Saturday, 21 Sep 2024

2022 മാർച്ചിൽ മകരക്കൂറിന്
ധനലാഭം ; മറ്റുള്ളവർക്കോ?

(2022 മാർച്ച് 1- 31 കൂറുഫലം )

ജ്യോതിഷി പ്രഭാസീന സി പി
മാർച്ച് ഒന്നു മുതൽ 31 വരെയുള്ള കൂർ അടിസ്ഥാനമാക്കിയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് വേണം ഗുണദോഷഫലങ്ങൾ വിലയിരുത്തുവാൻ :

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
മേടക്കൂറുകാർക്ക് വ്യാഴം പതിനൊന്നാം ഭാവത്തിലും സൂര്യൻ പതിനൊന്ന് പന്ത്രണ്ട് , ഭാവങ്ങളിലും ബുധൻ പത്ത് പതിനൊന്ന് പന്ത്രണ്ട് ഭാവങ്ങളിലായും ശനി, കുജ ശുക്രൻമാർ പത്താം ഭാവത്തിലും രാഹു രണ്ടിലും കേതു എട്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. ധനസമ്പാദനത്തിന് സാഹചര്യം ഉണ്ടാവും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ബന്ധുജനങ്ങളോട് മത്സര ബുദ്ധിയോടെ പെരുമാറരുത്. രോഗദുരിതങ്ങൾക്ക് ശമനമുണ്ടാകും. ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം പിതൃ സ്ഥാനിയർക്ക് ചില ശാരിരീക ബുദ്ധിമുട്ട് ഉണ്ടാവാൻ സാധ്യത. അതിനാൽ നല്ല ശ്രദ്ധ വേണം. ജോലിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ എല്ലാവരുമായും പങ്കിടരുത്. മികച്ച രീതിയിലെ പ്രവർത്തനങ്ങൾക്ക് അംഗീകാരം കിട്ടും . സംസാരിക്കുമ്പോൾ നാവിനെ നിയന്ത്രിക്കണം.

ദോഷശാന്തിക്കായി ഗണപതി ഹോമം, ചാമുണ്ഡി പ്രീതി. ശിവന് ക്ഷീരാഭിഷേകം സർപ്പക്ഷേത്രത്തിൽ നൂറും പാലും .

ഇടവക്കൂറ്
(കാർത്തിക 2, 3, 4 രോഹിണി,
മകയിരം 1, 2 )
ഇടവക്കൂറുകാർക്ക് വ്യാഴം പത്താം ഭാവത്തിലും സൂര്യൻ പത്ത്, പതിനൊന്ന് ഭാവങ്ങളിലും ബുധൻ ഒൻപത്, പത്ത്, പതിനൊന്ന് ഭാവങ്ങളിലായും, ശനി കുജ ശുക്രൻമാർ ഒൻപതാം ഭാവത്തിലും രാഹു ജന്മത്തിലും കേതു ഏഴാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ആരോഗ്യപരമായി ചില വൈഷമ്യങ്ങൾ ഉണ്ടായേക്കാം സഞ്ചാരക്ലേശം വർദ്ധിക്കും. ഭാഗ്യപരമായ നേട്ടങ്ങൾ പ്രവർത്തിപഥത്തിൽ എത്തിച്ച് സന്തോഷിക്കാൻ കഴിയുന്നതാണ്. കർമ്മ രംഗത്ത് അപവാദ പ്രചരണത്തിന് സാധ്യത ഉള്ളതിനാൽ ജാഗരൂഗരായിരിക്കണം. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റത്തിന് സാധ്യത. ഉന്നതരുമായുള്ള സമ്പർക്കത്തിന് വഴിയൊരുങ്ങും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങൾ ഉണ്ടാവും. പാഴ്ച്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം.

ദോഷശാന്തിക്കായി വിഷ്ണുവിന് പായസം. ശാസ്താവിന് പാലഭിഷേകം, ശ്രീരാമസ്വാമിക്ക് നെയ് വിളക്ക്, ഹനുമാർക്ക് അവൽ നിവേദ്യം സർപ്പക്ഷേത്രത്തിൽ അഭിഷേകം

