Saturday, 23 Nov 2024

141 ദിവസം ശനി വക്രത്തിൽ; ദോഷം ഈ നക്ഷത്രജാതർക്ക്

മകരം രാശിയിൽ തിരുവോണം നക്ഷത്രത്തിൽ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ശനി 2021 മേയ് 23 മുതൽ ഒക്ടോബർ 11 വരെ, 141 ദിവസം രാശി മാറാതെ തന്നെ വക്രഗതിയിലായത് ലോകത്തിനാകമാനവും ചില പ്രത്യേക നക്ഷത്രക്കാർക്ക് കൂടുതലായും ദോഷഫലം നൽകുമെന്ന് ചങ്ങനാശേരി ശാസ്താരം അസ്ട്രോ റിസർച്ച് സെന്റർ ഡയറക്ടർ വി. സജീവ് ശാസ്താരം വെളിപ്പെടുത്തി.

മകരം രാശിയുടെ ഏതാണ്ട് മദ്ധ്യത്തിലായി സഞ്ചരിക്കുന്ന ഈ വക്രഗതി കാലത്ത് ജുൺ 2 മുതൽ ജൂലൈ 20 വരെ ശനിയും ചൊവ്വയും കൂടി പരസ്പര ദൃഷ്ടിയിൽ അഗ്നി മാരുത യോഗം കൂടി സംജാതമാകുന്നു. കോവിഡ് പ്രതിസന്ധി കാരണം വലയുന്ന ലോകത്തിന് ഈ വക്രഗതി കൂടുതൽ ദോഷം ചെയ്യും. ലോകരാഷ്ട്രങ്ങൾ തമ്മിൽ കലഹങ്ങൾ, കടൽ ക്ഷോഭം, ചുഴലിക്കാറ്റ്, അഗ്നിപർവത സ്ഫോടനം, വലിയ വാഹന ദുരന്തങ്ങൾ, പ്രമുഖർക്ക് ജീവഹാനി, അല്ലെങ്കിൽ മാനഹാനി എന്നിവ ഈ 141 ദിവസത്തിനുളളിൽ സംഭവിക്കാം.

ഈ വക്രഗതി ചില നക്ഷത്രക്കാർക്ക് കൂടുതൽ ദോഷകരമാണ്. താരതമ്യേന കൂടുതൽ ദോഷം ചെയ്യുന്നത് ഇനി പറയുന്ന നക്ഷത്രക്കാർക്കാണ്. വക്രത്തിലായ ശനി ഇപ്പോൾ സഞ്ചരിക്കുന്ന തിരുവോണം, അതിന്റെ വേധ നക്ഷത്രം ആയ തിരുവാതിര, ശനി ദൃഷ്ടിയുള്ള ഉത്തൃട്ടാതി, പൂയം, വിശാഖം ആദ്യപാദം, ശനി സഞ്ചരിക്കുന്ന നക്ഷത്രത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിൽ വരുന്ന പൂരാടം, ഭരണി, മകം, പൂരം, തൃക്കേട്ട, രേവതി, ആയില്യം എന്നീ നാളുകാരെ ശനിയുടെ ഈ വക്രഗതി വളരെ പ്രതികൂലമായി ബാധിക്കുമെന്ന് സജീവ് ശാസ്താരം വ്യക്തമാക്കുന്നു. ഇപ്പോൾ പ്രതികൂല ശനി ദശാകാലം അനുഭവിക്കുന്നവർ ജാതകത്തിൽ ശനി മേടം, കർക്കടകം, ചിങ്ങം, വൃശ്ചികം, ധനു രാശികളിൽ ഉള്ളവർ ശനി രാശി സന്ധിയിൽ നിൽക്കുന്നവർ തുടങ്ങിയവർക്കും ഈ വക്രഗതി ദോഷം ചെയ്യും. ഇക്കൂട്ടരെല്ലാം ഈ 141 ദിവസം കരുതലോടെയിരിക്കണം.

