Saturday, 5 Apr 2025

ശ്രീരാമനവമി, ഏകാദശി, ആയില്യം പൂജ, പ്രദോഷം, മീനപ്പൂരം, പൈങ്കുനി ഉത്രം, ഹനുമദ് ജയന്തി ഒരാഴ്ചയിൽ

ജോതിഷി പ്രഭാ സീന സി പി

ശ്രീരാമനവമി, ഏകാദശി, ആയില്യം പൂജ
പ്രദോഷം, മീനപ്പൂരം, പൂരം ഗണപതി,
പൈങ്കുനി ഉത്രം, ചിത്രാ പൂർണ്ണിമ,
ഹനുമദ് ജയന്തി എന്നിവ ഒന്നിച്ചു വരുന്ന ഒരു വാരമാണ് 2025 ഏപ്രിൽ 6 ന്
പുണർതം നക്ഷത്രത്തിൽ ആരംഭിക്കുന്നത്.

ശ്രീരാമനവമി ഏപ്രിൽ 6 ന്
ചൈത്രമാസം വെളുത്ത പക്ഷത്തിലെ ഒൻപതാം ദിവസമായ ഏപ്രിൽ 6 ഞായറാഴ്ച ശ്രീരാമനവമിയാണ്. രാജ്യം മുഴവൻ ശ്രീരാമ ദേവൻ്റെ ജയന്തിയായി ആഘോഷിക്കുന്ന ഈ ദിവസം ശ്രേഷ്ഠവും അപാരമായ
ശക്തിയുള്ളതുമായ രാമ മന്ത്രങ്ങൾ ജപിച്ച് ശ്രീരാമ പ്രീതി നേടാൻ അത്യുത്തമമാണ്. ചൈത്രമാസ നവരാത്രിയിലെ അവസാന ദിവസമായ ശ്രീരാമ നവമി അയോദ്ധ്യ മുതൽ രാമേശ്വരം വരെയുള്ള രാമപഥത്തിലെമ്പാടും എല്ലാ വർഷവും ആഘോഷപൂർവമാണ് കൊണ്ടാടുന്നത്.
ശ്രീ മഹാവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായ ശ്രീ രാമദേവനൊപ്പം ഈ നവമി ദിനത്തിൽ സീതാദേവിയെയും ഹനുമാൻ സ്വാമിയെയും ലക്ഷ്മണനെയുമെല്ലാം ഭക്തർ രാമായണം വായിച്ചും മന്ത്രങ്ങൾ ജപിച്ചും സ്തുതിഗീതങ്ങൾ ആലപിച്ചും ആരാധിക്കുന്നു.


കാമദാ ഏകാദശി ഏപ്രിൽ 8 ന്
ചൈത്രമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ
കാമദാ ഏകാദശി ദിവസം ശ്രീ വൈകുണ്ഠനാഥനെ വിധിപ്രകാരം ആരാധിക്കുന്നവരുടെ ആഗ്രഹങ്ങളെല്ലാം
നിറവേറ്റപ്പെടും. ഈ വ്രതം നോൽക്കുന്ന വ്യക്തികളുടെ എല്ലാ പാപങ്ങളും നശിപ്പിക്കപ്പെടും. ശകവർഷത്തിലെ ആദ്യത്തെ ഏകാദശി എന്ന പ്രത്യേകതയും മീനം / മേടം
മാസത്തിൽ വരുന്ന കാമദാ ഏകാദശിക്ക് പറയാം. 1200 മീനം മാസം 25, 2025 ഏപ്രിൽ 8 ചൊവ്വാഴ്ചയാണ് ശുക്ലപക്ഷഏകാദശിയായ കാമദാ ഏകാദശി. അന്ന്
ചൊവ്വാഴ്ച പകൽ 2:59 മുതൽ രാത്രി 3:43 വരെയാണ് ഹരിവാസര വേള

