Tuesday, 15 Apr 2025

വിഷുക്കണി പുലർച്ചെ 04.16 മുതൽ; വിഷുസംക്രമ ഫലം, പരിഹാരം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

വി സജീവ് ശാസ്‌താരം
ഇത്തവണത്തെ മേഷ രവിസംക്രമം മീനം 30 (2025 ഏപ്രിൽ 13 ) ഞായറാഴ്ച രാത്രി 03 മണി 21 മിനിറ്റിനാണ്. ചോതി നക്ഷത്രം ഒന്നാം പാദത്തിലാണ്. സംക്രമം നടക്കുന്നത് അസ്തമയത്തിനു ശേഷം ആയതിനാൽ മേടം 01 വരുന്നത് തിങ്കളാഴ്‌ചയാണ്. മേടമാസത്തിലെ ആദ്യ സൂര്യോദയം വരുന്നതും അന്നു തന്നെ. ഐശ്വര്യദായകം എന്ന് നമ്മൾ കരുതി ആചരിച്ചു പോരുന്ന വിഷുക്കണി ദർശനം നടത്തേണ്ടതും ഏപ്രിൽ 14 ന് കാലത്താണ്.

വിഷുക്കണി ദർശനസമയം
കർമ്മസാക്ഷിയായ ആദിത്യബന്ധമില്ലാതെ
കണിദർശനം പൂർണ്ണമാകില്ല. തന്നാണ്ടത്തെ ഗ്രഹസ്ഥിതിയിൽ വ്യാഴം ഉദയരാശിക്ക്
അനുകൂലമായി സഞ്ചരിക്കുന്നതും കൂടി പരിഗണിച്ചാൽ 14 ന് പുലർച്ചെ 04.16 മുതൽ 07.58 വരെയുള്ള സമയം ഭാരതത്തിൽ വിഷുക്കണി ദർശനത്തിന് ഉത്തമമാണ്. ഭാരതത്തിലെ ചില സ്ഥലങ്ങളിലെയും യു എ ഇ , ന്യൂയോർക്ക് എന്നിവിടങ്ങളിലെയും വിഷുക്കണി ദർശന സമയം:

ന്യൂഡൽഹി: 04.12 am to 07.40 am
മുംബൈ: 04.24am to 07.40 am
കൊൽക്കത്ത: 04.27 am to 07.45 am
ചെന്നൈ: 04.20 am to 07.50 am
ഹൈദരാബാദ്: 04.25 am 07.55 am
മധ്യപ്രദേശ്: 04.25 am to 07.55 am
ആസ്സാം: 04.20 am to 07.54 am
കന്യാകുമാരി: 04.12 am to 07.44 am
കശ്മീർ: 04.22 am 07.32 am
യു എ ഇ: 04.12 am to 07.34 am
ന്യൂയോർക്ക്: 03.19 am to 05.41 am

വിഷുസംക്രമ ഫലം
11200 മീനം 30 ന് ഞായറാഴ്ച രാത്രി 03 മണി 21 നടക്കുന്ന സൂര്യന്റെ മേടരാശി സംക്രമം അടിസ്ഥാനമാക്കി ഗണിച്ച വിഷുസംക്രമ ഫലം ചുവടെ ചേർക്കുന്നു. സംക്രമ സമയത്തെ ഭാഗ്യതാരക സ്ഥിതി രോഹിണി നക്ഷത്രത്തിലാണ്. ഇതിനെ അടിസ്ഥാനമാക്കി ഗണിച്ച
27 നക്ഷത്രങ്ങളുടെയും സാമാന്യ ഫലമാണ് ഇവിടെ ചേർക്കുന്നത്. പൊതുവെയുള്ള ഫലങ്ങൾ അനുഭവത്തിൽ വരുന്നതാണ്. എങ്കിലും ഓരോ വ്യക്തികളും ജനിച്ച സമയത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിജാതകം, വർഷ ജാതകം, രാഷ്ട്രജാതകം ഇവയനുസരിച്ച് ഗുണദോഷഫലങ്ങളുടെ തീവ്രതയിൽ ഏറ്റക്കുറച്ചിൽ അനുഭവത്തിൽ വരാവുന്നതാണ്. ഓരോനാളുകാരും അനുഷ്ഷ്ഠിക്കേണ്ട പരിഹാരങ്ങളും ഒപ്പം ചേർക്കുന്നു:

