Friday, 22 Nov 2024

12 വർഷത്തിലൊരിക്കൽ ദർശനം തരും തിരുവിലഞ്ഞാല്‍ ജല ദുർഗ്ഗ

അശോകൻ ഇറവങ്കര

ഹരിപ്പാട് ആലപ്പുഴ വഴിയിൽ കരുവാറ്റയ്ക്ക് അടുത്ത് ദേശീയ പാതയോട് ചേർന്നു കാണുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തിരുവിലഞ്ഞാല്‍ ദേവീക്ഷേത്രം…..

ദുർഗ്ഗയാണ് പ്രതിഷ്ഠ. ഒപ്പം ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ ജലദുർഗ്ഗയുടെ ചൈതന്യവും, കുളത്തിന്റെ അടിയിൽ ദേവിയുടെ വിഗ്രഹവുമുണ്ട്. 12 വര്‍ഷത്തിലൊരിക്കൽ ഈ തീർത്ഥക്കുളം വൃത്തിയാക്കി കുളത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള മൂലബിംബമായ ദേവീവിഗ്രഹം പുറത്തെടുത്ത് കലശമാടി വിഗ്രഹപൂജനടത്തി കുളത്തിൽ തിരികെ പ്രതിഷ്ഠിക്കുന്നു. ഈ അത്യപൂർവ്വ ചടങ്ങ് വളരെ ഭക്തിനിർഭരമായി നടത്തപ്പെടുന്നു. ഇത് പുറത്ത് എടുക്കുന്ന ദിവസം രാവിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള അർച്ചനാ വിഗ്രഹത്തിലെ പൂജകൾക്ക് ശേഷം തന്ത്രി ദേവിയുടെ അനുമതി വാങ്ങും. അതിന് ശേഷം തീർത്ഥക്കുളത്തിൽ എത്തി തന്ത്രി, മേൽശാന്തി, കീഴ്ശാന്തി എന്നിവർ ദേവീവിഗ്രഹം കുടികൊള്ളുന്ന കുളത്തിൽ അനുജ്ഞാ കലശമാടി അനുമതിവാങ്ങി പൂജകൾക്ക് ശേഷം കുളത്തിലിറങ്ങി ജലാശയമദ്ധ്യത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ജലദുർഗ്ഗയുടെ ശിലാവിഗ്രഹം മുങ്ങിയെടുക്കും. തുടർന്ന് ദേവിയെ കരയിലേക്ക് എഴുന്നള്ളിച്ച് ഇടമുറിയാതെ ധാരകോരും. അതിനുശേഷം താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്ത് മണ്ഡപത്തിൽ ഓട്ടുരുളുയിൽ പ്രതിഷ്ഠിക്കും. തുടർന്ന് വൈകുന്നേരം വരെ പാല്,കരിക്ക്,കരിമ്പിന്നീര് തുടങ്ങിയ ദ്രവ്യങ്ങളാൽ ധാര തുടരും. ഈ സമയം ആണുങ്ങളായ ഭക്തർ തൂമ്പാ, വെട്ടുകത്തി, ഇരുമ്പ് പാത്രങ്ങൾ എന്നിവ ഉപയോഗിക്കാതെ പാളയും ഓട്ടുപാത്രങ്ങളും ഉപയോഗിച്ച് വെള്ളം തേവി പറ്റിക്കും. കുളത്തിലുള്ള മീനുകളെ പിടിച്ച് ചെമ്പിലിട്ട് സംരക്ഷിക്കും. കരി, മുഷി തുടങ്ങിയ മത്സ്യങ്ങൾ ധാരാളം കാണും. ദേവിയുടെ ദൂതഗണങ്ങളാണ് ഇവ എന്ന് വിശ്വാസം. അസ്തമനത്തിന് മുമ്പ് കുളം വൃത്തിയാക്കി നേദ്യത്തിനും പൂജകൾക്കും ശേഷം തന്ത്രി ദേവിയെ വീണ്ടും കുളത്തിൽ പ്രതിഷ്ഠിക്കും. ഈ സമയം നീരുറവയിലോ മഴയിലോ വിഗ്രഹം പൂർണ്ണമായി ജലത്തിന് അടിയിലാകും. ഈ ചടങ്ങ് കാണുവാൻ പതിനായിരക്കണക്കിനാളുകളാണ് സാധാരണ ക്ഷേത്രത്തിലെത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം .

അശോകൻ ഇറവങ്കര

Story Summary : Significance of Thiruvilanjal Devi Temple, Karuvatta and Jala Durga

Attachments area

error: Content is protected !!
Exit mobile version