Sunday, 10 Nov 2024

21 ദിവസം കൊണ്ട് കടബാദ്ധ്യതയകന്ന് ധനലബ്ധിയുണ്ടാകാൻ രണ്ടു മന്ത്രങ്ങൾ

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
ചിങ്ങമാസത്തെ അഷ്ടമിരോഹിണി നാളിൽ  തികഞ്ഞ ഭക്തിയോടെ, ശുദ്ധിയോടെ ശ്രീകൃഷ്ണ ഭഗവാനെ ആരാധിച്ചാല്‍ എന്ത് മോഹവും സഫലമാകും. ഭഗവാന്‍  മഹാവിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണൻ  അവതരിച്ച ജന്മാഷ്ടമി ആഗസ്റ്റ് 30  തിങ്കളാഴ്ചയാണ് സാമ്പത്തികാഭിവൃദ്ധി, കര്‍മ്മപുഷടി, സന്താനഭാഗ്യം, ശത്രുതാ നിവാരണം, വ്യവഹാരവിജയം, കലാസാഹിത്യ വിജയം, വിദ്യാവിജയം, ദാമ്പത്യസുഖം, ദാമ്പത്യകലഹ മോചനം, പ്രണയസാഫല്യം, രാഷ്ട്രീയവിജയം, തൊഴില്‍ദുരിത ശമനം, വിദ്യാവിഘ്നമോചനം , കടബാദ്ധ്യതാമുക്തി, പാപമുക്തി തുടങ്ങി എന്തിനും ഫലപ്രദമാണ് ജന്മാഷ്ടമി  വ്രതാനുഷ്ഠാനം. ഈ ദിവസം ശ്രീകൃഷ്ണന്റെ   മന്ത്രങ്ങളും സ്തോത്രങ്ങളും നിഷ്ഠയോടെ  കഴിയുന്നത്ര ജപിക്കണം. ബുധദശ നടക്കുന്നവർ പുല വാലായ്മകൾ ഇല്ലെങ്കില്‍ അഷ്ടമിരോഹിണി വ്രതം അനുഷ്ഠിക്കണം. ശ്രീകൃഷ്ണ മന്ത്രങ്ങള്‍ ജപിച്ചു തുടങ്ങാന്‍ പറ്റിയ ഏറ്റവും നല്ല ദിവസവുമാണ് ജന്മാഷ്ടമി. അന്ന് പറ്റിയില്ലെങ്കില്‍ ബുധന്‍, വ്യാഴം ദിവസങ്ങള്‍ ജപാരംഭത്തിന് സ്വീകരിക്കാം.  കൃഷ്ണപ്രീതിക്ക് ജപിക്കാന്‍ പറ്റിയ ചില മന്ത്രങ്ങളും ഫലസിദ്ധിയും:

ശ്രീകൃഷ്ണ മൂലമന്ത്രം

ഓം ക്ലീം കൃഷ്ണായ നമ: എന്ന ഭഗവാന്റെ മൂലമന്ത്രം ജന്മാഷ്ടമി ദിവസം രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കുന്നത് ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അതിവിശേഷമാണ്. നിത്യ ജപത്തിനും ഉത്തമം.

ദ്വാദശാക്ഷര മഹാമന്ത്രം

അത്യത്ഭുതകരമായ അനുഗ്രഹശക്തിയുള്ള ശ്രീകൃഷ്ണ ദ്വാദശാക്ഷര മഹാമന്ത്രമായ ‘ഓം നമോഭഗവതേ വാസുദേവായ’  144 പ്രാവശ്യം വീതം അഷ്ടമിരോഹിണി ദിവസം രാവിലെയും വൈകിട്ടും ജപിക്കുന്നത് ഇഷ്ടകാര്യലബ്ധിക്കും പാപശാന്തിക്കും നല്ലതാണ്. ഈ മന്ത്രം 1008 പ്രാവശ്യം 48 ദിവസം തുടര്‍ച്ചയായി ജപിച്ചാല്‍ സര്‍വ്വപാപങ്ങളും അകലും. വ്രതമെടുത്ത് നിഷ്ഠയോടെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ജപിച്ചാല്‍ ഈശ്വരസാന്നിദ്ധ്യവും അറിയാനാകും.