അശ്വതി
പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി സാധ്യത. ഉപഹാരങ്ങൾ ലഭിക്കുവാനിടയുണ്ട്. ഏറ്റെടുത്ത പ്രവർത്തനങ്ങനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കുവാൻ കഴിയാതെ വരും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വർദ്ധിക്കും. വിവാദപരമായ പല കാര്യങ്ങളിൽ നിന്നും മനസിന് സുഖം ലഭിക്കും. വാഹനം മാറ്റിവാങ്ങുന്ന കാര്യം ആലോചനയിൽ വരും. കഫജന്യ രോഗങ്ങൾ പിടിപെടാം. ദീർഘ യാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം, ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം. വിദ്യാഭ്യാസപരമായും തൊഴിൽപരമായും ഉയർന്ന വിജയം കൈവരിക്കും.

ഗുണവർദ്ധനവിനും ദോഷശമനത്തിനുമായി
ശാസ്താഭജനം നടത്തുക. ശാസ്‌താവിങ്കൽ ദർശനം നടത്തി എള്ളുപായസ നിവേദ്യം, പുഷ്പാഞ്ജലി ഇവ നടത്തിക്കുക

ഭരണി
പൊതു പ്രവർത്തനങ്ങളിൽ വിജയം. സന്താനഗുണം വർദ്ധിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. ഭവനനിർമാണം പൂർത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്, രോഗദുരിതങ്ങൾ അനുഭവിക്കാനിടയുള്ളതിനാൽ അധികശ്രദ്ധ വേണം. ഗൃഹാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. സ്ത്രീജനങ്ങൾ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞ് കഴിയേണ്ടി വരും. സുഹൃത്തുക്കളുടെ വിവാഹത്തിൽ സംബന്ധിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടാകാം. അശ്രദ്ധ വർദ്ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. പരിശ്രമിച്ച് കാര്യവിജയം നേടും. മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. ലഹരി വസ്തുക്കളിൽ നിന്ന് മുക്തി
നേടാൻ കഴിയുന്ന കാലമാണ്. കലാരംഗത്തുള്ളവർക്ക് പ്രശസ്തി. ഗൃഹനിർമ്മാണത്തിൽ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകൾ മൂലം ആപത്തിൽപെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ പലപ്പോഴും കഴിയാതെ വരും.

ഗുണവർദ്ധനയ്ക്കും ദോഷശമനത്തിനും
സുബ്രഹ്മണ്യ ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ വ്രതമെടുത്ത്. സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക.

കാർത്തിക
ബന്ധുഗുണം വർദ്ധിക്കും, കുടുംബസമേത യാത്രകൾ നടത്തും. ഭൂമിവില്പന വഴി സാമ്പത്തിക ലാഭം. തൊഴിൽപരമമായ ഭാഗ്യപുഷ്ടി വർദ്ധിച്ചു നിൽക്കുന്ന കാലമാണ്. ധനപരമായ ആനുകൂല്യം. സ്വന്തക്കാർക്ക് ഉണ്ടായിരുന്ന രോഗബാധ ശമിക്കും. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ അലോസരം സൃഷ്ടിക്കും, വ്യവഹാരങ്ങളിൽ വിജയം, കൃഷിഭൂമിയിൽ നിന്ന് ധനലാഭം, തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. സഹോദരങ്ങൾ വഴി അനുഭവഗുണം പ്രതീക്ഷിക്കാം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. തൊഴിൽമേഖല ശാന്തമാകും,
വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധിക ശ്രദ്ധ പുലർത്തുക. പൊതുപ്രവർത്തനങ്ങളിൽ പ്രശസ്തി വർദ്ധിക്കും സുഹൃത്ത് സമാഗമം സന്തോഷം നൽകും. അവിചാരതയാത്രകൾ വേണ്ടിവരും, ഗൃഹത്തിൽ അറ്റകുറ്റപ്പണി വേണ്ടിവരും, തടസ്സം കാര്യപുരോഗതി ഉണ്ടാകും.

ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭവനത്തിൽ ഭഗവതപാരായണം സ്വയം ചെയ്യക. ജന്മനാളിൽ വിഷ്ണു ക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

രോഹിണി
സഹോദര സ്ഥാനീയർ മുഖേന കാര്യസാദ്ധ്യം,
പരീക്ഷയിൽ വിജയം. വിവാഹം ആലോചിക്കുന്ന
ആളുകൾക്ക് മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃതുല്യർക്കോ അരിഷ്ടത അനുഭവപ്പെടും. ഗൃഹാന്തരീക്ഷം സംതൃപ്തികരമാകും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. വർഷത്തിന്റെ മദ്ധ്യം കഴിഞ്ഞ് വിഷമം നൽകുന്ന വാർത്തകൾ കേൾക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. അന്യജന സഹായത്താൽ കാര്യവിജയം. തൊഴിൽരഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത. പൊതുപ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. വിദേശജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക.

ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്‌ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവൽ, പഴം ഇവ നിവേദിക്കുക. ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക.

മകയിരം
സാമ്പത്തിക കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തുക, ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തം മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തും. ഭാര്യാഭർത്തൃ ബന്ധത്തിൽ പ്രശ്നങ്ങൾ. ധനപരമായ വിഷമതകൾ നേരിടും. സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന്
പ്രശ്നങ്ങൾ ഉണ്ടാകാം. തൊഴിൽപരമായ വിഷമതകൾ, വിവാഹആലോചയിൽ തീരുമാനം. ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും, സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമാകില്ല, തൊഴിൽരംഗത്ത് മടുപ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. ബന്ധുജങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. സന്താനങ്ങൾക്ക് അനുകൂലകാലമാണ്. അവർക്ക് ഉണ്ടായിരുന്ന രോഗദുരിതങ്ങളിൽ ശമനം, മുൻകാല
നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സർക്കാർ ആനുകൂല്യം പ്രതീക്ഷിക്കാം.

ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ഹനുമദ് ഭജനം നടത്തുക. ജന്മനാളിൽ ഹനുമാൻ സ്വാമിയേ വണങ്ങി അവൽ നിവേദ്യം നടത്തുക. ഒപ്പം പഴുത്തു തുടങ്ങിയ ഞാലിപ്പൂവൻ കായ നേദിക്കുക. ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം നിത്യേന പാരായണം ചെയ്യുക.

തിരുവാതിര
ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണും. സമയത്ത് ബന്ധുഗുണം ലഭിച്ചെന്ന് വരില്ല. സുഹൃത്തുക്കൾക്കായി പണം മുടക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. മാസമദ്ധ്യത്തിനു ശേഷം സ്വത്ത് സംബന്ധമായ തർക്കത്തിൽ തീരുമാനം, വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും, ബന്ധുക്കളുമായി നിലനിന്നിരുന്ന ഭിന്നതകൾ ശമിക്കും. ദാമ്പത്യപരമമായ പ്രശ്നങ്ങൾ ഒഴിവാകും. പണം നൽകാനുള്ളവരിൽ നിന്ന് അലട്ടൽ നേരിടേണ്ടി വരും. സന്താനങ്ങൾക്ക് അരിഷ്ടതയ്ക്ക് സാദ്ധ്യത. മാസാവസാനത്തോടെ ഇന്റർവ്യൂ, മത്സരപ്പരീക്ഷകൾ, വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയിൽ വിജയിക്കും. സന്താനങ്ങൾ വഴി മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കും.

ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ശിവഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവളമാല ചാർത്തിച്ച് മലർ നിവേദ്യം നിവേദ്യം നടത്തിക്കുക.

പുണർതം
ബിസിനസിൽ മികച്ച നേട്ടം. അനാവശ്യ ഭീതിയിൽ നിന്ന് മോചനം. വാഹന യാത്രകൾ കൂടുതലായി വേണ്ടി വരും. ഔദ്യോഗിക രംഗത്ത് ഉയർച്ച, സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. സുഹൃത്തുക്കളിൽ നിന്ന് ഉപഹാരങ്ങളും ബന്ധുക്കൾ വഴി കാര്യസാധ്യവും ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും . കർമ്മരംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തനത്തിൽ വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദർശനം എന്നിവ നടത്തും. തൊഴിൽ രംഗത്ത് മികവു പുലർത്തും. കുടുംബത്തിൽ ശാന്തിയുണ്ടാകും. രോഗദുരിതങ്ങളിൽ നിന്ന് മോചനം. സ്വപ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. ഭക്ഷണത്തിൽ അധികമായ താല്പര്യമേറും.

ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം ഇവ നിവേദിക്കുക . നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക

പൂയം
വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും. ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ ധനാഗമം. വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും. ബന്ധുക്കൾവഴി കാര്യസാദ്ധ്യം. പ്രണയബന്ധം അംഗീകരിക്കപ്പെടും. മുമ്പ് കടം നല്കിയ പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ പുരോഗതി ഉണ്ടാകും. വാക്കുതർക്കത്തിൽ പരാജയം നേരിടാൻ സാധ്യതയുണ്ട്. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. അതോടെ പലതരത്തിൽ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും, സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർദ്ധിക്കും. സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക് കാര്യതീരുമാനം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത.

