12 പ്രദോഷ വ്രതം നോറ്റ ഫലം ഒരു ശനി പ്രദോഷത്തിന്
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ദേവാധിദേവനായ മഹാദേവനെ പൂജിക്കുന്നതിന് ഏറ്റവും വിശേഷപ്പെട്ട സമയമാണ് ത്രയോദശി സന്ധ്യയിലെ പ്രദോഷം. പാർവ്വതിദേവിയെ തൃപ്തിപ്പെടുത്താൻ ശിവൻ താണ്ഡവമാടുന്ന
പ്രദോഷ സന്ധ്യയിൽ സകല ദേവഗണങ്ങളും ശിവ സന്നിധിയിലെത്തും എന്നാണ് വിശ്വാസം. ഈ ദിവസം അനുഷ്ഠിക്കുന്ന വ്രതത്തിനും പ്രാർത്ഥനകൾക്കും നല്ല ഫലസിദ്ധി ലഭിക്കും. പ്രദോഷ വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠം വളരെ അപൂർവ്വമായി വരുന്ന ശനി പ്രദോഷമാണ്. 12 പ്രദോഷ വ്രതം നോറ്റ ഫലം ഒരു ശനി പ്രദോഷം നോറ്റാൽ ലഭിക്കും. ഈ ശനിയാഴ്ച, 2020 ജൂലായ് 18 ന് ശനി പ്രദോഷമാണ്.
മഹാദേവനെ സകല ശാസ്ത്രങ്ങളുടെയും വിദ്യകളുടെയും ഗുരുവായാണ് സങ്കല്പിക്കുന്നത്. നൃത്തം അഭ്യസിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് നടരാജ സങ്കല്പത്തിന് വളരെ പ്രാധാന്യമുണ്ട്. ശിവന്റെ ആനന്ദനടനമാണ് താണ്ഡവം. വിദ്യകളുടെ എല്ലാം ദേവനായിരിക്കുന്ന മഹാദേവൻ ആനന്ദ നടനം ചെയ്യുന്ന, നൃത്തമാടുന്ന സന്ധ്യാ മൂഹൂർത്തമാണ് പ്രദോഷം. കെെലാസത്തിൽ ഭഗവാൻ പ്രപഞ്ചത്തെ മുഴുവൻ ആനന്ദിപ്പിച്ചു കൊണ്ട് താണ്ഡവമാടുന്നു.
പാർവതീദേവിയും സുബ്രഹ്മണ്യനും ഗണപതി ഭഗവാനും ശിവ ഭൂതഗണങ്ങളും മാത്രമല്ല മറ്റ് ദേവതകളും മഹർഷിമാരും ദിവ്യത്മാക്കളുമെല്ലാം ഭഗവാന്റെ നൃത്തം കണ്ട് സ്തുതിക്കുന്നു. അത്ര മഹനീയ മുഹൂർത്തമായാണ് പ്രദോഷ സമയം. കാല കാലനാണ് ശിവൻ. അതായത് കാലന്റെ പോലും കാലൻ. മനുഷ്യ ജീവിതത്തിൽ എല്ലാ ദോഷ ദുരിതങ്ങളുടെയും അവസാനം മരണമാണ്. കാലനാണ്, യമധർമ്മനാണ് മരണത്തിന്റെ ദേവൻ. ആ കാലനെ പോലും നശിപ്പിക്കാൻ ശക്തിയുള്ള ദേവനാണ് പരമശിവൻ. അതുകൊണ്ടുതന്നെ എല്ലാ മൃത്യു ദോഷം ഉൾപ്പെടെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും അകറ്റുന്ന ദേവനായി ശിവനെ ആരാധിക്കുന്നു. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ശിവൻ
അത്യധികം സന്തോഷവാനാകുന്നത് പ്രദോഷ സന്ധ്യയിലാണ്. അപ്പോൾ ഭക്തർ എന്ത് ചോദിച്ചാലും ദേവദേവൻ കനിഞ്ഞ് അനുഗ്രഹിക്കുമെന്ന് ആചാര്യന്മാർ പറയുന്നു.