തിരുവോണം നക്ഷത്രക്കാർക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ, ധനപരമായ പ്രശ്നങ്ങൾ, തൊഴിൽ രംഗത്ത് തടസങ്ങൾ, പലതരം സാമ്പത്തിക വിഷമങ്ങൾ, മനസിൽ ഉദ്ദേശിച്ചത് നടക്കാതിരിക്കുക, ചില കാര്യങ്ങൾ തൊട്ടടുത്തെത്തി അകന്നു പോകുക അല്ലെങ്കിൽ അനിശ്ചിതമായി നീട്ടിവയ്ക്കുക തുടങ്ങിയവ അനുഭവിക്കേണ്ടി വന്നേക്കും. തിരുവാതിരക്കാർക്ക് ആരോഗ്യ വിഷമതകൾ, രോഗ ദുരിതങ്ങൾ, എല്ലിനും പല്ലിനും ക്ഷതം, വാത ജന്യ രോഗങ്ങൾ എന്നിവ കാത്തിരിക്കുന്നു. ഭരണി നാളുകാർക്ക് തൊഴിൽപരമായ തിരിച്ചടികൾ, തൊഴിൽ നഷ്ടം, അത്യാവശ്യത്തിന് പണം കടം വാങ്ങേണ്ടി വരുക, ജോലിയിൽ നിന്നു തന്നെ വിട്ടു നിൽക്കേണ്ടി വരിക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഉത്തൃട്ടാതിക്കാർക്ക് ആശുപത്രിവാസം വേണ്ടി വരും. ഔഷധ സേവ വേണ്ടി വരും. ഉറ്റവരുമായി അഭിപ്രായ ഭിന്നത ഉടലെടുക്കുക, മനോവിഷമം അനുഭവിക്കുക, ചെറിയ പൊലീസ് കേസുകൾ ഉണ്ടാകുക എന്നിവയെല്ലാം ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഉണ്ടാകാൻ ഇടയുള്ള കാര്യങ്ങളാണ്.

മകം നക്ഷത്രക്കാർക്ക് ഒരിക്കലും സംഭവിക്കാൻ സാദ്ധ്യത ഇല്ലാത്ത കാര്യങ്ങൾ സംഭവിക്കും എന്ന വ്യാധി, ധനനഷ്ടം, അടുത്ത ബന്ധുക്കൾക്ക് രോഗം, പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് അലസത, അകാരണമായ വാക്കുതർക്കം, ബിസിനസുകാർക്ക് ധനനഷ്ടം, അവസര നഷ്ടം, ബന്ധുജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു കഴിയേണ്ടി വരുക എന്നിവയെല്ലാം ഉണ്ടാകാം. പൂരം നക്ഷത്രക്കാർക്ക് ശാരീരിക മാനസികവിഷമങ്ങൾ, സന്താനങ്ങളെക്കൊണ്ട് വിഷമങ്ങൾ, സഹപ്രവർത്തകർ, ബന്ധുക്കൾ, അയൽക്കാർ എന്നിവരിൽ നിന്നും എതിർപ്പുകൾ, സാമ്പത്തിക ക്ലേശങ്ങൾ എന്നിവയെല്ലാം ഉണ്ടാകാൻ സാധ്യതയുണ്ട്.

