ബുധനാഴ്ച അക്ഷയ തൃതീയ കൊടുക്കാനും വാങ്ങാനും ശ്രേഷ്ഠം
ജോതിഷി പ്രഭാ സീന സി പി
വൈശാഖ മാസത്തിലെ വളരെ ശ്രേഷ്ഠമായ ഒരു പുണ്യദിവസമാണ് അക്ഷയതൃതീയ. വൈശാഖത്തിലെ വെളുത്തപക്ഷത്തില്‍ വരുന്ന മൂന്നാമതാതെ തിഥി ദിവസമാണ് അക്ഷയ തൃതീയ ആചരിക്കുന്നത്.
അക്ഷയ എന്ന പദത്തിന് അര്‍ത്ഥം ക്ഷയം ഇല്ലാത്തത്, നശിക്കാത്തത്, സത്കര്‍മ്മ ഫലം നല്കുന്നത് എന്നെല്ലാമാണ്. ഈ ശുഭ ദിനത്തില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്താല്‍ അനശ്വരമായ സത്കര്‍മ്മഫലം കുടുംബത്തിന് ഉണ്ടാകും. അഥവാ ഈ ദിവസം ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളുടെയും ഫലം ക്ഷയിക്കാത്തത് (അക്ഷയം) ആയതിനാലാണ് ഈ ദിവസം അക്ഷയ തൃതീയ എന്ന് വിളിക്കപ്പെടുന്നത്.
അക്ഷയതൃതീയ ദിവസത്തെ ദാനം അതീവ ശ്രേഷ്ഠമാണ്. ഈ ദിവസം ദാനം ചെയ്യുന്ന ഓരോ വസ്തുക്കളും അതിന് ഇരട്ടിയായി തിരികെ ലഭിക്കും. ഈ ദിവസം ശേഖരിക്കുന്ന വസ്തുക്കള്‍ക്കും ശാശ്വതമായ മഹനീയ ഫലം ലഭിക്കും. വസ്ത്രം, അന്നം, ആഭരണം തുടങ്ങി ഏത് വസ്തു അക്ഷയതൃതീയ ദിവസം ശേഖരിക്കുന്നുവോ ആ വസ്തുക്കള്‍ക്കൊന്നും പിന്നീട് അവര്‍ക്ക് ഒരു കുറവുണ്ടാകില്ല.
സ്വര്‍ണ്ണാഭരണ വ്യാപാരത്തിൽ അക്ഷയ തൃതീയയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടാകാൻ പ്രധാന കാരണവും ഇതാണ്. ഭൗതിക സുഖലബ്ധിക്കും, മോക്ഷപ്രാപ്തിക്കും ഒരുപോലെ ശ്രേയസ്‌കരമാണ് അക്ഷയതൃതീയ ദിവസത്തെ ദാനങ്ങള്‍. അന്നദാനം ഏറ്റവും പുണ്യദായകമാണ്.
പിതൃശാപദോഷം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് പിതൃശ്രാദ്ധം നടത്തി ദോഷമകറ്റി പിതൃപ്രപീതി നേടാനും ഈ ദിവസം ശ്രേഷ്ഠമാണ് അക്ഷയതൃതീയ ദിവസം വിശറി, കുട തുടങ്ങിയ വസ്തുക്കള്‍ സാധുക്കള്‍ക്ക് ദാനം ചെയ്താല്‍ പിതൃദോഷം, അകലും. പുണ്യതീര്‍ത്ഥങ്ങളില്‍ സ്നാനം നടത്തിയാല്‍ സര്‍വ്വപാപദോഷങ്ങളും മാറും. കൂടാതെ അന്ന് പുണ്യപ്രവൃത്തികൾ ചെയ്ത് മന:സുഖവും ആരോഗ്യവും സാമ്പത്തികാഭിവൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു ജിവിതം നേടാനും കഴിയും. ഈ ദിവസത്തെ ക്ഷേത്ര ദർശനത്തിന് പ്രത്യേകം ഫലങ്ങൾ പറയുന്നുണ്ട്.
1
ശിവ ക്ഷേത്രദര്‍ശനം നടത്തി ഉമാമഹേശ്വരന്മാർക്ക് പുഷ്പാഞ്ജലി നടത്തി പ്രാര്‍ത്ഥിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യാഭിവൃദ്ധിയും സമാധാനവുമുണ്ടാകും.
2
വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തി വിഷ്ണുപ്രീതികരമായ വഴിപാടുകള്‍ യഥാശക്തി നടത്തി പ്രാര്‍ത്ഥിക്കുന്നതും സമ്പൽ സമൃദ്ധി നൽകും.
3
വിദ്യാര്‍ത്ഥികള്‍ ഈ ദിവസം സരസ്വതി ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് വിദ്യാസൂക്താര്‍ച്ചന കഴിപ്പിച്ചാല്‍ വിദ്യാഭിവൃദ്ധി ഉണ്ടാകും.
അക്ഷയതൃതീയ നാൾ കാര്യമായ ദാനങ്ങള്‍ നടത്താന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ ഭഗവത് ചിന്തയോടെ ഒരു നാണയമോ ഒരു പിടിഅരിയോ മറ്റെന്തെങ്കിലും വസ്തുവോ യഥാശക്തി സാധുക്കൾക്ക് ദാനം ചെയ്താല്‍ മതി; കടം വാങ്ങി പൂജയും ദാനങ്ങളും നടത്തേണ്ടതില്ല.
സ്വന്തം കഴിവിന് അനുസരിച്ചുള്ള ദാനം മാത്രം ചെയ്താല്‍ മതി സര്‍വ്വദോഷങ്ങളുമകന്ന് മന:സുഖവും ഐശ്വര്യവും കൈവരും. 2025 മേടം 16, ഏപ്രില്‍ 29 ന് വൈകിട്ട് 17. 33 ന് തൃതീയ തിഥി ആരംഭിക്കും. ഇത് മേടം 17, ഏപ്രിൽ 30 പകല്‍ 14.12 വരെ ഉണ്ടാകും. അതിനാൽ ഏപ്രില്‍ 30 ന് അക്ഷയ തൃതീയ ആചരിക്കുന്നു.
അക്ഷയ തൃതീയ ആചരണം സംബന്ധിച്ച തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിയുടെ വീഡിയോ കാണാം:
ജോതിഷി പ്രഭാ സീന സി പി
(+91 9961 442256, 989511 2028)
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email: prabhaseenacp@gmail.com)
Story Summary : Akshaya Tritiya for Boundless Fortune On Wednesday April 30
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved