Wednesday, 18 Sep 2024

അഷ്ടമിരോഹിണിക്ക് കൃഷ്ണ മന്ത്രങ്ങൾ ജപിച്ചു തുടങ്ങിയാൽ വേഗം ഫലസിദ്ധി

ജോതിഷി പ്രഭാ സീന സി പി
ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ,
ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച പുണ്യ ദിവസമാണ് അഷ്ടമിരോഹിണി. ചിങ്ങമാസത്തിലെ കറുത്ത പക്ഷത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒന്നിച്ചു വരുന്ന സുദിനത്തിൽ അർദ്ധരാത്രിയിലാണ് ആശ്രിത വത്സലനായ ഭഗവാൻ അവതാരമെടുത്തത്.
2024 ആഗസ്റ്റ് 26 തികളാഴ്ചയാണ് ഇത്തവണ അഷ്ടമി രോഹിണി. അഷ്ടമിരോഹിണി ദിവസം ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുന്നത് സർവാഭീഷ്ടദായകമാണ്.
കർമ്മ രംഗത്ത് ഉയർച്ച, സാമ്പത്തികാഭിവൃദ്ധി, ദാമ്പത്യസുഖം, വ്യവഹാര വിജയം, കുടുംബൈശ്വര്യം, ശത്രുദോഷ നിവാരണം, കലാസാഹിത്യ വിജയം, വിദ്യാവിജയം, ആപത്‌രക്ഷ, ദാമ്പത്യ കലഹ മോചനം, പ്രണയസാഫല്യം, രാഷ്ട്രീയ വിജയം, ഭരണനൈപുണ്യം, തൊഴിൽ ദുരിത ശമനം, വിദ്യാവിഘ്‌നം, കടബാദ്ധ്യതാ മുക്തി, പാപമുക്തി തുടങ്ങി എന്തിനും അഷ്ടമിരോഹിണി നാളിലെ ശ്രീകൃഷ്ണോപാസന ഉത്തമമാണ്.

ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിച്ചു
തുടങ്ങാൻ പറ്റിയ ദിവസം

ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിച്ചു തുടങ്ങാൻ പറ്റിയ
ഏറ്റവും നല്ല ദിവസമാണ് അഷ്ടമി രോഹിണി. അന്ന് പറ്റിയില്ലെങ്കിൽ ബുധൻ, വ്യാഴം ദിവസം ജപാരംഭത്തിന് സ്വീകരിക്കാം. ശ്രീകൃഷ്ണ ജയന്തി ദിവസം ശ്രീകൃഷ്ണനെ പ്രകീർത്തിക്കുന്ന മന്ത്രങ്ങളും സ്‌തോത്രങ്ങളും നിഷ്ഠയോടെ ജപിക്കണം. ഗുരുപദേശം നേടി
മത്സ്യ മാംസാദികൾ, ശാരീരിക ബന്ധം എന്നിവ ത്യജിച്ച്
മന:ശുദ്ധിയും ശരീരശുദ്ധിയും പാലിച്ച് വ്രതമെടുത്ത് അഷ്ടമിരോഹിണി നാളിൽ കൃഷ്ണമന്ത്രങ്ങൾ ജപിച്ചു തുടങ്ങിയാൽ പെട്ടെന്ന് ഫലസിദ്ധി ലഭിക്കും.
ബുധദശ സമയത്ത് പുലയും വാലായ്മയും ഇല്ലെങ്കിൽ അഷ്ടമി രോഹിണി വ്രതം തീർച്ചയായും അനുഷ്ഠിക്കണം.

ശ്രീകൃഷ്ണ ജയന്തി
അർദ്ധരാത്രി 12 മണിക്ക്

ശ്രീകൃഷ്ണ ജയന്തി ഇത്തവണ 2024 ആഗസ്റ്റ് 26 തിങ്കളാഴ്ച അർദ്ധരാത്രി 12 മണിക്കാണ് ആഘോഷിക്കുന്നത്. കാരണം അപ്പോഴാണ് ഭഗവാൻ അവതരിച്ചത്. ഈ സമയത്ത് ശ്രീകൃഷ്ണ പൂജ നടത്തുന്നത് സർവാഭീഷ്ടപ്രദമാണ്. എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ ഈ സമയത്ത് തുറന്നിരിക്കും. ചില
ക്ഷേത്രങ്ങളിൽ വിപുലമായ ആഘോഷങ്ങളും കാണും.
അഷ്ടമിരോഹിണിയുടെ തലേദിവസം അതായത്
2024 ആഗസ്റ്റ് 25 ഞായറാഴ്ച സൂര്യാസ്തമയം മുതൽ ശ്രീകൃഷ്ണ ഉപാസന ആരംഭിക്കണം. അരിയാഹാരം ഉപേക്ഷിച്ച് ലഘുഭക്ഷണം കഴിച്ച് വേണം ഉപാസന. പഴവർഗ്ഗങ്ങൾ കഴിക്കാം. മത്സ്യ മാംസാദികൾ പാടില്ല. അഷ്ട‌മിരോഹിണി ദിവസവും ഇതുപോലെ ഉപാസന നടത്തണം. ആഗസ്റ്റ് 26 തിങ്കളാഴ്ച അർദ്ധ രാത്രിയി
അവതാര പൂജ കണ്ടതിന് ശേഷം അല്ലെങ്കിൽ പിറ്റേദിവസം, ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പോയി ദർശനം നടത്തി തീർത്ഥം കുടിച്ച് വ്രതം തീർക്കാം. അവസാനിപ്പിക്കാം.
ജന്മാഷ്ടമിദിവസം ശ്രീമദ് ഭാഗവതം, ഭഗവദ്ഗീത, വിഷ്ണുസഹസ്രനാമം, വിഷ്ണു അഷ്ടോത്തരം,
ശ്രീകൃഷ്ണഅഷ്ടോത്തരം, വിഷ്ണുശതനാമ സ്തോത്രം,
അച്യുതാഷ്ടകം, ശ്രീകൃഷ്ണാഷ്ടകം ഇവ പാരായണം ചെയ്യുന്നത് ഗുണകരമാണ്. മന:ശാന്തിക്ക് രാവിലെ പാരായണം ചെയ്യണം. ചിലർ അതിരാവിലെ മുതൽ സന്ധ്യവരെയും ഭാഗവത പാരായണം ചെയ്യാറുണ്ട്. ശ്രീകൃഷ്ണാവതാരം നടന്ന അർദ്ധരാത്രിയിൽ ഇത് പാരായണം ചെയ്യുന്നത് ഏറെ ഫലപ്രദമാണ്.

