Wednesday, 3 Jul 2024

18 നാരങ്ങ കോർത്തമാല ഗണപതിക്ക് ഇങ്ങനെ ചാർത്തിയാൽ ഉടൻ ഫലം

തരവത്ത് ശങ്കരനുണ്ണി

ഏത് കർമ്മവും മംഗളകരമായിത്തീരാൻ അത് ആരംഭിക്കും മുമ്പ് ഗണപതിഭഗവാനെ സ്മരിക്കണം. വിഘ്നങ്ങളെല്ലാം അകറ്റി ആശ്രിതരെ അതിവേഗം അനുഗ്രഹിക്കുന്ന വിനായകനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും എളുപ്പ വഴി ക്ഷേത്രത്തിൽ തേങ്ങയടിക്കുകയും ഗണപതി ഹോമവും മറ്റ് ഇഷ്ട വഴിപാടുകളും നടത്തി പ്രാർത്ഥിക്കുകയുമാണ്. ഇങ്ങനെ ചെയ്താൽ വിഘ്‌നങ്ങളില്ലാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിൽ എത്തും. വെള്ളിയാഴ്ചകൾ, ചതുര്‍ത്ഥി ദിവസങ്ങൾ പ്രത്യേകിച്ച് ചിങ്ങത്തിലെ വിനായക ചതുർത്ഥി എന്നിവ ഗണേശ പൂജ ചെയ്യുന്നതിന് അതി വിശേഷമാണ്. ചിങ്ങത്തിലെ വെളുത്ത പക്ഷത്തിലെ വിനായക ചതുര്‍ത്ഥി ദിവസം ഗണപതി പ്രീതി വരുത്തുന്നവരുടെ തടസ്സങ്ങളെല്ലാം അകന്നു പോകുന്നതാണ് അനുഭവം.

18 നാരങ്ങാ കോർത്ത് മാലയുണ്ടാക്കി ഗണപതി ഭഗവാനെ അണിയിച്ച് പ്രാർത്ഥിക്കുന്നത് പെട്ടെന്നുള്ള ആഗ്രഹ സാഫല്യത്തിന് ഉത്തമമായ വഴിപാടാണ്. തുടർച്ചയായി മൂന്ന് ദിവസം ഇങ്ങനെ നാരങ്ങാമാല ഭഗവാന് ചാർത്തണം. മൂന്നാം ദിവസം പേരും നാളും പറഞ്ഞ് ഗണപതി സമക്ഷം പുഷ്പാഞ്ജലി നടത്തണം. തികഞ്ഞ വിശ്വാസത്തോടെ ഭക്തിപൂർവം ഇങ്ങനെ ചെയ്താൽ ഫലം ലഭിക്കും. അനേകം ആളുകളുടെ അനുഭവമാണിത്. പുതിയസംരംഭങ്ങൾ, ഗൃഹപ്രവേശം, തുടങ്ങിയ ശുഭകാര്യങ്ങൾ ആരംഭിക്കുന്ന ദിവസം പൂർത്തിയാകുന്ന രീതിയിൽ നാരങ്ങാ മാല വഴിപാട് നടത്തുന്നത് വിശേഷമാണ്.

ഗണേശ ഭഗവാന് ഇഷ്ടമുള്ള വഴിപാടുകളും ഇഷ്ട നിവേദ്യങ്ങളും അനവധിയുണ്ട്. വിവിധ തരം ഗണപതി ഹോമങ്ങൾ, കറുക മാല ചാർത്തൽ, അപ്പം, മോദക നിവേദ്യം, മുക്കുറ്റി പുഷ്പാഞ്ജലി എന്നിവ ഇവയിൽ ചിലതാണ്. 108 തവണ മുക്കുറ്റി അർച്ചിക്കുന്ന വഴിപാട് ക്ഷേത്രങ്ങളിൽ നടത്തണം.

ഗണേശ പ്രീതിക്ക് ക്ഷേത്രങ്ങളിൽ ചെയ്യാവുന്ന മറ്റ് വഴിപാടുകൾ: വിഘ്‌നങ്ങൾ അകലാൻ നാളികേരം ഉടയ്ക്കൽ, ധന സമൃദ്ധിക്ക് ലക്ഷ്മി വിനായകപൂജ, കുടുംബ ഭദ്രതക്ക് ശക്തിവിനായകപൂജ, ഭാഗ്യത്തിന് ഭാഗ്യസൂക്ത ഗണപതിഹോമം , കാര്യവിജയത്തിന് ജഗന്മോഹന ഗണപതിപൂജ, ഐശ്വര്യത്തിന് മലർപ്പറ, ഭാഗ്യം തെളിയാൻ നെൽപ്പറ, പാപശാന്തിക്ക് തുലാഭാരം, കാര്യസിദ്ധിക്ക് നെയ്‌വിളക്ക്, പാപശാന്തിക്ക് എണ്ണദീപം, രോഗദുരിതശാന്തിക്ക് നാളികേരം നിവേദ്യം, കർമ്മ വിജയത്തിന് സിദ്ധിവിനായക പൂജ.

അഭീഷ്ടസിദ്ധിക്ക് ദിവസേന ഭക്തിപൂർവ്വം ഗണേശ മൂലമന്ത്രമായ ഓ ഗം ഗണപതയേ നമഃ 108 പ്രാവശ്യം ജപിച്ചിട്ട് ഇവിടെ പറയുന്ന ഗണേശ സ്തുതി 9 തവണ ജപിക്കണം. ആറുമാസത്തിനകം എല്ലാ തടസങ്ങളും നീങ്ങിക്കിട്ടുമെന്ന് സ്തോത്രത്തിന്റെ ഫലശ്രുതിയിൽ തന്നെ പറയുന്നുണ്ട്.

ശുക്ലാബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്ന വദനം ധ്യായേത്
സർവ്വ വിഘ്‌നോപ ശാന്തയേ
പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാവ്യാസം സ്മരേനിത്യം
ആയു:കാമാർത്ഥ സിദ്ധയെ
പ്രഥമം വക്രതുണ്ഡം ച
ഏക ദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലംബോദരം പഞ്ചമം ച,
ഷഷ്ഠം വികടമേവ ച
സപ്തമ വിഘ്‌നരാജം ച
ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം
ദ്വാദശൈതാനിനാമാനി
ത്രിസന്ധ്യം യ: പഠേന്നര:
ന ച വിഘ്‌ന ഭയം തസ്യ
സർവ്വസിദ്ധി കരം ധ്രുവം

തരവത്ത് ശങ്കരനുണ്ണി, +91 9847118340

Story Summary: Different offerings for the Blessings of Lord Ganesha

error: Content is protected !!
Exit mobile version