ഗുണവർദ്ധനവിനും ദോഷശമനത്തിനുമായി ശാസ്താ ഭജനം നടത്തുക. ശാസ്താ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശനിയാഴ്ചകളിൽ നീരാജനം കത്തിച്ചുതൊഴുത്തു പ്രാർത്ഥിക്കുക .

ആയില്യം
കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. വിദേശത്തു നിന്നും നാട്ടിൽ എത്താൻ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടി വരും. അവസരത്തിനൊത്തു പ്രവർത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ ഒഴിവാകും. അവിചാരിത ബന്ധുസമാഗമം ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കാനാകും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. മനസിന് സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടിൽ കൃത്യത പുലർത്തും. സാധിച്ചെടുക്കാൻ വിഷമമെന്ന് കരുതിയ പലകാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. വിദ്യാർത്ഥികൾക്കു മത്സരപരീക്ഷകളിൽ ഉന്നതവിജയം. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കര്മ്മരംഗം പുഷ്ടിപ്പെടും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഇരുചക്രവാഹനം വാങ്ങുവാൻ അവസരം. വിദേശയാത്രയിൽ നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം കൂടും. ഭൂമിയിടപാടിൽ ലാഭം. ഊഹക്കച്ചവവടത്തിൽ വിജയം.

ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. നിത്യേന ഉദയത്തിൽ വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച് പ്രാർത്ഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

മകം
സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി
ടമുണ്ടാകും. അവിചാരിത ധനലാഭം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. പഴയ സുഹൃത്തുക്കളുമായി സമാഗമം. കുടുംബത്തില് സമാധാനം ഉണ്ടാകും. സ്വന്തം ഗൃഹത്തിൽ നിന്നും മാറി നില്ക്കേണ്ടി വരും. രോഗശമനം ഉണ്ടാകും. വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്ക് അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആലോചിക്കാതെ ചെയ്തു.പോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും.
പുതിയ സംരംഭങ്ങളിൽ ഏർപ്പെട്ട് വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും. ആത്മീയ ഗുരുക്കളുടെ സാന്നിദ്ധ്യമുണ്ടാകും. സത് കർമ്മങ്ങളിൽ താല്പര്യം വർധിക്കും. തൊഴിൽ മേഖലയിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്ത കേൾക്കുവാൻ സാധിക്കും.

ദോഷ ശമനത്തിനായി ദേവീഭജനം നടത്തുക. ദേവീ ക്ഷേത്രദർശനം നടത്തി പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച് പ്രാർത്ഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.

പൂരം
ശാരീരികമോ മാനസികമോ ആയി ഒറ്റപ്പെടൽ, തടങ്കൽ അനുഭവിക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കഴിയാതെ വരും. അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാകാം. ഗൃഹനിർമ്മാണത്തിൽ തടസ്സം. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. നിഷ്പ്രയാസം സാധിച്ചെടുക്കാമെന്ന് കരുതിയ പല കാര്യങ്ങളിലും അവിചാരിത തടസ്സം. മാസമദ്ധ്യത്തിനു ശേഷം സ്ഥിതിഗതികൾ അനുകൂലമാകും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും. തീര്ത്ഥയാത്ര നടത്തും. ഭൂമി വാങ്ങാൻ തീരുമാനിക്കും. ഉദ്യോഗാര്ത്ഥികൾക്ക് ജോലി ലഭിക്കും. താല്ക്കാലിക ജോലികൾ സ്ഥിരപ്പെടും. വ്യാപാരവിജയം. ഔദ്യോഗിക രംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. പൊതുരംഗത്തുള്ളവർക്ക് പ്രശസ്തി. മനസ്സിന് സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കാൻ കഴിയും. സഹോദരങ്ങൾക്ക് ഉയർച്ച. പണമിടപാടിൽ കൃത്യത പുലർത്തും. സാധിച്ചെടുക്കാൻ വിഷമമായി കരുതിയ പലകാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബങ്ങൾ അടുക്കും. ഔദ്യോഗിക രംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ച വ്യക്തികൾക്ക് അനുകൂലസാഹചര്യം. ആരോഗ്യനില തൃപ്തികരമാകും.