ഗുരുവായൂരിൽ
നട അടയ്ക്കില്ല

ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രത്തിൽ ഇപ്പോൾ വലിയ ആഘോഷമാണ്. ഈ ദിവസം പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ വരുന്ന ഭക്തർക്കെല്ലാവർക്കും വിഭവസമൃദ്ധമായ സദ്യ നടത്തിവരുന്നു. വിശേഷാൽ എഴുന്നള്ളിപ്പ്, വിളക്ക് എന്നിവയുമുണ്ട്. ക്ഷേത്രത്തിന്റെ നട അന്ന് അടയ്ക്കില്ല. ഉറിയടി, ബാലഗോപാല, ഗോപിക വേഷം കെട്ടിയുള്ള കുട്ടികളുടെ ശോഭയാത്ര എന്നിവ
അവിടുത്തെ ആഘോഷമാണ്. അവതാര സമയം കണക്കാക്കി രാത്രി 12 മണിക്ക് കൃഷ്ണനാട്ടത്തിൽ ഭഗവാൻ അവതരിക്കുന്ന രംഗം ഭക്തിസാന്ദ്രമായി
അവതരിപ്പിക്കാറുണ്ട്.

ഗുരുവായൂരിൽ
അപ്പം വഴിപാട് പ്രധാനം

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണിക്ക് അപ്പം വഴിപാട് അതിപ്രധാനമാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ നിത്യവും അത്താഴപ്പൂജക്ക് അപ്പം (ഉണ്ണിയപ്പം) നേദിക്കുന്നുണ്ടെങ്കിലും അഷ്ടമിരോഹിണി ദിവസം ഇത്
വളരെ കൂടുതലാണ്. ഒപ്പം പാൽപ്പായസം, നിവേദ്യച്ചോറ്,
നെയ്പ്പായസം, പാലട പ്രഥമൻ, അട, ഇരട്ടിപ്പായസം
എന്നിവയെല്ലാം തയ്യാറാക്കി ഗുരുവായൂരപ്പന് നേദിക്കും.
അഷ്ടമിരോഹിണി വിളക്ക്, ആനയെഴുന്നള്ളിപ്പ്, ഉറിയടി, സംഗീതക്കച്ചേരിയും ഭാഗവത സപ്താഹം എന്നിവയും
ആഘോഷ ഭാഗമായി നടത്താറുണ്ട്.

ശ്രീകൃഷ്ണ ശ്ലോകം
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണതഃ ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ
വസുദേവ സുതം ദേവം കംസ ചാണൂര മർദനം
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും.

(അർത്ഥം: വസുദേവപുത്രനായ കൃഷ്ണൻ, എല്ലാ ദുഃഖങ്ങളും അകറ്റുന്ന പരമാത്മാവ്, ശരണാഗതി പ്രാപിക്കുന്നവരുടെ എല്ലാ ക്ലേശങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കുന്ന ഗോവിന്ദന് എന്‍റെ വിനീതമായ നമസ്കാരം. വസുദേവന്‍റെ പുത്രനും കംസൻ, ചാണൂരൻ മുതലായ അസുരന്മാരെ നിഗ്രഹിക്കുന്നതും ദേവകിക്ക് പരമാനന്ദം നൽകുന്നതും സന്പൂർണ ലോകത്തിന് ഗുരുസ്ഥാനത്തിലും ആയ ശ്രീകൃഷ്ണ ഭഗവാനെ ഞാൻ വന്ദിക്കുന്നു.)

വീഡിയോ കാണാം
ശ്രീകൃഷ്ണ പ്രീതിക്ക് ജപിക്കാൻ പറ്റിയ അത്ഭുത ഫലസിദ്ധിയുള്ള മന്ത്രങ്ങളും അന്ന് നടത്തേണ്ട
പുഷ്പാഞ്ജലികളും മറ്റ് വഴിപാടുകളും പ്രാർത്ഥനകളും അഷ്ടമി രോഹിണി ആചരണത്തിന് പാലിക്കേണ്ട
ചിട്ടകളും തന്ത്രരത്നം പതുമന മഹേശ്വരൻ
നമ്പൂതിരി വിവരിക്കുന്ന വീഡിയോ കാണുക:

ജോതിഷി പ്രഭാ സീന സി പി
+91 9961 442256, 989511 2028

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary: Astami Rohini Festival 2024

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version