ആയില്യം പൂജ ഏപ്രിൽ 8 ന്
സർവൈശ്വര്യവും നൽകുന്ന പ്രത്യക്ഷദൈവങ്ങളായ നാഗങ്ങളെ
ആരാധനയിലൂടെ പ്രീതിപ്പെടുത്താൻ
ഏറ്റവും നല്ല ദിവസമായ എല്ലാ മാസത്തിലെയും ആയില്യം. മീനമാസത്തിലെ ആയില്യം ഏപ്രിൽ 8
ചൊവ്വാഴ്ചയാണ്. നാഗശാപങ്ങൾക്കും
ദോഷങ്ങൾക്കും ഏറ്റവും നല്ല പരിഹാരമാണ് മാസന്തോറും ആയില്യം നാളിലെ ക്ഷേത്രദർശനവും ആയില്യം പൂജ, നൂറും പാലും തുടങ്ങിയ വഴിപാടുകളും.

പ്രദോഷ വ്രതം ഏപ്രിൽ 10 ന്
ഏപ്രിൽ 10 നാണ് മീന മാസത്തിലെ
ശുക്ലപക്ഷ പ്രദോഷ വ്രതം. ശിവപാർവതിമാർ ഏറ്റവും കൂടുതൽ പ്രസന്നരായിരിക്കുന്ന കറുത്തപക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശി തിഥിയിലെ സായാഹ്ന സന്ധ്യാവേളയാണ് പ്രദോഷ പൂജ നടത്തുന്നത്. എല്ലാ ദേവതകളും ശിവ പാർവതി സവിധത്തിൽ സന്നിഹിതരാകുന്ന പ്രദോഷ പൂജയിൽ പങ്കെടുക്കുന്നത് സർവാനുഗ്രഹദായകമാണ്.
പരമശിവന്‍റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്രദർശനത്തിനും അനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും ഇതിലും മഹത്തായ ദിവസം വേറെയില്ല.

മീനപ്പൂരം ഏപ്രിൽ 10 ന്

ഗണപതിക്കും ശിവ പാർവ്വതിമാർക്കും കാമദേവനും വിശേഷമായ മീന മാസത്തിലെ പൂരം നക്ഷത്രം ഏപ്രിൽ 10 നാണ്. കാമദേവന്റെ ഉത്സവം കൂടിയായ മീനപ്പൂരാചരണം നല്ല വിവാഹം ലഭിക്കുന്നതിനും ദാമ്പത്യ ബന്ധം ഊഷ്മളമായി നിലനിറുത്തുന്നതിനും വളരെ നല്ലതാണ്. മീനപ്പൂരം നാളിൽ വ്രതമെടുക്കുന്നതും കാമദേവന് പുനർജന്മം നൽകാൻ ശിവനെ സമീപിച്ച ദേവിയെ പൂജിക്കുന്നതും വിവാഹതടസ്സം നീങ്ങുന്നതിനും ഇഷ്ടവിവാഹലബ്ധിക്കും കാര്യവിജയത്തിനും ഗുണകരമാണ്.

പൂരം ഗണപതി ഏപ്രിൽ 10 ന്

ഗണപതി ഭഗവാനെ ബാലഗണപതി ഭാവത്തിൽ ആരാധിക്കുന്ന വിശേഷദിവസമാണ് മീനമാസത്തിലെ പൂരം നക്ഷത്രം. ഗണപതി ഭഗവാന് വിനായകചതുര്‍ഥി പോലെ പ്രധാനമായ ഒരു ദിനമാണിത്. ഏപ്രിൽ 10 വ്യാഴാഴ്ചയാണ് ഇത്തവണ പൂരം ഗണപതി.