സാധാരണ ജീവിതത്തിലെ ദോഷദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം അല്ലെങ്കിൽ ധർമ്മദേവതാ ദോഷങ്ങൾ തുടങ്ങിയവയാണ്. ഇവ എല്ലാം മാറുന്നതിനു പ്രദോഷദിവസം വ്രതമെടുത്ത് ശിവ പാർവ്വതിമാരെ പ്രാർത്ഥിച്ചാൽ മതി.
ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിനമാണ് പ്രദോഷം ആചരിക്കുന്നത്. ശിവ പാർവ്വതി ക്ഷേത്രങ്ങളിലെല്ലാം അതിവിശേഷകരമാണ് ഈ ദിവസം. ഒരു മാസത്തിൽ രണ്ടു പ്രദോഷം ഉണ്ട് . കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും. രണ്ടും ആചരിക്കാറുണ്ട്. കറുത്ത പക്ഷത്തിലെ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. അതിൽ തന്നെ കൃഷ്ണ പക്ഷത്തിലെ ശനിയാഴ്ച ദിവസം വരുന്ന പ്രദോഷ അനുഷ്ഠാനം ശിവപ്രീതിയാൽ എല്ലാ ദുരിതങ്ങളും അലച്ചിലുകളും അവസാനിപ്പിക്കും എന്നാണ് സങ്കല്പം. ശനിയാഴ്ചയും പ്രദോഷവും ചേർന്നു വരുന്ന അപൂർവ്വ പ്രദോഷത്തെ ശനി പ്രദോഷം എന്നാണ് അറിയപ്പെടുന്നത്. ശനി പ്രദോഷ അനുഷ്ഠാന മാഹാത്മ്യം ആചാര്യന്മാർ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രദോഷ വ്രതമെടുക്കുന്നവർ രാവിലെ കുളിച്ച് ഭസ്മം തൊട്ട് വൃത്തിയും ശുദ്ധിയുമുള്ള വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തുകയും യഥാശക്തി പ്രാർത്ഥനയും വഴിപാടുകളും നടത്തുകയും വേണം. ആ ദിവസം ഓം നമ: ശിവായ, ശിവ അഷ്ടോത്തര ശതനാമാവലി തുടങ്ങി ശിവപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും പരമാവധി ചൊല്ലണം. ക്ഷേത്രത്തിൽ പോകാൻ കഴിയുന്നില്ലെങ്കിൽ വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാലും മതി.. എന്തായാലും ഓം നമ:ശിവായ പഞ്ചാക്ഷരി മന്ത്രം പരമാവധി പ്രാവശ്യം ജപിക്കുക. കൂടാതെ പാർവതീ സമേതനായ ശിവനെ സങ്കല്പിച്ചു കൊണ്ട് ഓം ഹ്രീം നമ:ശിവായ എന്ന ശക്തി പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. ശിവ സഹസ്രനാമം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. ശിവ ലീലകൾ അടങ്ങുന്ന മഹത്ഗ്രന്ഥമായ ശിവപുരാണം പാരായണം ചെയ്യുന്നതിന് ഏറ്റവും നല്ല ദിവസവുമാണിത്. ഈ പുണ്യ ദിനത്തിൽ യാതൊരു വിധ അധാർമ്മിക പ്രവൃത്തികളും ചെയ്യരുത്. മോശം കാര്യങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യരുത്. അസ്തമയ സന്ധ്യാസമയത്ത് നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യണം. പ്രദോഷ ദിവസം മുഴുവൻ മിതമായി മാത്രം ഭക്ഷണം കഴിക്കുക. പ്രാർത്ഥനയ്ക്കു ള്ള സന്ധ്യാസമയമാണ് പ്രദോഷസമയമായി കണക്കാകുന്നത്. ഈ സമയത്ത് ക്ഷേത്രത്തിൽ പോയി ഫലമൂലാദികൾ സമർപ്പിച്ച് ധാര നടത്തി അവിടെ പൂജ കണ്ട് തൊഴുകയാണ് പതിവ്. പ്രദോഷപൂജയുടെ തീർത്ഥം കഴിച്ചാണ് പ്രദോഷവ്രതം അവസാനിപ്പിക്കേണ്ടത്.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ: +91 094-470-20655