ഗുണവർദ്ധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർത്ഥിക്കുക . ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക.

ഉത്രം
ഏര്‍പ്പെടുന്ന കാര്യങ്ങളിൽ വിജയം. വിദേശത്തു നിന്നും നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. വരവിനൊപ്പം ചെലവും കൂടും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിൽ ഏര്‍പ്പെട്ട് അപമാനമുണ്ടാകും. കഫജന്യ രോഗങ്ങൾ പിടിപെടാം. ദീര്‍ഘയാത്രകൾ സാധിക്കുമെങ്കിൽ ഒഴിവാക്കുക. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകൾ. അനുഭവിച്ചു കൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടം പാടില്ല. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞു കഴിയേണ്ടി വരും. മത്സരപ്പരീക്ഷകൾ, ഇന്റര്‍വ്യൂ എന്നിവയിൽ വിജയിക്കുവാന് സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിര്‍മാണത്തിൽ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.

ദോഷപരിഹാരത്തിനായിനാളിൽ ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവനടത്തിച്ച് തൊഴുതു പ്രാർത്ഥിക്കുക . സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം നടത്തുക

അത്തം
പൂര്‍വികസ്വത്തു ലഭിക്കുവാൻ യോഗമുള്ള കാലമാണ് . യാത്രകള്‍ക്കിടയിൽ വീഴ്ച, പരുക്ക് ഇവയുണ്ടാകുവാൻ സാധ്യതയുണ്ട്. ഇടയ്ക്കിടെ ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. തൊഴിൽപരമായ സ്ഥലംമാറ്റം ഉണ്ടാകും. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ബന്ധുഗൃഹങ്ങളിൽ മംഗളകര്‍മങ്ങൾ നടക്കും. ബന്ധുജനങ്ങളുമായി കൂടുതൽ അടുത്തു കഴിയുവാൻ അവസരം. പുതിയ പദ്ധതികളിൽ പണം മുടക്കും. അതിൽ നിന്ന് നേട്ടം കൈവരിക്കും. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യത്തി നിലനിന്ന അസ്വസ്ഥതകൾ ശമിക്കും. ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കുവാൻ സാധിക്കും. ഉദര സംബന്ധമായ അസുഖം പിടിപെടാനിടയുണ്ട്.  സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും.

ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുക. നെയ്‌വിളക്ക് കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.

ചിത്തിര
ഗൃഹാന്തരീക്ഷത്തില്‍ നിലനിന്ന പ്രശ്നങ്ങള്‍
ശമിക്കും. കുടുംബത്തിൽ സ്ത്രീകൾ മുഖേന കലഹം സാദ്ധ്യത.ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടി വരും. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും.വ്യവഹാരങ്ങളില്‍ തിരിച്ചടി ഉണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവര്‍ത്തികൾ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗഅരിഷ്ടതകൾക്ക് സാദ്ധ്യത. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരിക്കും. മത്സരപ്പരീക്ഷകളിൽ വിജയം. സഹോദരങ്ങള്‍ക്കു വേണ്ടി പണച്ചെലവ്. ഊഹക്കച്ചവടം, ലോട്ടറി എന്നിവയിൽ ഏർപ്പെടാൻ അനുകൂല സമയമല്ല.
എങ്കിലും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന് ആലോചിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ സാധിക്കും. ഔഷധങ്ങളിൽ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്.

ജന്മനാളിൽ ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക .

ചോതി
ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടി വരും. പിതാവിന് അരിഷ്ടത. അനുകൂലമായി നിന്നിരുന്നവര്‍ പിന്നാക്കം പോകുവാൻ ഇടയുണ്ട്. അനാരോഗ്യം മൂലം മുൻ തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടിവരും. വിദേശസഞ്ചാരം സാധ്യമാകും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടിവയ്‌ക്കേണ്ടി വരും ലഹരി വസ്തുക്കളിൽ താല്പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്‍ഘയാത്ര ഒഴിവാക്കുക. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് നേട്ടം. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും. സര്‍ക്കാർ ജീവനക്കാര്‍ക്ക് തടസ്സപ്പെട്ടു കിടന്ന പ്രമോഷന് ലഭിക്കും. ഉദ്യോഗാർത്ഥികൾ ഇന്‍റര്‍വ്യൂവിൽ നേട്ടം കൈവരിക്കും. സര്‍ക്കാർ ജോലി ലഭിക്കാൻ സാധ്യത. പ്രേമബന്ധങ്ങൾക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി
ധർമ്മശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിങ്കൽ നീരാജനം കത്തിക്കുക. എള്ള് പായസ നിവേദ്യം നടത്തിക്കുന്നതും ഉത്തമം.