പൈങ്കുനി ഉത്രം ഏപ്രിൽ 11 ന്

ഏപ്രിൽ 11 വെള്ളിയാഴ്ചയാണ് പൈങ്കുനി ഉത്രം.
ശ്രീപത്മനാഭ സ്വാമിയുടെയും ശബരിമല അയ്യപ്പന്റെയും ആറാട്ട് ആഘോഷിക്കുന്ന പുണ്യദിനമാണ് മീന മാസത്തിലെ ഉത്രം നക്ഷത്രം.
പൈങ്കുനി ഉത്രം എന്ന് പ്രസിദ്ധമായ
ഈ ദിവസം കലിയുഗവരദനായ അയ്യപ്പ സ്വാമിക്ക് മാത്രമല്ല ശിവനും പാർവതിക്കും സുബ്രഹ്മണ്യനും മഹാലക്ഷ്മിക്കും പ്രധാനമാണ്. അയ്യപ്പസ്വാമിക്കും മഹാലക്ഷ്മിക്കും ഇത് അവതാര ദിനമാണെങ്കിൽ ശിവപാർവതിമാർക്കും പുത്രനും തൃക്കല്യാണ ദിവസമാണ്. ശിവപാർവ്വതിമാരുടെയും
സുബ്രഹ്മണ്യന്റെയും ദേവസേനയുടെയും തൃക്കല്യാണം നടന്നത് പെെങ്കുനി ഉത്രം ദിവസമാണത്രേ.


പൗർണ്ണമി വ്രതം
ചന്ദ്രന്റെ ബലക്കുറവ് കാരണം അനുഭവ യോഗം ഇല്ലാത്തവരും ചഞ്ചലമായ മനസ്, അകാരണ ഭയം, മാനസികമായി എല്ലാറ്റിനും മറ്റുള്ളവരെ ആശ്രയിക്കൽ, തീരുമാന വൈകല്യം, അനാവശ്യമായി ഒരോന്ന് ചിന്തിച്ച് കൂട്ടുക, അക്ഷമ, പരാജയഭീതി, എന്നിവയാൽ വിഷമിക്കുന്നവർ, അമാവാസിക്ക് ജനിച്ചവർ, മാനസിക വിഷമതകൾ, അലർജി, ആസ്മ ഇവയാൽ ക്ലേശം അനുഭവിക്കുന്നവർ തുടങ്ങിയവർ പൗർണ്ണമി ദിവസം വ്രതം നോറ്റ് ദുർഗ്ഗാ പ്രീതികരമായ കർമ്മങ്ങൾ ചെയ്ത്
ചന്ദ്രബലം വർദ്ധിപ്പിക്കുക തന്നെ വേണം. ചന്ദ്രന്റെ അനുഗ്രഹത്തിനായി പൗർണ്ണമി ദിവസം ദേവിക്ക് ചന്ദ്രപൊങ്കാല അർപ്പിക്കുന്നതും ദേവീ ക്ഷേത്രങ്ങളിൽ പൗർണ്ണമി ദിവസം ദീപാരാധന തൊഴുന്നതും ഇവർക്ക് ഉത്തമമായ ദോഷപരിഹാരമാണ്.

ഹനുമദ് ജയന്തി ഏപ്രിൽ 12
മന്ത്രജപം, ഉപാസന എന്നിവയ്ക്ക് അത്ഭുതശക്തിയുള്ള പുണ്യദിവസമായ ചിത്രാപൗർണ്ണമി ഹനുമാൻ സ്വാമിയുടെ അവതാരദിവസമാണ്. ഈ വർഷത്തെ ചിത്രാപൗർണ്ണമി ഏപ്രിൽ 12-ാം തീയതിയാണ്. ഈദിവസം ചെയ്യുന്ന എല്ലാ വിധ പ്രാർത്ഥനകൾക്കും കർമ്മങ്ങൾക്കും പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും. അന്ന് സൂര്യോദയത്തിന് 3 മണിക്കൂർ മുമ്പുമുതൽ ഉദയം കഴിഞ്ഞ് 24 മിനിട്ട് വരെയുള്ള സമയമാണ് ഏറ്റവും ഉത്തമം. ശക്തിസ്വരൂപിണിയായ ആദിപരാശക്തിയെ പൂജിക്കുന്നതിനും ഈ ദിവസം വളരെ ഫലപ്രദമാണ്.

ജോതിഷി പ്രഭാസീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email: prabhaseenacp@gmail.com)

Significance of different festivals and religious rituals coming on April Second week

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version