മിഥുനക്കൂറ്
(മകയിരം 3, 4 തിരുവാതിര, പുണർതം 1, 2, 3)
മിഥുനക്കൂറുകാർക്ക് വ്യാഴം ഒൻപതാം ഭാവത്തിലും സൂര്യൻ ഒൻപത്, പത്ത് ഭാവങ്ങളിലും, ബുധൻ, എട്ട് , ഒൻപത് പത്ത് ഭാവങ്ങളിലായും ശനി കുജ ശുക്രൻമാർ എട്ടാം ഭാവത്തിലും രാഹു പന്ത്രണ്ടാം ഭാവത്തിലും കേതു ആറാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ഭാഗ്യാനുഭവങ്ങളും കാര്യനിവൃത്തിയും കർമ്മവിജയവും നേടാൻ കഴിയും. ഗ്യഹനിർമ്മാണം പൂർത്തിയാക്കാനോ നിലവിലുള്ള ഗൃഹം മോടി പിടിപ്പിക്കാനോ സാധിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ഈശ്വരാരാധന, സൽകർമ്മാനുഷ്ഠാനം സത്യസന്ധത എന്നിവ ഗുണം ചെയ്യും. വിവാഹക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. പിണങ്ങിയവരുടെ തിരിച്ചു വരവ് മനസിന് സന്തോഷമുണ്ടാക്കും. ആഢംബര ഭ്രമം ഒഴിവാക്കണം .
ദോഷശാന്തിക്കായി ശാസ്താവിന് എള്ള് പായസം. നാഗപ്രീതി , ശിവക്ഷേത്രത്തിൽ ധാര, പിൻ വിളക്ക്

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
കർക്കടകക്കൂറുകാർക്ക് വ്യാഴം എട്ടാം ഭാവത്തിൽ സൂര്യൻ എട്ട്, ഒൻപത് ഭാവങ്ങളിൽ ബുധൻ ഏഴ്, എട്ട് ഒൻപത് ഭാവങ്ങളിലായും, ശനി കുജ ശുക്രൻമാർ ഏഴാം ഭാവത്തിൽ രാഹു പതിനൊന്നാം ഭാവത്തിൽ കേതു അഞ്ചിലും സഞ്ചരിക്കുന്ന കാലമായതിനാൽ ദാമ്പത്യ ജീവിതത്തിൽ കൂടുതൽ കരുതൽ വേണം. സാമ്പത്തിക ക്ലേശം, ഒപ്പമുള്ളവരിൽ നിന്നും തിരിച്ചടികൾ, ജീവിത ശൈലീ രോഗങ്ങൾ ഇവയെ കരുതിയിരിക്കണം. വലിയ മുതൽ മുടക്ക് വേണ്ടുന്ന സംരംഭങ്ങൾ നീട്ടിവെയ്ക്കുന്നതാവും ഉചിതം. ആത്മവിശ്വാസം നഷ്ടപ്പെടാതെ പ്രവർത്തിച്ചാൽ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയും. സ്വന്തം മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യരുത്. ആവേശത്തിന് പ്രധാന തീരുമാനങ്ങൾ എടുക്കരുത്. അത് ഭാവിയെ പ്രതികൂലമായി ബാധിക്കും. വിദ്യാർത്ഥികൾ പഠിപ്പിൽ അലസത വെടിഞ്ഞ് കഠിനാദ്ധ്വാനം ചെയ്യുകയും അതുവഴി വിജയിക്കാൻ കഴിയുകയും
ചെയ്യും. ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ രുദ്രാഭിഷേകം, വിഷ്ണു ക്ഷേത്രത്തിൽ തുളസിമാല സമർപ്പണം സഹസ്രനാമാർച്ചന ഗണപതിക്ക് മോദകം.

ചിങ്ങക്കൂറ്
(മകം, പൂരം , ഉത്രം 1)
ചിങ്ങക്കൂറുകാർക്ക് വ്യാഴം ഏഴാം ഭാവത്തിൽ സൂര്യൻ ഏഴ്, എട്ട് ഭാവങ്ങളിൽ ബുധൻ ആറ്, ഏഴ്, എട്ട് ഭാവങ്ങളിലായും, ശനി , കുജ ശുക്രൻമാർ ആറിൽ രാഹു പത്തിൽ കേതു നാലാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ജോലിത്തിരക്ക് വർദ്ധിക്കും. ഔദ്യോഗിക ജീവിതത്തിൽ നേട്ടങ്ങൾ കൈവരുമെങ്കിലും ഔദ്യോഗികമായ തീരുമാനം എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. കള്ളൻമാരിൽ നിന്നും ശത്രുക്കളിൽ നിന്നും ഉപദ്രവം ഉണ്ടാവാതെ നോക്കണം.. ചില ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടിച്ചേക്കാം ആരോഗ്യം സ്വന്തം കൈകളിലാണ് എന്ന കാര്യം മറക്കരുത്. നല്ല ജീവിത പങ്കാളിയെ ലഭിക്കും. വർഷങ്ങളായി വിൽക്കാൻ ആഗ്രഹിക്കുന്ന ഭൂമി കൈമാറ്റം ചെയ്യാൻ കഴിയും. ശത്രുക്കളെ കരുതിയിരിക്കുക. മികച്ച നിരീക്ഷണ വിശകലന നൈപുണ്യം പ്രദർശിപ്പിക്കും. ദോഷ ശാന്തിക്കായി ശിവക്ഷേതത്തിൽ നെയ്യ് വിളക്ക് പിൻ വിളക്ക്, ദേവിക്ക് കടുംപായസം നാഗത്തിന് നൂറും പാലും.

കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം ചിത്തിര 1, 2)
കന്നിക്കൂറുകാർക്ക് വ്യാഴം ആറാം ഭാവത്തിലും സൂര്യൻ ആറ്, ഏഴ് ഭാവങ്ങളിലും ബുധൻ അഞ്ച്, ആറ് ഏഴ് ഭാവങ്ങളിലായും ശനി കുജ ശുക്രൻമാർ അഞ്ചിൽ, രാഹു ഒൻപതിൽ, കേതു മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ക്ഷമയോടെ പ്രവർത്തിച്ചാൽ പുരോഗതി ഉണ്ടാകും. നിങ്ങൾക്ക് കാര്യപ്രാപ്തിയും കഴിവും കുറവാണ് എന്ന അഭിപ്രായം അവഗണിക്കണം. ഇടപാടുകളിൽ എടുത്തു ചാട്ടം പാടില്ല. ദാമ്പത്യത്തിൽ വിട്ടുവീഴ്ച വേണ്ടി വരും. ആഡംബരത്തിന് പണം സമ്പാദ്യത്തിൽ നിന്നെടുത്ത് ചെലവാക്കാതിരിക്കണം. പ്രതിസന്ധികൾ ആത്മവിശ്വാസത്തോടെ നേരിടുക. ആജ്ഞാ ശക്തി വർദ്ധിപ്പിക്കുക. ദോഷശാന്തിക്കായി ഭഗവതിക്ക് നെയ്യ് വിളക്ക്, കുങ്കുമാർച്ചന, ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, പാൽ പായസം എന്നിവയും നാഗപ്രീതിയും വരുത്തുക.

തുലാക്കൂറ്
(ചിത്തിര 3, 4 ചോതി , വിശാഖം 1, 2, 3 )
തുലാക്കൂറുകാർക്ക് വ്യാഴം അഞ്ചാംഭാവത്തിലും സൂര്യൻ അഞ്ച് ആറ് ഭാവങ്ങളിലും, ബുധൻ നാല് , അഞ്ച് , ആറ് ഭാവങ്ങളിലും ശനി കുജ ശുക്രന്മാർ നാലിൽ, രാഹു എട്ടിൽ
കേതു രണ്ടിലും സഞ്ചരിക്കുന്ന കാലമായതിനാൽ വരുമാനം വർദ്ധിക്കും. പരിശ്രമങ്ങൾ ഫലവത്താകും. ബന്ധുമിത്രാദികൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ തരും. അല്ലറ ചില്ലറ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കും. പണം കണക്കില്ലാതെ ചിലവഴിക്കരുത്. പിന്നീട് വൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനങ്ങൾക്ക് വിദ്യാ പുരോഗതിയും തൊഴിലിൽ അഭിവൃദ്ധിയും ഉണ്ടാകും. അകന്ന് നിന്ന ബന്ധുക്കൾ അടുപ്പത്തിലാവും. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാനാകും. സേവനപരമായ കാര്യങ്ങൾക്ക് സമയം ചെലവഴിക്കും. ദോഷശാന്തിക്കായി ശിവന് കൂവളാർച്ചന, പിൻ വിളക്ക് ശാസ്താവിന് നീരാജനം സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, നാഗപ്രീതി