വിശാഖം
നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏര്‍പ്പെടും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മതി വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും. അന്യരുമായി ഇടപെട്ട് മാനഹാനിക്ക് സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയം വരിക്കും. മത്സരപ്പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയിൽ വിജയിക്കും. സൗന്ദര്യവർദ്ധക വസ്തുക്കള്‍ക്കു പണം മുടക്കും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് രോഗാരിഷ്ടത ഉണ്ടാകാൻ സാധ്യത കാണുന്നു. ഭക്ഷണസുഖം വര്‍ദ്ധിക്കും. കടങ്ങൾ വീട്ടുവാൻ കഴിയും.

സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത. ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്‌ണ സ്വാമിക്ക് വെണ്ണ, അവൽ ഇവ നിവേദിക്കുക

അനിഴം
ബന്ധുജനസഹായം വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങള്‍ക്കു വേണ്ടി ധാരാളം പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയം നേടും. മേലുദ്യോഗസ്ഥരില്‍നിന്ന് പ്രശംസ ലഭിക്കും. ഇരുചക്ര വാഹനം ഒടിക്കുന്നവര്‍ക്ക് പരുക്കിനു സാധ്യതയുണ്ട്. വാഹനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടിവരാം . സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങൾ പരിഹൃതമാകും. പെരുമാറ്റത്തിൽ കൃത്രിമത്വം കലര്‍ത്തി വിരോധം സമ്പാദിക്കും. ബന്ധുജനഗുണം വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മതി ലഭിക്കും. ഇരുചക്ര വാഹനം വാങ്ങും. സ്വജനങ്ങളിൽ ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്ന പരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബസമേതം വിനോദം, കലാപരിപാടികളിൽ എന്നിവയിൽ സംബന്ധിക്കും.

ഗുണവർദ്ധനവിനും ദോഷശമനത്തിനുമായി ശിവഭജനം നടത്തുക. ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു പ്രാർത്ഥിക്കുക യഥാശക്തി അന്നദാനം നടത്തുക.

തൃക്കേട്ട
മാനസിക സന്തോഷം വർദ്ധിക്കും, സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതി നേടും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് പുണ്യസ്ഥല സന്ദർശനം നടത്തും. ദീർഘദൂര യാത്രയ്ക്കായി പണച്ചെലവ്. ത്വക് രോഗ സാദ്ധ്യത.
പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കാവുന്ന കാലമാണ്. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത, സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ശമിക്കുകയും ചെയ്യും, വിദ്യാർഥികൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും. കലാ കായിക രംഗത്ത് നേട്ടങ്ങൾ. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം, ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ മേന്മയുണ്ടാവും. പുതിയ വസ്ത്രാഭരണങ്ങൾ ലഭിക്കും.

ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. നിത്യേന ഭവനത്തിൽ വിഷ്ണു ഭജനം നടത്തുക. സാധുജനത്തിന് അന്നദാനം നടത്തുകയും വേണം.

മൂലം
ഉദ്യോഗക്കയറ്റം ലഭിക്കും. പൊതുരംഗത്ത്  പ്രശസ്തി. മനസിന് സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യതപുലർത്തും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. കലാരംഗത്ത് ഉള്ളവർക്ക് പ്രശസ്തി. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബങ്ങൾ അടുക്കും. ഔദ്യോഗിക രംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചു
പ്രവർത്തിച്ചവർക്ക് അനുകൂലസാഹചര്യം. ആരോഗ്യം തൃപ്തികരമാകും. ശത്രുക്കൾ മിത്രങ്ങളായി മാറും. ദൂരയാത്ര കൊണ്ട് ഗുണമുണ്ടാകും. പ്രണയബന്ധിതർക്ക് സാഫല്യം. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ആഡംബര വസ്തുക്കൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഉപഹാരമായി ലഭിക്കും. വർഷത്തിന്റെ മദ്ധ്യം കഴിഞ്ഞാൽ പ്രവർത്തന രംഗത്ത് ഉയർച്ച നേടും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. ബന്ധുഗുണം കുടുംബസുഖം ഇവയുണ്ടാകും. പഠനനിലവാരം ഉയരും. ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കും.

