Monday, 30 Sep 2024

14 നക്ഷത്രക്കാർ ആഗസ്റ്റ് മാസം മുഴുവൻ വിഷ്ണു, ലക്ഷ്മി ഭജന മുടക്കരുത്

ജ്യോതിഷൻ ആറ്റുകാൽ ദേവീദാസൻ
2020 ആഗസ്റ്റ് ഒന്നിന് ശുക്രൻ ഇടവം രാശിയിൽ
നിന്ന് മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. മിഥുനത്തിൽ നിൽക്കുന്ന ശുക്രന്റെ ദൃഷ്ടി ധനുവിൽ നിൽക്കുന്ന വ്യാഴത്തിലേക്ക് പതിയുന്നു. അതുപോലെ തിരിച്ചും സംഭവിക്കുന്നു. ഈ ഗുരു – ശുക്ര പരസ്പര ദൃഷ്ടി തീർത്തും ദോഷകരമാണ്. മിഥുനത്തിൽ ശുക്രന്റെ കൂടെ നില്ക്കുന്ന ബുധന്റെയും സർപ്പന്റെയും ദൃഷ്ടിയും വ്യാഴത്തെ പ്രതികൂലമായി ബാധിക്കുന്നു. വ്യാഴം ദേവഗുരുവായ ബൃഹസ്പതിയാണ്. ശുക്രനാകട്ടെ അസുരവംശത്തിന്റെ ഗുരുവും. ഇവർ പരസ്പരം മത്സര ബുദ്ധിയുള്ളവരാണ്. അതു തന്നെയാണ് ദോഷ കാഠിന്യം കൂടുന്നതിന് കാരണം.

ഗുരുവിനും ശുക്രനും പ്രത്യേകം പ്രത്യേകം കാരകത്വങ്ങള്‍ ഉണ്ട്. എന്നാൽ രണ്ടു ഗ്രഹങ്ങള്‍ക്കും പൊതുവായ കാരകത്വങ്ങളും ഉണ്ട്. സുഖത്തിന്റെയും സംതൃപ്തിയുടെയും കാരകത്വമാണ് ഗുരുവിനും ശുക്രനും ഒരുപോലെ കല്പിച്ചിട്ടുള്ളത്. അതുകൊണ്ട്
ഗുരുവിനും ശുക്രനും ഒരുപോലെ മൗഢ്യമോ പരസ്പരദൃഷ്ടി ദോഷമോ വരുന്ന സമയത്ത് രണ്ടു
ഗ്രഹങ്ങളും ശുഭഫലം പ്രദാനം ചെയ്യുന്നതിന് കഴിവില്ലാത്തവരാകും. ദോഷ ഫലങ്ങൾ സൃഷ്ടിക്കും. അതിനാൽ സുഖഹാനിയും സംതൃപ്തി ഇല്ലായ്മയും
പൊതുവേ എല്ലാവരെയും വിഷമിപ്പിക്കും

ശുക്രന്റെ കാരകത്വമുള്ള വിവാഹം, ലൈംഗിക ബന്ധം, ദാമ്പത്യം, പ്രണയം, സ്വർണ്ണം, അലങ്കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തടസ്സം, പേരുദോഷം, സ്ഥാനഭ്രംശം, കലഹം എന്നിവ സംഭവിക്കാം. കലാരംഗത്തും, ചലച്ചിത്രം, സീരിയൽ, ടി.വി പരിപാടികൾ ഇവയുമായി ബന്ധപ്പെട്ടും കഴിയുന്നവർക്കും പരീക്ഷണ ഘട്ടമാണ് ആഗസ്റ്റ് .
ഭരണകർത്താക്കൾക്കും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കും രാഷ്ട്രീയക്കാർക്കും അപഖ്യാതി സംഭവിക്കാം. വെല്ലുവിളികളും വിവാദവും നേരിട്ട് തളരും. സ്ഥാനഭ്രംശം വരാതെയും നോക്കണം.