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം തൃക്കേട്ട)
വൃശ്ചികക്കൂറുകാർക്ക് വ്യാഴം നാലിൽ, സൂര്യൻ നാല് അഞ്ച് ഭാവങ്ങളിൽ, ബുധൻ മൂന്ന്, നാല് അഞ്ച് ഭാവങ്ങളിലും ശനി കുജ ശുക്രന്മാർ മൂന്നിൽ രാഹു ഏഴിൽ കേതു ജന്മത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ഗുണദോഷ സമ്മിശ്രമാണ്. കാർഷിക മേഖലയിൽ ഉള്ളവർക്ക് സമയം അനുകൂലമാണ്. വരുമാനത്തെക്കാൾ ചെലവ് വർദ്ധിക്കും. സ്ഥിരോത്സാഹം കൊണ്ട് വിജയത്തിലെത്താൻ സാധിക്കും. കുടുംബപരമായി ചില വൈഷമ്യങ്ങൾ അലട്ടിയേക്കാം. ശ്രദ്ധയും വിവേകവും ഉപയോഗിച്ച് പ്രതികൂലാവസ്ഥ മറികടക്കണം. വീണ്ടു വിചാരത്തോടെയും വിവേകത്തോടെയുമുള്ള പ്രവർത്തനങ്ങൾ കാലം അനുകൂലമാക്കാൻ സഹായിക്കും. കേസിനും വഴിക്കിനും പോകരുത് . ശാരീരിക ക്ഷീണം, തലവേദന കണ്ണിന് അസുഖം ഇവ ചെറിയ തോതിൽ ഉണ്ടായേക്കാം. നിശ്ചയദാർഡ്യവും സാഹസിക മനോഭാവവും പ്രയോജനം ചെയ്യും. ദോഷശാന്തിക്കായി മഹാവിഷ്ണുവിന് തുളസിമാല ദേവിക്ക് കടുംപായസം നാഗപ്രീതി, ഗണപതി പ്രീതി

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം, 1)
ധനുക്കൂറൂകാർക്ക് വ്യാഴം മൂന്നാം ഭാവത്തിൽ സൂര്യൻ മൂന്ന്, നാല് ഭാവങ്ങളിൽ ബുധൻ രണ്ട്, മൂന്ന്, നാല് ഭാവങ്ങളിലായും ശനി, കുജ ശുക്രൻമാർ രണ്ടിൽ രാഹു ആറിൽ കേതു പന്ത്രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്നതിനാൽ ഒരിടത്ത് ഉറച്ചു നിന്നാൽ മാത്രമേ എത് കാര്യവും ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയൂ. ചഞ്ചലമായ മനസ്സ് എല്ലാക്കാര്യത്തിലും തടസ്സവും താമസവുമുണ്ടാക്കും. തെറ്റിപ്പോയാലും കുഴപ്പമില്ല എന്ന് കരുതി തീരുമാനത്തിൽ ഉറച്ചു നിൽക്കണം. സാമ്പത്തികമായി ഉയർച്ച ഉണ്ടാകുമെങ്കിലും പലതരത്തിലും ചെലവുകൾ വർദ്ധിക്കും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആശാവഹമായി നീങ്ങും. കൃത്യമായി ചികിത്സ തേടി രോഗദുരിതങ്ങൾ ഒഴിവാക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യം കൈവരും.
ദോഷശാന്തിക്കായി വിഷ്ണു അവതാരമൂർത്തികൾക്ക് പാൽ പായസം, ശിവനും ദേവിക്കും വിളക്കും മാലയും ശാസ്താ പ്രീതി, ഗണപതിക്ക് മോദകം.

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം , അവിട്ടം 1,2)
മകരക്കൂറുകാർക്ക് വ്യാഴം രണ്ടാം ഭാവത്തിൽ സൂര്യൻ രണ്ട് മൂന്ന് ഭാവങ്ങളിൽ ബുധൻ ജന്മം , രണ്ട് , മൂന്ന് ഭാവങ്ങളിലായും ശനി കുജ ശുക്രൻമാർ ജന്മത്തിൽ രാഹു അഞ്ചിൽ കേതു പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുന്ന കാലമായതിനാൽ ധനലാഭം പ്രതീക്ഷിക്കാം. ബിസിനസ്സിൽ ലാഭം കൂടും എന്നാൽ കർമ്മ വിഷയത്തിൽ അപ്രതീക്ഷിതമായി ചില തടസ്സങ്ങളുണ്ടാകും . മേലുദ്യോഗസ്ഥരുമായുള്ള അതിരു കടന്ന അടുപ്പം ദോഷം ചെയ്യും. വാഹനം യാത്ര മുതലായവയിൽ ശ്രദ്ധിക്കണം. സന്ധിസംബന്ധമായ അസുഖങ്ങൾ അവഗണിക്കരുത്. സന്താനങ്ങളുടെ കാര്യത്തിലെ തടസ്സങ്ങൾ ഈശ്വരാധീനത്താൽ മാറിക്കിട്ടും. ദോഷശാന്തിക്കായി ശാസ്താ പ്രീതി, നാഗപ്രീതി വരുത്തുക ശിവക്ഷേത്രത്തിൽ ഭസ്മാഭിഷേകം ദേവിക്ക് പിൻ വിളക്ക്.

