാൻ സഹായിക്കുന്ന ഏറ്റവും ഉത്തമമായ കർമ്മമാണ് തിങ്കളാഴ്ച വ്രതാനുഷ്ഠാനം. അതിരാവിലെ കുളിച്ച് വെളുത്തവസ്ത്രം ധരിച്ച് ഭസ്മം ധരിച്ച് ഓം നമ:ശിവായ എന്ന മന്ത്രം ജപിച്ച് സ്വന്തം കഴിവിനൊത്ത വിധം ശിവഭജനം ചെയ്യുക. ജലപാനം പോലും ഒഴിവാക്കി പൂർണ്ണ ഉപവാസം സ്വീകരിച്ച് വ്രതം പൂർത്തിയാക്കിയാൽ എത്രയും പെട്ടെന്ന് ആഗ്രഹം സാധിക്കും. ആരോഗ്യപരമായി അതിന് സാധിക്കാത്തവര്‍ ഒരിക്കലൂണായി വ്രതമെടുക്കണം. ശിവപുരാണ പാരായണം, ശിവസഹസ്രനാമജപം എന്നിവ നല്ലതാണ്. ശിവക്ഷേത്രത്തിൽ തിങ്കളാഴ്ച 3 നേരവും പൂജയിൽ പങ്കടുക്കുന്നത് നന്നായിരിക്കും. ജലധാര, ഭസ്മാഭിഷേകം, കൂവളത്തിലകൊണ്ട് അര്‍ച്ചന എന്നിവ വഴിപാടായി നടത്തണം. യോഗ്യരായ സജ്ജനങ്ങള്‍ക്ക് ദക്ഷിണ നൽകി തീര്‍ത്ഥം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കണം.

12 തിങ്കളാഴ്ച വ്രതമെടുക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും ശിവനും പാര്‍വ്വതിയും പരിഹരിക്കും. വിവാഹതടസം അനുഭവിക്കുന്നവര്‍ക്ക് വേഗം വിവാഹം നടക്കാൻ തിങ്കളാഴ്ച വ്രതം ഉത്തമമാണ്. ദാമ്പത്യ ഐക്യത്തിനും ദാമ്പത്യകലഹം അകലാനും ഇഷ്ടകാര്യ വിജയത്തിനും ഇഷ്ട വിവാഹലബ്ധിക്കും തിങ്കളാഴ്ച വ്രതപുണ്യം സഹായിക്കും. വ്രതവിധിയിൽ ഏറെ പ്രധാനം മന:ശുദ്ധി ആണ്. മന‌സിനെയും ചപല വികാരങ്ങളെയും അടക്കി നിറുത്തി ഏകാഗ്രമായി പരംപൊരുളിനോട് കുറച്ചു നേരം ചേര്‍ന്നു നില്ക്കുമ്പോള്‍ ലഭിക്കുന്ന ഈശ്വര ചൈതന്യം
തന്നെയാണ് വ്രതപുണ്യം.

തിങ്കളാഴ്ച വ്രതമെടുക്കുന്നവർ ബ്രഹ്മചര്യം പാലിക്കണം. ശാരീരിക ബന്ധം മാത്രമല്ല വിഷയ ചിന്തകളും സംസാരവും വരെ ഒഴിവാക്കണം. വെറുതെ ഉപവസിച്ചത് കൊണ്ട് മാത്രം യാതൊരു കാര്യവുമില്ല. സദ്ചിന്ത, ശ്രദ്ധ പരമാവധി പ്രാര്‍ത്ഥന എന്നിവ ഉണ്ടെങ്കിലേ വ്രതം കൊണ്ട് പൂർണ്ണ ഫലമുണ്ടാകൂ. ശ്രദ്ധയില്ലാതെ ചെയ്യുന്ന ആയിരം മന്ത്രജപത്തേക്കാൾ ശ്രദ്ധയോടെ ചെയ്യുന്ന എട്ട് മന്ത്രജപത്തിന് അസാമാന്യ ശക്തിയുണ്ട്. മന്ത്രങ്ങളും സ്‌തോത്രങ്ങളും തെറ്റുകൂടാതെ ചൊല്ലാൻ ശ്രദ്ധിക്കണം.

പാർവ്വതീസമേതനായി മഹാദേവനെ ആരാധിക്കുന്ന പവിത്രമായ സങ്കല്പമാണ് ഉമാമഹേശ്വര സങ്കല്പം. പാർവ്വതി ശിവന്റെ മടിയിൽ ഇരിക്കുന്നതാണ് രൂപം. ദാമ്പത്യ ഭദ്രതയ്ക്കും ഇഷ്ടവിവാഹ ലബ്ധിക്കും വിവാഹ തടസം മാറാനും ഉമാമഹേശ്വര അനുഗ്രഹം അത്യുത്തമമാണ്. ഇതിലുപരിയാണ് അർദ്ധനാരീശ്വര സങ്കല്പം. ഒരു പകുതി മഹാദേവനും മറു പകുതി ശ്രീപാർവ്വതിയുമായ രൂപം. പുരുഷപ്രകൃതി സംയോഗത്തിന്റെ പ്രതീകം. സ്വയംവര പാർവതിയാണ് മറ്റൊരു ശിവ പാർവ്വതീ സങ്കല്പം. ശിവനെ വരിക്കാൻ വരണമാല്യവുമായി സമീപിക്കുന്ന ദേവീരൂപമാണിത്. മംഗല്യ സിദ്ധിക്കാണ് ഈ രൂപത്തിൽ ദേവിയെ ആരാധിക്കുന്നത്.

  • തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
    (സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

Story Summary : Significance of Thinkalazhcha Vritham and Siva Parvati Upasana

error: Content is protected !!
Exit mobile version