ധനം, സന്താനം, സ്‌നേഹം, ബുദ്ധി, ഭക്തി, ക്ഷേത്രം,
ജ്യോതിഷം, ഗുരു, നിയമം, വാഗ്മിത്വം, , സാത്വികത,
സദ് വൃത്തി, വേദ പാണ്ഡിത്യം, മന്ത്രശക്തി, ജ്ഞാനം, ഭരണം തുടങ്ങിയവയുടെ പ്രത്യേക കാരകത്വമാണ് ഗുരുവിനുള്ളത്. ഈ കാര്യങ്ങൾക്കെല്ലാം മാന്ദ്യവും അരിഷ്ടതയും ഗുരു – ശുക്ര ദൃഷ്ടിദോഷകാലത്ത് സംഭവിക്കും. കൃഷിയിൽ വരുമാനം കുറയും. ദാമ്പത്യ ജീവിതത്തില്‍ പല പ്രശ്നങ്ങളും ഈ കാലയളവിൽ തലപൊക്കും. ആർഭാടത്തിനും സുഖത്തിനും ധാരാളം പണം ചെലവഴിച്ച് കടം വര്‍ദ്ധിപ്പിക്കും. വ്യാപരരംഗത്ത് വലിയ തിരിച്ചടി നേരിടും . പ്രത്യേകിച്ച് ആഭരണ, വസ്ത്ര വ്യാപാര മേഖലയിൽ. ക്ഷേത്രങ്ങൾ പ്രതിസന്ധി നേരിടും. സ്ത്രീകള്‍ക്കും നല്ല സമയമല്ല. രോഗങ്ങൾ, മതസ്പർദ്ധ എന്നിവ വർദ്ധിക്കും. സന്താനങ്ങളുടെ
കാര്യത്തിൽ ജാഗ്രത പുലർത്തുക. ധനനഷ്ടം വരാതിരിക്കാനും ശ്രദ്ധ വേണം. ധനപരമായ ഇടപാടുകൾ സൂക്ഷിച്ച് മതി. രഹസ്യ ഇടപാടുകൾ ഒന്നും പാടില്ല. വിശ്വസ്തരെന്ന് കരുതുന്നവരെ കൂടി നിരീക്ഷിക്കുക. മദ്ധ്യസ്ഥത, ജാമ്യം, കരാറുകൾ
എന്നിവ കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുക.

വ്യാഴത്തിന്റെയും ശുക്രന്റെയും സ്വാധീനം കൂടുതലുളള
കാര്‍ത്തിക, രോഹിണി, മകയിരം, ചിത്തിര, ചോതി, വിശാഖം, മൂലം, പൂരാടം, ഉത്രാടം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി, തിരുവാതിര, പുണര്‍തം നക്ഷത്രക്കാരെയും വ്യാഴത്തിന്റെയും ശുക്രന്റെയും
ദശാപഹാരങ്ങളില്‍ കഴിയുന്നവരെയും
ഗുരു – ശുക്ര പരസ്പര ദൃഷ്ടിദോഷ കാലം കൂടുതൽ
ദോഷകരമായി ബാധിക്കും. ഇവർ ഗണപതി,
വിഷ്ണു, മഹാലക്ഷ്മി പ്രീതികരമായ മന്ത്രങ്ങൾ ആഗസ്റ്റ് മാസം മുഴുവൻ മുടങ്ങാതെ ജപിക്കണം. പറ്റുമെങ്കിൽ ഗണപതി ഹോമം, കറുക സമർപ്പണം
വിഷ്ണുക്ഷേത്രത്തില്‍ അർച്ചന, നെയ്‌വിളക്ക്,
മഹാലക്ഷ്മിക്ക് കടുംപായസം, ഭാഗ്യസൂക്ത അർച്ചന എന്നിവ നടത്തുക. ശുക്ര ഗായത്രി, വിഷ്ണു ഗായത്രി , സഹസ്രനാമം ഇവ ജപിക്കാവുന്നതാണ്.

2020 ആഗസ്റ്റ് 31 ന് ശുക്രന്‍ മിഥുനം രാശിയില്‍ നിന്ന്
കര്‍ക്കടകം രാശിയിലേക്ക് പകരും വരെ ഈ പരസ്പര ദൃഷ്ടിദോഷം നിലനില്‍ക്കും.
ഗണപതി മൂലമന്ത്രം
ഓം ഗം ഗണപതയേ നമഃ

ഗുരു മൂല മന്ത്രം
ഓം ബൃഹസ്പതയേ നമഃ

ഗുരു ഗായത്രി
ഓം ബാർഹസ്പത്യായ വിദ്മഹേ
ദേവാചാര്യ ധീമഹി
തന്നോ ബൃഹസ്പതിഃ പ്രചോദയാത്

ശുക്ര മൂലമന്ത്രം
ഓം ശുക്രായ നമഃ

ശുക്ര ഗായത്രി
ഓം ഭൃഗുപുത്രായ വിദ്മഹേ
ദൈത്യാചാര്യ ധീമഹി
തന്നഃ ശുക്ര പ്രചോദയാത്

വിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹേ
തന്നോ വിഷ്ണു പ്രചോദയാൽ

മഹാലക്ഷ്മി മൂലമന്ത്രം
ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ

മഹാലക്ഷ്മി മന്ത്രം
സർവമംഗള മംഗല്യേ ശിവേ
സർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ദേവി
മഹാലക്ഷ്മി നമോസ്തുതേ

ജ്യോതിഷൻ ആറ്റുകാൽ ദേവീദാസൻ,
+91 9349119433

error: Content is protected !!
Exit mobile version