ലക്ഷ്മീശ മന്ത്രം

ധനാഭിവൃദ്ധിക്കും ധനാകര്‍ഷണത്തിനും പറ്റിയ മന്ത്രം കടബാദ്ധ്യത ഇല്ലാതാക്കാന്‍ സഹായിക്കും. 108 തവണ വീതം ദിവസവും രണ്ട് നേരം ജപിക്കുക.  21 ദിവസം കൊണ്ട് കടബാദ്ധ്യതയകന്ന് ധനലബ്ധിയുണ്ടാകാം. ഇവിടെ നല്‍കുന്ന രണ്ടു മന്ത്രങ്ങളില്‍ ഒരെണ്ണം സ്വീകരിക്കാം:
1
ഓം ക്ലീം കൃഷ്ണായ നമ:
തേജോരൂപിണേ
യോഗീശ്വരായ ശ്രീം നമ:
2
കാലപുരുഷായ യോഗാത്മനെ
ലക്ഷ്മീനാഥായ
ധനദായിനെ ശ്രീ ധനാദ്ധ്യക്ഷായ
കമലാപ്രിയായ ശ്രീം നമ:

ഗോവിന്ദസൗഭാഗ്യ മന്ത്രം

കലകളില്‍ അഭിമാനകരമായ വിജയത്തിന്  ഗോവിന്ദ സൗഭാഗ്യ മന്ത്രം ജപിച്ചു തുടങ്ങേണ്ടത് ജന്മാഷ്ടമി  ദിവസമാണ്. ദിവസവും മുടങ്ങാതെ 18 തവണ വീതം ജപിക്കണം. അത്ഭുതകരമായ വശ്യശക്തിയുള്ളതാണ് ഈ മന്ത്രം. അഭിനയം, സംഗീതം, നൃത്തം, രാഷ്ട്രീയം രംഗത്ത്  അപാരമായ പ്രശസ്തിക്കും ജനസമ്മതിക്കും ഇത്  ഉപകാരപ്പെടും. എത്ര ജപിക്കാമോ അത്ര നല്ലത്. അഷ്ടമി രോഹിണി ദിവസം ജപം തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഒരു ബുധനാഴ്ച അല്ലെങ്കില്‍  വ്യാഴാഴ്ച ശുഭ്രവസ്ത്രം ധരിച്ച് ജപം തുടങ്ങേണ്ടതാണ്:

ഓം ക്ലീം നമ: കാമദായിനെ
വിശ്വമോഹായ വിശ്വശാന്തിദായിനെ
അന്തര്‍ഗ്ഗളായ നിത്യായ നിരവദ്യായ നിശ്ചിന്തായ നിത്യസ്വരൂപായ ക്ലീം ക്ലീം
ബ്രഹ്മജ്ഞാന പ്രദായിനേ നമ:

രാജഗോപാല മന്ത്രം

അഷ്ടമിരോഹിണി ദിവസം ഗോപാലകൃഷ്ണനെ ധ്യാനിച്ച് രാജഗോപാല മന്ത്രം 108 വീതം രണ്ട് നേരം ജപിച്ചാല്‍ ആര്‍ക്കും തന്നെ സ്വര്‍ഗീയ സുഖവും ഐശ്വര്യവും വശീകരണ നൈപുണ്യവും ലഭിക്കും. ശത്രുദോഷവും ദൃഷ്ടിദോഷവും മാറും:

കൃഷ്ണകൃഷ്ണ മഹായോഗിന്‍
ഭക്താനാമഭയങ്കര
ഗോവിന്ദ പരമാനന്ദ
സര്‍വ്വം മേ വശമാനയ സ്വാഹ

വിദ്യാരാജഗോപാല മന്ത്രം

വിദ്യാരാജഗോപാല മന്ത്രജപം അഷ്ടമിരോഹിണി ദിവസം ആരംഭിക്കുന്നത് നല്ലതാണ്. നിത്യവും 8 പ്രാവശ്യം വീതം രണ്ട് നേരവും ജപിച്ചാല്‍ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും. ഇത് പരീക്ഷാവിജയത്തിന് ഉത്തമമാണ്.