വിശാഖത്തിന്റെ ആദ്യപാദക്കാർക്ക് തൊഴിൽപരമായി ഏറ്റവും ശ്രദ്ധിക്കണം. തൊഴിൽ നഷ്ടം ഉണ്ടാകാം. സാമ്പത്തിക പ്രതിസന്ധി, രോഗാവസ്ഥയിൽ കഴിയുന്നവർക്ക് വിഷമതകൾ എന്നിവയുണ്ടാകാം. ഉദ്യോഗാർത്ഥികൾക്ക് വളരെ പ്രതികൂലമായ കാലമാണ്. ഇന്റർവ്യൂ കഴിഞ്ഞിരിക്കുന്നവർക്ക് കാൾലെറ്റർ വരുന്നത് അനിശ്ചിതമായി നീണ്ടുപോകാൻ സാദ്ധ്യതയുണ്ട്. പൂയം നക്ഷത്രത്തിൽ ജനിച്ചവർക്ക് വ്യവഹാരങ്ങൾ നേരിടേണ്ടിവരും. കേസുകൾ നടക്കുന്നവർക്ക് കോടതിയിൽ നിന്നും പ്രതികൂല വിധികൾ ഉണ്ടാകാൻ സാദ്ധ്യത കൂടുതലായതിനാൽ കേസ് ഒക്ടോബറിന് ശേഷം വരെ നീട്ടുന്നത് നല്ലതാണ്. ആയില്യം നക്ഷത്രക്കാർക്കോ ജീവിത പങ്കാളിക്കോ രോഗദുരിതം, അലച്ചിൽ, പണച്ചെലവ്, കടുത്ത മാനസിക നിരാശ, ചെറിയ അപകടങ്ങൾ ഇവയൊക്കെ ഉണ്ടാകാം. പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ധനപരമായി വലിയ പ്രതിസന്ധി ഉണ്ടാകാവുന്ന സമയമാണ്. രോഗമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. ബന്ധുക്കളിൽ നിന്നും അകന്ന് കഴിയേണ്ടിവരും. വാടകയ്ക്ക് താമസിക്കുന്നവർക്ക് പെട്ടെന്ന് ഭവന മാറ്റ സാദ്ധ്യത കൂടുതലാണ്. തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചവർക്ക് അലസത മൂലം കാര്യങ്ങൾക്ക് തടസം നേരിടും. പെട്ടെന്ന് ചെയ്യാവുന്ന കാര്യങ്ങൾ പോലും നീട്ടി വച്ച് നീട്ടി വച്ച് സമയമാകുമ്പോൾ അത് ചെയ്യാൻ പറ്റാത്ത സ്ഥിതി വിശേഷമുണ്ടാകാം. സാമ്പത്തികമായി നഷ്ടം, വ്യവഹാരത്തിൽ തിരിച്ചടി തുടങ്ങിയവ ഉണ്ടാകാം.

ഇവിടെ പറഞ്ഞ നക്ഷത്രക്കാർ അല്ലാതെയുളളവർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകാനിടയില്ല. എങ്കിലും അവർ ഈശ്വരവിശ്വാസം മുറുകെ പിടിച്ച് മുന്നോട്ടു പോകണം. ശനിദോഷ പരിഹാരത്തിന് നിരവധി പരിഹാരങ്ങളുണ്ട്. ഇവിടെ പറയുന്ന ഒരു പരിഹാരം സ്വയം ചെയ്യാൻ കഴിയുന്ന തീരെ പണച്ചെലവ് കുറഞ്ഞ ലാൽ കിതാബിലുള്ള ഒന്നാണ്. 16 ഇഞ്ച് സമചതുരത്തിൽ ഒരു കറുത്ത തുണി എടുത്ത് എട്ടായി മടക്കി അതിൽ എട്ട് ഒറ്റ രൂപ നാണയം വച്ച് ദോഷാധിക്യം പറഞ്ഞ നാളുകാർ അവരുടെ തലയിണ അടിയിൽ വച്ച് കിടന്നുറങ്ങണം. എല്ലാ ശനിയാഴ്ചയും ഈ എട്ടു നാണയങ്ങൾ ദാനം ചെയ്യണം. പുതിയ എട്ട് നാണയം വയ്ക്കുക. കറുത്ത തുണി അത് തന്നെ മതി. വക്രഗതി കഴിയും വരെ ഇതു തുടരുക. നിത്യവും ഉഴുന്നു കലർന്ന ഭക്ഷണം ശീലിക്കുക. ഇരുമ്പു കൊണ്ടുള്ള എന്തെങ്കിലും ഒരു പണിയായുധം ഓരോ ദിവസവും അല്പ നേരമെങ്കിലും കൈ കൊണ്ട് പിടിച്ച് ഉപയോഗിക്കുക – കൂടാതെ ശാസ്താവിന്റെ അഷ്ടോത്തരം കാലത്തും വൈകിട്ടും ജപിക്കുക. ശനിയാഴ്ചകളിൽ ഹനുമാൻ സ്വാമിയെ സങ്കല്പിച്ച് നാക്കിലയിൽ അവൽ സമർപ്പിക്കുക. ദോഷകാഠിന്യം ഒരു പരിധി വരെ കുറയുമെന്ന് സജീവ് ശാസ്താരം നിർദ്ദേശിക്കുന്നു.

പ്രസിദ്ധ അസ്ട്രോളജി കോളമിസ്റ്റും കൺസൾട്ടന്റുമായ സജീവ് ശാസ്താരത്തിന്റെ മൊബൈൽ : 9656377700.

Story Summary: Effects of Shani Vakram and Remedies by V. Sajeev Sastharam


error: Content is protected !!
Exit mobile version