Sunday, 30 Mar 2025

അപൂർവ്വങ്ങളിൽ അപൂർവ്വം; ഈയാഴ്ച ശനി  അമാവാസിയും ശനി  രാശിമാറ്റവും ഒന്നിച്ച്

ജോതിഷി പ്രഭാ സീന സി പി
അമാവാസി തിഥിയും ശനിയാഴ്ചയും ശനിയുടെ
രാശിമാറ്റവും ഒന്നിച്ചു വരുന്ന വിശേഷ ദിവസമാണ്
2025 മാർച്ച് 29. കുംഭം രാശിയിൽ നിന്നും ശനി ഗ്രഹം മീനം രാശിയിലേക്ക് മാറുന്നതിനാൽ സവിശേഷമായ ഈ ദിവസം അപൂർവ്വമായ ശനി അമാവാസി കൂടി വരുന്നതിനാൽ ഇതിന്റെ പ്രാധാന്യം മൂന്നിരട്ടിയാകുന്നു.

നീതി ദേവനായ ശനൈശ്ചരനെ പ്രീതിപ്പെടുത്താൻ ലഭിക്കുന്ന അസുലഭാവസരമായാണ് ശനി അമാവാസി ദിവസത്തെ കണക്കാക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായാണ് ഇങ്ങനെ അമാവാസി തിഥിയും ശനിയാഴ്ചയും ശനി രാശി മാറ്റവും ഒന്നിച്ചു വരുക. ഈ വർഷത്തെ ആദ്യ ശനി അമാവാസിയാണ് ഈ വരുന്നത്.

ദോഷപരിഹാരം വേണ്ടവർ
മാർച്ച് 29 ശനിയാഴ്ച രാത്രി 10:39 നാണ് ശനിയുടെ
മീനത്തിലേക്കുളള രാശിമാറ്റം. ഇതേ തുടർന്ന് ദോഷപരിഹാരം അത്യാവശ്യമുള്ള ഏഴര ശനി ദോഷമുള്ള കുംഭം, മീനം, മേടം കൂറിലെ അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി, അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 നക്ഷത്രക്കാരും കണ്ടകശനി
കാലമുള്ള മിഥുനക്കൂറിലെ മകയിരം അവസാന 1/2, തിരുവാതിര, പുണർതം ആദ്യ 3/4, കന്നിക്കൂറിലെ ഉത്രം അവസാന 3/4, അത്തം, ചിത്തിര ആദ്യ 1/2 , മൂലം, പൂരാടം, ഉത്രാടം 1/ 4 എന്നീ നക്ഷത്രക്കാരും അഷ്ടമ ശനി ദോഷമുള്ള ചിങ്ങക്കൂറിലെ മകം, പൂരം, ഉത്രം 1/4 നക്ഷത്ര
ജാതരും പ്രത്യേകമായി വഴിപാടുകൾ ചെയ്യുന്നത്
നല്ലതാണ്. മാർച്ച് 30 ഞായറാഴ്ച ചില ക്ഷേത്രങ്ങളിൽ ശനി ദോഷ പരിഹാര പൂജകൾ നടത്തുന്നുണ്ട്.

ശനിദോഷം മാറ്റാം
ശനിദോഷ മുക്തിക്ക് ഏറ്റവും ഉത്തമമായ ഈ ദിവസം ശനിപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിച്ചാൽ പെട്ടെന്ന് ദുരിത ദോഷങ്ങൾ അകലും. അപ്രതീക്ഷിത സൗഭാഗ്യം, ഐശ്വര്യം, സന്തോഷം തുടങ്ങിയ ജീവിതത്തിൽ നിറയും. ഇത് അനേകം അനേകം ആളുകളുടെ അനുഭവമാണ്. ശനിദോഷം മാത്രമല്ല പിതൃ ദോഷം, കാള സർപ്പദോഷം എന്നിവയും ശനി അമാവാസി
നാൾ ധർമ്മ ശാസ്താവിനെയോ, ശനൈശ്ചരനെയോ , ഹനുമാൻ സ്വാമിയെയോ ഭജിച്ചാൽ ശമിക്കും. എള്ളെണ്ണ വിളക്ക് കത്തിക്കുക, നീരാജനം നടത്തുക, ശാസ്താ, ക്ഷേത്രത്തിൽ എള്ളുപായസം കഴിക്കുക, ശാസ്താ, ശനൈശ്ചര മന്ത്രങ്ങൾ ജപിക്കുക, ഹനുമാൻസ്വാമിയെ പ്രീതിപ്പെടുത്തുക ഇതെല്ലാമാണ് ശനി ദോഷങ്ങൾ അകറ്റുന്നതിന് പറ്റിയ കർമ്മങ്ങൾ.