ഓം കൃഷ്ണ കൃഷ്ണ
ഹരേകൃഷ്ണ
സര്‍വ്വജ്ഞത്വം പ്രസീദമെ
രമാരമണ വിശ്വേശ
വിദ്യാമാശുപ്രയശ്ചമെ

സുശ്യാമ മന്ത്രം

പ്രേമസാഫല്യത്തിനും ദാമ്പത്യസൗഖ്യത്തിനും ദാമ്പത്യ ഭദ്രതയ്ക്കും വേണ്ടിയുള്ള സുശ്യാമ മന്ത്രം അഷ്ടമി രോഹിണി ദിവസമാണ്  ജപിച്ചു തുടങ്ങേണ്ടത്. ഈ മന്ത്രം 48 തവണ വീതം ദിവസവും രണ്ട് നേരം ജപിച്ചാല്‍ അതിശക്തമായ ദാമ്പത്യകലഹം പോലും  അകലും. എല്ലാ തടസങ്ങളും നീങ്ങി പ്രേമസാഫല്യം  ഉണ്ടാകും.

സുശ്യാമകോമളം ദേവം
ഗോപീമാനസസുന്ദരം
കാമ ദേവസമാനാഭം
ശ്രീകൃഷ്ണം പ്രണതോസ്മ്യഹം

ദേവകീപുത്രമന്ത്രം

അഷ്ടമിരോഹിണി ദിവസം ജപം തുടങ്ങാവുന്ന മറ്റൊരു മന്ത്രമാണ് സന്താന സൗഭാഗ്യത്തിന് ഉത്തമമായ ദേവകീപുത്ര മന്ത്രം. അഷ്ടമിരോഹിണി ദിവസം വ്രതശുദ്ധിയോടെ ഈ മന്ത്രം ഭാര്യയും ഭര്‍ത്താവും ഒന്നിച്ചിരുന്ന് 108 പ്രാവശ്യം ജപിക്കണം. ഇത് 12 ദിവസം ചിട്ടയോടെ തുടരണം. കന്നി മാസത്തിലും രോഹിണി നക്ഷത്രത്തില്‍ തുടങ്ങി ഇതുപോലെ 12 ദിവസം ജപിക്കണം. തുലാം മാസവും ഇപ്രകാരം തുടരണം. എല്ലാ തടസങ്ങളും നീങ്ങി ഇഷ്ടസന്താന സൗഭാഗ്യം ലഭിക്കും. സല്‍സ്വഭാവികളായ കുട്ടികളിയിരിക്കും ജനിക്കുന്നത്.

ഓം ക്ലീം ഗോവല്ലഭായ
ക്ലീം കൃഷ്ണായ
ദേവകീ പുത്രായ ഹുംഫട്

ബലരാമ മന്ത്രം

ഭൂമിസംബന്ധമായ വ്യവഹാരങ്ങള്‍, തര്‍ക്കങ്ങള്‍ എന്നിവ അകന്ന് വിജയം ലഭിക്കുന്നതിനായി ബലരാമനെ പ്രീതിപ്പെടുത്തുന്ന മന്ത്രമാണ് ബലരാമ മന്ത്രം. ഭവന സംബന്ധമായ  ദോഷശാന്തിക്കും സ്ഥലദോഷ നിവാരണത്തിനും ബലരാമപ്രീതി ആവശ്യമാണ്. ഈ മന്ത്ര ജപം അഷ്ടമിരോഹിണി ദിവസം ആരംഭിക്കണം. സാധിച്ചില്ലെങ്കില്‍ ഒരു ബുധനാഴ്ച അല്ലെങ്കില്‍  വ്യാഴാഴ്ച ജപം തുടങ്ങാം. 28 പ്രാവശ്യം രണ്ട് നേരവും ജപിക്കണം. മത്സ്യമാംസാദികള്‍ ത്യജിച്ച് വ്രതനിഷ്ഠയോടെ 41 ദിവസം ജപിച്ചാല്‍ അത്ഭുതകരമായ അനുഭവങ്ങളുമുണ്ടാകും.

ഓം ബലപ്രമഥായ രൂപായ
രാമായാനന്ദരൂപിണെ
മഹാസന്തോഷരൂപായ
രോഹിണി പ്രിയകാമദ
രാം രാമായ രാമായ
വിശ്വശാന്തി പ്രദായിനേ
സര്‍വ്വസൗഖ്യം ദദാതെ
ശാന്തി പ്രദായക
ഓം ശ്രീം ഹലായുധായനമ:

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി,
+91 094-470-20655

Story Summary: Significance of Ashtami Rohini and 10 Powerful Sree Krishna Mantras

error: Content is protected !!
Exit mobile version