ഗുണവർദ്ധനവിനും ദോഷശമനത്തിനുമായി ശിവഭജനം നടത്തുക. ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭാവത്തിൽ സങ്കൽപ്പിച്ചു നെയ്‌വിളക്ക് കത്തിക്കുക

പൂരാടം
ഒന്നിലധികം തവണ ദീർഘ യാത്രകൾ വേണ്ടി വരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ കിട്ടും. പ്രണയബന്ധിതർക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തും. ഗൃഹനിർമ്മാണത്തിന് ബാങ്കുകളിൽ നിന്ന് വായ്പ പാസായി കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം. വിവാഹം ആലോചിക്കുന്ന വ്യക്തികൾക്ക് അനുകൂല ഫലം. രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. ഭക്ഷണത്തിൽ നിന്നുള്ള അലർജി പിടിപെടും. വളത്ത് മൃഗങ്ങളാൽ പരുക്കേല്ക്കാതെ ശ്രദ്ധിക്കുക. സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കൾ പിൻവാങ്ങും. പുതിയ ആഭരണം വാങ്ങുവാൻ കഴിയുന്ന കാലമാണ്. ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളിലും വിജയിക്കുവാൻ കഠിനശ്രമം വേണ്ടി വരും.

ഗുണവർദ്ധനയ്ക്കും ദോഷശമനത്തിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വ്രതം അനുഷ്ഠിക്കുക. വിഷ്ണു അഷ്ടോത്തര ജപം നടത്തുക. വിഷ്ണുവിന് ജന്മനാളിൽ പാൽപ്പായസം നിവേദിക്കുക.

ഉത്രാടം
പണമിടപാടിൽ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥ
പ്രീതി സമ്പാദിക്കും. കുടുംബജീവിത സൗഖ്യം വർദ്ധിക്കും. വാഹനം മാറ്റി വാങ്ങും. കഫജന്യ രോഗങ്ങൾ പിടിപെടാം. ദീര്ഘയാത്രകൾ ഒഴിവാക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവച്ച പണം മറ്റ് ആവശ്യങ്ങൾക്ക് ചെലവഴിക്കും. മാനസിക പിരിമുറുക്കം വർദ്ധിക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം. വിദ്യാഭ്യാസപരമായും തൊഴിൽ പരമായും വൻ വിജയം
കൈവരിക്കും. നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. പൊതുപ്രവർത്തനങ്ങളിൽ വിജയം നേടും. വരവിനൊപ്പം ചെലവും അധികരിക്കും. സന്താനഗുണം വദ്ധിക്കും. വാക്കു തർക്കങ്ങളിൽ ഏർപ്പെട്ട് അപമാനമുണ്ടാകും. നേത്രരോഗബാധയ്ക്ക് സാധ്യത. ധനകാര്യ സ്ഥാപനത്തിൽ നിന്ന് കടം വാങ്ങേണ്ടി വരും. വാഹന യാത്രയ്ക്ക് ഇടയിൽ ധനനഷ്ടം സംഭവിക്കുവാൻ ഇടയുണ്ട്. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി ലഭിക്കും. മാതാവിനോ തത്തുല്യരായവർക്കോ അരിഷ്ടതകൾ.

ദോഷശമനത്തിനായി സുബ്രഹ്മണ്യ ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക കൂടാതെ ജന്മനാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക.

തിരുവോണം
ഉത്തരവാദിത്തം വർദ്ധിക്കും. മനസ്സിന് സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യപരീക്ഷണത്തിന് മുതിരരുത്. ബിസിനസ്സിൽ മികവ് പുലർത്തും. സാമ്പത്തികമായി വിഷമതകൾ നേരിടും. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായി വിഷമതകളുണ്ടാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസ സൂചനകൾ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപ്പനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണ മനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും.

ദോഷപരിഹാരത്തിനായി ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.

അവിട്ടം
കർമ്മരംഗത്ത് ഉന്നതി. സൗഹൃദങ്ങളിൽ ഉലച്ചിൽ, പൊതുപ്രവർത്തത്തിൽ പ്രശസ്തി വർദ്ധിക്കും. അലസത തരണം ചെയ്ത് മുന്നേറേണ്ടിവരും. ദാമ്പത്യത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബസൗഖ്യ വർദ്ധന, ബിസിനസ്സിൽ പുരോഗതി, മാനസികമായ സംതൃപ്തി, മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും, തൊഴിൽപരമായ യാത്രകൾ
വേണ്ടി വരും. ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം. കുടുംബസൗഖ്യം. പരീക്ഷാ വിജയം. ഇടയ്ക്കിടെ വാതജന്യ രോഗങ്ങൾ മൂലം വിഷമിക്കും. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക.

ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക. ശനിയാഴ്‌ചകളിൽ ശാസ്താ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുക

ചതയം
ബന്ധുജന സഹായം ലഭിക്കും. സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. കലാരംഗത്തു പ്രവൃത്തിക്കുന്നവർക്ക് പ്രശസ്തി. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും . പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. എല്ലുകൾക്കും പല്ലുകൾക്കും രോഗസാദ്ധ്യത. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും. ബന്ധുഗുണവർദ്ധന.
ആഡംബര വസ്തുക്കളിൽ താല്പ്പര്യം വർദ്ധിക്കും. മത്സരപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണ ചെലവ് വർദ്ധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.

ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി
ദേവീഭജനം നടത്തുക. ജന്മനാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ചദുർഗ്ഗാ മന്ത്രപുഷ്‌പാഞ്‌ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.

പൂരുരുട്ടാതി
പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. സ്വന്തം പ്രവർത്തനഫലമായി അപവാദം കേൾക്കേണ്ടതായി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻ കോപം നിയന്ത്രിക്കാൻ ശ്രമിക്കണം. ദാമ്പത്യത്തിൽ ചെറിയ അസ്വാരസ്യങ്ങൾ. മാതാവിന് ശാരീരിക അസുഖങ്ങൾ. തുടർന്ന് വൈദ്യ സന്ദർശനം വേണ്ടിവരും. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും. സഹോദര സ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്ക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്‌ചകളിൽ ഗണപതിക്ക് കദളിപ്പഴ നിവേദ്യം നടത്തിക്കുക

ഉത്രട്ടാതി
നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടക്കും. ദേഹസുഖം കുറയുന്ന കാലമാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും, പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും, അടുത്ത ബന്ധുക്കളുമായി
നിലനിന്ന തർക്കം തീരും. സകുടുംബ യാത്രകൾ നടത്തും. തൊഴിൽസംബന്ധമായ യാത്രകളും വേണ്ടിവരും, ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം , ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. ജല ജന്യ രോഗങ്ങൾ പിടിപെടാം. തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യ മാനസിക ഉത്ക്കണ്ഠമൂലം ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക, പ്രവർത്തന വിജയം കൈവരിക്കും. ബന്ധുജന സമാഗമം ഉണ്ടാകും.
ഉദരസംബന്ധമായ വിഷമതകൾക്കായി ഔഷധസേവ വേണ്ടിവരും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത. ആഹാരക്കാര്യത്തിൽ ശ്രദ്ധ കുറയും. മുതിർന്ന കുടുംബംഗങ്ങൾക്ക് അരിഷ്ടത.

ദോഷശമനത്തിനായി ശ്രീകൃഷ്ണ ഭജനം നടത്തുക. സാധിക്കുന്ന ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ സ്വാമിയെ ദർശിച്ച് പ്രാർത്ഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ജപം നടത്തുക .

രേവതി
ആരോഗ്യപരമായ വിഷമതകൾ, തൊഴിലിൽ നല്ല മാറ്റങ്ങൾ, നേട്ടങ്ങൾ എന്നിവയുണ്ടാകും. സന്തോഷം വർദ്ധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ബന്ധുഗുണമനുഭവിക്കും. യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യ  ജീവിത സൗഖ്യം കൈവരിക്കും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ എന്നിവ മൂലം ഇടയ്ക്ക് മനോവിഷമം, പഠനത്തിലും ജോലിയിലും അലസത വെടിയും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. വാക്‌ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കാലാവസ്ഥാ ജന്യ രോഗസാദ്ധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം ഉടലെടുക്കും. സുഹൃദ് സഹായം വർദ്ധിക്കും, ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ അവസാനിപ്പിക്കുവാൻ കഴിയും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

ഗുണവർദ്ധനവിനും ദോഷശമനത്തിനുമായി ശിവഭജനം . ജന്മനാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ അർച്ചന നടത്തിക്കുക.

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: 2025 Vishukani Darshan Time, Vishuphalam and Remedies by Sajeev Sastharam

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version