കുംഭക്കൂറ്
(അവിട്ടം 3, 4 ചതയം, പൂരൂരുട്ടാതി 1, 2, 3 )
കുംഭക്കൂറുകാർക്ക് വ്യാഴം ജന്മത്തിൽ സൂര്യൻ ജന്മത്തിലും രണ്ടിലും , ബുധൻ പന്ത്രണ്ട് ജന്മം , രണ്ട് ഭാവങ്ങളിലായും ശനി കുജ ശുക്രൻമാർ പന്ത്രണ്ടിൽ രാഹു നാലിൽ കേതു പത്താം ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലമായതിനാൽ വിവിധ തലങ്ങളിലെ പ്രതിസന്ധികൾ അസ്വസ്ഥരാക്കുമെങ്കിലും ഈശ്വരാധീനത്താൽ എല്ലാം അനുകൂലമായി വരും. ആത്മീയ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. പണത്തിന്റെ കാര്യം വിസ്മരിച്ച് ആർഭാടങ്ങൾക്കായി ചെലവഴിക്കരുത്. അതിന്റെ ഫലം പിന്നീട് സഹിക്കേണ്ടി വന്നേക്കാം ബന്ധുക്കളോട് പരുഷമായി പെരുമാറരുത്. സാമ്പത്തിക ഇടപാടിൽ ചതിപറ്റാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം. കടബാധ്യതകൾ തീർക്കുന്നതിൽ അലംഭാവം അരുത്. മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ദോഷശാന്തിക്കായി ശാസ്താ പ്രീതി, നാഗപ്രീതി, മഹാവിഷ്ണുവിന് സുദർശനാർച്ചന, ഭാഗ്യ സൂക്ത പുഷ്പാഞ്ജലി .

മീനക്കൂറ്
(പൂരൂരുട്ടാതി 4 ഉത്തൃട്ടാതി, രേവതി )
കുംഭക്കൂറുകാർക്ക് വ്യാഴം പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ പന്ത്രണ്ടിലും ജന്മത്തിലും ബുധൻ പതിനൊന്ന്, പന്ത്രണ്ട് ജന്മം എന്നീ ഭാവങ്ങളിലായും ശനി, കുജ, ശുക്രന്മാർ പതിനൊന്നിൽ, രാഹു മൂന്നിൽ കേതു ഒൻപതാം ഭാവത്തിലും സഞ്ചരിക്കുന്നതിനാൽ പ്രതീക്ഷിക്കാത്തവരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ അനുകൂല സാഹചര്യം ലഭിക്കും വ്യാപാരത്തിലെ പങ്കാളിയിൽ നിന്നും നേട്ടം. ദാമ്പത്യ ജീവിതത്തിലെ ക്ലേശങ്ങളും സന്താനങ്ങളെ കൊണ്ടുള്ള വിഷമങ്ങളും ഈശ്വരാധീനത്താൽ കുറയും സഹപ്രവർത്തകരിൽ നിന്നും മെച്ചപ്പെട്ട സഹകരണം ഉണ്ടാകും. വിവാഹാലോചനകൾ പുരോഗമിക്കും. ദോഷശാന്തിക്കായി ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, പാൽ പായസം, ഗണപതിക്ക് കറുകമാല ശിവക്ഷേത്രത്തിൽ കൂവളർച്ചന, പിൻവിളക്ക്

(ജ്യോതിഷി പ്രഭാസീന സി പി ,
ഹരിശ്രീ, പി ഒ : മമ്പറം, വഴി : പിണറായി
കണ്ണൂർ ജില്ല + 91 9961442256
Email ID: prabhaseenacp@gmail.com )

Summary: Monthly Star predictions based on moon sign

Copyright 2022 neramonline.com. All rights reserved.

error: Content is protected !!
Exit mobile version