18 മാസം ശ്രമിച്ചാൽ കടം ഒഴിവാക്കി ഐശ്വര്യത്തിലേക്ക് ചുവടുവയ്ക്കാം
എല്ലാ മാസവും കാർത്തിക നാളിൽ ലക്ഷ്മീ ദേവിയെ ഉപാസിച്ച് വ്രതമെടുക്കുന്നത് കടബാധ്യത തീരാനും ധനവരവ് കൂട്ടാനും കിട്ടുന്ന ധനം നിലനിൽക്കാനും ഗുണകരമാണ്. ഒരിക്കലെടുത്തു വേണം വ്രതം. പൂർണ്ണ ഉപവാസം പാടില്ല. വ്രതദിവസം വെളുത്ത വസ്ത്രം ധരിക്കുന്നതും ഓം ശ്രീം നമ: എന്ന ലക്ഷ്മീ ബീജമന്ത്രം രാവിലെ 1008 പ്രാവശ്യം ജപിക്കുന്നതും നല്ലതാണ്. ഇതിനു പുറമെ മഹാലക്ഷ്മി പ്രീതികരമായ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. ലക്ഷ്മി, വിഷ്ണു, കൃഷ്ണ ക്ഷേത്രങ്ങളിൽ ദർശനം സാദ്ധ്യമെങ്കിൽ ഏറെ നല്ലത്. പ്രാർത്ഥന വേഗം ഫലിക്കും. കാർത്തികവ്രതം എടുക്കുന്നവർ രാവിലെ കുളിച്ച് ശുദ്ധി നേടി വീടിന് മുന്നിൽ നിലവിളക്ക് കത്തിച്ചുവച്ച് മഹാലക്ഷ്മിക്ക് പൊങ്കാലയിടുന്നത് ധനസമൃദ്ധിക്കും ഐശ്വര്യത്തിനും ഉത്തമമാണ്. ദേവിക്ക് ഏറെ പ്രിയമായ പാൽപ്പായസമാണ് പൊങ്കാലയിട്ട് നേദിക്കേണ്ടത്.
പൊങ്കാലയിടാൻ കഴിയുന്നില്ലെങ്കിൽ അന്ന് മത്സ്യമാംസാദികൾ ത്യജിച്ച് ഒരിക്കലുണ്ട് വ്രതമെടുത്ത് ക്ഷേത്ര ദർശനം നടത്തിയാൽ മതി .അബലകളായ സ്ത്രീകൾക്ക് ദാനം നൽകുന്നതും നല്ലതാണ്. 18 മാസം കാർത്തിക തോറും കാർത്തിക വ്രതമെടുക്കണം. ലക്ഷ്മീ നാരായണപൂജ, അഷ്ടലക്ഷ്മീ മന്ത്രം കൊണ്ട് ഹോമം എന്നിവ കൂടി നടത്തുന്നത് വേഗം ഫലസിദ്ധിയേകും.കടം മാറി കിട്ടാനും കയ്യിലെ ധനം നിലനിൽക്കാനും ആലിലവിളക്ക് കത്തിക്കുന്നത് നല്ലതാണ്. മുജ്ജന്മദോഷങ്ങൾ മാറാനും ആലില വിളക്ക് ഉത്തമമത്രേ. 21, 36, 108 എന്നീ എണ്ണങ്ങളിൽ നെയ്‌വിളക്ക് കത്തിക്കുകയുമാവാം. നെയ്‌വിളക്ക്, നാരങ്ങാവിളക്ക്, ആലില വിളക്ക് എന്നിവ കാർത്തികയ്ക്ക് കത്തിക്കുന്നത് ഐശ്വര്യദായകമാണ്. 7,9,11,18,21 എന്നിങ്ങനെ ആലില വട്ടത്തിൽ നിരത്തി അതിൽ നെയ്ത്തിരി വച്ചാണ് കത്തിക്കേണ്ടത്.
– ടി.എസ്. ഉണ്ണി, പാലക്കാട്,+91 98471 18340