അതിവേഗം ഫലസിദ്ധി
അമാവാസി പൊതുവെ ആരും ശുഭകാര്യങ്ങൾക്ക് തിരഞ്ഞെടുക്കാറില്ല. എല്ലാവരും വളരെ ദോഷങ്ങൾ നിറഞ്ഞ ദിനമായാണ് അമാവാസിയെ കണക്കാക്കുന്നു. എന്നാൽ പിതൃപ്രീതികരമായ കർമ്മങ്ങൾക്ക് അത്യുത്തമ ദിനമാണ് അമാവാസി. ഉപാസനാപരമായും ഈ ദിവസം ശ്രേഷ്ഠമാണ്. അതിവേഗമുള്ള ഫലസിദ്ധിയാണ്
അമാവാസി നാളിലെ ഉപാസനകൾക്ക്. സര്‍വ്വദേവതാ പ്രാര്‍ത്ഥനകളും ഈ ദിവസം ചെയ്യാം. ഉപാസനാപരമായി അമാവാസിയും കറുത്തപക്ഷവും വളരെ വേഗം ഫലം നല്കുന്നു. വെളുത്ത പക്ഷം ദേവീപ്രീതിക്കും കറുത്ത പക്ഷം ശിവപ്രീതിക്കും ഗുണകരമായി വിശ്വസിക്കുന്നു.
ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്ത പക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. അഘോര ശിവൻ, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, രക്തേശ്വരി, രക്തചാമുണ്ഡീ, ഹനുമാന്‍ സ്വാമി, ബഹളാമുഖി, ശനി, നാഗങ്ങള്‍ തുടങ്ങിയ മൂര്‍ത്തികളെ ഉപാസിക്കുന്നതിന് അമാവാസി നല്ലതാണ്.

അമാവാസി വ്രതം
ശനി അമാവാസി വ്രതമെടുക്കുന്നവർ ഉച്ചയ്ക്ക് മാത്രം അരിയാഹാരം കഴിക്കണം. രാവിലെയും വെെകിട്ടും പഴങ്ങളും മറ്റുമായി മിതാഹാരം മാത്രം ഭക്ഷിക്കുക. 18 അമാവാസി വ്രതം സ്വീകരിച്ചാൽ പൂർവികരുടെ തലമുറ മുഴുവൻ ദുരിത മോചിതരാകും. അന്നദാനം, വസ്ത്രദാനം, എള്ളെണ്ണ ദാനം തുടങ്ങിയ കാര്യങ്ങൾക്ക് ഉത്തമമാണ് ഈ ദിവസം. അമാവാസി നാൾ വിഷ്ണു ക്ഷേത്രത്തിൽ പിതൃക്കളെ സങ്കല്പിച്ച് വെള്ളച്ചോറ്, പാൽപ്പായസം, ശിവക്ഷേത്രത്തിൽ പിതൃപൂജ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും പരേതാത്മാക്കൾക്ക് സ്വന്തം വീട്ടിൽ പാൽപ്പായസം സമർപ്പിക്കുന്നതും പിതൃപ്രീതിക്ക് ഉപകരിക്കും. അമാവാസിയില്‍ ക്ഷിപ്രകാര്യസിദ്ധിക്ക് ജപിക്കാൻ ഉത്തമമായ ചില മന്ത്രങ്ങളുണ്ട് :


അഘോര മന്ത്രം
ഭയം മാറുന്നതിനും, ധൈര്യത്തിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന് 336 വീതം കറുത്തപക്ഷത്തിലെ മൂന്നുമാസം മുഴുവനും രണ്ട് നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം.


പിതൃമന്ത്രം
പിതൃപ്രീതിക്ക് ഓം പിതൃഭ്യോനമഃ എന്നും 108 വീതംനിത്യേന ചൊല്ലാം. നിത്യവും പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥനകള്‍ക്ക് നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല. അച്ഛനോ അമ്മയോ മരിച്ചവർ മാത്രമല്ല ബലിയും, മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നര്‍ക്കും അമാവാസിയിൽ ബലിയും, തര്‍പ്പണവും ചെയ്യാം. മുത്തശ്ശനും, മുത്തശ്ശിക്കും വേണ്ടിയോ അതിനുമുമ്പേയുള്ളവര്‍ക്ക് വേണ്ടിയോ ചെയ്യാം. ഏതൊരു ബന്ധുവിനു വേണ്ടിയും ചെയ്യാം. ഇതൊന്നുമല്ലാതെ എല്ലാ പൂര്‍വികര്‍ക്ക് വേണ്ടിയും ചെയ്യാം.

ഭദ്രകാളി മന്ത്രം, ഭദകാളിപ്പത്ത്
പെട്ടെന്ന് കാര്യസിദ്ധി നേടാൻ ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മന്ത്രവും ഭദ്രകാളിപ്പത്തും അമാവാസി നാൾ ജപിക്കുന്നത് ഏറെ നല്ലതാണ്. എല്ലാ വിധത്തിലുള്ള ഭയം, സാമ്പത്തിക വിഷമങ്ങൾ, രോഗാരിഷ്ടത, കുടുംബ പ്രശ്നങ്ങൾ ഇവയിൽ നിന്നും ഭക്തരെ രക്ഷിക്കുന്ന ഭദ്രകാളിപ്പപ്പത്ത് ക്ഷേത്രത്തിൽ ഇരുന്ന് ജപിച്ചാൽ വേഗം ഫലസിദ്ധി ലഭിക്കുമെന്നാണ് പറയുന്നത്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളിപ്പത്ത് കേൾക്കാം:

ജോതിഷി പ്രഭാ സീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary: Shani Amavasya and Saturn Transit Coming together on 2025 March 29, Saturday

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version